Follow Us On

29

March

2024

Friday

ജനുവരി 28: വിശുദ്ധ തോമസ്‌ അക്വിനാസ്

ജനുവരി 28: വിശുദ്ധ തോമസ്‌ അക്വിനാസ്

എക്കാലത്തേയും മികച്ച എഴുത്തുകാരിലും, വേദശാസ്ത്ര പാരംഗതന്‍മാരിലും ഒരാളായാണ് വിശുദ്ധ തോമസ്‌ അക്വിനാസിനെ കത്തോലിക്ക സഭ പരിഗണിച്ചു വരുന്നത്. കത്തോലിക്കാ സഭയുടെ പ്രബോധന വിശദീകരണങ്ങളുടെ സംഗ്രഹവും അദ്ദേഹത്തിന്റെ പ്രധാനകൃതിയുമായ ‘ദി സുമ്മാ തിയോളജിയ’ നൂറ്റാണ്ടുകളോളമായി ക്രിസ്തീയ പ്രബോധനങ്ങളുടെ പ്രധാനപ്പെട്ട രേഖയായി ഇന്നും തുടരുന്നു. ട്രെന്റ് കൗണ്‍സിലില്‍ ബൈബിളിനു ശേഷം വിദഗ്ദോപദേശത്തിനായി ആശ്രയിച്ചത് വിശുദ്ധ അക്വീനാസിന്റെ ഈ കൃതിയേയായിരുന്നു. ലോകമെങ്ങും പ്രസിദ്ധിയാര്‍ജിച്ച ഈ വിശുദ്ധന്‍ പ്രാര്‍ത്ഥനാപരവും എളിമയുള്ളതുമായ ഒരു ജീവിതമായിരുന്നു നയിച്ചിരിന്നത്.

ശിശുസഹജമായ നിഷ്കളങ്കതയും, നന്മചെയ്തു മുന്നേറിയ അനശ്വര വ്യക്തിതമായിരിന്നു വിശുദ്ധന്റെത്. വാക്കുകളില്‍ എളിമയും, മിതത്വവും പ്രവര്‍ത്തിയില്‍ ദയയും വിശുദ്ധന്‍ പാലിച്ചിരുന്നു. എല്ലാവരും തന്നെപോലെ തന്നെ നിഷ്കളങ്കര്‍ ആണെന്നായിരുന്നു വിശുദ്ധന്റെ വിചാരം. ആരെങ്കിലും പാപം ചെയ്യുകയാണെങ്കില്‍ താന്‍ പാപം ചെയ്തമാതിരി വിശുദ്ധന്‍ വിലപിക്കുമായിരുന്നു.

തോമസ് അക്വീനാസിന്‍റെ ഹൃദയ വിശുദ്ധി അദ്ദേഹത്തിന്റെ മുഖത്തും ദര്‍ശിക്കുവാന്‍ കഴിയുമായിരിന്നുവെന്ന് പറയപ്പെടുന്നു. വിശുദ്ധന്റെ മുഖത്ത് നോക്കിയിട്ട് ആശ്വാസപ്പെടാതിരിക്കുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. നിര്‍ദ്ധനരോടും ആലംബഹീനരോടും കാണിച്ച അദ്ദേഹത്തിന്റെ കാരുണ്യം എല്ലാവര്‍ക്കും പ്രചോദനമാണ്. മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതില്‍ അദ്ദേഹം അതിയായ സന്തോഷം കണ്ടെത്തിയിരിന്നു. അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തികള്‍ മറ്റുള്ളവരുടെ ഇടയില്‍ തന്റെ പൊങ്ങച്ചം പ്രദര്‍ശിപ്പിക്കുവാന്‍ വേണ്ടിയുള്ളതായിരുന്നില്ല. മറിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനായിരിന്നു.

വിശുദ്ധന്‍ മരണ ശേഷം അദ്ദേഹത്തിന്റെ സന്തതസഹചാരിയും, കുമ്പസാരകനുമായിരിന്ന വൈദികന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. “ഒരഞ്ചുവയസ്സ് കാരന്റെ നിഷ്കളങ്കതയോട് കൂടിയാണ് ഞാന്‍ വിശുദ്ധനെ കണ്ടിട്ടുള്ളത്. തന്റെ ആത്മാവിനെ നശിപ്പിക്കുന്ന ശാരീരികമായ ഒരു പ്രലോഭനത്തിനും വിശുദ്ധന്‍ വഴിപ്പെട്ടിരുന്നില്ല, മാനുഷികമായ ഒരു പാപവും അദ്ദേഹത്തെ കീഴ്പ്പെടുത്തിയിരുന്നില്ല. വിശുദ്ധ ആഗ്നസിനോട് അദ്ദേഹത്തിന് അഗാധമായ ഭക്തിയുണ്ടായിരുന്നു, കന്യകയായ ഈ വിശുദ്ധയുടെ ഭൗതീകാവശിഷ്ടം അദ്ദേഹം തന്റെ പക്കല്‍ സൂക്ഷിച്ചിരുന്നു.”

വിശുദ്ധ തോമസ്‌ അക്വിനാസ് 1274-ല്‍ തന്റെ 50-മത്തെ വയസ്സിലാണ് മരിച്ചത്‌. ഫോസ്സായിലെ നുവോവാ ആശ്രമത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. ഈ വിശുദ്ധനെ വിദ്യാലയങ്ങളുടേയും, ദൈവശാസ്ത്രത്തിന്റേയും മാധ്യസ്ഥ സഹായിയായി കണക്കാക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?