Follow Us On

22

September

2020

Tuesday

കുടുംബങ്ങളുടെ സന്തോഷം സഭയുടെയും

കുടുംബങ്ങളുടെ  സന്തോഷം സഭയുടെയും

”കുടുംബങ്ങളില്‍ അനുഭവിക്കുന്ന സ്‌നേഹത്തിന്റെ ആനന്ദം സഭയുടെ ആനന്ദമാണ്.” ‘സ്‌നേഹത്തിന്റെ ആനന്ദം’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ സിനഡാനന്തര ശ്ലൈഹികപ്രബോധനത്തിലെ ആദ്യവാചകമാണിത്. നമ്മുടെ സഭയും സമൂഹവും അനുഭവിക്കുന്ന ആനന്ദത്തിന്റെ അടിസ്ഥാനം കുടുംബമാണ് എന്ന് പാപ്പ പറഞ്ഞുവയ്ക്കുന്നു. കാരണം ഈ ലോകത്തിലെ ഓരോ വ്യക്തിയും ജനിക്കുന്നതും വളരുന്നതും വിശ്വാസം ആര്‍ജിക്കുന്നതും കുടുംബങ്ങളിലാണ്. എവിടെ നന്മ നിറഞ്ഞ കുടുംബങ്ങള്‍ നിലനിന്നുവോ അവിടെയൊക്കെ നന്മ നിറഞ്ഞ സമൂഹവും രൂപപ്പെട്ടിട്ടുണ്ട്. വിവാഹിതരാകുവാനും ഉത്തമ കുടുംബജീവിതം നയിക്കുവാനും ഇന്നും യുവജനങ്ങള്‍ കാണിക്കുന്ന താല്‍പര്യവും ഉത്സാഹവും സഭയ്ക്ക് എന്നും പ്രചോദനമാണെന്ന് സിനഡ് പിതാക്കന്മാര്‍ വിലയിരുത്തിയതും ശ്രദ്ധേയമാണ്. എന്നിരുന്നാലും സഭയുടെയും സമൂഹത്തിന്റെയും ഏറ്റവും അടിസ്ഥാനഘടകമായ കുടുംബങ്ങള്‍ ഒട്ടനവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്നത് വാസ്തവമാണ്. കുടുംബത്തിന്റെ പ്രസക്തിയും മൂല്യങ്ങളും ഐക്യവും അഭേദ്യതയും സ്‌നേഹവും പങ്കുവയ്ക്കലും മൂല്യശിക്ഷണവും വിദ്യാഭ്യാസവും നമ്മുടെ സത്വരമായ ശ്രദ്ധ പതിയേണ്ട മേഖലകളാണ്. കുടുംബം അങ്ങനെയങ്ങ് പൊയ്‌ക്കൊള്ളും എന്ന ലാഘവചിന്തയില്‍നിന്നും മാറി അജപാലനപരമായ ശ്രദ്ധ പതിപ്പിക്കേണ്ട മേഖലയാണ്. കുടുംബങ്ങളുടെ വിളിയെയും ദൗത്യത്തെയും കുറിച്ച് ഗൗരവമായി ചിന്തിക്കുവാനും പഠിക്കുവാനും ആവശ്യകമായ തീരുമാനങ്ങളും തിരുത്തലുകളും എടുക്കുവാനും പ്രാവര്‍ത്തികമാക്കുവാനും സാധിക്കണം.
കുടുംബം ദൈവാനുഗ്രഹത്തിന്റെ ഇടം
കുടുംബത്തെക്കുറിച്ച് സങ്കീര്‍ത്തകന്‍ പറയുന്നത് ഇപ്രകാരമാണ്: കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും; നിനക്ക് നന്മ വരും. നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും. നിന്റെ മക്കള്‍ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകള്‍പോലെയും. കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗ്രഹീതനാകും. കര്‍ത്താവ് സീയോനില്‍നിന്ന് നിന്നെ അനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്‌ക്കാലമത്രയും നീ ജറുസലേമിന്റെ ഐശ്വര്യം കാണുക. മക്കളുടെ മക്കളെ കാണാന്‍ നിനക്ക് ഇടവരട്ടെ! ഇസ്രായേലിനും സമാധാനമുണ്ടാകട്ടെ! (സങ്കീ. 128:1-6). ഇന്നും നമ്മുടെ വിവാഹാഘോഷവേളയില്‍ ചൊല്ലുന്ന ഈ സങ്കീര്‍ത്തനം ഒരു കുടുംബം എപ്രകാരമായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. കര്‍ത്താവിനെ ഭയപ്പെടുന്ന, ദൈവത്തിന്റെ വഴികളില്‍ ചരിക്കുന്ന ഭാഗ്യപ്പെട്ടവരുടെ ഇടമാകണം കുടുംബം. സന്തുഷ്ടിയുടെയും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും ആനന്ദത്തിന്റെയും അവസ്ഥ അവിടെയുണ്ടാകണം. തലമുറകളെ കാണുവാനുള്ള ഭാഗ്യം മാതാപിതാക്കള്‍ക്ക് ലഭിക്കണം. ദൈവത്തിന്റെ എത്രയോ മനോഹരമായ അനുഗ്രഹമാണ് സങ്കീര്‍ത്തകനിലൂടെ ദൈവം നമുക്ക് വെളിപ്പെടുത്തിത്തരുന്നത്.
പ്രബോധനങ്ങളോട് നിസംഗത
ദൈവം ആദത്തെയും ഹവ്വയെയും തന്റെ ഛായയിലും സാദൃശ്യത്തിലുമാണല്ലോ സൃഷ്ടിച്ചത്. ഇന്നും ഓരോ മാതാവും പിതാവും ഈയൊരു വലിയ യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളേണ്ടവരാണ്. ദൈവം അവരെ ഇപ്രകാരം അനുഗ്രഹിക്കുന്നു: ”സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍” (ഉല്‍പ. 1:28). ദൈവം പുരുഷനും സ്ത്രീയുമായി മനുഷ്യനെ സൃഷ്ടിച്ച് കുടുംബത്തെ സ്ഥാപിച്ചത് എന്തിനുവേണ്ടിയെന്ന് തിരുവചനം തന്നെ സാക്ഷ്യപ്പെടുത്തുന്നു. സഭ ഇന്നും ദൈവത്തിന്റെ ഈ അടിസ്ഥാന പ്രബോധനത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നു നാം തിരിച്ചറിയണം.
യേശുവിന്റെ പ്രബോധനത്തിന്റെ ചുവടുപിടിച്ച് സഭ എക്കാലവും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന വലിയ സത്യങ്ങളാണ് കുടുംബജീവിതത്തിന്റെ ഐക്യവും അഭേദ്യതയും. ഇന്ന് നമ്മുടെ സമൂഹത്തില്‍ കാണുന്ന കുടുംബത്തകര്‍ച്ചകളുടെയും വിവാഹമോചനങ്ങളുടെയും കണക്കുകള്‍ യേശുവിന്റെ പ്രബോധനങ്ങളോട് ഇന്നത്തെ തലമുറ കാണിക്കുന്ന നിസംഗതയല്ലേ സൂചിപ്പിക്കുന്നത് എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.
അതുപോലെതന്നെ കുഞ്ഞുങ്ങളുടെ ജനനം, ഉത്തരവാദിത്വ പൂര്‍ണമായ വളര്‍ത്തല്‍ എന്നിവ കുടുംബത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളായി നാം മനസിലാക്കണം. ദൈവത്തിന്റെ സൃഷ്ടികര്‍മത്തില്‍ പങ്കുചേരുവാന്‍ ദമ്പതികള്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന കാര്യം അവര്‍ പ്രത്യേകം ഓര്‍മിക്കണം. പരസ്പര സ്‌നേഹം പകര്‍ന്നും ജീവന്‍ ചൊരിഞ്ഞും ദൈവികപദ്ധതികളോട് സഹകരിക്കുമ്പോഴാണ് കുടുംബജീവിതം ധന്യമാകുന്നത് എന്ന തിരിച്ചറിവ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യജീവന്‍ സംക്രമണം ചെയ്യുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുകയെന്നത് മാതാപിതാക്കളുടെ പ്രഥമവും പ്രധാനവുമായ കടമയാണ്. സ്വാര്‍ത്ഥപരമായ ലക്ഷ്യങ്ങള്‍ അവിടെ കടന്നുവരുവാന്‍ പാടില്ല. കുഞ്ഞുങ്ങള്‍ വേണ്ട എന്ന ചിന്ത, ഗര്‍ഭഛിദ്രം, വന്ധ്യംകരണം, ഗര്‍ഭനിരോധനം, ശിശുഹത്യ എന്നിവ ക്രൈസ്തവര്‍ നിന്ദ്യമായി കരുതേണ്ടതും വര്‍ജിക്കേണ്ടവയുമാണ്.
ഉപേക്ഷിക്കപ്പെട്ട കുട്ടികളെ ദത്തെടുത്തോ ദരിദ്രരായ കുഞ്ഞുങ്ങളെ സഹായിച്ചോ മറ്റ് നിസ്വാര്‍ത്ഥ സേവനങ്ങളില്‍ ഏര്‍പ്പെട്ടോ വന്ധ്യരായ ദമ്പതികള്‍ക്ക് അര്‍ത്ഥപൂര്‍ണമായ ജീവിതം നയിക്കുവാനാകും (സിസിസി 2379). ജീവനെ അതിന്റെ സമഗ്രതയില്‍ ആദരിക്കുന്ന ഒരു സംസ്‌കാരം രൂപപ്പെടണം.
കുടുംബങ്ങള്‍ക്കൊരെഴുത്ത്
‘കുടുംബങ്ങള്‍ക്കൊരെഴുത്ത്’ എന്ന പ്രബോധനരേഖയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇങ്ങനെ എഴുതി: ”നിങ്ങളുടെ വീടുകളുടെ വാതിലുകളില്‍ മുട്ടി, നിങ്ങളെ അഭിസംബോധന ചെയ്ത് സ്‌നേഹപൂര്‍വം നിങ്ങളോടൊപ്പം ചെലവഴിക്കുവാന്‍ എനിക്കാഗ്രഹമുണ്ട്. ആ ആഗ്രഹം ഈ എഴുത്തുവഴി ഞാന്‍ നിര്‍വഹിക്കുകയാണ്” (കുടുംബങ്ങള്‍ക്കൊരെഴുത്ത് 1). ഓരോ വ്യക്തിയുടെയും ആത്മീയ ജീവിതത്തിന്റെയും സ്വഭാവ രൂപീകരണത്തിന്റെയും അടിസ്ഥാനം കുടുംബമാണ്. കുടുംബത്തില്‍നിന്ന് ലഭിക്കുന്നതേ നമ്മുടെ ജീവിതത്തിലുണ്ടാകൂ. അതുകൊണ്ട് പ്രാര്‍ത്ഥനയുടെയും സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ചൈതന്യത്തിലേക്ക് കുടുംബാന്തരീക്ഷങ്ങള്‍ രൂപപ്പെടണമെന്ന് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. ”പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നില്‍ക്കും” എന്ന സത്യം മറക്കാതിരിക്കാം.
പരിമിതമായ സൗകര്യങ്ങളുടെയും പരാധീനതകളുടെയും നടുവില്‍ നമ്മുടെ മാതാപിതാക്കളുടെ പ്രാര്‍ത്ഥനാചൈതന്യം നാം വിസ്മരിക്കരുത്. കഷ്ടപ്പാടുകളുടെ നടുവിലും ദൈവത്തെ അവര്‍ മറന്നില്ല. കൂദാശജീവിതത്തില്‍നിന്ന് അവര്‍ മാറിനടന്നില്ല. എന്നുമാത്രമല്ല, തലമുറകളിലേക്ക് വിശ്വാസകൈമാറ്റം നടത്തുവാന്‍ അവര്‍ കഠിനമായി പരിശ്രമിച്ചു. ഏറ്റവും വലിയ ഉത്തരവാദിത്വം കുട്ടികളുടെ രൂപീകരണവും മാതൃകാപരമായ ജീവിതവുമാണെന്ന് അവര്‍ മനസിലാക്കി. വിശ്വാസത്തെ അതിന്റെ ഗൗരവത്തില്‍ അവര്‍ കാണുകയും പരിപോഷിപ്പിക്കുകയും ചെയ്തു. കുടുംബത്തിന്റെ ആധ്യാത്മികതയുടെ പ്രധാനഘടകം കുടുംബപ്രാര്‍ത്ഥനയാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ”രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ച് കൂടുന്നിടത്ത് അവരുടെ മധ്യേ ഞാനുണ്ടായിരിക്കും” (മത്താ. 18:2) എന്ന വചനം കുടുംബപശ്ചാത്തലത്തിലാണ് സഭാ പിതാക്കന്മാര്‍ വ്യാഖ്യാനിച്ചിട്ടുള്ളത് .
”പ്രാര്‍ത്ഥനയാണ് കുടുംബത്തിന്റെ ശക്തി. സ്‌നേഹത്തിലും സത്യത്തിലുമുള്ള ആത്മീയ ഐക്യം കുടുംബങ്ങളില്‍ വളര്‍ത്തുന്നതും പ്രാര്‍ത്ഥനയാണ്” (കുടുംബങ്ങള്‍ക്കൊരെഴുത്ത് 4). കുടുംബപ്രാര്‍ത്ഥനയുടെ സവിശേഷത അത് കുടുംബാംഗങ്ങള്‍ ഒന്നിച്ച് നടത്തുന്ന പൊതുപ്രാര്‍ത്ഥനയെന്നതാണ്. ഗാര്‍ഹിക സഭയുടെ ആരാധനയുമാണത്. പരമ്പരാഗതമായി നാം നടത്തിവരുന്ന സന്ധ്യാപ്രാര്‍ത്ഥന കുടുംബാംഗങ്ങള്‍ എല്ലാവരുംകൂടി ഒരുമിച്ച് നടത്തണം. അതിന് ഒരു മുടക്കവും ഉണ്ടാകാതിരിക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും വേണം.
സ്‌നേഹത്തിന്റെയും കരുതലിന്റെയും സേവനത്തിന്റെയും പ്രവൃത്തികള്‍ നമ്മുടെ കുടുംബങ്ങളിലുണ്ടാകട്ടെ. ആഗോളീകരണത്തിന്റെ ഫലമായി കുടുംബങ്ങളിലേക്ക് കടന്നു കയറിയിട്ടുള്ള തിന്മകളെ തിരിച്ചറിയുവാന്‍ നമുക്കാകട്ടെ. മാതാപിതാക്കളോടും പ്രായമായവരോടുമുള്ള കടമകളും മരിച്ചുപോയ പ്രിയപ്പെട്ടവരോടുള്ള കടപ്പാടും മറക്കാതിരിക്കാം. യുവജനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരാകാം. കുടുംബങ്ങളെ തകര്‍ക്കുന്ന മദ്യവും മയക്കുമരുന്നുകളും ആഢംബരത്തിന്റെ ധൂര്‍ത്തുകളും ഒഴിവാക്കാന്‍ പരിശ്രമിക്കാം. അതോടൊപ്പം വസ്ത്രം, മരുന്ന്, വീട്, ജോലി എന്നിവയൊന്നും ഇല്ലാതെ കഷ്ടപ്പെടുന്നവരെയും നമുക്ക് പരിഗണിക്കാം.

ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?