Follow Us On

01

December

2022

Thursday

പരിശ്രമത്തിന്റെ ഫലം

പരിശ്രമത്തിന്റെ ഫലം

വിക്കുമൂലം മറ്റുളളവര്‍ അകറ്റിനിര്‍ത്തിയ ബാലനെ വര്‍ഷങ്ങള്‍ക്കുശേഷം ശബ്ദത്തിനുവേണ്ടി ആളുകള്‍ സമീപിപ്പിക്കുന്നുവെന്ന് കേട്ട് അത്ഭുതപ്പെടരുത്. ഇതൊരു സിനിമാക്കഥയല്ല, യാഥാര്‍ത്ഥ്യമാണ്. ടോണി വട്ടക്കുഴി എന്ന ശബ്ദ കലാകാരന്റെ ജീവിതം അതാണ് തെളിയിക്കുന്നത്.
സംസ്‌കൃതം, അറബിക്, ഒറിയ, സിംഹള, ഹിന്ദി, തമിഴ്, ഗോവന്‍, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലെല്ലാം ടോണി ശബ്ദം നല്‍കിയിട്ടുണ്ട്. വത്തിക്കാനിലും ലൂര്‍ദിലും ഇദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ് തീര്‍ത്ഥാടകര്‍ ആ സ്ഥലങ്ങളെക്കുറിച്ച് മനസിലാക്കുന്നത്. ഇടതുപക്ഷവും വലതുപക്ഷവുമെല്ലാം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കഴിഞ്ഞ 27 വര്‍ഷമായി സമീപിപ്പിക്കുന്നതും ഇദേഹത്തെ തന്നെയാണ്. ശബ്ദത്തിന് രാഷ്ട്രീയവും പാര്‍ട്ടിയുമൊന്നുമില്ലല്ലോ. അതിനാല്‍ ഏതുപാര്‍ട്ടിയുടെയും പരസ്യപ്രചാരണത്തിന് ശബ്ദം നല്‍കുന്നതിന് അദേഹത്തിന് തെല്ലും മടിയുമില്ല. അനേകര്‍ ഈ മനോഹരമായ ശബ്ദത്തിന്റെ ഉടമയെ കണ്ട് അഭിനന്ദനം അറിയിക്കുമ്പോഴും ഈ നിലയിലേക്കുയരാനിടയായ ഈ ശബ്ദത്തിന് പിന്നിലെ കഠിനാധ്വാനവും അതിന്റെ പശ്ചാത്തലവും പലരും അന്വേഷിക്കാറില്ല. വിക്കുമൂലം ഒരുവാക്ക് പോലും പൊതുസമൂഹത്തില്‍ പറയാന്‍ പറ്റാത്തൊരു ബാല്യം അദേഹത്തിനുണ്ട്.
”അതൊരു കഥയാണ്..ജീവിതത്തിന്റെ മറുപുറത്ത് ഏറെ വേദന അനുഭവിച്ചൊരു കഥ..” ടോണി ആ ജീവിതം ലേഖകനോട് പറഞ്ഞതിങ്ങനെയാണ്.
”ബാല്യത്തില്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ പല അക്ഷരങ്ങളും നാവില്‍ പ്രതിഫലിക്കില്ല. അതു കേള്‍ക്കുമ്പോള്‍ കുട്ടികള്‍ കൂവിയാര്‍ക്കും. അവരുടെ കളിയാക്കലുകള്‍ എനിക്ക് സഹിക്കാന്‍ കഴിയാവുന്നതിനും അപ്പുറമായിരുന്നു. തേങ്ങ, മാങ്ങ എന്നു തുടങ്ങിയവയോട് എനിക്ക് അതൃപ്തിയായിരുന്നു. കാരണം ഇതിനുള്ളിലെ ‘ങ്ങ’ എന്ന അക്ഷരം ഉച്ചരിക്കാനുള്ള പെടാപ്പാട് തന്നെ കാരണം.
കല്ലൂര്‍ കോണ്‍വെന്റ് സ്‌കൂളിലെ പഠനത്തിന് ശേഷം കുരിയച്ചിറ സെന്റ് പോള്‍സ് സ്‌കൂളില്‍ അഞ്ചുമുതല്‍ ഏഴുവരെ ക്ലാസില്‍പഠിക്കുമ്പോള്‍ ഞങ്ങളെ പഠിപ്പിച്ചൊരു കന്യാസ്ത്രിയുണ്ട്. എന്റെ ജീവിതത്തിലൊരിക്കലും ഞാനവരെ മറക്കില്ല. സിസ്റ്റര്‍ ക്ലാരന്‍സ എന്നാണവരുടെ പേര്. ക്ലാസില്‍ കുട്ടികള്‍ പുറത്തുപോയൊരു മധ്യാഹ്നത്തില്‍ ബൈബിള്‍ എടുത്ത് കയ്യില്‍ തന്നുകൊണ്ട് അവര്‍ പറഞ്ഞു: ‘നീയൊരു റബര്‍തോട്ടത്തില്‍ പോയി ഈ ബൈബിളെടുത്ത് ഉറക്കെ വായിക്കുക. എത്ര വേണമെങ്കിലും തെറ്റിക്കോട്ടെ. പക്ഷേ നല്ല അക്ഷരസ്ഫുടത കിട്ടുന്നതുവരെ ഇതു ചെയ്തു കൊണ്ടിരിക്കുക.’ അതനുസരിച്ച് ഞാന്‍ ചെയ്യാന്‍ തുടങ്ങി. റബര്‍ തോട്ടത്തില്‍ ഒറ്റക്ക് നിന്ന് ബൈബിള്‍ വായിക്കുന്ന എന്നെ കണ്ട് ചിലരൊക്കെ ഉറക്കെ ചിരിച്ചു. പക്ഷേ സിസ്റ്റര്‍ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. അങ്ങനെ ബൈബിള്‍ ഉരുവിട്ട് പതുക്കെ പതുക്കെ നാവിന്റെ തടസം മാറിത്തുടങ്ങി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയപ്പോള്‍ സംസാരവൈകല്യം മാഞ്ഞുതുടങ്ങി. പത്താംക്ലാസ് കഴിഞ്ഞപ്പോഴേക്കും ‘വിക്ക്’ അത്ഭുതരമായി മറഞ്ഞിരുന്നുവെന്ന് വേണം പറയാന്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലും തൃശൂര്‍ സെന്റ് തോമസിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. ആ നാളുകളില്‍ നിരവധി സ്റ്റേജുകളില്‍ പാട്ടുപാടുമായിരുന്നു. പഠനമൊക്കെ കഴിഞ്ഞ് ഏതെങ്കിലും നല്ലൊരു ജോലിയില്‍ പ്രവേശിക്കുക എന്നതായിരുന്നു ആഗ്രഹം.”
തൃശൂരിലെ പ്രമുഖ സൗണ്ട് എഞ്ചിനീയറായ സന്തോഷ് സിത്താരയാണ് ടോണിക്ക് മുന്നില്‍ പുതിയവഴി തുറന്നത്. കുരിയച്ചിറ ”ചേതന” സ്റ്റുഡിയോയുടെ മുഴുവന്‍ ജോലികളും വയറിംഗും സൗണ്ട് സിസ്റ്റവും എല്ലാം നടത്തിയത് സന്തോഷായിരുന്നു. ഉദ്ഘാടനത്തിന് നാലുദിവസം മുമ്പ് സന്തോഷ്, ടോണിയെയും കൂട്ടി ചേതനയിലേക്ക് ചെന്നു. സൗണ്ട് സംവിധാനം പൂര്‍ണമായും ശരിയല്ലേ എന്ന് പരിശോധിക്കുന്നതോടൊപ്പം ടോണിയുടെ വോയ്‌സ്‌ടെസ്റ്റും നടത്തിനോക്കി. ഒരു പരസ്യവും പറയിച്ചു. എല്ലാം ‘ഒ.കെ’ ആക്കി പുറത്തുവന്ന് മൂന്നാംനാള്‍ ‘ചേതന’ യേശുദാസ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് യേശുദാസ് പ്രസംഗിക്കുമ്പോഴും ഭക്തിഗാനം ആലപിക്കുമ്പോഴും റെക്കോര്‍ഡിംഗ് റൂമിനകത്ത് സന്തോഷിനും ടോണിക്കും മാത്രമായിരുന്നു പ്രവേശനം. 25 വര്‍ഷം മുമ്പായിരുന്നു അത്. ഉദ്ഘാടനശേഷം ടോണിക്ക് ഒരാളുടെ ഫോണ്‍കോള്‍ വന്നു. തങ്ങളുടെ ഒരു പരസ്യത്തിന് ശബ്ദം നല്‍കണമെന്നായിരുന്നു അയാളുടെ ആവശ്യം. കാര്‍ കൊടുത്തയക്കാമെന്നും പ്രതിഫലം നല്‍കാമെന്നും പറഞ്ഞപ്പോള്‍ ടോണി അത്ഭുതപ്പെട്ടു. ശബ്ദത്തിന് ആദ്യത്തെ പ്രതിഫലവും അതായിരുന്നു. എറണാകുളത്ത് ടോമിന്‍ തച്ചങ്കരിയുടെ സ്റ്റുഡിയോയിലേക്കും ആ നാളുകളില്‍ വിളിയുണ്ടായി. തച്ചങ്കരിയുടെ ‘വാദ്ഗാനം’ എന്ന സിഡിയില്‍ ചിത്രയുടെയും സുജാതയുടെയും പാട്ടുകളുടെയിടയില്‍ സംസാരം നല്‍കുന്നതിനായിരുന്നു അത്. അതിനുശേഷം ഒരാഴ്ചയാകുംമുമ്പേ പീറ്റര്‍ ചേരാനല്ലൂര്‍ ടോണിയെ വിളിച്ചതും ഇതുപോലെതന്നെ ഒരാവശ്യമുന്നയിച്ചായിരുന്നു. അദേഹത്തിനുവേണ്ടി ചെയ്ത ”ആകാശവും മാറും ഭൂതലവും മാറും..” എന്ന വാക്കുകളെ മലയാളി ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്ന് പറയാം. തുടര്‍ന്ന് രണ്ട് പതിറ്റാണ്ടുകാലം ആ ശബ്ദം എല്ലാദേശത്തും എത്തിയെന്ന് പറയാം. വിവിധ ലൈറ്റ് ആന്റ് സൗണ്ട് ഷോകള്‍, ഇംഗ്ലീഷും മലയാളവും ഉള്‍പ്പെടെ നൂറുകണക്കിന് ഡോക്യുമെന്ററികള്‍, വിവിധ രാജ്യങ്ങളിലെ പ്രോഗ്രാമുകള്‍ തുടങ്ങി എണ്ണമില്ലാത്ത വിധം ആ ശബ്ദം മലയാളി കേട്ടുകൊണ്ടിരിക്കുന്നു.
ഏറെ തിരക്കുകള്‍ക്കിടയിലും ടോണി സന്തോഷവാനാണ്. കഠിന പരിശ്രമങ്ങളൊന്നും ഒരിക്കലും പാഴാകില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ്
മാതാപിതാക്കള്‍ തൃശൂര്‍ ആമ്പല്ലൂര്‍ കല്ലൂര്‍ വട്ടക്കുഴിവീട്ടില്‍ ജോര്‍ജും റോസിലിയും. ഭാര്യ: റീന. മക്കള്‍: ലിസ്, മോനാ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?