Follow Us On

28

March

2024

Thursday

കുരുന്നു ജീവനുകൾ രക്ഷിക്കാൻ അണിചേർന്ന് യു.എസ്‌; നാഷണൽ ‘മാർച്ച് ഫോർ ലൈഫി’ന്‌ ഇനി ദിനങ്ങൾമാത്രം

ഇത്തവണ 60ൽപ്പരം റീജ്യണൽ റാലികൾ, '4ലൈഫ്' ബാനറിൽ മലയാളി സാന്നിധ്യം ഇത്തവണയും

കുരുന്നു ജീവനുകൾ രക്ഷിക്കാൻ അണിചേർന്ന് യു.എസ്‌; നാഷണൽ ‘മാർച്ച് ഫോർ ലൈഫി’ന്‌  ഇനി ദിനങ്ങൾമാത്രം

വാഷിംഗ്ടൺ ഡി.സി: പ്രോ ലൈഫ് അമേരിക്ക എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ലക്ഷ്യമിട്ട് വാഷിംഗ്ടൺ ഡി.സി നാഷണൽ ‘മാർച്ച് ഫോർ ലൈഫ്’ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന പ്രോ ലൈഫ് റാലികളിളിലും വോക്കുകളിലും മലയാളികളുടെ സംഘടിത സാന്നിധ്യം ഇത്തവണയും ശ്രദ്ധിക്കപ്പെടും. ജനുവരി 24നാണ് വാഷിംഗ്ടൺ ഡി.സിയിൽ 47-ാമത് ‘മാർച്ച് ഫോർ ലൈഫ്’ സംഘടിപ്പിക്കപ്പെടുന്നത്. ഇത് ഏഴാം വർഷമാണ് മലയാളികളുടെ സംഘടിതമായ സാന്നിധ്യം പ്രോ ലൈഫ് മാർച്ചുകളിൽ ഇടംപിടിക്കുന്നത്.

മലയാളികളുടെ പങ്കാളിത്തം സംഘടിതമാക്കാൻ ചിക്കാഗോ സീറോ മലബാർ രൂപതയുടെയും നോർത്ത് അമേരിക്കൻ സീറോ മലങ്കര രൂപതയുടെയും പിന്തുണയോടെ രൂപീകൃതമായ ‘4 ലൈഫി’ന്റെ ബാനറിലാവും മലയാളികൾ അണിചേരുക. ദേശീയ റാലിക്ക് പുറമെ റീജ്യൺ റാലികളിലും മലയാളി സാന്നിധ്യം ശക്തമാകുന്നതും ശ്രദ്ധേയമായ നേട്ടമാണ്.

അമേരിക്കയിലെ ഏറ്റവും വലിയ പ്രോ ലൈഫ് റാലിയായ വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ലൈഫി’ൽ ഇത്തവണ നൂറുകണക്കിന് മലയാളികൾ ‘4 ലൈഫി’ന്റെ ബാനറിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റീജ്യൺ റാലികളിൽ അതത് പ്രദേശങ്ങളിൽനിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ചിക്കാഗോ സീറോമലബാർ യൂത്ത് അപ്പസ്തലേറ്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി സൺഡേശാലോമിനോട് പറഞ്ഞു. വിവിധ ദിനങ്ങളിലായി ഏതാണ്ട് 60 റാലികളാണ് റീജ്യൺ തലത്തിൽ നടക്കുന്നത്. ഇതിൽ ഒരു ഡസണോളം റാലികളിൽ ‘4 ലൈഫ്’ ശ്രദ്ധേയമായ സാന്നിധ്യമാകുമെന്നാണ് പ്രതീക്ഷ.

റാലികൾ ജനു. 18ന് തുടങ്ങി; സേവ് ദ ഡേറ്റ്‌സ്

ഗർഭച്ഛിദ്രത്തിന് നിയമസാധുത കൊടുത്ത സുപ്രീംകോടതി വിധിയിൽ പ്രതിഷേധിക്കാൻ 1974ലാണ് വാഷിംഗ്ടൺ ഡി.സി ‘മാർച്ച് ഫോർ ലൈഫി’ന് തുടക്കമായത്. വാഷിംഗ്ടൺ ഡി.സിയുടെ മാതൃകയിൽ പിൽക്കാലത്ത് അമേരിക്കൻ രൂപതകൾ വിവിധ റീജ്യണുകളിൽ റാലികൾ ആരംഭിക്കുകയായിരുന്നു. മാർച്ചുകളുടെ കൂട്ടത്തിൽ പ്രധാനസ്ഥാനം വാഷിംഗ്ടൺ ഡി.സിയിലെ മാർച്ചിനാണെങ്കിലും ഓരോ വർഷവും റീജ്യൺ റാലികളിലെ പങ്കാളിത്തവും വർദ്ധിക്കുന്നുണ്ട്.

‘മാർച്ച് ഫോർ ലൈഫി’ലെ മലയാളി സാന്നിധ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും സംഘടിത രൂപം ലഭിച്ചത് ‘4 ലൈഫ്’ രൂപീകൃതമായതുമുതലാണ്. വാഷിംഗ്ടൺ ഡി.സിയുടെ മാതൃകയിൽ പിൽക്കാലത്ത് അമേരിക്കൻ രൂപതകൾ വിവിധ റീജ്യണുകളിൽ ആരംഭിച്ച മാർച്ചുകളിലും അതോടെയാണ് മലയാളി സാന്നിധ്യം ശ്രദ്ധേയമായത്.

ജനുവരി 11ന് ചിക്കാഗോയിൽ നടന്ന’മാർച്ച് ഫോർ ലൈഫ്’ മാർച്ചോടെയാണ് ഇത്തവണത്തെ റീജ്യണൽ പ്രോ ലൈഫ് സംഗമങ്ങൾക്ക് തുടക്കമായത്. നോർത്ത് ടെക്‌സസ് ‘മാർച്ച് ഫോർ ലൈഫ്’ (ജനു. 18), ലോസ് ആഞ്ചലസ് ‘വൺലൈഫ്’ (ജനു. 18), സാൻഫ്രാൻസിസ്‌കോ ‘വാക് ഫോർ ലൈഫ്’ (ജനു. 25), നോർത്ത് കരോലീന ‘റാലി ആൻഡ് മാർച്ച് ഫോർ ലൈഫ്’ (ജനു. 18) അർക്കസൺസാസ് ‘ലൈഫ് മാർച്ച് ആൻഡ് റാലി'(ജനു. 19), ഓസ്റ്റിൻ ‘റാലി ഫോർ ലൈഫ്’ (ജനു. 25) എന്നീ റീജ്യണൽ റാലികളിലും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ‘4ലൈഫ്’ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?