Follow Us On

01

December

2020

Tuesday

ചൈനയിലെ വൃദ്ധസദനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍

ചൈനയിലെ വൃദ്ധസദനങ്ങള്‍  നല്‍കുന്ന മുന്നറിയിപ്പുകള്‍

ചന്ദ്രനെപ്പോലെ പൂര്‍ണതയിലെത്തിയിട്ട് ക്ഷയിക്കുന്ന വെളിച്ചമാണ് എക്കാലവും പ്രായമായവര്‍. പലരും ജീവിതസായാഹ്നങ്ങളില്‍ അവഗണിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നു. അഗതിമന്ദിരങ്ങളില്‍ കഴിയുന്നവരുടെ ചുടുനിശ്വാസങ്ങള്‍ മക്കളോടൊപ്പമാവാന്‍ കൊതിച്ചുള്ള വേദനയുടെ നെരിപ്പോടുകള്‍ ജ്വലിച്ചുണ്ടാകുന്നതാണ്. ചിലര്‍ പറയും, ‘മക്കള്‍ക്ക് ഞങ്ങളെ വേണ്ട.’ മറ്റുചിലരാകട്ടെ ഹൃദയത്തിലെ നോവ് മറച്ചുവച്ചുകൊണ്ട് പറയുന്നു. ‘മക്കള്‍ സന്തോഷകരമായി ജീവിക്കട്ടെ’ എന്ന്. മക്കളുടെ അസാന്നിധ്യം തീന്‍മേശയ്ക്ക് മുമ്പിലെ ചിലരുടെ കണ്ണുനീരാണ്. വാര്‍ധക്യം ഏകാന്തതയുടേതാവാതിരുന്നെങ്കില്‍ എന്ന് നമുക്ക് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കാം.
അണുകുടുംബങ്ങള്‍
ചൈനയിലെ വൃദ്ധദമ്പതികളില്‍ ഭൂരിഭാഗവും ഇന്ന് ഭവനങ്ങളില്‍ ഏകരായി കഴിയുകയാണത്രേ. അതിന് കാരണമായി കണ്ടെത്തിയത്, ചൈനീസ് ഗവണ്‍മെന്റ് നടപ്പാക്കിയ ‘ഒരു കുട്ടി’ എന്ന നയമാണ്. ഈ ‘ഒരു കുട്ടി’ വളര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിനോ ജോലിക്കോവേണ്ടിയോ, ഒറ്റയ്‌ക്കോ കാലക്രമേണ ജീവിതപങ്കാളിയുമൊത്തോ അന്യദേശങ്ങളിലോ രാജ്യങ്ങളിലോ എത്തിപ്പെടുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നു. ഏകസന്താനങ്ങളുടെ അകാലമരണവും ഒറ്റപ്പെടലിന് കാരണമാകുന്നു. ‘ഒരു കുട്ടി മതി’ എന്ന നിയമത്തില്‍നിന്ന് ചൈനീസ് ഗവണ്‍മെന്റ് പിന്നീട് പിന്നോട്ടുപോയി. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാകാം.
നിങ്ങള്‍ പെരുകണം, നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത് എന്ന് ജറെമിയ പ്രവാചകന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു (ജറെ. 29:6). എട്ടും പത്തും മക്കളുള്ള കുടുംബങ്ങളെക്കുറിച്ച് ഒരു വൈദികന്‍ പറഞ്ഞു: ”മക്കളില്‍ ഒരാള്‍ക്ക് മാതാപിതാക്കന്മാരെ വാര്‍ധക്യത്തില്‍ സംരക്ഷിക്കുവാനുള്ള കൃപ ദൈവം കൊടുക്കും. നിങ്ങളുടെ വാര്‍ധക്യത്തില്‍ ഒപ്പമാവണമെന്ന് ദൈവം ആഗ്രഹിക്കുന്ന മക്കളെ അണുകുടുംബങ്ങളില്‍ ജനിപ്പിക്കുന്നില്ല എന്നത് ചിന്തനീയമായ ഒരു വിഷയമല്ലേ? അതല്ലെങ്കില്‍ ഗര്‍ഭഛിദ്രം വഴി രഹസ്യമായി ആ കുഞ്ഞുങ്ങളെ കൊന്നുകളയുന്നു. ദൈവത്താല്‍ നിങ്ങള്‍ക്കുവേണ്ടി നിശ്ചയിക്കപ്പെട്ട മക്കള്‍ അവരിലൊരാള്‍ ആയിരിക്കില്ലേ?” കൂടുതല്‍ മക്കളുള്ള കുടുംബങ്ങളില്‍ മാതാപിതാക്കളില്‍ ഏറെയും ഏതെങ്കിലും മക്കളാല്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.
ആ പഴയ കാലഘട്ടങ്ങള്‍ എപ്പോള്‍ വീണ്ടും തിരിച്ചുവരുമോ അന്ന് വൃദ്ധമന്ദിരങ്ങള്‍ ക്ഷയിക്കും. അല്ലെങ്കില്‍ നാം വൃദ്ധമന്ദിരങ്ങളില്‍ ക്ഷയിക്കും. സാമ്പത്തിക ബുദ്ധിമുട്ടിന്റെയോ ദാരിദ്ര്യത്തിന്റെയോ പ്രൊഫഷണലിസത്തിന്റെയോ പേരില്‍ മക്കളുടെ കാര്യത്തില്‍ പിശുക്ക് കാണിക്കാതിരിക്കാം. വാര്‍ധക്യം ആഹ്ലാദകരമാക്കാന്‍ അണുകുടുംബങ്ങളോട് വിട പറയാം.

ജോയി പുള്ളോലിക്കല്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?