Follow Us On

22

October

2020

Thursday

വിശ്വാസത്തിന്റെ കാഴ്ചകള്‍ കാണാം

വിശ്വാസത്തിന്റെ  കാഴ്ചകള്‍ കാണാം

ഇന്ത്യയുടെ ജനാധിപത്യത്തിലും മതേതരത്വത്തിലും അഭിമാനിക്കുന്നവരാണ് നമ്മള്‍. ഏതു മതത്തില്‍ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനും ഈ രാജ്യത്തിന്റെ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. രാജ്യം സാമ്പത്തിക-സൈനിക മേഖലകളില്‍ പിന്നില്‍ നില്‍ക്കുമ്പോഴും ഇന്ത്യയുടെ ഭരണാധികാരികള്‍ക്ക് അന്തര്‍ദേശീയ തലങ്ങളില്‍ സ്വീകാര്യതയും സ്വാധീനവും ഉണ്ടായിരുന്നു. ലോകരാജ്യങ്ങള്‍ ഇന്ത്യയെ ആദരവോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ഈ രാജ്യം ഉയര്‍ത്തിപ്പിടിച്ചിരുന്ന മൂല്യങ്ങളും സഹിഷ്ണുതയുമൊക്കെ അതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യ മഹത്തായ സംസ്‌കാരത്തിന്റെ നാടായിട്ടായിരുന്നു അറിയപ്പെട്ടിരുന്നതും.
മതപീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളെപ്പറ്റി അന്താരാഷ്ട്രതലത്തില്‍ തീരെ മതിപ്പില്ല. അത്തരം രാജ്യങ്ങളില്‍ ജനാധിപത്യത്തിനോ മനുഷ്യാവകാശങ്ങള്‍ക്കോ പരിഗണന ഉണ്ടാവില്ലെന്നായിരിക്കും പൊതുവെയുള്ള വിലയിരുത്തലുകള്‍. മതസ്വാതന്ത്ര്യം മനുഷ്യാവകാശത്തിന്റെ പ്രതീകമാണ്. ഇത്തരം മാനദണ്ഡങ്ങളില്‍ ഉയര്‍ന്നുനിന്നിരുന്ന ഇന്ത്യ ഏതാനും വര്‍ഷങ്ങളായി മതസ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്. അത് ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നു. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ഡോര്‍സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിക്കുന്നുണ്ട്. ലോകത്തിലെ അറുപത് രാജ്യങ്ങളില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ക്രൈസ്തവര്‍ക്ക് എതിരെയുള്ള പീഡനങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം പത്താമതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മതസ്വാതന്ത്ര്യം വളരെ അപകടകരമായ സ്ഥിതിയിലാണെന്ന് ചുരുക്കം. പീഡനമേല്‍ക്കുന്ന ക്രൈസ്തവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന എന്നതിലുപരി അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകരിക്കപ്പെടുന്ന സംഘടനയാണ് ഓപ്പണ്‍ ഡോര്‍സ്.
ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ അതിനെക്കുറിച്ച് അന്വേഷിക്കുന്നതിനുപകരം അന്താരാഷ്ട്ര ഗൂഢാലോചന എന്ന രീതിയില്‍ കേന്ദ്ര ഗവണ്‍മെന്റ് തള്ളിക്കളയുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതില്‍ യാഥാര്‍ത്ഥ്യം ഉണ്ടെന്ന് അധികൃതര്‍ക്ക് നിശ്ചയമുള്ളതിനാലായിരിക്കാം അത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നത്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്തീയ വിശ്വാസികളും മിഷനറിമാരും പലവിധത്തിലുള്ള പീഡനങ്ങള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും വിധേയരാക്കപ്പെടുന്നു. ചില സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ വളച്ചൊടിച്ച് ധാരാളം കള്ളക്കേസുകളും ഉണ്ടാകുന്നുണ്ട്. സ്ഥാപനങ്ങള്‍ക്ക് എതിരെ വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയും ഭരണസ്വാധീനം ഉപയോഗിച്ച് അവയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ജാര്‍ഖണ്ഡില്‍ മാസങ്ങളോളം മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഒരു കന്യാസ്ത്രീയെ ജയിലില്‍ അടച്ച സംഭവം കഴിഞ്ഞ വര്‍ഷം ഉണ്ടായി. വൈദികര്‍ക്കും കള്ളക്കേസുകളും ജയില്‍വാസവുമൊക്കെ നേരിടേണ്ടതായി വരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മതത്തെ ഉപയോഗപ്പെടുത്തുന്നതിന്റെ അനന്തരഫലമാണ് ക്രൈസ്തവ പീഡനങ്ങള്‍. മിഷനറിമാര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോള്‍ ആ പ്രദേശത്തിന്റെ വളര്‍ച്ച തടയപ്പെടുകയാണ്. രാജ്യം നേടിയ വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മിഷനറിമാരോടാണ്. വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങള്‍ സാമ്പത്തിക-വിദ്യാഭ്യാസ മേഖലകളില്‍ വളരെ പിന്നിലായിരിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നാല്‍ കൃഷിയിടങ്ങളില്‍ ഇപ്പോള്‍ പണിയെടുക്കുന്നവരുടെ അടുത്ത തലമുറയെ അടിമകളെപ്പോലെ പണിയെടുപ്പിക്കാന്‍ കഴിയില്ലെന്ന ചിന്തയാണ് അവിടെയുള്ള ജന്മിമാരെ മിഷനറിമാര്‍ക്ക് എതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. അതിന് മതപരിവര്‍ത്തനനം എന്ന പുറംചട്ട നല്‍കി അവര്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. വര്‍ഗീയ ധ്രുവീകരണം രാഷ്ട്രീയനേട്ടം ഉണ്ടാക്കുമെന്ന തിരിച്ചറിവില്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇപ്പോള്‍ പീഡനങ്ങള്‍ രൂക്ഷമാകാന്‍ കാരണം. സംഘര്‍ഷങ്ങളും ഭിന്നതകളും നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷം ഒരു രാജ്യത്തിനും നല്ലതല്ല. മതപീഡനങ്ങള്‍ എത്ര മറച്ചുപിടിക്കാന്‍ ശ്രമിച്ചാലും ലോകം അറിയും. രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന ഭരണകര്‍ത്താക്കള്‍ നിയമവും നീതിയും ശരിയായവിധത്തില്‍ പുലരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അപ്പോഴാണ് രാജ്യത്തിന്റെ യശസ് ഉയരുന്നത്.
ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന എതിര്‍പ്പുകളും പീഡനങ്ങളും വിശ്വാസത്തിന്റെ കണ്ണുകള്‍കൊണ്ട് കാണണം. ക്രൈസ്തവര്‍ക്ക് വേദനകളും അസ്വസ്ഥതകളും സമ്മാനിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്. അവരെ സ്‌നേഹിച്ച് പ്രാര്‍ത്ഥിക്കണം. അത്തരം പ്രാര്‍ത്ഥനകള്‍ അമ്പരിപ്പിക്കുന്ന മാറ്റങ്ങള്‍ക്ക് കാരണമാകും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?