Follow Us On

28

March

2024

Thursday

മദ്യവര്‍ജനം ശുദ്ധതട്ടിപ്പ്

മദ്യവര്‍ജനം ശുദ്ധതട്ടിപ്പ്

ഭരണത്തിലേറി മൂന്നരവര്‍ഷം പിന്നിടുമ്പോള്‍ ഇടതുസര്‍ക്കാരിന്റെ മദ്യവര്‍ജനനയം ശുദ്ധ തട്ടിപ്പായിരുന്നുവെന്ന് മദ്യത്തിന്റെ ഉപഭോഗ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുവേളയില്‍ ഇടതുമുന്നണി യുടെ പ്രകടനപത്രികയില്‍ മദ്യനയം വ്യക്തമാക്കിയിരുന്നു. ”മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക.” എന്നാല്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളൊന്നും കേരളത്തെ മദ്യവിമുക്തമാക്കാന്‍ പര്യാപ്തമായില്ല.
ഒമ്പത് മാസത്തിനിടെ 70 ബാറുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിവരാവകാശ നിയമപ്രകാരം എക്‌സൈസ് വകുപ്പ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്, കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 32 പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട് എന്നായിരുന്നു. ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ക്ക് വീണ്ടും ബാര്‍ അനുവദിച്ചതുകൂടി ചേരുമ്പോള്‍ മൊത്തം 70 ബാറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോക്‌സഭയിലേക്കും ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പുള്ള വര്‍ഷമാണ് ഇത്രയുമധികം പുതിയ ബാറുകള്‍ അനുവദിച്ചത് എന്നത് ശ്രദ്ധേയം (അഴിമതിയില്ല!?). നാട്ടിന്‍പുറങ്ങളിലൊക്കെ ആരംഭിക്കുന്ന ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും സര്‍ക്കാര്‍ ബാറുകള്‍ അനുവദിച്ചു നല്‍കുകയാണ്.
കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 487 കോടി രൂപയുടെ മദ്യമാണ്. സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഉത്രാടം വരെയുള്ള എട്ടുദിവസങ്ങളിലെ കച്ചവടത്തിന്റെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 കോടി രൂപ കൂടുതല്‍.
മദ്യവില്‍പന എല്ലാ വര്‍ഷവും വര്‍ധിച്ചുവരികയാണ്. 2015-16-ല്‍ 11,577.64 കോടിയുടടെ മദ്യമാണ് വിറ്റത്. 2016-17-ല്‍ 12,142.68, 2017-18-ല്‍ 12,937.20, 2018-19-ല്‍ 14,508.10 കോടി. കേരളത്തില്‍ പത്ത് വര്‍ഷത്തിനിടെ വിറ്റത് ഒരുലക്ഷം കോടിയോളം രൂപയുടെ മദ്യമാണ്. 2009-10 മുതല്‍ 2018-19 വരെ വിറ്റഴിച്ച ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെയും ബിയറിന്റെയും കണക്കാണിത്. 99,479.50 കോടിയുടെ മദ്യമാണ് ഈ കാലയളവില്‍ വിറ്റഴിച്ചത്. കള്ളുഷാപ്പുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യഷാപ്പുകളും ബിയര്‍ പാര്‍ലറുകളും വഴിയുള്ള വരുമാനം ഇതിന് പുറമെയാണ്. 2018-19 വര്‍ഷമാണ് മദ്യവില്‍പനയില്‍ റെക്കോര്‍ഡ് മുന്നേറ്റമുണ്ടായത്.
മദ്യം സാമൂഹ്യ വിപത്താണെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്ത് 48 മണിക്കൂര്‍ മദ്യനിരോധനം പ്രഖ്യാപിക്കുന്നത്. മദ്യവര്‍ജനത്തിലൂടെ മദ്യലഭ്യത കുറച്ചുകൊണ്ടുവരുമെന്ന അഴകൊഴമ്പന്‍ മദ്യനയം ജനങ്ങളെ വിഡ്ഢികളാക്കാനും അവരുടെ കണ്ണില്‍ പൊടിയിടാനും വേണ്ടി മാത്രമാണ്. ”കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍.ഡി.എഫ് മുന്നണി. മദ്യപരെ ബോധവല്‍ക്കരിക്കാന്‍ സമഗ്രപദ്ധതികളുമുണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക”, ”എല്‍.ഡി.എഫ് വന്നാല്‍ മദ്യവര്‍ജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും, മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറയ്ക്കാന്‍ കര്‍ശനമായ നടപടിയെടുക്കും, മദ്യനയം സുതാര്യമായിരിക്കും, അഴിമതിയില്ലാത്തതായിരിക്കും.” കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് സിനിമാ താരങ്ങളായ കെ.പി.എ.സി ലളിത, ഇന്നസെന്റ് എന്നിവരെക്കൊണ്ട് ഇടതുമുന്നണി ഇടതടവില്ലാതെ നടത്തിയ പ്രചാരണമായിരുന്നു ഇത്. എന്നാല്‍ സംഭവിച്ചതും സംഭവിക്കുന്നതും നേരെ മറിച്ചാണ്. മദ്യലഭ്യത വര്‍ധിപ്പിച്ച് മദ്യവര്‍ജനം നയമാണെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. മദ്യലഭ്യത വര്‍ധിച്ചശേഷം ഉപദേശിച്ചു മാറ്റാമെന്ന വിചിത്രന്യായം സര്‍ക്കാര്‍ തിരുത്തണം. മദ്യരഹിത സമൂഹമെന്ന ലക്ഷ്യപ്രാപ്തിക്ക് മദ്യവര്‍ജനവും മദ്യനിരോധനവും ഒന്നിച്ചുപോകണം. അതാണ് ഫലപ്രദവും പ്രായോഗികവുമായ മദ്യനയം.
അഡ്വ. ചാര്‍ളി പോള്‍
(ലേഖകന്‍ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറിയാണ്.)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?