Follow Us On

29

November

2020

Sunday

ഐക്യത്തിലേക്കുള്ള ചുവടുകള്‍

ഐക്യത്തിലേക്കുള്ള ചുവടുകള്‍

2017 ജൂണ്‍ എട്ടിന് വത്തിക്കാനില്‍ നടന്ന അതിമനോഹരവും ഹൃദയസ്പര്‍ശിയുമായ ചടങ്ങിന് ലോകം മുഴുവന്‍ സാക്ഷിയായി. ഫ്രാന്‍സിസ് പാപ്പയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയ തിരുമേനിയും അന്നത്തെ പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസും അന്നത്തെ ഇസ്രായേല്‍ പ്രസിഡന്റ് ഷിമോ പെരേസും ഒരു ഒലിവുമരം നട്ട് വെള്ളമൊഴിച്ചുകൊടുക്കുന്നു. ഭൂമിയുടെ പേരില്‍ പരസ്പരം മല്ലടിക്കുന്ന പാലസ്തീന്‍-ഇസ്രായേല്‍ രാഷ്ട്രതലവന്മാരും ക്രിസ്തുപൈതൃകത്തിന്റെ പേരില്‍ നൂറ്റാണ്ടുകളായി വിഘടിച്ചു നില്‍ക്കുന്ന അത്യുന്നത പുരോഹിതശ്രേഷ്ഠരും ആയിരുന്നു ഒരുമിച്ചുവന്ന് ലോകസമാധാനത്തിനും ഐക്യത്തിനുംവേണ്ടി നിലകൊണ്ട് മാതൃകയായത്. വിഘടനത്തിനും ഐക്യമില്ലായ്മക്കുമുള്ള പ്രഥമവും പ്രധാനവുമായ സിദ്ധൗഷധമാണ് മനസുതുറന്നുള്ള പ്രാര്‍ത്ഥനയെന്ന് മനസിലാക്കിയ ആത്മീയ നേതാക്കന്മാരുടെ അവിശ്രാന്ത പരിശ്രമഫലമാണ് സഭൈക്യവാരപ്രാര്‍ത്ഥന.
ചരിത്രം
ആധുനിക കാലഘട്ടത്തില്‍ സഭൈക്യപ്രസ്ഥാനത്തില്‍ വിവിധങ്ങളായ കര്‍മപരിപാടികള്‍ വിവിധ സഭാനേതൃത്വത്തില്‍ നടത്തുന്നതായി കാണാം. ബനഡിക്ട് 16-ാമന്‍ പാപ്പയുടെ വീക്ഷണമനുസരിച്ച് നവസുവിശേഷവല്‍ക്കരണത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് സഭൈക്യമാണ്. 1740-ല്‍ സ്‌കോട്ട്‌ലന്റില്‍ നോര്‍ത്ത് അമേരിക്കന്‍ ബന്ധങ്ങളുള്ള ഒരു പെന്റക്കോസ്റ്റല്‍ സഭാവിഭാഗമാണ് മറ്റു സഭകള്‍ക്കുവേണ്ടിയും മറ്റ് സഭകളോടുകൂടിയും പ്രാര്‍ത്ഥിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത്. സഭകളുടെ ഐക്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായത് പ്രാര്‍ത്ഥനയെന്നും ആത്മാവിന്റെ നിറവില്‍ നിന്നുമാത്രമേ ഐക്യത്തിനുള്ള ശക്തി ലഭിക്കുകയുള്ളുവെന്നുമുള്ള വിപ്ലവാത്മകമായ ചിന്തയുമായി ജെയിംസ് ഹാല്‍ഡെയ്ന്‍ സ്റ്റ്യൂവര്‍ട്ട്് രംഗത്ത് വന്നു. 1820-ല്‍ സഭകളുടെ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനയുടെ പ്രസക്തി സ്റ്റ്യൂവര്‍ട്ട് ഉറപ്പിച്ചുപറഞ്ഞു. അദ്ദേഹം പ്രസിദ്ധീകരിച്ച Hints for the General Union of Christians for the Outpouring of the Spirit എന്നത് സഭൈക്യവാരപ്രവര്‍ത്തനങ്ങളില്‍ പ്രാര്‍ത്ഥനയുടെ പ്രസക്തിയെ വെളിവാക്കുന്ന ആദ്യപ്രസിദ്ധീകരണമാണെന്ന് പറയാം.
തുടര്‍ന്ന് സഭൈക്യപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിയേകുന്ന ഉത്‌പ്രേരകമായി മാര്‍ഗം തെളിയിച്ചത് ജോ സ്‌പെന്‍സറാണ്. സഭൈക്യപരിശ്രമങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കുള്ള പ്രാധാന്യത്തെ അരക്കിട്ടുറപ്പിക്കുമാറുള്ള നിര്‍ദേശങ്ങളുമായാണ് സ്‌പെന്‍സര്‍ രംഗത്തുവന്നത്. സഭൈക്യത്തിനായി ഏകീകരിക്കപ്പെട്ട പ്രാര്‍ത്ഥനാതലത്തിലേക്ക് ഉയരണമെന്ന ആശയവുമായി 1840-ല്‍ സഭൈക്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സഭൈക്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാര്‍ത്ഥന ഏറ്റവും അനിവാര്യമാണെന്നുള്ള ബോധ്യത്തോടുകൂടെ ആ കാലഘട്ടത്തില്‍ അദ്ദേഹം ആംഗ്ലിക്കന്‍ സഭയിലെ ഉന്നതനായിരുന്ന ജോ ഹെന്റി ന്യൂമാനോട് സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അഭ്യര്‍ത്ഥനയുമായി ബന്ധപ്പെട്ടിരുന്നു. ആംഗ്ലിക്കന്‍ സഭാ നേതൃത്വത്തിലുണ്ടായിരുന്ന ന്യൂമാന്‍ സഭകളുടെ ഐക്യത്തിന് കൂട്ടായ പ്രാര്‍ത്ഥനകള്‍ക്ക് ആരംഭമിടണമെന്നുള്ള സ്‌പെന്‍സറുടെ നിര്‍ദേശത്തെ നിരാകരിക്കുകയാണുണ്ടായത് എന്നതാണ് ചരിത്രസത്യം. എന്നാല്‍ പിന്നീട് ദൈവാനുഗ്രഹത്താല്‍ ഇവര്‍ രണ്ടുപേരും കത്തോലിക്കാവിശ്വാസം സ്വീകരിക്കുകയും ജോ ഹെന്റി ന്യൂമാന്‍ വിശുദ്ധരുടെ ഗണത്തിലേക്കും ജോ സ്‌പെന്‍സര്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉയര്‍ത്തപ്പെട്ടു എന്നതാണ് അത്ഭുതകരമായ യാഥാര്‍ഥ്യം. ജോ സ്‌പെന്‍സര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചപ്പോള്‍ ജോ എന്ന പേരുമാറ്റി ഇഗ്നേഷ്യസ് എന്നാക്കി.
ഫെയ്ത്ത് ആന്റ് ഓര്‍ഡര്‍ മൂവ്‌മെന്റ്
സഭൈക്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥാനത്തിന് ഊന്നല്‍ നല്‍കികൊണ്ട് 1857-ല്‍ ആംഗ്ലിക്കന്‍, റോമന്‍ കാത്തലിക്, ഓര്‍ത്തഡോക്‌സ് സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ഒരു കൂട്ടായ്മ ആരംഭിച്ചു. (The Association for the promotion of the Unity of Chritendom APUC) സഭൈക്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായത് സംയുക്തപ്രാര്‍ത്ഥനയാണെന്നതായിരുന്നു ഇതിന്റെ പ്രഖ്യാപിതലക്ഷ്യം. എന്നാല്‍ ഏറെ താമസിയാതെ കത്തോലിക്കാസഭ ഈ കൂട്ടായ്മയില്‍നിന്ന് പിന്മാറി. ഐക്യത്തിനുശേഷമുള്ള സഭയുടെ അടിസ്ഥാന സ്വഭാവത്തെയും ലക്ഷ്യം വയ്ക്കുന്ന ഐക്യത്തിന്റെ സ്വഭാവത്തെയുംകുറിച്ചുള്ള വിഭിന്നതമൂലമാണ് വത്തിക്കാന്‍ ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് പോയത്.
കത്തോലിക്കാ സഭയില്‍ മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധ ബേസിലിന്റെ (329-379) കാലഘട്ടം മുതല്‍ സഭൈക്യത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. ആധുനിക കാലഘട്ടത്തില്‍ മഹാനായ ലിയോ പതിമൂന്നാമന്‍ പാപ്പയാണ് സഭൈക്യത്തിനായി ഐക്യവാരപ്രര്‍ത്ഥനയെന്ന ആശയം ശ്രദ്ധേയമായി അവതരിപ്പിച്ചത്. 1894-ല്‍ ലിയോ പാപ്പ സഭൈക്യമെന്ന നിയോഗത്തോടെ ജപമാലയര്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. 1895 മെയ് അഞ്ചിന് പ്രസിദ്ധീകരിച്ച പ്രൊവിഡ മാത്രിസ് (Provida Matris) എന്ന തിരുവെഴുത്തുവഴി നമ്മുടെ കര്‍ത്താവിന്റെ സ്വര്‍ഗാരോഹണത്തിനും പന്തക്കുസ്താ തിരുനാളിനുമിടയിലുള്ള ദിവസങ്ങള്‍ സഭൈക്യപ്രാര്‍ത്ഥനയ്ക്കായി പ്രത്യേകം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സഭൈക്യശ്രമങ്ങള്‍ക്ക് വളരെ ഗൗരവപരമായ രീതിയില്‍ പ്രോത്സാഹനം നല്‍കിയ ലിയോ പാപ്പ 1897 മെയ് 15-ന് പ്രസിദ്ധീകരിച്ച ദിവിനും ഇല്ലൂദ് എന്ന തിരുവെഴുത്തില്‍ സഭൈക്യത്തിന് ഏറ്റവും ശക്തമായ ഉപാധിയാണ് പ്രാര്‍ത്ഥന എന്ന് പഠിപ്പിച്ചു. സഭൈക്യശ്രമങ്ങളും പ്രാര്‍ത്ഥനയും എന്ന ചിന്ത ആധികാരികമായി കത്തോലിക്കാ സഭയില്‍ ആഹ്വാനം ചെയ്തത് ബനഡിക്ട് പതിനഞ്ചാമന്‍ പാപ്പയാണ്. 1916 ഫെബ്രുവരി 25-ന് പ്രസിദ്ധീകരിച്ച റൊമാനും പൊന്തിഫീക്കും (Romanum Pontificum) എന്ന തന്റെ തിരുവെഴുത്തിലൂടെയാണ് ഐക്യവാര പ്രാര്‍ത്ഥന സാര്‍വത്രിക സഭയില്‍ ആചരിക്കാന്‍ നിര്‍ദേശിച്ചത്. 1908-ല്‍ പോള്‍ വാട്ട്‌സണ്‍ എന്ന ആംഗ്ലിക്കന്‍ വൈദികന്‍ ക്രൈസ്തവ ഐക്യത്തിനുവേണ്ടി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രാര്‍ത്ഥന വേണമെന്ന് നിര്‍ദേശിച്ചു. ആംഗ്ലിക്കന്‍ സഭയിലെ ഒരു സന്യാസസമൂഹസ്ഥാപകനായിരുന്ന വാട്ട്‌സണ്‍ നിര്‍ദേശിച്ച ഐക്യവാര പ്രാര്‍ത്ഥനയുടെ ആരംഭത്തിന് വിശുദ്ധ പത്താം പിയൂസ് പാപ്പയുടെ അനുഗ്രഹാശിസുകള്‍ ലഭിച്ചു. പോള്‍ വാട്ട്‌സണും പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു എന്നതാണ് പ്രത്യേകത. സഭകളുടെ ലോക കൗണ്‍സിലിന്റെ മുന്നോടിയായ ഫെയ്ത്ത് ആന്റ് ഓര്‍ഡര്‍ മൂവ്‌മെന്റ് അതിന്റെ തുടക്കത്തില്‍ തന്നെ, 1926-ല്‍ ഐക്യവാരപ്രാര്‍ത്ഥനയുടെ ടെക്സ്റ്റ് തയാറാക്കിയിരുന്നു.
പ്രാര്‍ത്ഥനാവാരം
1920-ല്‍ ജനീവയില്‍ നടന്ന ഫെയ്ത്ത് ആന്റ് ഓര്‍ഡര്‍ കോണ്‍ഫ്രന്‍സില്‍ സഭകളുടെ ഐക്യത്തിനുവേണ്ടി ഒരാഴ്ച മാറ്റിവയ്ക്കണമെന്നും ഈ പ്രാര്‍ത്ഥനാവാരത്തിന്റെ അവസാനം പുതുഞായറാഴ്ച്ചയാകണമെന്നും നിര്‍ദേശമുണ്ടായി. 1941-ല്‍ ഐക്യവാരപ്രാര്‍ത്ഥന ഇപ്പോഴുള്ളതുപോലെ ജനുവരി 18 മുതല്‍ 25 വരെയാകുന്നതുവരെ ഫെയ്ത്ത് ആന്റ് ഓര്‍ഡര്‍ പ്രസ്ഥാനമാണ് പൂര്‍ണമായും ഐക്യവാരത്തിനുള്ള പ്രാര്‍ത്ഥനയ്ക്കുള്ള ടെക്സ്റ്റ് തയാറാക്കിയിരുന്നത്. ഇത്തരത്തിലുള്ള സംയുക്തമായ ഒരു പ്രാര്‍ത്ഥനാവാരത്തിന് പ്രാരംഭം കുറിച്ച് 1935-ല്‍ ഫ്രാന്‍സില്‍ നിന്നുള്ള പോള്‍ കൗടൂരി ചെയ്ത ഒരാഹ്വാനം തീര്‍ച്ചയായും ഈ മേഖലയില്‍ എടുത്തു പറയേണ്ട പ്രധാനപ്പെട്ട ഒരു കാല്‍വെപ്പാണ്. പ്രത്യേകിച്ചും വിവിധ സഭാസമൂഹങ്ങള്‍ ഒന്നിച്ച് ഐക്യത്തിനായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത് പോളിന്റെ ക്രിയാത്മകമായ ഈ മേഖലയിലെ ഇടപെടലിനുശേഷമാണ്.
ഐക്യവാര പ്രാര്‍ത്ഥനയ്ക്ക് പിന്നീട് ഉണ്ടായ ഒരു വലിയ വളര്‍ച്ച 1975-ലാണ്. 2004 മുതല്‍ ഐക്യവാര പ്രാര്‍ത്ഥന ആഗോള ക്രൈസ്തവര്‍ക്കുവേണ്ടി തയാറാക്കുന്നത് ഔദ്യോഗികമായി കത്തോലിക്കാസഭയുടെ നേതൃത്വത്തിലുള്ള പൊന്തിഫിക്കല്‍ എക്യുമെനിക്കല്‍ കൗണ്‍സിലും സഭകളുടെ ലോക കൗണ്‍സിലിന്റെ ദൈവശാസ്ത്രവിഭാഗമായ ഫെയ്ത്ത് ആന്റ് ഓര്‍ഡര്‍ കമ്മീഷനുംകൂടിയാണ്.
2020 -ലെ ഐക്യവാര പ്രാര്‍ത്ഥന
ഐക്യവാര പ്രാര്‍ത്ഥനയ്ക്കുള്ള 2020-ലെ പ്രാര്‍ത്ഥന തയാറാക്കിയിരിക്കുന്നത് മാള്‍ട്ടയിലെ വിവിധ ക്രൈസ്തവ നേതാക്കന്മാരും കത്തോലിക്കാസഭയും സഭകളുടെ ലോക കൗണ്‍സിലിന്റെ ദൈവശാസ്ത്രവിഭാഗവും കൂടിയാണ്. പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനുമായി തെരഞ്ഞെടുത്തിട്ടുള്ളത് ”അവര്‍ ഞങ്ങളോട് അസാധാരണമായ കാരുണ്യം കാണിച്ചു” (അപ്പ.നടപടി 28:2) എന്ന വചനഭാഗമാണ്. ഫെബ്രുവരി പത്തിന് പൗലോസ്ശ്ലീഹായ്ക്ക് മാള്‍ട്ടാകടല്‍ തീരത്തുവച്ച് കപ്പലപകടത്തില്‍ പറ്റിയത് ഓര്‍മിക്കുന്ന തിരുനാളാണ്. തങ്ങളുടെ നാട്ടിലേക്ക് ക്രിസ്തു വിശ്വാസം കടന്നുവന്നതിന്റെയും വിശ്വാസം വന്നതിന് ദൈവത്തോട് നന്ദി പറയുന്നതിന്റെയും വികാരങ്ങളോടെയാണ് മാള്‍ട്ടാക്കാര്‍ ഈ തിരുനാള്‍ ആഘോഷിക്കുന്നത്. അതോടൊപ്പം തന്നെ വിശുദ്ധ പൗലോസ് ശ്ലീഹായും സംഘവും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ നന്ദിയുടെ തിരുനാള്‍ കൂടിയാണ് ഈ ദിവസം. കപ്പലപകടത്തില്‍പ്പെടുമ്പോള്‍ വിശുദ്ധ പൗലോസ് ശ്ലീഹ ചങ്ങലകളാല്‍ ബന്ധനസ്ഥനായിരുന്നു. ഈ സംഭവം മാനവഗണത്തിന്റെ ഇന്നത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു. ചങ്ങലയ്ക്കിട്ട ബന്ധനസ്ഥനായ അവസ്ഥയില്‍ കപ്പലപകടത്തില്‍പ്പെട്ട വിശുദ്ധ പൗലോസ് ശ്ലീഹായുടെമേല്‍ സര്‍പ്പം കയറിയതുപോലെയാണ് ഇന്ന് ക്രൈസ്തവവിശ്വാസം. പലതരം ബന്ധനങ്ങളാല്‍ സഭയെ ഞെരുക്കുന്ന സമയത്ത് വിഭജനത്തിന്റെയും ശത്രുതയുടെയും ആകുന്ന കപ്പലപകടങ്ങളില്‍ ക്രൈസ്തവലോകം പെട്ടുപോകുന്നു. ലോകം പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. യുദ്ധങ്ങളും കലഹങ്ങളും പ്രകൃതിദുരന്തങ്ങളും വേട്ടയാടുന്ന ലോകത്തില്‍ കരുണ കാണിക്കാനുള്ള ആഹ്വാനമാണ് ഇപ്രാവശ്യത്തെ ഐക്യവാരപ്രാര്‍ത്ഥന നല്‍കുന്നത്.

ഫാ. ലോറന്‍സ് തൈക്കാട്ടില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?