Follow Us On

18

April

2024

Thursday

സുവിശേഷ ചൈതന്യം നിറയുന്ന കുടുംബങ്ങള്‍

സുവിശേഷ ചൈതന്യം നിറയുന്ന കുടുംബങ്ങള്‍

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ അപ്പസ്‌തോലപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ഫ്രാന്‍സിസ് പാപ്പ എല്ലാ ബുധനാഴ്ചയും നല്‍കിവരുന്ന വചന വിചിന്തന പഠന പരമ്പരയില്‍ അപ്പസ്‌തോലന്മാരിലൂടെ ആദിമസഭയിലുണ്ടായ വചനത്തിന്റെ യാത്രയും അതിലുണ്ടായ വളര്‍ച്ചയും തടസങ്ങളുമാണ് ഈ നാളുകളില്‍ പാപ്പ ധ്യാനവിഷയമാക്കിയത്.
വചനശുശ്രൂഷയില്‍ അല്മായര്‍ക്ക് എപ്രകാരം സഹകാരികളാകാമെന്നും പാപ്പ വിശദമാക്കി.
ഗാര്‍ഹിക സഭ
പൗലോസ് അപ്പസ്‌തോലന്റെ കോറിന്തിലേക്കുള്ള മിഷനറിയാത്രയില്‍ സഹായികളായ അക്വിലാ, പ്രസില്ലാ എന്നീ ദമ്പതികള്‍ വിശ്വാസപ്രഘോഷണത്തിന് ഉത്തമമാതൃകകളായി നിലകൊള്ളുന്നു (അപ്പ.പ്രവ.18:2, റോമാ 16:3). അവര്‍ അവരുടെ ഭവനം ആദിമ ക്രൈസ്തവര്‍ക്ക് സമ്മേളിക്കാനായി വിട്ടുകൊടുത്തു.
ഡോമൂസ് എക്ലേസിയാ എന്ന് വിളിക്കപ്പെടുന്ന ഗാര്‍ഹിക സഭയിലാണ് ദൈവവചനം ശ്രവിക്കാനും അപ്പം മുറിക്കലിനുമായി ആദിമസഭ ഒത്തുചേര്‍ന്നത്. വചനപ്രയാണത്തിലും പ്രഘോഷണത്തിലും ക്രൈസ്തവ ആതിഥേയത്വത്തിന് വലിയ സ്ഥാനമുണ്ട്. ആദിമ സമൂഹം ഒന്നിച്ചുകൂടിയിരുന്ന ഭവനം സഭയുടെ ഭവനമായാണ് പരിഗണിക്കപ്പെട്ടത്.
അതിലെ അംഗങ്ങള്‍ ആദിമസഭയിലെ എല്ലാവരോടും സഹോദരങ്ങളെപ്പോലെയുമാണ് പെരുമാറിയത്. അഥവാ പൗലോസ് ശ്ലീഹായ്ക്കും കൂട്ടാളികള്‍ക്കും അപ്രകാരമാണ് അത് അനുഭവുപ്പെട്ടത്.
ഇന്നും പ്രാര്‍ത്ഥനയ്ക്കും വചനശുശ്രൂഷകള്‍ക്കുമായി തുറക്കപ്പെടുന്ന അനേകം ഭവനങ്ങള്‍ വിവിധ രാജ്യങ്ങളിലുണ്ട്. ക്രൈസ്തവ ജീവിതത്തിന് നമ്മെ പ്രാപ്തരാക്കിയതും ദൈവവചനം നമ്മിലേക്ക് എത്തിചേര്‍ന്നതും ഇതുപോലുള്ള അനേകം അല്മായരിലൂടെയും കുടുംബങ്ങളിലൂടെയുമാണ്.
നമ്മുടെയെല്ലാം ഭവനങ്ങളും സുവിശേഷചൈതന്യത്താല്‍ നിറയപ്പെടാനും ഒരു ‘ഗാര്‍ഹിക പന്തക്കുസ്ത’ അനുഭവമുണ്ടാകുവാനും അവിടെ സമ്മേളിക്കുന്നവര്‍ക്ക് ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടുമുട്ടാനും ഉതകുന്ന ഇടങ്ങളായി നമ്മുടെ ഭവനങ്ങള്‍ മാറുവാനും സാധിക്കട്ടെ എന്ന് പാപ്പ ആശംസിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
സ്‌നേഹത്തിന്റെ പാലങ്ങള്‍
സുവിശേഷപ്രഘോഷകര്‍ക്ക് വൈരാഗ്യവും വിദ്വേഷവുമല്ല, അനുരഞ്ജനത്തിന്റെയും സ്‌നേഹത്തിന്റെയും പാലം പണിയേണ്ടവരാണ് അവര്‍.
വൈരാഗ്യവും വിദ്വേഷവും വച്ചുപുലര്‍ത്തുന്നതും ക്രിസ്തുവിനെ അറിയാത്തവരോടും മറ്റ് വിശ്വാസങ്ങളിലുള്ളവരോടും അസഹിഷ്ണുതയോടെ പ്രവര്‍ത്തിക്കുന്നതും സുവിശേഷ ചൈതന്യത്തിന് ചേര്‍ന്നതല്ല. യഥാര്‍ത്ഥ ക്രൈസ്തവ സ്‌നേഹം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാഹോദര്യത്തിന്റെ വിളനിലമാണ്.
സ്‌നേഹത്തിന്റെ ഈ പ്രേഷിതയാത്രയില്‍ സഭ പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്, പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അതൊന്നുംമൂലം ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കുകയെന്ന സഭയുടെ അടിസ്ഥാനദൗത്യത്തില്‍നിന്ന് നമ്മള്‍ വ്യതിചലിക്കുകയില്ല. പരിശുദ്ധാത്മാവ് നല്‍കുന്ന വലിയ ധൈര്യത്തോടും കൂടുതല്‍ സന്തോഷത്തോടും കൂടി ക്രിസ്തുവിനോടുള്ള സ്‌നേഹവും ക്രിസ്തുവിന്റെ സ്‌നേഹവും സഭ ഈ ലോകത്തില്‍ അവസാനം വരെ പ്രകടിപ്പിച്ചുകൊണ്ടേയിരിക്കും. വിശുദ്ധ പൗലോസിന്റെ പ്രേഷിതയാത്ര ഇതാണ് നമ്മളെ പഠിപ്പിക്കുന്നത്. വിവിധ സംസ്‌കാരങ്ങളില്‍പ്പെട്ടവരോട് സ്‌നേഹത്തിന്റെ സംവാദം വഴിയാണ് യേശുക്രിസ്തുവിനെകുറിച്ചുള്ള തന്റെ ജ്ഞാനം വിശുദ്ധ പൗലോസ് പകര്‍ന്നത്.
ഫലം പുറപ്പെടുവിക്കുന്ന സ്‌നേഹം
ദൈവത്തിന് ഭരമേല്‍പിക്കുന്ന ജീവിതത്തിലൂടെ ദൈവസ്‌നേഹം എപ്പോഴും ഫലദായകമാവുന്നു. ഏതൊരു നിഷേധാത്മകമായ സാഹചര്യത്തിലും പരാജയനിമിഷങ്ങളിലും യേശുവിന് നന്മയുളവാക്കുവാന്‍ സാധിക്കും.
അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 27-ാം അധ്യായത്തില്‍ പൗലോസും കൂട്ടരും നേരിട്ട ഒരു കൊടുങ്കാറ്റിന്റെ അനുഭവത്തെക്കുറിച്ചുള്ള വിവരണമുണ്ട്. അതിന്റെ മധ്യേ കര്‍ത്താവിന്റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട് നിന്നെയും നിന്നോടൊപ്പം യാത്ര ചെയ്യുന്നവരെയും രക്ഷിക്കുമെന്ന് പറഞ്ഞ് വിശുദ്ധ പൗലോസിനെ ധൈര്യപ്പെടുത്തിയത് നമ്മള്‍ വായിക്കുന്നു.
ഈ അരുളപ്പാടനുസരിച്ച് ചുറ്റുപാടുമുള്ളവരില്‍ പ്രത്യാശയുടെ സുവിശേഷം നല്‍കാന്‍ പൗലോസിന് കഴിഞ്ഞു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന 276 പേരെയും സുരക്ഷിതരായി കരയിലെത്തിച്ചു. ഇതാണ് സുവിശേഷ ജീവിതശൈലി. വിശാസത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ വഴികള്‍ ദൈവത്തിന്റെ രക്ഷയിലേക്ക് മനുഷ്യനെ നയിക്കുന്നതാണ്.
ഒരു വിശ്വാസി രക്ഷ അനുഭവിക്കുമ്പോള്‍ അത് സ്വന്തമായി കാത്തുസൂക്ഷിക്കാതെ എല്ലാവരിലേക്കും എത്തിക്കുന്നു. കര്‍ത്താവില്‍നിന്ന് രക്ഷയും സത്യവും അറിയുന്നവര്‍ മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്കും തങ്ങളുടെ രക്ഷയെ എത്തിക്കുന്നു. ദൈവവചനത്തിന്റെ ശക്തി പുളിമാവുപോലെ പ്രവര്‍ത്തിക്കുന്നു. അത് പ്രതികൂലസാഹചര്യങ്ങളെ മാറ്റി രക്ഷയുടെ പുതിയ പാതകള്‍ വെട്ടിത്തുറക്കും. പൗലോസ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിലൂടെ അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുകയല്ല മറിച്ച് ദൈവവചനത്തിന്റെ വിത്ത് ശക്തമായി പാകപ്പെടുകയാണുണ്ടായത്.
അപ്പസ്‌തോലപ്രവര്‍ത്തനങ്ങളുടെ അവസാന അധ്യായത്തിലെ അവസാനത്തെ വരികളില്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു. ”അവന്‍ സ്വന്തം ചെലവില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് രണ്ടുവര്‍ഷം മുഴുവന്‍ അവിടെ താമസിച്ചു. തന്നെ സമീപിച്ച എല്ലാവരെയും അവന്‍ സ്വാഗതം ചെയ്തുകൊണ്ടിരുന്നു. അവന്‍ ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെകുറിച്ച് നിര്‍ബാധം ധൈര്യപൂര്‍വം പഠിപ്പിക്കുകയും ചെയ്തു” (അപ്പ.28 :30-31). ഇവിടെ വിശുദ്ധ പൗലോസ് തന്നെ സമീപിച്ച എല്ലാവരെയും സ്വാഗതം ചെയ്തു എന്ന വരികള്‍ ഏറെ ശ്രദ്ധേയമാണ്. ഈ തുറവി സഭയുടെ മനോഭാവമാണ് സൂചിപ്പിക്കുന്നത്. ഇപ്രകാരമുള്ള ഒരു വളര്‍ച്ചയിലേക്ക് വ്യക്തികളും കുടുംബങ്ങളും എത്തണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് പാപ്പ തന്റെ പഠനവിചിന്തന പരമ്പര അവസാനിപ്പിച്ചു.

പ്രഫ. കൊച്ചുറാണി ജോസഫ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?