Follow Us On

01

December

2020

Tuesday

നിലവിളി നിലയ്ക്കാത്ത നൈജീരിയയിലെ ഗ്രാമങ്ങള്‍

നിലവിളി നിലയ്ക്കാത്ത  നൈജീരിയയിലെ ഗ്രാമങ്ങള്‍

‘ചരിത്രം നൈജീരിയയില്‍ ആവര്‍ത്തിക്കുമോ?’ – 2019 ക്രിസ്മസ് ദിനത്തില്‍ 11 ക്രൈസ്തവരെ ബൊക്കോ ഹറാം എന്ന ഇസ്ലാമിക്ക് തീവ്രവാദികള്‍ വധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ഫ്രഞ്ച് തത്വശാസ്ത്രജ്ഞന്‍ ബെര്‍ണാര്‍ഡ് ഹെന്റി ലെവി ഒരു ഫ്രഞ്ച് മാസികയില്‍ എഴുതിയ ലേഖനത്തില്‍ ചോദിച്ച ചോദ്യമാണിത്. 1994-ല്‍ റുവാണ്ടയില്‍ നടന്ന വംശഹത്യയ്ക്ക് സമാനമായി നൈജീരിയയില്‍ ക്രൈസ്തവ ഉന്മൂലനം സംഭവിക്കുമോ എന്ന ആശങ്കയാണ് അദ്ദേഹം പങ്കുവച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നൈജീരിയയില്‍ അരങ്ങേറിയ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ആശങ്ക അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതായിരുന്നു. 2020 ജനുവരി എട്ടിന് സായുധരായ 20 ഫുലാനി ഇസ്ലാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ക്രൈസ്തവ ഗ്രാമമായ ഗുല്‍ബെനിലുള്ള 13 പേരാണ് കൊല്ലപ്പെട്ടത്. ജനുവരി 13-ന് നടന്ന മറ്റൊരു ആക്രമണത്തില്‍ നാല് സെമിനാരി വിദ്യാര്‍ത്ഥികളെ വടക്ക് പടിഞ്ഞാറന്‍ നൈജീരിയയിലെ കഡുണായിലുള്ള സെമിനാരിയില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. അതില്‍ ഒരു സെമിനാരി വിദ്യാര്‍ത്ഥിയെ പിന്നീട് മോചിപ്പിച്ചെങ്കിലും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനായ അദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ലെവിയുടെ ലേഖനത്തില്‍ നൈജീരിയയില്‍ നിന്നുള്ള ജുമായി വിക്ടര്‍ എന്ന സുവിശേഷ പ്രവര്‍ത്തകയുടെ അനുഭവം തുടര്‍ന്നു വിവരിക്കുന്നു. മൂന്ന് മക്കളോടൊപ്പം കഴിഞ്ഞിരുന്ന ജുമായിയുടെ ചെറുപട്ടണം ഫുലാനി തീവ്രവാദികള്‍ ആക്രമിച്ചു. ഗദപോലുള്ള ആയുധം ഉപയോഗിച്ച് മൂന്നു കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ ഭീകരര്‍ ജുമായിയുടെ വലതു കൈ വെട്ടിക്കളഞ്ഞു. ഗര്‍ഭിണിയായിരുന്നു ജുമായിയുടെ ഗര്‍ഭസ്ഥശിശുവും ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നൈജീരിയയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് ആസൂത്രിതമായ വംശഹത്യയാണെന്നാണ് ക്രൂരതയുടെ ഈ തുടര്‍ക്കഥകള്‍ വിവരിച്ചുകൊണ്ട് അദ്ദേഹം പറയുന്നത്. ചിലര്‍ വിചാരിക്കുന്നതുപോലെ കര്‍ഷകരും ഇടയന്‍മാരും തമ്മിലുള്ള പ്രശ്‌നമല്ലിതെന്നും നൈജീരിയിയിലെ ഫുലാന തീവ്രവാദികളുടെ ലക്ഷ്യം ക്രൈസ്തവര്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സിറിയയിലും ഇറാക്കിലും നടന്നതുപോലെയുള്ള ദുരന്തത്തിനായി കാത്തുനില്‍ക്കാതെ ഗവണ്‍മെന്റും അന്താരാഷ്ട്ര സമൂഹവും നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി അടിയന്തിരമായി ഇടപെടണമെന്നാണ് ലെവി ആവശ്യപ്പെടുന്നത്. രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ രാജ്യത്ത് ക്രൈസ്തവര്‍ നേരിടുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് നൈജീരിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ജനുവരി 16-ന് പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.
ഏകദേശം ഒന്‍പത് കോടിയോളം ക്രൈസ്തവരും ഒന്‍പത് കോടിയോളം ഇസ്ലാം മതസ്ഥരുമാണ് നൈജീരിയയിലുള്ളത്. ഭൂരിഭാഗം ക്രൈസ്തവരും വസിക്കുന്നത് തെക്കന്‍ നൈജീരിയയിലാണ്. ക്രൈസ്തവര്‍ ന്യൂനപക്ഷമായ വടക്കന്‍ നൈജീരിയയിലും മധ്യ നൈജീരിയയിലും ക്രൈസ്തവ പീഡനങ്ങള്‍ രൂക്ഷമാണ്. തീവ്ര ഇസ്ലാമിക്ക് നിലപാട് സ്വീകരിക്കാത്തവരെ തട്ടിക്കൊണ്ടുപോകുകയും വധിക്കുകയും ചെയ്യുന്ന ഭീകര സംഘടനയാണ് ബൊക്കോ ഹറാം. ഗവണ്‍മെന്റ് ശക്തമായ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഈ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഏറെക്കുറെ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്.
എന്നാല്‍, ക്രൈസ്തവരുടെ കൃഷിയിടങ്ങള്‍ കയ്യേറി ഗ്രാമങ്ങളിലുള്ളവരെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ഫുലാനി ഇടയന്‍മാരുടെ സംഘങ്ങളെ നിയന്ത്രിക്കാന്‍ ഇനിയും ഗവണ്‍മെന്റിന് സാധിച്ചിട്ടില്ല. തല്‍ഫലമായി അല്‍ക്വയ്ദയുടെ പിന്തുണയോടെ ആരംഭിച്ച്, ഐഎസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബൊക്കോ ഹറാമിനെപ്പോലെ തന്നെ ഹൗസാ-ഫുലാനി എന്ന ഇസ്ലാമിക്ക് നാടോടി സംഘവും നൈജീരിയന്‍ ക്രൈസ്തവര്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. 12 വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ശരിയത് നിയമം പ്രാബല്യത്തിലുണ്ട്. ബെന്യു, അഡമാവാ. കഡുനാ, താരാബ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം തീവ്രവാദികള്‍ ക്രൈസ്തവ ഗ്രാമങ്ങള്‍ നിരന്തരമായി വേട്ടയാടുന്നതിനാല്‍ ഇവിടെയുള്ള ക്രൈസ്തവര്‍ ഭീതിയുടെ നിഴലിലാണ് കഴിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആയിരമാളുകളും 2015 മുതല്‍ ആറായിരത്തോളം പേരും നൈജീരിയയില്‍ നടന്ന വിവിധ തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കൂടാതെ വടക്കന്‍ നൈജീരിയയിലെ വിവിധ പ്രദേശങ്ങളില്‍ ക്രൈസ്തവര്‍ വിവേചനത്തിന് ഇരയാകുന്നു. വിശ്വാസത്തിന്റെ പേരില്‍ പലപ്പോഴും യുവജനങ്ങള്‍ക്ക് ജോലികള്‍ പോലും നിഷേധിക്കപ്പെടുന്നു. ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതസ്ഥര്‍ വിവാഹം ചെയ്യുന്നു. നീതി തേടിയുള്ള യാത്രയില്‍ ഇവിടുത്തെ ക്രൈസ്തവര്‍ക്ക് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും വിവേചനം നേരിടേണ്ടതായി വരുന്നുണ്ട്.
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷന്റെ 2016 വരെയുള്ള കണക്കുപ്രകാരം ബൊക്കോ ഹറാം നടത്തിയ വിവിധ ആക്രമണങ്ങളില്‍ ഒരുലക്ഷത്തിലധികം പേര്‍ കൊല്ലപ്പെടുകയും 52,000 ത്തിലധികം കുട്ടികള്‍ അനാഥരാകുകയും ചെയ്തു. 2016-ല്‍ രണ്ട് വിഭാഗമായി പിരിഞ്ഞ ബൊക്കോ ഹറാമിന്റെ അക്രമങ്ങളുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ അവര്‍ ഇപ്പോഴും വ്യാപൃതരാണെന്ന് കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ 11 ക്രൈസ്തവരെ വധിച്ച സംഭവം വെളിപ്പെടുത്തുന്നു.
ബൊക്കോ ഹറാമും ഫുലാനി തീവ്രവാദികളും നടത്തുന്ന ക്രൈസ്തവഹത്യയുടെ പുതിയ കഥകളാണ് ഓരോ ദിവസവും വാര്‍ത്താമാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ജനുവരി 20-ന് മധ്യ നൈജീരിയന്‍ സംസ്ഥാനമായ നാസാരാവയിലെ കീനാ പ്രദേശത്ത് ഫുലാനി തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ പ്രാദേശിക അല്മായ നേതാവായ അഗസ്റ്റിന്‍ അവേര്‍ട്ടസെയും പിതാവും കൊല്ലപ്പെട്ട വാര്‍ത്തയാണ് ഏറ്റവും പുതിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ ലേഖനം വായനക്കാരുടെ കയ്യിലെത്തുമ്പോഴേക്കും നൈജീരിയിലെ ക്രൈസ്തവസഹത്യയുടെ പുതിയ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടാകും എന്ന് പറയാന്‍ കഴിയുംവിധം ഭീകരമാണ് നൈജീരിയയുടെ അവസ്ഥ. നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന അവസ്ഥ മൈദുഗുരി രൂപതയിലെ ഫാ. ജോസഫ് ബറ്റുരെ ഫിഡെലിസിന്റെ വാക്കുകളില്‍ ഇങ്ങനെ സംഗ്രഹിക്കാം – ‘ഓരോ ദിവസവും ഞങ്ങളുടെ സഹോദരങ്ങള്‍ തെരുവില്‍ കശാപ്പ് ചെയ്യപ്പെടുന്നു. ക്രിസ്ത്യാനി ആയ തുകൊണ്ട് മാത്രം എപ്പോള്‍ വേണമെങ്കിലും ഞങ്ങളുടെയും ജീവന്‍ നഷ്ടപ്പെടാം.’

രഞ്ജിത്ത് ലോറന്‍സ്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?