Follow Us On

22

September

2020

Tuesday

ജീവന്റെ സന്ദേശവുമായി അന്താരാഷ്ട്ര പ്രോ-ലൈഫ് കോണ്‍ഫ്രന്‍സ്‌

ജീവന്റെ സന്ദേശവുമായി അന്താരാഷ്ട്ര  പ്രോ-ലൈഫ് കോണ്‍ഫ്രന്‍സ്‌

ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ നടന്ന ഏഷ്യ പസഫിക് കോണ്‍ഫ്രന്‍സില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
തൃശൂര്‍: ജീവന്റെ സന്ദേശവുമായി കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളജില്‍ അന്താരാഷ്ട്ര പ്രോ-ലൈഫ് കോണ്‍ഫ്രന്‍സ്. ജീവനെതിരെ വെല്ലുവിളികള്‍ ഉയരുന്ന കാലത്ത് ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ സംഗമവേദികൂടിയായി ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണലിന്റെ 22-ാമത് ഏഷ്യ പസഫിക് കോണ്‍ഫ്രന്‍സ് (ആസ്പാക് 2020). വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കി. ഇനി കേരള സഭ നല്‍കേണ്ട പ്രഥമ പരിഗണന പ്രോ-ലൈഫിനായിരിക്കണമെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. ജീവസുറ്റ മതങ്ങള്‍ ആരോഗ്യമുള്ള ജനതയ്ക്ക് അത്യാവശ്യമാണ്. സഹനത്തിന്റെ മഹനീയതക്ക് വിരുദ്ധമാണ് ദയാവധം; മാര്‍ ആലഞ്ചേരി വ്യക്തമാക്കി.
ജീവനെതിരെയുള്ള എല്ലാത്തരം ആക്രമണങ്ങളും അപലപിക്കപ്പെടേണ്ടതാണ്. അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രവാസികളുടെയുമെല്ലാം ജീവന് വിലയുണ്ട്. ദൈവികദാനമായ ജീവന്‍ ഏറെ പവിത്രവും വിശുദ്ധവുമാണ്. ജീവന്റെ ഉത്ഭവം മുതല്‍ സ്വാഭാവികമരണംവരെ അത് പവിത്രമായി കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്. ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് എല്ലാത്തരം ജീവജാലങ്ങളുടെയും നിലനില്‍പ് അനിവാര്യമാണെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.
ഇരിങ്ങാലക്കുട രൂപതയുടെ ആതിഥേയത്വത്തില്‍ നടന്ന കോണ്‍ഫ്രന്‍സില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ ഏഷ്യാ-ഒഷ്യാന റീജണല്‍ ഡയറക്ടര്‍ ഡോ. ലിഗായ അക്കോസ്റ്റ, പാപ്പുവ ന്യൂഗിനിയ ബിഷപ് ഡോ. റൊളാന്റോ സാന്റോസ്, എച്ച്.എല്‍.ഐ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഫാ. ഷൊനാല്‍ സൊക്കെ, ജസ്റ്റിസ് കുര്യന്‍ ജോസഫ്, റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രോഗ്രാം ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. റെജു വര്‍ഗീസ് കല്ലേലി നന്ദി പറഞ്ഞു.
കെസിബിസി ഫാമിലി ആന്റ് പ്രോ-ലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ (ഹൊസൂര്‍), മാര്‍ ജോയ് ആലപ്പാട്ട് (ഷിക്കാഗോ), ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഫാ. ഷെനാന്‍ ബൊക്കെ, ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഷോയ് തോമസ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിച്ചു. 2021 നവംബറില്‍ നടക്കുന്ന അടുത്ത അന്താരാഷ്ട്ര കോണ്‍ഫ്രന്‍സിന് വേദിയാകുന്നത് ഫിലിപ്പിന്‍സാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?