Follow Us On

25

June

2021

Friday

ജനങ്ങള്‍ അവന്റെ അടുത്തേക്ക് പോകുന്നു എന്ന് പരാതിയുള്ളവര്‍ ഇന്നുമുണ്ട്‌

ജനങ്ങള്‍ അവന്റെ അടുത്തേക്ക്  പോകുന്നു എന്ന്  പരാതിയുള്ളവര്‍ ഇന്നുമുണ്ട്‌

ജനങ്ങള്‍ക്ക് ആദ്യം ജലംകൊണ്ട് സ്‌നാനം നല്‍കിയത് സ്‌നാപകയോഹന്നനാണ് (ലൂക്കാ 3:3). സ്‌നാപകയോഹന്നാന്റെ അടുത്തുവന്ന് യേശുവും ജ്ഞാനസ്‌നാനം സ്വീകരിച്ചു (ലൂക്കാ 3:21). പിന്നീട് യേശുവും സ്‌നാപകയോഹന്നാനും ഒരേ സമയത്ത് രണ്ട് സ്ഥലങ്ങളില്‍വച്ച് സ്‌നാനം നല്‍കുന്ന ഒരു സമയം ഉണ്ടായി എന്ന് യോഹന്നാന്‍ 3:22 മുതലുള്ള വചനങ്ങളില്‍നിന്നും നമുക്ക് മനസിലാകുന്നു. യൂദയായില്‍ എത്തിയ യേശുവും ശിഷ്യന്മാരും അവിടെ താമസിച്ചു. യേശു അവിടെവച്ച് സ്‌നാനം നല്‍കി (3:21). സാലിമിനടുത്തുള്ള എനോനില്‍ വെള്ളം ധാരാളം ഉണ്ടായിരുന്നതിനാല്‍ അവിടെവച്ച് സ്‌നാപകയോഹന്നാനും സ്‌നാനം നല്‍കിയിരുന്നു. ആളുകള്‍ അവന്റെ അടുത്തുവന്ന് സ്‌നാനം സ്വീകരിക്കുന്നു (യോഹ. 3:22). അവിടെവച്ച് സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാരും ഒരു യഹൂദനും തമ്മില്‍ ശുദ്ധീകരണത്തെപ്പറ്റി തര്‍ക്കമുണ്ടായി. അവര്‍ യോഹന്നാനെ സമീപിച്ച് പറഞ്ഞു: ഗുരോ, യോര്‍ദാന്റെ അക്കരെ നിന്നോടുകൂടി ഉണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്ഷ്യപ്പെടുത്തിയോ അവന്‍, ഇതാ ഇവിടെ സ്‌നാനം നല്‍കുന്നു. എല്ലാവരും അവന്റെ അടുത്തേക്ക് പോവുകയാണ് (യോഹ. 3:26-27). ഇതില്‍ 27-ാം വചനം നാം പ്രത്യേകം ശ്രദ്ധിക്കണം: എല്ലാവരും അവന്റെ അടുത്തേക്ക് പോവുകയാണ്. ഇത് ഒരു പരാതിയുടെ സ്വരമാണ്; ഇഷ്ടക്കേടിന്റെ സ്വരമാണ്. നിന്നില്‍നിന്ന് സ്‌നാനം സ്വീകരിച്ചവനാണ് യേശു. അതിനാല്‍ നീയാണ് വലിയവന്‍.; എന്നിട്ട് അവന്‍ നിനക്ക് ബദലായി ഇപ്പോള്‍ സ്‌നാനം നല്‍കുന്നു. അത് അവസാനിപ്പിക്കണം. ഇതാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം.
ഈ ആവലാതിക്ക് യോഹന്നാന്‍ വ്യക്തമായ മറുപടി പറഞ്ഞു. അതിന്റെ ചുരുക്കം ഇതാണ്: ഞാന്‍ ക്രിസ്തുവല്ല. അവനുമുമ്പേ അയക്കപ്പെട്ടവനാണ്. അവനെ പരിചയപ്പെടുത്താന്‍ അയക്കപ്പെട്ടവനാണ്. ഉന്നതത്തില്‍നിന്ന് വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്.
നമുക്ക് വീണ്ടും പരാതിയിലേക്ക് വരാം. എല്ലാവരും അവന്റെ അടുത്തേക്ക് പോവുകയാണ്. പരസ്യജീവിതം ആരംഭിച്ച കാലം മുതല്‍ അനേകര്‍ക്ക് പ്രത്യേകിച്ച്, അധികാരികള്‍ക്ക് അവനെപ്പറ്റി ഈ പരാതി ഉണ്ടായിരുന്നു. ആളുകള്‍ അവന്റെ അടുത്ത് പോകുന്നു. അതിന് തടയിടാന്‍ അവര്‍ പലവിധത്തില്‍ ശ്രമിച്ചിരുന്നു. പക്ഷേ കൂടുതല്‍ കൂടുതല്‍ ആളുകള്‍ അവന്റെ അടുത്തേക്ക് പോവുകയാണ് ചെയ്തത്. ഇതില്‍ അതൃപ്തി പൂണ്ടിട്ടാണ് അവര്‍ അവനെ കൊല്ലുവാന്‍ ആഗ്രഹിച്ചതും പല ഗൂഢാലോചനകള്‍ നടത്തിയതും അവസാനം അവനെ കുരിശില്‍ തറച്ച് കൊന്നതും. അവനെ കൊന്നുകഴിഞ്ഞിട്ടും അവനെപ്പറ്റിയുള്ള അവരുടെ ഭയം മാറിയില്ല. അവന്റെ ശവകുടീരത്തിന് അവര്‍ കാവല്‍ ഏര്‍പ്പെടുത്തി (മത്തായി 27:62-66).
പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ച അപ്പസ്‌തോലന്മാര്‍ യേശുവിനെപ്പറ്റി പ്രസംഗിക്കാന്‍ തുടങ്ങി. യേശുവിന്റെ നാമത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചു. ധാരാളം ആളുകള്‍ അപ്പസ്‌തോലന്മാരെ കാണാനും കേള്‍ക്കാനും അവര്‍വഴി സൗഖ്യം സ്വീകരിക്കാനും വന്നു. ശ്ലീഹന്മാരിലൂടെ ക്രിസ്തുവിന്റെ ശക്തി പ്രകടമായി. ആളുകള്‍ ക്രിസ്തുവിനെ വിശ്വസിക്കാന്‍ തുടങ്ങി. ജ്ഞാനസ്‌നാനം സ്വീകരിക്കുവാന്‍ തുടങ്ങി. അങ്ങനെ യേശുവിന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ എണ്ണത്തില്‍ കൂടുവാന്‍ തുടങ്ങി. അപ്പോഴും നേതൃത്വം യേശുവിനും അപ്പസ്‌തോലന്മാര്‍ക്കും എതിരെ തിരിഞ്ഞു.
അന്നുമുതല്‍ ഇന്നുവരെയും യേശുവിനും സഭയ്ക്കും എതിരാളികള്‍ ധാരാളം. യേശുവിനെയും സഭയെയും ഇല്ലാതാക്കാന്‍ എന്തെല്ലാം പരിശ്രമങ്ങള്‍ നടത്തി. ഇന്നും നടത്തിക്കൊണ്ടിരിക്കുന്നു. അവനെപ്പറ്റി പറയുന്നവരെയും അവനെ വിശ്വസിക്കുന്നവരെയും പീഡിപ്പിക്കുന്ന പണി ഇന്നും തുടരുന്നു. പലയിടത്തും ഗവണ്‍മെന്റുകള്‍ അവനെതിരെ പ്രവര്‍ത്തിക്കുന്നു. തീവ്രവാദ മതസംഘടനകള്‍ അവനെതിരെ പ്രവര്‍ത്തിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവരെ പീഡിപ്പിക്കുന്നു; കൊല്ലുന്നു. അവനില്‍ വിശ്വസിക്കുന്ന അനേകര്‍ കൊല്ലപ്പെടുന്നു; പീഡിപ്പിക്കപ്പെടുന്നു. സഭയുടെ ആരംഭകാലത്ത് ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിരുന്നതുപോലെ ഇന്നും കഠിനമായ പീഡനരീതികള്‍ പലരും ഉപയോഗിക്കുന്നു. കഴുത്ത് അറുത്ത് കൊല്ലുക, ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് തലയോട്ടി തുരക്കുക, കണ്ണുകള്‍ തുരക്കുക, ശരീരത്തില്‍നിന്ന് തൊലി ഉരിയുക, ഇരുമ്പ് കൂട്ടില്‍ കെട്ടി തൂക്കിയിട്ടശേഷം അടിയില്‍ തീ ഇടുക തുടങ്ങിയ ക്രൂരമായ മര്‍ദന-കൊലപാതക രീതികള്‍ ഇന്ന് പലരും ഉപയോഗിക്കുന്നു. എന്നിട്ടും ആളുകള്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുന്നില്ല.
ഇന്ന് ഒട്ടനവധി മാധ്യമങ്ങള്‍ അവന് എതിരാണ്. പല സംഘടനകളും പ്രസ്ഥാനങ്ങളും അവന് എതിരാണ്. തീവ്രവാദ സംഘടനകള്‍ അവന് എതിരാണ്. പല അധാര്‍മിക ലോബികളും അവന് എതിരാണ്. അവനും സഭയ്ക്കും എതിരെ വ്യാപക പ്രചരണങ്ങള്‍ നടക്കുന്നു. എന്നിട്ടും ആളുകള്‍ അവന്റെ അടുത്തേക്ക് പോകുന്നു. കുറച്ചുപേരൊക്കെ അവനെ ഉപേക്ഷിച്ചു പോകുന്നുണ്ട് എന്നത് ശരിയാണ്. എന്നാലും അവനില്‍നിന്ന് ജനത്തെ അകറ്റാന്‍ ആര്‍ക്കും കഴിയുന്നില്ല. കാരണം അവന്‍ ദൈവമാണ്. അവന്റെ പക്കലാണ് രക്ഷ. അവന്റെ പക്കലാണ് സൗഖ്യം. അതിനാല്‍ ആളുകള്‍ അവന്റെ അടുത്തേക്ക് പൊയ്‌ക്കൊണ്ടേയിരിക്കും.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?