Follow Us On

02

December

2020

Wednesday

കേരളത്തെ കാത്തിരിക്കുന്നത് ആശങ്കയുടെ നാളുകളോ?

കേരളത്തെ  കാത്തിരിക്കുന്നത്  ആശങ്കയുടെ  നാളുകളോ?

കേരളം ലോകജനതയ്ക്ക്  മുഴുവനും ആകര്‍ഷണീയതയുടെ  നാടാണെങ്കിലും മലയാളികള്‍ക്കുമാത്രം എന്തുകൊണ്ടോ സ്വന്തം നാട് അന്യമാകുന്നു. മലയാളമറിയാത്തവരുടെ ‘വാസസ്ഥല’മായി കേരളം മാറിക്കൊണ്ടിരിക്കുന്നു. മലയാളത്തനിമയ്ക്ക്  മങ്ങലേല്‍ക്കുന്ന കാഴ്ചകളാണെങ്ങും.

‘കാലം മോശമാണെങ്കില്‍ അതു ശരിയാക്കാനാണ് ദൈവം നിങ്ങളെ ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നത്’ എന്നൊരു മഹത്‌വചനമുണ്ട്. എന്തിനും ഏതിനും കാലത്തെ പഴിക്കുകയും പ്രതികരിക്കേണ്ടതിനോട് പ്രതികരിക്കാതെ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുകയെന്നത് ഇന്നിന്റെ ഒരു പ്രവണതയായി മാറിക്കഴിഞ്ഞിരിക്കുന്നു.
കേരളം ലോകജനതയ്ക്ക് മുഴുവനും ആകര്‍ഷണീയതയുടെ നാടാണെങ്കിലും മലയാളികള്‍ക്കുമാത്രം എന്തുകൊണ്ടോ സ്വന്തം നാട് അന്യമാകുന്നതുപോലെ! മലയാളമറിയാത്തവരുടെ ‘വാസസ്ഥല’മായി കേരളം മാറിക്കൊണ്ടിരിക്കുന്നു. എവിടെച്ചെന്നാലും ഇതര സംസ്ഥാനക്കാര്‍ പ്രവര്‍ത്തനമേഖല കയ്യടക്കിയിരിക്കുന്നു. മലയാളത്തനിമയ്ക്ക് മങ്ങലേല്‍ക്കുന്ന കാഴ്ചകളാണെങ്ങും. നമ്മുടെ സംസ്‌കാരം, കുടുംബജീവിത മാതൃക, കുടുംബബന്ധങ്ങള്‍, അയല്‍ബന്ധങ്ങള്‍, കൂട്ടായ്മ, വിഭവ വൈവിധ്യങ്ങളും രുചിസമൃദ്ധമായ ഭക്ഷണവിഭവങ്ങളും, ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകൃതി മനോഹാരിത തുടങ്ങി അനവധി നന്മകളുടെ ഈറ്റില്ലമെന്ന് അഭിമാനത്തോടെ പറയാവുന്ന നമ്മുടെ നാട് വെറും കെട്ടിടങ്ങളുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണ്.
ഭവനങ്ങളെന്നു പറയണമെങ്കില്‍ അതില്‍ മനുഷ്യവാസംകൂടി ഉണ്ടാകണമല്ലോ! കോടികള്‍ മുടക്കുള്ള വീടെന്ന് പറയുന്ന കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തി അതിഗംഭീരമായ ‘പുരവാസ്‌തോലി’യും നടത്തി വീട്ടുകാര്‍ വിദേശത്തേക്ക് പറക്കും.
വൃദ്ധമാതാപിതാക്കളോ അവരെ നോക്കാനും വീടു നോക്കാനുമായി ഒരു ഇതര സംസ്ഥാനക്കാരനും; വീടിന് കാവലാകാന്‍ ‘ഉന്നതകുല ജാതനായ’ ഒരു നായയും ഉണ്ടാകും. ആളില്ലാത്ത വീടുകള്‍കൊണ്ട് കേരളം ‘മനോഹര’മാകുന്നെന്നു സാരം. ഇതെല്ലാം കാലം മാറുന്നതിന്റെ സൂചനയാണ്. ഒരു തിരിച്ചുനടപ്പ് അനിവാര്യമായിരിക്കുന്നു.
അമ്മത്തം
ഓരോ നാടും സ്വന്തം കാലില്‍ നില്‍ക്കേണ്ടതിലേക്കുള്ള ആസൂത്രണത്തിന്റെ അനിവാര്യത നാം മറന്നു കഴിഞ്ഞുവെന്ന് തോന്നുന്നു. കേരളം ഒരു കാര്‍ഷിക സംസ്ഥാനമായിരുന്നു. കൃഷിയ്ക്കായി അത്ഭുതകരമാംവിധം പ്രകൃതിയെയും കാലാവസ്ഥയെയും ദൈവം ഒരുക്കിത്തന്നിരിക്കുന്ന സുന്ദര നാട്! കര്‍ഷകരെയും കൃഷിയെയും പുച്ഛത്തോടെ വീക്ഷിക്കുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നതിലെ അപകടം തിരിച്ചറിയണം. ഇന്നത്തെ ഉന്നതരെല്ലാം ഇന്നലെയുടെ വിയര്‍പ്പിന്റെ ‘സുഗന്ധ’മുള്ളവരാണെന്നത് അഭിമാനത്തോടെ നാമോര്‍ക്കണം. പക്ഷേ ഇന്ന് കാലം മാറിയെന്നു ഭാഷ്യം! മലയാളഭാഷയോടും സംസ്‌കാരത്തോടും ജീവിതശൈലിയോടും പുലര്‍ത്തുന്ന അവഗണനയാണോ മാറ്റം? മാതാപിതാക്കള്‍ക്ക് പണമയച്ചു കൊടുക്കാനും അഥവാ വൃദ്ധമന്ദിരത്തിലാക്കാനും മരിക്കുമ്പോള്‍ വിമാനത്തില്‍ പറന്നെത്തി ഇവന്റ് മാനേജുമെന്റിന്റെ നേതൃത്വത്തില്‍ മൃതസംസ്‌കാരം നടത്തുവാനുമുള്ള ‘ചുറ്റുപാടുകള്‍’ ഒരുക്കുന്ന മക്കളുടെ ദേശമാകുന്നതാണോ ഈ മാറ്റമെന്ന് വിവക്ഷിക്കുന്നത്. വീട്ടിലുള്ളവരെല്ലാം വിദേശത്താണെന്ന് പറയുന്നത് വലിയ അഭിമാനമായി മാറുന്നുണ്ടോ?
മലയാളം പഠിച്ചാല്‍ പെരുവഴിയാകുമെന്നുള്ള ‘മഹാപാണ്ഡിത്യം’ നമ്മുടെ തലമുറകളിലേക്കെത്തുന്നത് ദുരന്തത്തിന്റെ നാന്ദിമാത്രമാണെന്നറിയണം. ഇതര ഭാഷകളിലേക്കുള്ള പഠനവഴികളും നൈപുണ്യരേഖകള്‍ക്കായുള്ള ഓട്ടവുമാകാം. എന്നാല്‍, ലേബര്‍റൂമില്‍ പിറന്നു വീഴുന്ന കുഞ്ഞിന്റെ കരച്ചില്‍പോലും അന്യഭാഷയിലാക്കാന്‍ പാടുപെടുന്ന നാം നാടിന്റെ ‘അമ്മത്തം’ നഷ്ടമാക്കുകയാണ്. അമ്മയുടെ വാത്സല്യവും താരാട്ടും വിസ്മരിക്കുമ്പോള്‍ ബന്ധങ്ങളുടെ ഊഷ്മളത നഷ്ടമാകുന്നു. മലയാളിക്ക് പാശ്ചാത്യ ശൈലിയിലേക്കുള്ള അനുകരണഭാവം കൈവന്നിരിക്കുന്നു. വേഷത്തിലും ഭാഷയിലും ഭക്ഷണത്തിലും സര്‍വോപരി കാഴ്ചപ്പാടുകളിലും പാശ്ചാത്യരീതി കയറിപ്പറ്റിയിരിക്കുന്നു. ‘പുറത്തു’പോകാനായി മാത്രം ‘അകത്തു’ പഠനം നടത്തുന്ന നാളെയുടെ തലമുറ കേരളത്തിന്റെ പരാജയമായി മാറുമെന്നറിയണം. ഏത് വൈദേശികരെയും ഞെട്ടിക്കുന്ന തരത്തില്‍ ‘ബഗ്ലാവ്’ കെട്ടിടങ്ങള്‍ തീര്‍ക്കുകയും അതിലേക്കുള്ള വരുമാനം വിദേശത്തുനിന്നു കണ്ടെത്തുകയും ചെയ്യുന്ന ജീവിതശൈലി മാറി സ്വാശ്രയ കേരളത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കണം. നമുക്കുള്ളത് നമ്മുടെ നാട്ടിലുണ്ടെന്ന് അഭിമാനത്തോടെ പറയാനാകുമോ?
വിദ്യാഭ്യാസം
നാടിനെയറിഞ്ഞും നാട്ടാരെയറിഞ്ഞും നാട്ടിലുള്ളതിനെയറിഞ്ഞും മക്കള്‍ വളരണം. പഠനം സമ്മര്‍ദ്ദമേറുന്ന തരത്തിലേക്കെന്നതിനെക്കാള്‍ ലളിതവും ജീവിതഗന്ധിയുമാകണം. ജീവിതം പഠിപ്പിക്കുന്നതാകണം വിദ്യാഭ്യാസമെന്നു സാരം! കുട്ടികള്‍ വീട്ടില്‍ വളരേണ്ട കാലവും വിദ്യാലയത്തില്‍ വളരേണ്ട കാലവുമുണ്ട്; ഇതിന് രണ്ടിനുമിടയിലും വീടുതന്നെയാണ് വിദ്യാലയമെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനും പാടില്ല. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ കണ്ടെത്തി തദ്വാരയുള്ള സിലബസിലേക്ക് മാറി നടക്കാം!
ഐ.ക്യു കൂടിയവരും ഐ.ക്യു കുറഞ്ഞവരുമെന്ന വ്യത്യാസമില്ലാത്ത പണ്ടത്തെ പഠനമുറികള്‍ തിരിച്ചുവരണം. ഒരുപക്ഷേ അവരുടെ ജീവിതത്തില്‍ എ പ്ലസ് കുറഞ്ഞാലും ജീവിതവഴിയില്‍ ‘പ്ലസ് പോയിന്റുകള്‍’ ഉണ്ടാകുമെന്ന് തീര്‍ച്ച. ജീനിയസ് എന്നാല്‍ റാങ്ക് വാങ്ങുന്നവരെന്ന് മാത്രമുള്ള വിവക്ഷ പാടില്ല. വിവിധങ്ങളായ കഴിവുകളില്‍ മിഴിവ് പുലര്‍ത്തുന്നവര്‍ നാടിന്റെ നാനാമുഖത്ത് തിളങ്ങുന്നവരായി മാറുമെന്ന് കാലം സാക്ഷിക്കുന്നു. മണ്ടന്മാരെന്ന് പഠനമുറികള്‍ മുദ്രകുത്തിയവര്‍ ഭാവിയില്‍ നാടിന്റെ ആദരണീയ മുഖങ്ങളായി മാറിയിട്ടില്ലേ? വൈറ്റ് കോളര്‍ ജോലി സങ്കല്‍പവുമായി പഠനമുറികളെ താലോലിക്കുന്നത് ശരിയല്ല. മലയാളക്കരയുടെ മനുഷ്യത്വപൂര്‍ണമായ ചുറ്റുപാടുകളെക്കുറിച്ച് മക്കളെ ബോധവല്‍ക്കരിക്കണം. ഭാരമേറിയ പാഠപുസ്തകസഞ്ചി മാറണം; ആഴമേറിയ പഠനങ്ങള്‍കൊണ്ട് പുസ്തകങ്ങള്‍ ചെറുതാകണം. പ്രായത്തിനൊത്ത് പടിപടിയായി സിലബസുകള്‍ ക്രമീകരിക്കണം. ബന്ധങ്ങളെയും കൂട്ടുത്തരവാദിത്വങ്ങളെയുംകുറിച്ച് പഠിപ്പിക്കുന്നതോടൊപ്പം ജീവന്റെ അമൂല്യതയെക്കുറിച്ചും പഠിപ്പിക്കണം.
യാത്രകള്‍
പണ്ടൊക്കെ കുട്ടികള്‍ വീട്ടില്‍നിന്നിറങ്ങി അയലത്തെ പറമ്പിലൂടെയും തൊണ്ടുകളിലൂടെയും ഇടവഴികളിലൂടെയും നടന്ന് കൂട്ടുകാരുമൊത്ത് മാവിലെറിഞ്ഞും കശുവണ്ടി പെറുക്കിയും ചാമ്പങ്ങ പറിച്ചും കുസൃതിയും കുഞ്ഞുവര്‍ത്തമാനവും കളിയും ചിരിയുമായി സ്‌കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമെത്തിയിരുന്നു. ഈ യാത്രയില്‍ ഒട്ടനവധി പാഠങ്ങള്‍ അവര്‍ ജീവിതത്തോട് ചേര്‍ത്തുവച്ചിരുന്നു. ഇന്ന് കാലം മാറിയെന്നു ഭാഷ്യം. വീട്ടുപടിക്കലെത്തുന്ന സ്‌കൂള്‍ ബസില്‍ കയറി വിദ്യാലയമുറ്റത്തിറങ്ങുന്നു; തിരിച്ച് വീട്ടിലേക്കും ഇതുപോലെതന്നെ. ഇതിനിടയില്‍ സംഭവിച്ചതും സംഭവിക്കുന്നതും ഒന്നും മക്കളറിയുന്നില്ല; പരിസരബോധമോ സൗഹൃദമോ വളരുന്നില്ല; പരിസ്ഥിതിയും പരിതസ്ഥിതിയും മനസിലാക്കുന്നുമില്ല. ഒന്നുമറിയാതെ വളരുന്നവര്‍ക്ക് ഒരു പ്രതിസന്ധിയും നേരിടാന്‍ കരുത്തുണ്ടാവില്ല.
കൃഷിയോടനുബന്ധമായ പാഠങ്ങള്‍ താഴ്ന്ന ക്ലാസുകള്‍ മുതലുണ്ടാകണം. ദൈവത്തിന്റെ അത്ഭുത കരവേല ദൃശ്യമാകുന്ന വിളകളുടെ വിജയത്തിലൊളിഞ്ഞിരിക്കുന്ന വിജ്ഞാനം പുതിയ തലമുറയ്ക്ക് വെളിച്ചം പകരണം. കൃഷി മോശമല്ലെന്ന് പഠിപ്പിക്കുന്നതിനൊപ്പം കൃഷിവഴി ജീവിതവിജയമൊരുക്കുന്നതിനുള്ള പ്രായോഗിക പാഠങ്ങളും സ്‌കൂളുകളില്‍ ഒരുക്കണം. സ്വന്തം നാട്ടിലാണ് നിലനില്‍പ്പെന്ന് നാളെയുടെ തലമുറയെ പഠിപ്പിക്കണം. നാട് വളരണമെങ്കില്‍ നാട്ടിലെ മനുഷ്യരും നാട്ടുരീതികളും ഇവിടെ പച്ചപിടിച്ചു നില്‍ക്കണമെന്ന് പഠനമുറികളില്‍നിന്ന് അവര്‍ പഠിക്കണം.
ശാസ്ത്രം
ശാസ്ത്രപുരോഗതി മക്കളുടെ വിശാലമനസിന് വിഘാതമാകരുത്. മൊബൈലും ഇന്റര്‍നെറ്റുംവഴി സ്വകാര്യതയും സ്വാര്‍ത്ഥതയും വളര്‍ത്താതെ സാമൂഹ്യബന്ധങ്ങളുടെ വിശാലതയിലേക്ക് വളരാന്‍ പ്രേരിപ്പിക്കണം. വിവേകത്തോടെ ശാസ്ത്രവളര്‍ച്ചയെ ഉപയോഗിക്കാന്‍ പഠിപ്പിക്കണം. സുഹൃദ്ബന്ധങ്ങളും അയല്‍ബന്ധങ്ങളും കുടുംബത്തോടുള്ള പ്രതിബദ്ധതയും തകരാതെയുള്ള ശാസ്ത്രം മതിയെന്ന് തീരുമാനിക്കാനുള്ള ഇച്ഛാശക്തി മക്കളില്‍ വളര്‍ത്തണം. മൊബൈലിനും ഇന്റര്‍നെറ്റിനും മുന്നില്‍ ജീവിതം ഹോമിക്കാതിരിക്കാനായി ഇതിന്റെ ഉപയോഗത്തിന് പ്രായപരിധിയും ആവശ്യകതയും നിര്‍ബന്ധമാക്കണം. ശാസ്ത്രത്തിന് മുന്നില്‍ ആത്യന്തികമായി മനുഷ്യന്‍ത്തന്നെയാകണം ജയിക്കേണ്ടതെന്ന് മക്കളെ പഠിപ്പിക്കണം. ശാസ്ത്രം മനുഷ്യന്റെ നിലനില്‍പ്പിന് ശക്തി പകരുന്നതാകണം.
കേരളത്തിന്റെ പൗരാണികതയും പൈതൃകമായ കുടുംബബന്ധങ്ങളുടെ ആകര്‍ഷണീയതയും പരിരക്ഷിച്ചേ തീരൂ! പഠനവും തൊഴില്‍സംരംഭങ്ങളും കേരളത്തിനായി ആസൂത്രണം ചെയ്‌തേ മതിയാകൂ. മലയാളത്തനിമയില്‍ പ്രശോഭിതമാകുന്ന തലമുറയെ വളര്‍ത്തണം. മലയാളത്തോട് ചേര്‍ത്ത് തൊഴിലും തൊഴിലേതര സംസ്‌കാരവും വളര്‍ത്തിയെടുക്കണം. വിദേശത്ത് തൊഴില്‍ എന്ന സങ്കല്‍പം വിദ്യാര്‍ത്ഥികളില്‍നിന്നകറ്റണം. പഠനം ഇവിടെ, തൊഴില്‍ വിദേശത്ത് എന്നത് മാറണം. നമ്മുടെ മക്കള്‍ നമ്മുടെ നാടിനെ പ്രണയിച്ചെങ്കില്‍ മാത്രമേ കേരളം വളരൂ! കേരളം മൂല്യങ്ങളുടെ കലവറയായിരുന്നെങ്കില്‍ ഇന്നത് മൂല്യത്തകര്‍ച്ചയിലേക്കെത്തുന്നു. സൂക്ഷിക്കണം, നാം ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മലയാളത്തെ ഉണര്‍ത്തിയെടുക്കണം; വിദ്യാലയങ്ങള്‍ മലയാളത്തനിമ വീണ്ടെടുക്കണം. കേരളത്തിന്റെ ജീവിതശൈലി ലോകത്തിനാകമാനം മാതൃകയായിരുന്നു; അത് വീണ്ടെടുക്കണം. നാട്ടില്‍ തൊഴിലില്ലെന്ന വാദം ശരിയല്ലെന്ന് മക്കളെ ബോധ്യപ്പെടുത്തണം. വിദേശത്ത് ജോലി ചെയ്യുന്നതിലെ പകുതി കൃത്യനിഷ്ഠയും ആത്മാര്‍ത്ഥതയും അധ്വാനവും പ്രതിബദ്ധതയുമൊക്കെ നാട്ടില്‍ ഉപയോഗപ്പെടുത്തിയാല്‍ എത്ര വലിയ മാറ്റമായിരിക്കും അത് സൃഷ്ടിക്കുക.

റ്റോം ജോസ് തഴുവംകുന്ന്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?