ജോസഫ് മൈക്കിള്‍
മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ ടെലിവിഷന്‍ ചാനലുകളിലും ദിവസേന സുവിശേഷം പ്രസംഗിക്കുന്ന പാസ്റ്റര്‍ സജിത് ജോസഫ് മലയാളികള്‍ക്ക് സുപരിചിതനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മലയാളികളും മറ്റു രാജ്യക്കാരുമായ 10 ലക്ഷത്തോളം അംഗങ്ങളുള്ള ഗ്രേയ്സ് കമ്മ്യൂണിറ്റിയുടെ സ്ഥാപകനായ ബ്ര. സജിത്തും കുടുംബവും ഇക്കഴിഞ്ഞ 21-ന് – ഡിസംബര്‍ 21-ന് കത്തോലിക്ക സഭയില്‍ ചേര്‍ന്നു.
എട്ട് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും പഠനങ്ങള്‍ക്കും ശേഷമാണ് അദ്ദേഹം കത്തോലിക്ക സഭയില്‍ എത്തിയത്. അസംബ്ലീസ് ഓഫ് ഗോഡിന്റെ പാസ്റ്ററും ഐപിസിയുടെ കണ്വന്ഷന് വേദികളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു ഒരുകാലത്ത് സജിത് ജോസഫ്. 36 വയസിനിടയില്‍ അന്റാര്‍ട്ടിക്ക ഒഴിച്ചുള്ള ആറ് ഭൂഖണ്ഡങ്ങളിലും സുവിശേഷം പ്രസംഗിക്കാന്‍ കഴിഞ്ഞു എന്ന അപൂര്‍വ നേട്ടവും ഈ സുവിശേഷകന് സ്വന്തം.
കത്തോലിക്ക ദൈവശാസ്ത്രം തെറ്റാകണമെന്ന ആഗ്രഹത്തോടെ എട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ പഠനത്തില്‍ കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥം, യുകാറ്റ്, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള നൂറ്റമ്പതോളം ആധികാരിക ഗ്രന്ഥങ്ങള്‍ തുടങ്ങിയവ പഠനവിധേയമാക്കി.
സത്യം തിരിച്ചറിഞ്ഞപ്പോള്‍ കണ്ടില്ലെന്നു നടിക്കാന്‍ ബ്ര. സജിത്തിനായില്ല. വചനങ്ങളും വാക്ചാതുര്യവുംകൊണ്ട് വേദികളെ ഇളക്കിമറിച്ച് ശുഷ്രൂഷ ചെയ്തിരുന്ന കാലത്ത് വചന വേദികളില്‍ സംഭവിക്കുന്ന രോഗസൗഖ്യങ്ങളെ വിമര്‍ശിച്ചിരുന്ന ഭൂതകാലവും ബ്ര. സജിത്തിനുണ്ട്. എന്നാല്‍, എട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ലഭിച്ച ദൈവിക ദര്‍ശനം ബ്ര. സജിത് ജോസഫിന്റെ കാഴ്ചപ്പാടുകളെയും ശുശ്രൂഷകളെയും മാറ്റിമറിച്ചു.
കത്തോലിക്ക സഭയിലേക്ക് എത്താന്‍ കാരണമായ ദൈവിക ദര്‍ശനത്തെപ്പറ്റി വിശദീകരിക്കാമോ?
ചങ്ങനാശേരി, വാകത്താനത്ത് താമസിക്കുന്ന നാളുകളില്‍ എനിക്കുണ്ടായ ഒരു ദൈവിക ഇടപെടലാണ് അതിന് കാരണം. 42 മണിക്കൂര്‍ നീണ്ടുനിന്ന ആ ദൈവിക ഉള്‍ക്കാഴ്ചയില്‍ ക്രൂശിതനായ യേശുവിനെയും കുരിശിന്റെ ചുവട്ടില്‍ നില്ക്കുന്ന ശിഷ്യനായ യോഹന്നാനെയും പരിശുദ്ധ മറിയത്തെയും കണ്ടു. ഏറ്റവും ഒടുവില്‍ യേശു കുരിശില്‍ നിവര്‍ത്തിയായി എന്ന വാക്ക് പറയുന്നതുമാണ് ഞാന്‍ കാണുന്നത്. ക്രൂശില്‍ കിടക്കുന്ന യേശുവും കുരിശും പെന്തക്കോസ്ത് പാസ്റ്ററുടെ മനസില്‍ ഒരിക്കലും വരില്ല. ഈ ദര്‍ശനം ആദ്യം കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചത് അള്‍ത്താരയിലെ ആ രൂപമാണല്ലോ ഇതെന്നാണ്. അവിടെനിന്നാണ് ആദ്യ സ്പാര്‍ക്ക് എന്റെ ഉള്ളില്‍ വീഴുന്നത്. സ്വര്‍ഗത്തിലെ ദൈവാലയം, അവിടുത്തെ മഹാപുരോഹിതനായ ക്രിസ്തു, ഭൂമിയിലെ പുരോഹിതന്മാര്, പാതാളത്തില്പോലും അധികാരം സ്ഥാപിച്ച ക്രിസ്തുവിന്റെ ആധിപത്യം. ഈ മേഖലയിലൂടെയെല്ലാം കര്‍ത്താവ് എന്നെ കൊണ്ടുപോയി.
സജിത് ജോസഫ് ജനിച്ചത് കത്തോലിക്കാ സഭാംഗമായിട്ടായിരുന്നെങ്കിലും ബാല്യത്തില്‍ കുടുംബം പെന്തക്കോസ്ത് സഭയില്‍ ചേരുകയായിരുന്നു. ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ക്രൈസ്തവ ഐക്യത്തിനായുള്ള വത്തിക്കാന്‍ പൊന്തിഫിക്കല്‍ കമ്മീഷന്റെ ചുമതല വഹിക്കുന്ന ബിഷപ് ഡോ. ബ്രയാന്‍ ഫാരല്‍ എന്നിവരുടെ അനുഗ്രഹാശിസുകളോടെയാണ് കത്തോലിക്ക സഭയില്‍ ചേര്‍ന്നത്.
ചോ: ഉറച്ച പെന്തക്കോസ്തല്‍ വേരുകളുള്ള കുടുംബത്തില്‍ വളര്‍ന്ന് ദൈവശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടി സ്വദേശത്തും വിദേശത്തും അറിയപ്പെടുന്ന സുവിശേഷകനായി മാറിയ ബ്ര. സജിത് ജോസഫിനെ കത്തോലിക്ക സഭയില്‍ ചേരാന്‍ പ്രേരിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകം?
ഉ: ദൈവശാസ്ത്രപരമായ കത്തോലിക്കസഭയുടെ അടിത്തറ എന്നാണ് ഒറ്റവാക്കിലുള്ള ഉത്തരം. ഞാന്‍ മുമ്പ് ആയിരുന്ന സഭയില്‍ ഒരു കാര്യത്തിലും ഉപദേശത്തില്‍ ഏകീകരണം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ദൈവശാസ്ത്രപരമായ വിഷയങ്ങളില്‍ തീരുമാനത്തില്‍ എത്താന്‍ പറ്റില്ല. കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ഒരു വിഷയത്തില്‍ വത്തിക്കാന്‍ മുതല്‍ കേരളത്തില്‍ വരെ ഒരേ നിലപാടാണ്.
ചോ: താങ്കള്‍ കത്തോലിക്ക സഭയിലേക്ക് മടങ്ങുന്നു എന്നു കേട്ടപ്പോള്‍ പ്രൊട്ടസ്റ്റന്റ് സഭയിലെ ചില പ്രമുഖ വ്യക്തികള്‍ പറഞ്ഞത് സ്വര്‍ഗവും നരകവും ഇല്ലെന്ന് പഠിപ്പിച്ചതിന് ബ്ര. സജിത് ജോസഫിനെ എട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങളുടെ സഭയില്‍നിന്നും പുറത്താക്കിയിരുന്നു എന്നാണ്. അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ?
ഉ: ഞാന്‍ ഉള്പ്പെട്ടുനിന്നിരുന്നത് അസംബ്ലീസ് ഓഫ് ഗോഡ് എന്ന പ്രസ്ഥാനത്തിലായിരുന്നു. അവിടെനിന്നും എന്നെ പുറത്താക്കിയതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. ഐപിസി എന്നൊരു പ്രസ്ഥാനമുണ്ട്. അതുമായി എനിക്കൊരു ബന്ധവും ഇല്ലെങ്കിലും ഞാന്‍ അവരുടെ കണ്വന്ഷനുകളിലെ പ്രസംഗകനായിരുന്നു. ആ കാലഘട്ടങ്ങളില്‍ തിരുവോസ്തി, തിരുശരീരം- ഇതിലൂടെ സൗഖ്യം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. പെന്തക്കോസ്തുകാര്‍ക്ക് അപ്പവും വീഞ്ഞും കേവലം ഓര്മ മാത്രമാണ്. അത് നിമിത്തം ഐപിസിയിലെ വേദികളില്‍ പ്രസംഗിക്കുന്നതില്‍നിന്ന് അവര്‍ വിലക്കിയിരുന്നു. സ്വര്‍ഗവും നരകവും ഇല്ലായെന്ന് ഒരിക്കലും പഠിപ്പിച്ചിട്ടില്ല.
ചോ: ബ്ര. സജിത് കത്തോലിക്ക സഭയിലേക്ക് മടങ്ങുന്നു എന്നറിഞ്ഞപ്പോള്‍ രൂക്ഷമായ പ്രതികരണമായിരുന്നു പല പ്രമുഖരായ പെന്തക്കോസ്തല്‍ സഭാംഗങ്ങളില്‍നിന്നും ഉണ്ടായത്. ആ സഭയില്‍നിന്നും സമ്പാദിച്ച പണം തിരിച്ചുകൊടുക്കുമോ എന്നൊരു ചോദ്യവും ഉന്നയിക്കപ്പെട്ടിരുന്നു.
ഉ: പെന്തക്കോസ്തല്‍ സഭയില്‍ ഗുരുസ്ഥാനീയരായ ആളുകളുണ്ട്. അവരോട് തികഞ്ഞ ബഹുമാനമാണുള്ളത്. ഉറച്ച സാമ്പത്തിക അടിത്തറയുള്ള കുടുംബമാണ് ഞങ്ങളുടേത്. അസംബ്ലീസ് ഓഫ് ഗോഡിന്റെ ദൈവാലയം നിര്‍മിക്കാന്‍ ദേശീയ പാതയോടു ചേര്‍ന്നുള്ള സ്ഥലം സൗജന്യമായി നല്കിയവരാണ് എന്റെ കുടുംബം. ഞാന്‍ മലബാറില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നപ്പോള്‍ ഞങ്ങളുടെ സഭയിലുള്ള അനേകം ശുശ്രൂഷകരെ എന്റെ സ്വന്തം പണംകൊണ്ട് സഹായിച്ചിട്ടുണ്ട്. ടിവി പ്രോഗ്രാമുകളില്‍ ഞങ്ങളുടെ അക്കൗണ്ട് നമ്പര്‍ കൊടുക്കുകയോ സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. യാഥാര്‍ത്ഥ്യം മനസിലാക്കി ടിവി പ്രോഗ്രാമുകള്‍ക്കുവേണ്ടി അനേകര്‍ സഹായിച്ചിട്ടുണ്ട്. സഭയില്‍നിന്നും ലഭിച്ച ഒരു രൂപപോലും സ്വന്തം ആവശ്യത്തിന് ഇതുവരെയും എടുത്തിട്ടില്ലെന്ന് ധൈര്യമായി പറയാന്‍ കഴിയും.
ചോ: ബ്ര. സജിത്തിന്റെ കണ്‍വന്‍ഷനുകളില്‍ അത്ഭുതകരമായ രോഗസൗഖ്യങ്ങള്‍ നടക്കുന്നുണ്ട്. രോഗശാന്തി ശുശ്രൂഷകള്‍ക്ക് പ്രത്യേക കൃപ ലഭിച്ചിട്ടുണ്ടോ
ഉ: കുരിശില്‍ നിവര്‍ത്തിച്ച യേശുവിന്റെ രക്ഷാകര പ്രവൃത്തിയിലുള്ള വിശ്വാസത്താല്‍ എന്തും സംഭവിക്കും എന്ന വലിയൊരു ബോധ്യം ആ ദൈവിക ദര്‍ശനം എനിക്കു നല്കി. അവിടുന്ന് പങ്കപ്പാടുകള്‍ സഹിച്ചത് എന്റെ ശാരീരിക-മാനസിക-ആത്മീയ പ്രശ്നങ്ങള്‍ക്കും വേണ്ടിയാണ്. അതിനെക്കുറിച്ചുള്ള വലിയ ബോധ്യം ലഭിച്ചു. അതില്‍നിന്നാണ് രോഗശാന്തിശുശ്രൂഷകള്‍ ചെയ്യാനുള്ള ധൈര്യം കിട്ടിയത്.
ചോ: കത്തോലിക്ക സഭയില്‍നിന്നും പ്രൊട്ടസ്റ്റന്റു സഭ രൂപപ്പെടാന്‍ കാരണമായത് വിശ്വാസപരമായിരുന്നു എന്ന് പറയാറുണ്ട്. യഥാര്‍ത്ഥത്തില്‍ വ്യാഖ്യാനത്തില്‍ ഉണ്ടായ പിഴവായിരുന്നില്ലേ?
ഉ: അതെ, കത്തോലിക്കാ പുരോഹിതനായിരുന്ന മാര്ട്ടിന് ലൂഥര്‍ ജര്‍മനിയിലെ വിറ്റന്ബര്ഗിലുള്ള കാസില്‍ ദൈവാലയത്തില്‍ ഒട്ടിച്ച നോട്ടീസാണ് ആദ്യപഠനത്തിന് വിധേയമാക്കിയത്. മാര്ട്ടിന് ലൂഥറിന് വ്യാഖ്യാനപിഴവു പറ്റിയെന്നാണ് ആ പഠനത്തിലൂടെ മനസിലാകുന്നത്.
ചോ: വിശ്വാസത്തെക്കാള്‍ വലുത് സ്നേഹമായിരിക്കണം എന്നാണ് ബ്ര. സജിത് പറയുന്നത്. സ്നേഹത്തിനുവേണ്ടി വിശ്വാസം ഉപേക്ഷിച്ചാല്‍ തെറ്റില്ല എന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാലോ?
ഉ: വിശ്വാസത്തെക്കാള്‍ വലുത് സ്നേഹം എന്ന ചിന്തയിലൂടെ ഉദ്ദേശിക്കുന്നത്, വിശ്വാസത്തിനുവേണ്ടി അന്യോന്യം വിഘടിക്കാതെ സ്നേഹത്തില്‍ ഒരുമിക്കുക എന്ന ചിന്ത മാത്രമാണ്. അതിനര്‍ത്ഥം വിശ്വാസം ഉപേക്ഷിക്കണമെന്നോ വിശ്വാസത്തിന് പ്രാധാന്യമില്ല എന്നോ അല്ല. വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ കഴിയുകയില്ല എന്നാണല്ലോ ബൈബിള്‍ പറയുന്നത്.
ശിശുസ്നാനം, വിശുദ്ധരോടുള്ള വണക്കം, പരിശുദ്ധ
മാതാവിനോടുള്ള ഭക്തി, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തുടങ്ങിയ
വിഷയങ്ങളില്‍ പ്രൊട്ടസ്റ്റന്റുകാര്‍ക്ക് തെറ്റുപറ്റിയെന്ന് സമ്മതിക്കുമോ?
സ്നാനം എന്നത് യേശുവിന്റെ മരണത്തോടുള്ള ഏകീഭാവമാണെന്ന് റോമാ 6:4 ല്‍ പറയുന്നു. യേശുവിനോടുകൂടെ സംസ്കരിക്കപ്പെടുന്നു – അതാണ് സ്നാനത്തിന്റെ ഏറ്റവും വലിയ രഹസ്യം. അത് ആരുടെയും വിശ്വാസം പരിഗണിച്ചിട്ടല്ല.
മത്തായി 28-ന്റെ 18 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ പറയുന്നു,
സ്നാനപ്പെട്ടിട്ട് വിശ്വസിക്കണമെന്ന്. അതുകൊണ്ടാണ് ഒരു വ്യക്തിയുടെ വിശ്വാസം അതിന് അടിസ്ഥാനമല്ലാതിരിക്കുന്നത്. ശിശുസ്നാനം ശരിയെന്നാണ്
വചനത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാകുന്നത്.
മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ദൈവമാണ് യേശുക്രിസ്തു. അതുകൊണ്ടുതന്നെ ജീവിച്ചിരിക്കുന്നവരും മരിച്ചവരും എന്നുള്ള വ്യത്യാസം ദൈവത്തിനും ദൈവസഭയിലുമില്ല. മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും പരസ്പരം സഹായിക്കാന്‍ കഴിയും. മരിച്ചുപോയ മോശയാണ് ജീവിച്ചിരിക്കുന്ന യേശുവിന്റെ അടുക്കല്‍ രൂപാന്തരീകരണ സമയത്ത് എത്തുന്നത്. യേശുവിന്റെ മരണസമയത്ത് വിശുദ്ധന്മാരുടെ കല്ലറകള്‍ തുറന്നുവെന്ന് മത്തായി സുവിശേഷത്തില്‍ വായിക്കുന്നുണ്ടല്ലോ. അവര്‍ വിശുദ്ധ നഗരത്തില്‍ ചെന്ന് പലര്‍ക്കും പ്രത്യക്ഷരായി. അപ്പോള്‍ മരിച്ചശേഷവും മനുഷ്യര്‍ക്ക് പ്രത്യക്ഷരാകാന്‍ കഴിയും. സ്വര്‍ഗത്തെയും ഭൂമിയെയും ഒന്നാക്കുന്ന കാലസമ്പൂര്ണതയുടെ വ്യവസ്ഥയാണ് യേശുക്രിസ്തുവില്‍ സംഭവിച്ചത്. വെളിപാട് പുസ്തകത്തില്‍ മാത്രം ഒമ്പത് സ്ഥലത്ത് മരിച്ചവര്‍ സംസാരിക്കുന്നുണ്ട്. അപ്പോള്‍ മരിച്ചവര്‍ മൗനതയിലാണ് എന്ന പ്രൊട്ടസ്റ്റന്റുകാരുടെ വാദം തെറ്റാണ്. മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ പ്രാര്‍ത്ഥനാസഹായം ആവശ്യമാണ്.
സഭാചരിത്രത്തിലുടനീളം യേശുവിന്റെ അമ്മയായ മറിയത്തിന് ഹൈപ്പര്‍ ദൂലിയ എന്ന സ്ഥാനം കൊടുത്ത് മാതാവിനെ ആദരിച്ചിട്ടുണ്ട്. കൃപ നിറഞ്ഞവളാണ് മറിയമെന്ന് സ്വര്‍ഗത്തില്‍നിന്ന് വന്ന മാലാഖ ഉദ്ഘോഷിക്കുന്നുണ്ട്.
ചോ: ഗ്രേയ്സ് കമ്മ്യൂണിറ്റി എന്താണെന്ന് വിശദമാക്കാമോ?
ഉ: ഗ്രെയ്സ് കമ്യൂണിറ്റി ഒരു സ്വതന്ത്ര ന്യൂ ജനറേഷന് ഓര്‍ഗനൈസേഷനാണ്. അത് അടിസ്ഥാനപ്പെടുത്തിയിരുന്നത് പ്രൊട്ടസ്റ്റന്റ്- പെന്തക്കോസ്തല്‍ ദൈവശാസ്ത്രമായിരുന്നു. അങ്ങനെ പറയുമ്പോള്‍ത്തന്നെ ഗ്രെയ്സ് കമ്യൂണിറ്റിയുടെ സ്വഭാവം എക്യുമെനിക്കലായിരുന്നു. കൃപയുടെ കീഴില്‍ ഒരു സമൂഹം- അതാണ് ഗ്രെയ്സ് കമ്യൂണിറ്റി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എല്ലാവരും ഓരോ സഭകളില്‍ നിന്നുകൊണ്ടുതന്നെ ഗ്രെയ്സ് കമ്യൂണിറ്റിയോട് സഹകരിക്കുകയായിരുന്നു. ഞാനും എന്റെ കൂടെയുള്ള കുറച്ച് ലീഡേഴ്സും മാത്രം എവിടെയും പോകാതെ നില്ക്കുന്ന സമയത്താണ് സ്വതന്ത്രമായ മനസോടെ, ഇത് ശരിയാകരുതേ എന്ന ചിന്തയോടെ കത്തോലിക്ക ദൈവശാസ്ത്രം പഠിക്കാന്‍ ആരംഭിച്ചത്. എന്റെ മാതാപിതാക്കള്‍ വിട്ടിറങ്ങിയ സഭ ശരിയാണെന്ന് കണ്ടെത്തിയാല്‍ അവര്‍ തെറ്റാണെന്ന് വരും. വളരെ വിമര്‍ശനാത്മകമായി ഈ വിഷയത്തെ 80-ല്‍ അധികം ചോദ്യങ്ങളുമായി ഞാന്‍ സമീപിച്ചു.
എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടി. എന്നുമാത്രമല്ല, പുറമെ കാണുന്നതല്ല കത്തോലിക്ക സഭയെന്നും അതിന്റെ അടിയില്‍ കിടക്കുന്ന കനലാണ് സഭയെന്നും മനസിലാക്കി. തിരിച്ചറിഞ്ഞിട്ടും മൂന്നു വര്‍ഷത്തോളം അതു സ്വീകരിക്കാതെ മുമ്പോട്ടുപോകുകയായിരുന്നു. ഞാനായിട്ട് ഒരു വിപ്ലവം ഉണ്ടാക്കണ്ട എന്ന ചിന്തയായിരുന്നു അതിന് കാരണം. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ വളരെ ശക്തമായ ദൈവിക ഇടപെടലുണ്ടായി. 2019 ഒക്ടോബറില്‍ ഇത് പ്രഖ്യാപിക്കണമെന്ന ബോധ്യമായിരുന്നു ലഭിച്ചത്. നാലുവര്‍ഷമായി കത്തോലിക്ക സഭയുമായി ചര്‍ച്ചയിലായിരുന്നു. ബിഷപ് സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍ പിതാവുവഴിയായിരുന്നു ചര്‍ച്ചകള്‍. അവസാനം പതിനാല് ബിഷപ്പുമാരും രണ്ട് കര്ദിനാള്മാരുമുള്ള സ്ഥലത്ത് എന്നെ വിളിക്കുകയും ഈ വിഷയങ്ങളില്‍ എന്റെ കാര്യങ്ങള്‍ ബിഷപ്പുമാര്‍ അന്വേഷിക്കുകയും ചെയ്തു. അങ്ങനെയാണ് കെസിബിസി ഗ്രെയ്സ് കമ്യൂണിറ്റിക്ക് അനുമതി നല്‍കിയത്.
ചോ: ഗ്രേയ്സ് കമ്മ്യൂണിറ്റിയുടെ ഇനിയുള്ള ദൗത്യം
ഉ: ഗ്രെയ്സ് കമ്യൂണിറ്റിയുടെ ഭാവി എന്താകുമെന്ന ചിന്തയിലാണ് ആദ്യം കത്തോലിക്ക സഭയെ സമീപിച്ചത്. ചങ്ങനാശേരിയില്‍ ഞായറാഴ്ച നടത്തുന്ന പ്രാര്‍ത്ഥനപോലും നിര്‍ത്താന്‍ മാനസികമായി ഞാന്‍ തയാറായിരുന്നു. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രം അത്രയ്ക്കെന്നെ അതിശയപ്പെടുത്തിയിരുന്നു. ഗ്രെയ്സ് കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കരുതെന്നായിരുന്നു ബിഷപ്പുമാര്‍ ആവശ്യപ്പെട്ടത്. ഒരുപാടുപേര്‍ക്ക് സത്യാന്വേഷണത്തിനുള്ള മാര്‍ഗമാണ് അത്. എപ്പിസ്കോപ്പല്‍ പ്രിഫെക്ടറായി ബിഷപ് സില്‍വെസ്റ്റര്‍ പൊന്നുമുത്തനെ തന്നു, ചാപ്ലയിനായിട്ട് റവ. ഡോ. പ്രസാദ് തെരുവത്ത് അച്ചനെ തന്നു. ഓരോ രൂപതകളിലും വൈദികരെ നല്കി. ജീസസ് യൂത്ത് കത്തോലിക്കാ സഭയില്‍ പ്രവര്‍ത്തിക്കുന്നതുപോലെ പ്രവര്‍ത്തിക്കാനാണ് ബിഷപ്പുമാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ചോ: ബ്ര. സജിത് കത്തോലിക്ക സഭയിലേക്ക് വരുന്നു എന്നറിഞ്ഞപ്പോള്‍, താങ്കളുടെ പിതാവും ജ്യേഷ്ഠനും പെന്തക്കോസ്തല്‍ പാസ്റ്റര്മാരാണെന്നും അവരെ പറഞ്ഞു മനസിലാക്കാന്‍ സാധിച്ചില്ലേ എന്നുമുള്ള പരിഹാസം ചിലര്‍ ഉയര്‍ത്തിയിരുന്നു. എന്താണ് അതിനുള്ള മറുപടി
ഉ: വീട്ടില്‍ വിശ്വാസം ചര്‍ച്ച ചെയ്യാറില്ല. എന്നാല്‍ ഈ വിഷയങ്ങളില്‍ എനിക്കുണ്ടായ ബോധ്യം, ഈ തീരുമാനം എടുക്കുന്നതിന് ഒരു വര്‍ഷംമുമ്പ് ഞാന്‍ മാതാപിതാക്കളെയും ജ്യേഷ്ഠനെയും അറിയിച്ചിരുന്നു. അവര്‍ സത്യം തിരിച്ചറിഞ്ഞ് കത്തോലിക്ക സഭയിലേക്ക് വരുമെന്ന് പ്രത്യാശിക്കുകയും ഞാന്‍ അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ചോ: ബ്ര. സജിത്തിന്റെ പ്രസംഗങ്ങള്‍ കേട്ട് അനേകര്‍ കത്തോലിക്കാ വിശ്വാസത്തില്‍നിന്നും പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേക്ക് പോയിട്ടുണ്ട്. അവര്‍ കത്തോലിക്ക സഭയിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ
ഉ: ഒരുകാലത്തും വൈദികരെയും സിസ്റ്റേഴ്സിനെയും പള്ളിയെയും ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല. എന്റെ രീതി അതായിരുന്നില്ല. എന്നാല്‍പ്പോലും എന്റെ പ്രസംഗങ്ങള്‍ കേട്ട് ആരെങ്കിലും സഭ വിട്ടു പോയിട്ടുണ്ടെങ്കില്‍ അവരെല്ലാം തിരിച്ചുവരണം എന്നുതന്നെയാണ് എന്റെ ആഗ്രഹം. ഈ സത്യങ്ങള്‍ അതിനുവേണ്ടിയാണ് പൊതുസമൂഹത്തോടു പറയുന്നത്.
ചോ: കത്തോലിക്ക വിശ്വാസത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ എന്തായിരുന്നു ഭാര്യയുടെ പ്രതികരണം
ഉ: ഞാനും ഭാര്യ രേഷ്മയും ഒരുമിച്ചായിരുന്നു ദൈവശാസ്ത്രം പഠിച്ചത്. എന്റെ ഏഴുവര്‍ഷത്തെ പഠനത്തില്‍ ഓരോ കാര്യങ്ങളും മനസിലാകുമ്പോള്‍ ഏറ്റവും ആദ്യം പഠിപ്പിച്ചുകൊണ്ടിരുന്നത് ഭാര്യയെ ആണ്. ഭാര്യയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. രണ്ട് മക്കള്‍. മകള്‍ ഏയ്ഞ്ചല സേമ സജിത്ത്, മകന് ബ്ലെസിങ്ങ് ജോസഫ് സജിത്ത്.
ചോ: ഡോ. ഫ്രാന്‍സിസ് കോളിന്‍സ് ലോകപ്രശസ്തനായ ജനിതക ശാസ്ത്രജ്ഞനാണ്. നിരീശ്വരവാദിയായിരുന്ന അദ്ദേഹം ദൈവം ഇല്ലെന്ന് സ്ഥാപിക്കാന്‍ നടത്തിയ പഠനങ്ങളാണ് അദ്ദേഹത്തെ ഉറച്ച വിശ്വാസിയാക്കി മാറ്റിയത്. ഡോ. കോളിന്‍സിനെപ്പോലെ ദൈവം ഇല്ലെന്ന് തെളിയിക്കാന്‍ ശ്രമിച്ച അനേകര്‍ വിശ്വാസികളായി മാറിയിട്ടുണ്ട്. എന്താണ് ഇതിന് കാരണമെന്നാണ് താങ്കളുടെ വിലയിരുത്തല്‍
ഉ: ദൈവം സര്‍വശക്തനാണ്. കേവലം പഠിക്കാനുള്ള താല്പര്യംകൊണ്ട് ആര്‍ക്കും ദൈവത്തെ പഠിക്കാന്‍ കഴിയുകയില്ല. പഠിക്കുന്ന ആളെ ദൈവം സ്വാധീനിക്കും. കാരണം സിദ്ധാന്തമല്ല, ജീവനുള്ള ഒരു വ്യക്തിയെയാണ് പഠിക്കുന്നത്. അതാണ് അവരെ വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നത്.
വിജയപുരം രൂപതയിലെ ചങ്ങനാശേരി കുന്നേല്പ്പള്ളി ഇടവകാംഗമാണ് ഇപ്പോള്‍. തന്റെ വിഷയം വ്യക്തിപരമല്ല, ദൈവശാസ്ത്രപരമായിരുന്നു എന്നു വിശദീകരിക്കുന്ന ബ്ര. സജിത് വിശ്വാസപരമായ കാര്യങ്ങളില്‍ ആരുമായും സംവാദത്തിന് തയാറാണെന്നും വ്യക്തമാക്കുന്നു. ഗ്രേയ്സ് കമ്മ്യൂണിറ്റി ഗ്ലോബല്‍ എന്ന യു ട്യൂബ് ചാനലില്‍ ശുശ്രുഷയുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ ലഭിക്കും. 98473 89389 എന്ന വാട്ട്സപ് നമ്പറില്‍ ഇക്കാര്യങ്ങള്‍ക്ക് ബന്ധപ്പെടാമെന്നും ബ്ര. സജിത് ജോസഫ് പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *