Follow Us On

29

March

2024

Friday

ഉറച്ച ക്രിസ്തീയ സാക്ഷ്യമായി…

ഉറച്ച ക്രിസ്തീയ സാക്ഷ്യമായി…

”കഴിഞ്ഞ 42 വര്‍ഷമായി മെഡിക്കല്‍ പ്രാക്റ്റീസ് ചെയ്യുമ്പോഴും അടിസ്ഥാനപരമായ എന്റെ പൗരോഹിത്യധര്‍മ്മം മറന്നിട്ടല്ല ഞാന്‍ സേവനം ചെയ്യുന്നത്. എന്റെ ജീവിതസാക്ഷ്യമാണ് എന്റെ ദൗത്യം. ദൈവത്തിന് വേണ്ടി നിലമൊരുക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു, വരുന്ന ഓരോ രോഗികളും യേശുവിന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അക്കാര്യം എനിക്ക് തറപ്പിച്ച് പറയാന്‍ കഴിയും.” റവ.ഡോ. ഫ്രാന്‍സിസ് മണപ്പുറത്തിന്റെ വാക്കുകളില്‍ ദൃഢത.
”എന്തിനാണ് വൈദികനായ ഞാന്‍ ഹോമിയോപ്പതി ചികിത്സ തിരഞ്ഞെടുത്തതെന്ന് പലരും ചോദിക്കാറുണ്ട്. നിത്യപുരോഹിതനായ ക്രിസ്തു സൗഖ്യദായകന്‍ കൂടി ആയിരുന്നില്ലേ? എന്ന മറുചോദ്യമാണ് എനിക്ക് അവരോട് ചോദിക്കാനുള്ളത്. യേശു ദൈവരാജ്യത്തെക്കുറിച്ച് പ്രഘോഷിച്ചും സൗഖ്യം കൊടുത്തും ശുശ്രൂഷകള്‍ സമന്വയിപ്പിച്ചതായി നാം വായിക്കുന്നു. വൈദ്യവും വചനവും ഒത്തുചേരുമ്പോള്‍ വിജാതിയര്‍ക്ക് ദൈവാനുഭവവും രോഗസൗഖ്യവും സംഭവിക്കുന്ന അത്ഭുതങ്ങളാണ് ഇവിടെ നടക്കുന്നത്. സൗഖ്യം ആഗ്രഹിച്ച് വരുന്നവര്‍ വിശ്വാസത്തോടെ മടങ്ങുന്ന ഒട്ടേറെ അനുഭവങ്ങളുണ്ട്.
ഒരവസരത്തില്‍ പുതിയൊരു രോഗിണി മരുന്ന് വാങ്ങാന്‍ വന്നു. അടുത്തിരുന്ന സ്ത്രീയോട് അവള്‍ ചോദിച്ചു, ഈ ഡോക്ടറെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന്? താന്‍ വളരെ ദൂരെ നിന്ന് വന്നതാണെന്നും ഇവിടെയിരിക്കുന്നത് സമയനഷ്ടമാണെങ്കില്‍ തിരിച്ചുപോവുകയാണെന്നും പറഞ്ഞു.
ഇത് കേട്ട രണ്ടാമത്തെ സ്ത്രീ ഇങ്ങനെ മറുപടി കൊടുത്തു, ”ദാ നീ അങ്ങോട്ട് നോക്കൂ. ആ മുറിയില്‍ ഇരിക്കുന്നത് ഡോക്ടറുടെ ദൈവമാണ്. (ചാപ്പലിന്റെ വെളിയിലാണ് രോഗികള്‍ ഇരിക്കുന്നത്.) ആ ദൈവത്തിന്റെ പേരിലാണ് ഇവിടെ വരുന്ന രോഗികള്‍ക്ക് അദേഹം മരുന്ന് തരുന്നതും സുഖപ്പെടുത്തുന്നതും. ആ യേശുവാണ് നമുക്ക് സൗഖ്യം നല്‍കുന്നത്. ഈ രണ്ടു സ്ത്രീകളും അക്രൈസ്തവരാണ്..” വചനം പ്രസംഗത്തിലൂടെ വാക്കുകളില്‍ പ്രഘോഷിക്കപ്പെടുന്നില്ലെങ്കിലും ജീവിത സാക്ഷ്യത്തിലൂടെ ആളുകള്‍ ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞ് അവര്‍ തന്നെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നുവെന്നതിന് ഉദാഹരണങ്ങള്‍ നിരത്താന്‍ അദേഹത്തിന് ഇതുപോലെ ഒരുപാട് സംഭവങ്ങളുണ്ട്..
”ഞങ്ങളുടെ രൂപതാധ്യക്ഷനായ ബിഷപ്പ് അല്‍ഫോന്‍സ് മത്തിയാസ് പിതാവുമായി ഒരിക്കല്‍ ഞാന്‍ സംസാരിച്ചു. പിതാവേ, എനിക്കിപ്പോള്‍ 77 വയസായി. ആയിരക്കണക്കിനാളുകളുമായി ഞാന്‍ ഇതിനോടകം സംസാരിച്ചു. അവരെല്ലാവരും ദൈവത്തെ അറിഞ്ഞവരാണ്. നിശബ്ദമായ ആതുര ശുശ്രൂഷകളിലൂടെ അവരെല്ലാം ക്രിസ്തുവിനെ ജീവിതത്തിലേക്ക് സ്വീകരിച്ചെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ഓരോ രോഗിയും യേശുവിന്റെ സ്‌നേഹം അറിയുന്നുണ്ടെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും.” അദേഹം എന്നെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു. ”അച്ചാ വിജാതിയരുടെ നാട്ടിലെ അച്ചന്റെ സേവനം വലിയ ക്രൈസ്തവ സാക്ഷ്യമാണ് നല്‍കുന്നത്.”
ഇവിടെയെത്തിയ അനേകം വൈദികര്‍ ജനങ്ങളുടെ വിശ്വാസവും ദൈവത്തിലുള്ള ആശ്രയവും കണ്ട് അമ്പരന്നിട്ടുണ്ട്. എന്നാല്‍ അവരാരും മാമ്മോദീസ സ്വീകരിച്ചവരല്ല, പക്ഷേ അവര്‍ ക്രിസ്തുവിനെ മനസില്‍ സ്വീകരിച്ചവരാണ്. എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്നെ എല്ലാ വിധത്തിലും സഹായിച്ചിട്ടുള്ള എന്റെ അധികാരിയായ ബിഷപ്പിനും തന്റെ പൗരോഹിത്യദൗത്യം എന്നില്‍ അര്‍പ്പിച്ച ദൈവത്തിനും എന്നില്‍ സംതൃപ്തി മാത്രമേ ഉണ്ടാകാന്‍ സാധ്യത ഉള്ളു. ഇന്ന് കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാത്രമല്ല കേരളം, ആന്ധ്രാ, തുടങ്ങിയ മറ്റ് പ്രദേശങ്ങളില്‍ നിന്ന് പോലും രോഗികള്‍ വരാറുണ്ട്‌. എല്ലാ ദിവസങ്ങളിലും (ഞായറാഴ്ച അവധി) രോഗികളും നീണ്ട നിര തന്നെ ക്ലിനിക്കിലുണ്ട്. രൂപതാ ആസ്ഥാനത്ത് നടത്തപ്പെടുന്ന ധ്യാനം ഒഴികെ ഒന്നിനും ഞാന്‍ അവിടെ പോകാറില്ല. പിതാവ് എനിക്ക് അതിനുള്ള എല്ലാ അനുമതിയും നല്‍കിയിട്ടുണ്ട്..
പുരോഹിതനാകാന്‍ വീട് വിട്ടിറങ്ങിയ വ്യക്തിയാണ് ഞാന്‍. ഒരു ഇടവക വൈദികനാകാനായിരുന്നു ആഗ്രഹം. എന്നാല്‍ ദൈവത്തിന്റെ പദ്ധതി അതായിരുന്നില്ല. വിജാതീയ സമൂഹത്തിന് സൗഖ്യശുശ്രൂഷകനാകാനാണ് അവിടുന്ന് എന്നെ വിളിച്ചത്. കുറ്റിയടിച്ച ജീവിതം പോലെ ക്ലിനിക്കില്‍ നാല് ദശാദ്ബതത്തിലധികം സേവനം. തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഒരു താലന്തും ഈ അഭിഷിക്തന്‍ ദുര്‍വ്യയം ചെയ്തിട്ടില്ല. പ്രത്യുത വിതച്ചിടത്തെല്ലാം നൂറു മേനി വിളവ്. നിരവധി ഗ്രാമങ്ങളിലെ വലിയൊരു ജനതയുടെ ഉത്ഥാനത്തിനും ഉണര്‍വിനും കൂട്ടായ്മക്കും കാരണഭൂതനായ. 77വയസുള്ള റവ.ഡോ. ഫ്രാ ന്‍സിസ് മണപ്പുറത്ത് നിറപുഞ്ചിരിയോടെ മുന്നോട്ട് നടക്കുന്നു..

 ജയിംസ് ഇടയോടി
(കര്‍ണാടക മിഷന്‍ മേഖല അവസാനിച്ചു)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?