Follow Us On

22

September

2020

Tuesday

ഉയര്‍ത്തപ്പെട്ട പിച്ചള സര്‍പ്പവും മനുഷ്യപുത്രനും

ഉയര്‍ത്തപ്പെട്ട പിച്ചള സര്‍പ്പവും  മനുഷ്യപുത്രനും

യോഹന്നാന്റെ സുവിശേഷം 3:1-21 വചനങ്ങള്‍ യേശുവും നിക്കോദേമൂസും തമ്മിലുള്ള കണ്ടുമുട്ടലിന്റെ വിവരണമാണ്. നിക്കോദേമൂസ് ഒരു ഫരിസേയപ്രമാണിയായിരുന്നു. യേശു ദൈവത്തില്‍നിന്ന് വന്ന ഒരു ഗുരുവാണെന്നും ദൈവം യേശുവിനോട് കൂടെ ഉണ്ടെന്നും നിക്കോദേമൂസ് ഏറ്റുപറയുന്നു. നിക്കോദേമൂസിനോട് യേശു പറയുന്ന കാര്യങ്ങളില്‍ ഒരു വചനം ഇങ്ങനെയാണ്: മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ തന്നില്‍ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു.
സംഖ്യയുടെ പുസ്തകം 21:1-9 വചനങ്ങളില്‍ വിവരിക്കുന്ന സംഭവമാണ് യേശു ഇവിടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. വഴിയില്‍വച്ച് ജനം അക്ഷമരായി. ദൈവത്തിനും മോശയ്ക്കും എതിരെ അവര്‍ സംസാരിച്ചു. അവര്‍ മോശയോട് ചോദിച്ചു: ഈ മരുഭൂമിയില്‍ മരിക്കാന്‍ നീ ഞങ്ങളെ ഈജിപ്തില്‍നിന്ന് കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്ന് ഞങ്ങള്‍ മടുത്തു. ദൈവം ആകാശത്തുനിന്ന് സമൃദ്ധമായി വര്‍ഷിച്ചുകൊണ്ടിരുന്ന മന്നയെപ്പറ്റിയാണ് അവര്‍ വിലകെട്ട അപ്പം എന്ന് പറഞ്ഞത്. ജനത്തിന്റെ ഈ പെരുമാറ്റം കണ്ട് കോപിച്ച കര്‍ത്താവ് അവരുടെ ഇടയിലേക്ക് ആഗ്നേയ സര്‍പ്പങ്ങളെ അയച്ചു. ഈ സര്‍പ്പങ്ങള്‍ വിഷപ്പാമ്പുകള്‍ ആയിരുന്നു. അവയ്ക്ക് ആഗ്നേയ സര്‍പ്പങ്ങള്‍ എന്ന് പേരു വരുവാന്‍ രണ്ട് കാരണ ങ്ങളാണ് ഉള്ളത്. ഒന്ന്, ഈ സര്‍പ്പങ്ങള്‍ക്ക് സ്വര്‍ണനിറം ആയിരുന്നു. രണ്ട്, അവ കടിക്കുന്ന മുറിവിന്റെ ചുറ്റും ചുവന്ന് തടിച്ച് ഏതാണ്ട് സ്വര്‍ണനിറം പ്രാപിക്കുമായിരുന്നു. ദൈവം അയച്ച ആഗ്നേയ സര്‍പ്പങ്ങള്‍ കടിച്ച് ധാരാളം യഹൂദര്‍ മരിച്ചു. അപ്പോള്‍ അവര്‍ പശ്ചാത്തപിച്ചു. മോശയുടെ സഹായം തേടി. മോശ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ കര്‍ത്താവ് മോശയോട് പറഞ്ഞു: ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. അതായത്, ആഗ്നേയ സര്‍പ്പത്തിന്റെ ഏകദേശ നിറംതന്നെയുള്ള സര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ കുത്തി ഉയര്‍ത്തി നിര്‍ത്തുക. കര്‍ത്താവ് തുടര്‍ന്നു: പാമ്പുകടി ഏല്‍ക്കുന്നവര്‍ ഈ പിച്ചളസര്‍പ്പത്തെ നോക്കിയാല്‍ മരിക്കുകയില്ല. കര്‍ത്താവ് പറഞ്ഞതുപോലെ മോശ ചെയ്തു. മോശ ഉയര്‍ത്തിനിര്‍ത്തിയ പിച്ചളസര്‍പ്പത്തെ നോക്കിയവര്‍ പാമ്പുകടിയേറ്റപ്പോള്‍ മരിച്ചില്ല. ഇങ്ങനെ സര്‍പ്പത്തെ ഉയര്‍ത്തിയതും ആളുകള്‍ മരിക്കാതിരുന്നതുമായ കാര്യങ്ങള്‍ യോഹന്നാന്‍ 3:14-ലൂടെ യേശു ജനത്തെ ഓര്‍മപ്പെടുത്തുകയാണ്.
പാമ്പുകടിയേറ്റ് മരിക്കേണ്ടവര്‍ ഈ പിച്ചളസര്‍പ്പത്തെ നോക്കിയതിനാല്‍ എങ്ങനെ മരിക്കാതെ രക്ഷപ്പെട്ടു? ഈ പിച്ചളസര്‍പ്പം അവരില്‍ കയറിയ വിഷം അത്ഭുതകരമായി വലിച്ചെടുത്തോ? തീര്‍ച്ചയായും ഇല്ല. പിന്നെ എന്ത് സംഭവിച്ചു? ഉത്തരം ഇതാണ്: കര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ചപ്പോള്‍ കര്‍ത്താവ് ഒരു അത്ഭുതം പ്രവര്‍ത്തിച്ചു. അവരില്‍ കയറിയ വിഷത്തെ നിര്‍വീര്യമാക്കി. മോശയും ജനങ്ങളും കര്‍ത്താവ് പറഞ്ഞത് അനുസരിച്ചപ്പോള്‍ കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചു. അപ്പോള്‍ മനുഷ്യന്റെ അനുസരണവും വിശ്വാസവുമാണ് പ്രധാനം.
മോശ ഉയര്‍ത്തിയ പിച്ചളസര്‍പ്പത്തോട് യോഹന്നാന്‍ 3:14 വഴി യേശു തന്നെത്തന്നെ ഉപമിക്കുകയാണ്. ഈ ഉപമവഴി കര്‍ത്താവ് പറയുന്ന കാര്യം ഇതാണ്: മോശ ഉയര്‍ത്തിയ പിച്ചളസര്‍പ്പം യേശുവിന്റെ ഒരു പ്രതീകമായിരുന്നു. പാമ്പുകടിയേറ്റ് ജനങ്ങള്‍ മരിച്ചത്, പാപംമൂലം മനുഷ്യരുടെ ആത്മാവ് നശിക്കുന്നതിന്റെ പ്രതീകമായിരുന്നു. അവരില്‍ കയറിയ പാമ്പുവിഷം മനുഷ്യരില്‍ പ്രവേശിക്കുന്ന പാപത്തിന്റെ വിഷത്തിന്റെ പ്രതീകമായിരുന്നു. പാമ്പുകടിയേറ്റുള്ള ശാരീരികമരണം, പാപംമൂലമുള്ള ആത്മാവിന്റെ മരണത്തിന്റെ പ്രതീകം ആയിരുന്നു. ചുരുക്കത്തില്‍ പിച്ചളസര്‍പ്പവും പാമ്പുകടിയും വിഷവും എല്ലാം പാപത്തിന്റെയും ആത്മാവിന്റെ മരണത്തിന്റെയുമെല്ലാം പ്രതീകമായിരുന്നു. പാമ്പുകടിയേറ്റത് അനുസരണക്കേട് മൂലമാണ്. ഇതുപോലെ പാപത്തിന്റെ കടിയേല്‍ക്കുന്നത് ദൈവകല്‍പനകള്‍ ലംഘിച്ചതിന്റെ ഫലമാണ്. പാമ്പിന്‍വിഷം മൂലമുള്ള മരണം, പാപംമൂലമുള്ള ആത്മാവിന്റെ മരണത്തിന്റെ പ്രതീകമാണ്. നാട്ടപ്പെട്ട പിച്ചളസര്‍പ്പം ഗാഗുല്‍ത്തായില്‍ കുരിശില്‍ തറയ്ക്കപ്പെട്ട യേശുവിന്റെ പ്രതീകമാണ്. പിച്ചളസര്‍പ്പത്തെ നോക്കിയവര്‍ ശാരീരിക മരണത്തില്‍നിന്ന് രക്ഷപ്പെട്ടതുപോലെ, ക്രൂശിതനായ യേശുവിനെ രക്ഷയ്ക്കുവേണ്ടി നോക്കുന്നവര്‍ പാപമോചനം പ്രാപിച്ച് ആത്മാവിന്റെ മരണത്തില്‍നിന്നും നിത്യശിക്ഷയില്‍നിന്നും രക്ഷപ്പെടും. അതിനാല്‍ യേശുവിന്റെ കുരിശുമരണമാണ് പാപം ചെയ്ത മനുഷ്യരെ നിത്യനരകത്തില്‍നിന്ന് രക്ഷിക്കുന്നത്. അതിനാല്‍ പാപികളായ മനുഷ്യരെല്ലാം ആത്മരക്ഷയ്ക്കുവേണ്ടി യേശുവിനെ നോക്കണം. യേശുവിനെ രക്ഷകനായി സ്വീകരിക്കണം. യേശു നല്‍കുന്ന പാപമോചനവും രക്ഷയും സ്വീകരിക്കണം. യേശുവില്‍ വിശ്വസിച്ച് യേശുവില്‍നിന്ന് പാപമോചനം നേടുന്നവര്‍ നിത്യശിക്ഷയിലനിന്ന് രക്ഷ നേടും. അവര്‍ സ്വര്‍ഗത്തില്‍ എന്നേക്കും ജീവിക്കും. യേശുവിനെ രക്ഷകനായി അംഗീകരിക്കുവാന്‍ കഴിഞ്ഞതില്‍ നമുക്ക് സന്തോഷിക്കാം. തന്റെ കുരിശുമരണംവഴി നമ്മെ രക്ഷിച്ച യേശുവിന് നമുക്ക് നന്ദി പറയാം. യേശുവിലേക്ക് നോക്കി നമ്മുടെ നിത്യരക്ഷ ഉറപ്പാക്കാം.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?