Follow Us On

02

December

2020

Wednesday

വിമര്‍ശനങ്ങളെ എങ്ങനെ കാണണം?

വിമര്‍ശനങ്ങളെ  എങ്ങനെ കാണണം?

വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടുന്നവരല്ല പലരും. എങ്കിലും വിമര്‍ശനങ്ങള്‍ പ്രയോജനകരമാണ്. അവ സദുദ്ദേശപരമാകണം എന്നുമാത്രം. തളര്‍ത്താനാകരുത്, വളര്‍ത്താനാകണം.
നമുക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ശരിയോ തെറ്റോ ആകാം. വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെങ്കില്‍ അതോര്‍ത്ത് അസ്വസ്ഥതപ്പെടേണ്ടതില്ല. ഇവിടെ തെറ്റ് വിമര്‍ശകന്റേതാണ്. മറ്റൊരാള്‍ക്ക് തെറ്റ് സംഭവിക്കുമ്പോള്‍ നമ്മള്‍ എന്തിന് അസ്വസ്ഥരാകണം?
ഇനി വിമര്‍ശനം ശരിയാണെന്നിരിക്കട്ടെ. എന്തിന് തളര്‍ന്നുപോകണം? ഈ ഭൂമിയില്‍ ആരും കുറ്റമറ്റവിധം പരിപൂര്‍ണരല്ല.
തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമഗ്ര വീക്ഷണം ശീലമാക്കുക. വിമര്‍ശകനോട് അയാള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് തിരിച്ചുപറയുന്നതിലൂടെ വിമര്‍ശകന്റെ സമീപനത്തില്‍ അയവ് വരുത്താനാകും.
അന്ധമായി തിരിച്ചടിക്കാന്‍ ശ്രമിക്കുമ്പോള്‍ മനഃപ്രയാസം വര്‍ധിക്കാനാണ് ഉപകരിക്കുക. ശരിയായ വിമര്‍ശനംമാത്രം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുക. തെറ്റായതും ദുരുദ്ദേശപരവുമായ വിമര്‍ശനങ്ങളെ നിരാകരിക്കുക.

വിമര്‍ശകന്റെ ഉത്തരവാദിത്വങ്ങള്‍
വിമര്‍ശകര്‍ക്ക് പ്രതിവിധികള്‍ പറയാനുള്ള ബാധ്യതയുണ്ടെന്ന് മറക്കാതിരിക്കുക. അത് കടമയാണെന്ന് അവരോട് പറയുക. വിമര്‍ശിക്കപ്പെടുന്ന വ്യക്തിയുടെ ആത്മാഭിമാനം വ്രണപ്പെടാത്തവിധമായിരിക്കണം വിമര്‍ശനം. ഇല്ലെങ്കില്‍ വിമര്‍ശകന്റെ ഉദ്ദേശശുദ്ധി സംശയകരമായിത്തീരുന്നു.
വിമര്‍ശനത്തിലൂടെ സ്ത്രീയായാലും പുരുഷനായാലും അവരുടെ സാംസ്‌കാരിക നിലവാരം, വീക്ഷണം, ലക്ഷ്യം, അറിവുകള്‍ എന്നിങ്ങനെ പലതും മറ്റുള്ളവര്‍ക്ക് എളുപ്പം ഗ്രഹിക്കാന്‍ കഴിയുന്നുണ്ടെന്ന കാര്യം വിസ്മരിക്കരുത്. അന്യായമായി വിമര്‍ശനത്തിന്റെ അമ്പുകള്‍ തൊടുക്കുന്നവര്‍ സ്വന്തം മനോഭാവത്തിലെ വിലയിടിവിനെയാണ് പ്രദര്‍ശിപ്പിക്കുന്നത്. വിമര്‍ശനങ്ങള്‍ വിമര്‍ശകന്റെ മൂല്യബോധത്തെയാണ് പ്രകടമാക്കുന്നത്.
വിമര്‍ശനങ്ങളില്‍ ക്ഷുഭിതരാകാതിരിക്കുക. ഇഷ്ടപ്പെട്ട ഒരു വിനോദത്തിന്റെ രസത്തില്‍ വിമര്‍ശനങ്ങളെ സ്വീകരിക്കുക. ഒരു കാരംസ്‌ബോര്‍ഡിന്റെ ഇരുവശങ്ങളിലാണ് വിമര്‍ശകനും നമ്മളും. കോയിനുകള്‍ നിയമാനുസൃതം വീഴ്ത്തുക. എല്ലാ ഗെയിമു കളിലും ഒരാള്‍ത്തന്നെ ജയിക്കില്ലല്ലോ. ജയിച്ചാലും തോറ്റാലും സമനില തെറ്റാതിരിക്കുക. മത്സരങ്ങളിലെ പരാജയങ്ങള്‍ സംഘട്ടനങ്ങളിലേക്ക് നയിക്കാതിരിക്കാനുള്ള ആത്മസംയമനം ഉണ്ടാകണം. ബോര്‍ഡിന്റെ മറുവശത്ത് ഇരുത്താന്‍ കൊള്ളാത്ത വിമര്‍ശകനെ അവഗണിക്കുക. അത്തരക്കാരുമായുള്ള ആശയവിനിമയം ഗുണകരമല്ല.
വിമര്‍ശനങ്ങളില്‍ ആകെ ചൂളിപ്പോകുന്നത് നല്ല സ്വഭാവമല്ല. അത് കഴിവില്ലായ്മയാണ്. അമേരിക്കന്‍ മനഃശാസ്ത്രജ്ഞനായ ഡോ. റോബെര്‍ട്ട് ബാര്‍ പറയുന്നത്, വിമര്‍ശനങ്ങള്‍ വ്യവസായിക മേഖലയില്‍ മികച്ച പ്രയോജനം നല്‍കുന്നുണ്ടെന്നാണ്. വിമര്‍ശനങ്ങള്‍ പ്രശ്‌നങ്ങളെ പുറത്തുകൊണ്ടുവരുന്നു. പരിഹരിക്കപ്പെടേണ്ട കാര്യങ്ങള്‍ അങ്ങനെ ശ്രദ്ധയിലെത്തുന്നു.
പെരുമാറ്റ രീതിയില്‍ പരിവര്‍ത്തനങ്ങള്‍ അതിവേഗം സാധ്യമാക്കാന്‍ വിമര്‍ശനങ്ങള്‍ സഹായിക്കുന്നു. അസ്വസ്ഥവികാരങ്ങള്‍ മനസില്‍ അടിഞ്ഞുകൂടി ഒരു പൊട്ടിത്തെറിക്ക് ഇട നല്‍കാതിരിക്കാന്‍ വിമര്‍ശനസ്വഭാവം ഉപകരിക്കുന്നു.
വിമര്‍ശനങ്ങളെ നല്ല മനസോടെ സ്വീകരിക്കുമ്പോള്‍ അത് വളര്‍ച്ചയ്ക്കും പുരോഗതിക്കും വിജയത്തിനും സഹായകരമായിത്തീരുന്നു. മാത്രമല്ല, പ്രവൃത്തി ശരിയായ പാതയിലാണോ അല്ലയോ എന്ന് മനസിലാക്കാന്‍ വിമര്‍ശനം ആവശ്യവുമാണ്.
ഭയപ്പെടാതിരിക്കുക, വിമര്‍ശകര്‍ വിമര്‍ശിക്കട്ടെ. ശാന്തമായിരിക്കുക. പ്രസക്തമായ വിമര്‍ശനങ്ങളെ അംഗീകരിക്കാനും കഴിയണം.
വിമര്‍ശനമില്ലാത്ത ലോകം അപകടകരമാംവിധം വഴിതെറ്റാം. അതുകൊണ്ട് വിമര്‍ശകരും ആവശ്യമാണ്. അവരും അപകടകരമായി വഴിതെറ്റാതിരിക്കാന്‍ സൂക്ഷിക്കാം.

സണ്ണി കുറ്റിക്കാട്ട് സി.എം.ഐ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?