Follow Us On

09

April

2020

Thursday

സുലൈമാനിയും ഇന്ത്യക്കാരുടെ ഭാവിയും

സുലൈമാനിയും  ഇന്ത്യക്കാരുടെ ഭാവിയും

യുക്രൈന്‍ വിമാനം ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ തകര്‍ന്നുവീണ് ഒമ്പത് വിമാന ജീവനക്കാര്‍ അടക്കം 176 പേര്‍ മരിച്ച വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ട സ്‌ഫോടനാത്മകമായ സാഹചര്യത്തിനിടയി ലായിരുന്നു ഈ സംഭവം. ഇറാഖിലെ അമേരിക്കന്‍ സൈനികകേന്ദ്രത്തിനു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനു തൊട്ടുപിന്നാലെയായിരുന്നു അപകടം. ഇറാന്റെ മിസൈല്‍ പതിച്ചായിരിക്കുമോ വിമാനം തകര്‍ന്നതെന്ന സംശയം അപ്പോള്‍ത്തന്നെ പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. തുടക്കത്തില്‍ ഇറാന്‍ അതു നിഷേധിച്ചെങ്കിലും ഒടുവില്‍ തങ്ങളുടെ സൈനികര്‍ക്ക് സംഭവിച്ച അബദ്ധമായിരുന്നു എന്ന് സമ്മതിക്കേണ്ടിവന്നു. അമേരിക്കന്‍ സൈനിക വിമാനം പ്രത്യാക്രമണത്തിന് വരുന്നതാണെന്ന തെറ്റിദ്ധാരണയില്‍ അതിനെ തകര്‍ക്കാന്‍ ഇറാന്‍ സൈനികന്‍ അയച്ച മിസൈലായിരുന്നു വിമാനത്തെ തകര്‍ത്തത്. നിരപരാധികളായ 176-പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. സൊലൈമാനിയുടെ ശവസംസ്‌കാരത്തില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 35 പേര്‍ മരിച്ചു എന്നാണ് കണക്ക്.

ഇറാന്‍-അമേരിക്ക സംഘര്‍ഷം ഒരു യുദ്ധത്തിന്റെ തൊട്ടടുത്തുവരെ എത്തിയിരുന്നു. തങ്ങള്‍ക്ക് അമേരിക്കയില്‍ എത്തി ആക്രമണം നടത്താന്‍ കഴിയാത്തതിനാല്‍ അമേരിക്കയുടെ ഗള്‍ഫിലെ സുഹൃത് രാജ്യങ്ങളെ തകര്‍ക്കുമെന്നായിരുന്നു ഇറാന്‍ പ്രഖ്യാപിച്ചതും. ഉക്രൈന്‍ വിമാനത്തിലെ യാത്രക്കാര്‍ പല രാജ്യങ്ങളില്‍നിന്ന് ഉള്ളവര്‍ ഉണ്ടായിരുന്നു. അവരാരും സംഘര്‍ഷവുമായി ഒരു ബന്ധവും ഉള്ളവരായിരുന്നില്ല. ഇങ്ങനെയൊരപകടം ആരും ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. സമാനമായ സംഘര്‍ഷാത്മകമായ സാഹചര്യത്തില്‍ ഇതിനുമുമ്പും യാത്രാ വിമാനങ്ങളില്‍ മിസൈല്‍ പതിച്ച് വിമാനം തകര്‍ന്നുവീണ ഒന്നിലധികം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. യുദ്ധങ്ങള്‍ ഉണ്ടായാല്‍ അതിന് വിലകൊടുക്കേണ്ടിവരുന്നത് എപ്പോഴും നിരപരാധികളായിരിക്കും. സംഘര്‍ഷങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ യുദ്ധം നടക്കുന്ന രാജ്യങ്ങളില്‍ ഉള്ളവര്‍ക്കോ അയല്‍ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നായിരിക്കും പലരും ചിന്തിക്കുന്നത്. എന്നാല്‍, അങ്ങനെയല്ല. മലയാളികളടക്കം ലക്ഷക്കണത്തിന് ഇന്ത്യാക്കാരാണ് ആ മേഖലയില്‍ ഉള്ളത്. സംഘര്‍ഷം രൂപപ്പെട്ടാല്‍ അനേകര്‍ തിരിച്ചുപോരേണ്ടതായി വരും. അത് നമ്മുടെ രാജ്യത്തിന് ഏല്പിക്കുന്ന സാമ്പത്തിക പ്രഹരം വലുതായിരിക്കും. പ്രത്യേകിച്ച് സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നുപോകുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍.

ഇനി യുദ്ധം ഉണ്ടായാല്‍ ഭൂമിക്ക് അതു താങ്ങാന്‍ കഴിയുമോ എന്ന് സംശയിക്കുന്നവരെയും കണ്ടു. ഒരു കാര്യത്തില്‍ സംശയം ഉണ്ടാവില്ല. യുദ്ധത്തിന്റെ തീവ്രത ഇതുവരെ ലോകം കണ്ടതില്‍നിന്നും വളരെ മാരകമായിരിക്കും. മനുഷ്യന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറം. എല്ലാ യുദ്ധങ്ങളുടെയും അനന്തരഫലങ്ങളായ ദുരിതങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടിവരിക പാവപ്പെട്ടവരായിരിക്കും. അതു പട്ടിണിയുടെ രൂപത്തില്‍ ആരംഭിച്ച് ചികിത്സകള്‍ ലഭിക്കാത്ത അവസ്ഥകള്‍വരെ ഉണ്ടാകാം. മിസൈലുകള്‍ അയക്കുമ്പോള്‍ ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് പറയാറുണ്ടെങ്കിലും സംഭവിക്കുന്നത് അതിന് വിപരീതമായ രീതിയിലായിരിക്കും. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം തകര്‍ക്കപ്പെടും. കൊല്ലപ്പെടുന്നവരെയും പരിക്ക് ഏല്ക്കുന്നവരെയും കൂടാതെ പതിനായിരങ്ങള്‍ അഭയാര്‍ത്ഥികളാകും. തകര്‍ന്നുവീണ ഉക്രൈന്‍ വിമാനത്തില്‍ യാത്രചെയ്തിരുന്ന പ്രിയപ്പെട്ടവരെ കാത്തിരുന്നവരുടെ കാതുകളിലേക്ക് എത്തിയത് അവരുടെ മരണവാര്‍ത്തയായിരുന്നു. എത്ര ഹൃദയഭേദകമായ അവസ്ഥ. ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യയും സമ്മാനങ്ങളുമായി എത്തുന്ന മാതാപിതാക്കളെ പ്രതീക്ഷിച്ചിരിക്കുന്ന മക്കളും…അങ്ങനെ നീളുന്നു ആ പട്ടിക.

ഒരു യുദ്ധത്തിനും സമാധാനം കൊണ്ടുവരാന്‍ കഴിയില്ലെന്ന കാര്യം ഉറപ്പാണ്. സമാധാന പ്രാര്‍ത്ഥനകള്‍ ഉയരേണ്ട സമയമാണിത്. ഏതു മതത്തിലും വര്‍ഗത്തിലും രാജ്യത്തിലും പെടുന്നവരാണെങ്കിലും അവരെല്ലാവരും മനുഷ്യരും ദൈവത്തിന്റെ മക്കളുമാണ്. സംഘര്‍ഷങ്ങളും യുദ്ധങ്ങളൊമൊന്നും ദൈവം കൊണ്ടുവരുന്നതല്ല. അതിന്റെ എല്ലാം പിന്നില്‍ തിന്മയാണ്. ലോകത്തിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ട് സംഘര്‍ഷം ഉടലെടുക്കുമ്പോള്‍ വിജയിക്കുന്നത് തിന്മയാണ്. മനുഷ്യര്‍ തമ്മില്‍ സ്‌നേഹത്തിലും ഐക്യത്തിലും കഴിയണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഈ സമയത്ത് സാധാരണ മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏക കാര്യം പ്രാര്‍ത്ഥിക്കു എന്നതാണ്. നമ്മള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുമ്പോള്‍ ദൈവം പ്രവര്‍ത്തിക്കാന്‍ ആരംഭിക്കും. ആ ബോധ്യത്തോടെ സമാധാന പ്രാര്‍ത്ഥനകള്‍ തുടങ്ങാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?