Follow Us On

20

May

2022

Friday

സാത്താനെതിരെ ജാഗ്രത: ശ്രവിക്കാം സുപ്രസിദ്ധ ഭൂതോച്ഛാടകന്റെ നാല് മുന്നറിയിപ്പുകൾ

സാത്താനെതിരെ ജാഗ്രത: ശ്രവിക്കാം സുപ്രസിദ്ധ ഭൂതോച്ഛാടകന്റെ നാല് മുന്നറിയിപ്പുകൾ

ഭൂതോച്ഛാടന ശുശ്രൂഷയിലൂടെ, അനേകരെ പൈശാചിക പീഡനങ്ങളിൽനിന്ന് മോചിപ്പിക്കാൻ ദൈവത്തിന്റെ ഉപകരണമായി വർത്തിച്ച ഫാ. ഫ്രാൻസിസ്‌കോ ലോപേസ് സെഡാനോ നൽകുന്ന ഈ നാല് മുന്നറിയിപ്പുകൾ എക്കാലത്തും പ്രസക്തമാണ്.

വത്തിക്കാൻ സിറ്റി: സാത്താൻ എന്നത് മിഥ്യയല്ല, യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം സിദ്ധിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിക്കുന്നതും. അവരിൽ പ്രമുഖനാണ്, ഏകദേശം 6000ത്തിൽപ്പരം ഭൂതോച്ഛാടനങ്ങൾക്ക് നേതൃത്വം നൽകിയ മെക്‌സിക്കോ സ്വദേശിയായ ഫാ. ഫ്രാൻസിസ്‌കോ ലോപേസ് സെഡാനോ. നാല് പതിറ്റാണ്ട് പിന്നിട്ട ഭൂതോച്ഛാടന ശുശ്രൂഷയിലൂടെ, അനേകരെ പൈശാചിക പീഡനങ്ങളിൽനിന്ന് മോചിപ്പിക്കാൻ ദൈവത്തിന്റെ ഉപകരണമായി വർത്തിച്ച ഇദ്ദേഹം നൽകുന്ന മുന്നറിയിപ്പുകൾ എക്കാലത്തും പ്രസക്തമാണ്.

1. പിശാച് വസ്തുവല്ല, വ്യക്തിയാണ്

ഒരാൾ പിശാചിനോട് സംസാരിക്കുമ്പോൾ അവൻ ഒരു വസ്തുവിനോടല്ല മറിച്ച്, ഒരു വ്യക്തിയോടാണ് സംസാരിക്കുന്നത്. നമ്മെ ദൈവത്തിൽനിന്ന് വേർപെടുത്താനും ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമാണ് പിശാച് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്.

2. പിശാചിനെ ക്ഷണിച്ചുവരുത്തത്

ഒരുവൻ/ ഒരുവൾ അനുവദിക്കുന്നതുകൊണ്ടാണ് പിശാച് അയാളിൽ പ്രവേശിക്കുന്നത്. നിങ്ങൾ അവനുവേണ്ടി വാതിൽ തുറന്നില്ലെങ്കിൽ അവൻ നമ്മുടെ അടുത്തേക്ക് വരില്ല. അതിനാൽ ജാലവിദ്യ, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, മരിച്ചവരോടും ആത്മാക്കളോടുമുള്ള സംഭാഷണം തുടങ്ങിയവയിൽനിന്നെല്ലാം അകന്നു നിൽക്കണം. കാരണം, ഇവയിലൂടെ തിന്മയുടെ ശക്തി ഒരുവന്റെ ഉള്ളിൽ പ്രവേശിക്കും. നക്ഷത്രങ്ങൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നത് ഒരു വലിയ നുണയാണ്. ഇതുപോലെതന്നെയാണ് മന്ത്രവാദവും.

3. പിശാചുബാധിതരെ തിരിച്ചറിയാൻ

പിശാചുബാധിതനായ ഒരാളെ തിരിച്ചറിയാൻ കഴിയും. ചിലപ്പോൾ അവൻ നിലവിളിക്കും. പട്ടിയെ പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ കാണിക്കും. പലതരത്തിൽ സംസാരിക്കും… ഇങ്ങനെ നൂറുകണക്കിന് ലക്ഷണങ്ങൾ കാണിക്കും. ഇവ കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേൾക്കുമ്പോൾ വിദ്വേഷത്താൽ നിറയുക തുടങ്ങിയവയും ലക്ഷണമാണ്.

ചില വേദനകളും സാത്താൻ ബാധയുടെ ലക്ഷണങ്ങളാകാം. ഇത്തരം ആളുകളെ ഡോക്ടർമാരുടെ പക്കൽ കൊണ്ടുപോയാലും അവർ കുഴപ്പമൊന്നും ഇല്ല എന്നേ പറയൂ. കാരണം, അവർക്ക് ഒന്നും കണ്ടെത്താൻ കഴിയില്ല എന്നതു തന്നെ. സാത്താൻ എന്നത് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാർത്ഥ്യമാണ്.

4. ഭൂതോച്ഛാടനം: ദൈവിക പ്രവൃത്തി

ഇതൊരു ദൈവികമായ ഇടപെടലാണ്. മനുഷ്യരുടെ കഴിവല്ല മറിച്ച്, ദൈവത്തിന്റെ ഇടപെടലാണ് ഭൂതോച്ഛാടനത്തിൽ നടക്കുന്നത്. പഠിപ്പിക്കുക, രോഗികളെ സുഖപ്പെടുത്തുക, പിശാചുബാധിതരെ മോചിപ്പിക്കുക തുടങ്ങിയ അധികാരങ്ങൾ ക്രിസ്തു പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നൽകിയിരിക്കുന്നു. സാത്താനിക ബന്ധനത്തിലാണെന്ന് സംശയം ഉണ്ടായാൽ സഭ ഉത്തരവാദിത്തപ്പെടുത്തിയിരിക്കുന്ന വൈദികന്റെ സേവനം പ്രയാജനപ്പെടുത്തണം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?