Follow Us On

02

December

2020

Wednesday

രാജകുടുംബത്തില്‍ നിന്നൊരു പുണ്യാത്മാവ്‌

രാജകുടുംബത്തില്‍  നിന്നൊരു  പുണ്യാത്മാവ്‌

ഇംഗ്ലണ്ടിലെ ഹാരി രാജകുമാരന്‍ രാജപദവി ഉപേക്ഷിച്ച വാര്‍ത്തകള്‍ ലോകമെങ്ങും അതിശയത്തോടെയാണ് കേട്ടത്. എന്നാല്‍, അതിനും എത്രയോ മുമ്പേ, ദൈവത്തിനും ദൈവരാജ്യത്തിനും വേണ്ടി സര്‍വ്വ സമ്പത്തും ഉപേക്ഷിച്ച വ്യക്തിയാണ് ഫാ. ഇഗ്നേഷ്യസ് സ്‌പെന്‍സര്‍. അദ്ദേഹം വില്യം ഹാരി രാജകുമാരന്മാരുടെ ബന്ധുവാണ്. ഫാ. സ്‌പെന്‍സര്‍ എല്ലാം വലിച്ചെറിഞ്ഞത് ദൈവത്തിനും ദൈവജനത്തിനുംവേണ്ടിയായിരുന്നു. ഫാ. സ്‌പെന്‍സറെ വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ക്കുവാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു. ഡയാനാ രാജകുമാരിയുടെ കുടുംബത്തില്‍പ്പെട്ട വ്യക്തിയായിരുന്നു ഈ വൈദികന്‍.
1799-ലായിരുന്നു ഇംഗ്ലണ്ടിലെ സ്‌പെന്‍സര്‍ പ്രഭുവിന്റെ ഏറ്റവും ഇളയ കുഞ്ഞായി ജോര്‍ജ് സ്‌പെന്‍സര്‍ ഭൂജാതനായത്. ഡയാനാ രാജകുമാരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന അള്‍ത്ത്രോപ് എന്ന സ്ഥലത്തായിരുന്നു ചെറുപ്പകാലം ചെലവഴിച്ചത്. തുടര്‍ന്ന് അവിടുത്തെ ആംഗ്ലിക്കന്‍ സഭയില്‍ ചേര്‍ന്ന് അദ്ദേഹം വൈദികനായി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്‍സണ്‍ ചര്‍ച്ചിലിന്റെ മുന്‍ഗാമികളായ സ്‌പെന്‍സര്‍ വംശത്തിലായിരുന്നു ഫാ. സ്‌പെന്‍സര്‍ ജനിച്ചത്. ഇംഗ്ലണ്ടിലെ ഏറ്റവും സമ്പന്നമായ അഞ്ചുകുടുംബങ്ങളിലൊന്നായിരുന്നു സ്‌പെന്‍സര്‍ ഫാമിലി.
കേംബ്രിഡ്ജിലും ഇറ്റോണിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം തന്റെ സര്‍വ്വ സമ്പത്തും പദവിയും ഉപേക്ഷിച്ച് കത്തോലിക്ക സഭയില്‍ ചേരുകയായിരുന്നു. കത്തോലിക്ക സഭയില്‍ ചേര്‍ന്ന അദ്ദേഹം റോമിലെ സെന്റ് ഗ്രിഗറി ദൈവാലയത്തില്‍ വച്ചാണ് വൈദികപട്ടം സ്വീകരിച്ചത്. അവിടെവച്ചായിരുന്നു വിശുദ്ധ അഗസ്റ്റിന്‍ ഓഫ് കാന്റര്‍ബറിയെ ഇംഗ്ലണ്ടിനെ മാനസാന്തരപ്പെടുത്തുവാനായി പോപ് സെന്റ് ഗ്രീഗറി അയച്ചത്. അതേ ദൈവാലയത്തില്‍വച്ച് കൈവയ്പ് പ്രാര്‍ത്ഥനയിലൂടെ വൈദികനായ ഫാ. സ്‌പെന്‍സര്‍ ഇംഗ്ലണ്ടിന്റെ പുനഃസുവിശേഷവത്ക്കരണത്തിന് മുഖ്യപങ്ക് വഹിച്ചുവെന്നത് ദൈവനിയോഗമാകാം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇംഗ്ലണ്ടിലെ സഭയുടെ സെക്കന്‍ഡ് സ്പ്രിംഗ് അഥവാ രണ്ടാം വസന്തം എന്ന് വിശേഷപ്പിക്കപ്പെടുന്നു.
പ്രഭുകുടുംബാംഗമായിരുന്നെങ്കിലും അദ്ദേഹം സാധാരണക്കാരുടെ പക്ഷത്തായിരുന്നു. കത്തോലിക്കസഭയും ആംഗ്ലിക്കന്‍ സഭയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം മുഖ്യപങ്കുവഹിച്ചുവെന്നതാണ് സത്യം. 2007 മുതല്‍ വത്തിക്കാന്‍ അദ്ദേഹത്തിന്റെ രചനകള്‍ വിശകലനം ചെയ്തുവരികയായിരുന്നു. അതിലൊന്നുംതന്നെ കത്തോലിക്കസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ പുനഃസുവിശേഷവത്ക്കരണത്തില്‍ അദ്ദേഹത്തിന് വാഴ്ത്തപ്പെട്ട ഡൊമിനിക് ബാര്‍ബേരിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനുള്ള അവസരം കിട്ടി. അദ്ദേഹമായിരുന്നു വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാനെ കത്തോലിക്കസഭയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്
ഫാ. ഇഗ്നേഷ്യസ് സ്‌പെന്‍സര്‍ അന്ന് ആംഗ്ലിക്കന്‍ വൈദികനായിരുന്ന ന്യൂമാനെ സമീപിച്ചെങ്കിലും അദ്ദേഹത്തിന്റെ സമീപനം പ്രോത്സാഹനജനകമായിരുന്നില്ല. വളരെ തീക്ഷ്ണമതിയും ഉപവിപ്രവര്‍ത്തകനുമായിരുന്ന ഫാ. ഇഗ്നേഷ്യസിനോട് പരുക്കനായി പെരുമാറിയതില്‍ പിന്നീട് ഫാ. ന്യൂമാന്‍ ക്ഷമ ചോദിച്ചിരുന്നു.
ആംഗ്ലിക്കന്‍ സഭയില്‍നിന്നും കത്തോലിക്കസഭയിലേക്ക് ചേക്കേറിയ അദ്ദേഹം പാഷനിസ്റ്റ് സന്യാസ സഭയിലെ അംഗമായി. അതാകട്ടെ, ദാരിദ്ര്യം അതിന്റെ പൂര്‍ണതിയില്‍ അനുസരിച്ചിരുന്ന സഭയുമായിരുന്നു. അദ്ദേഹം സമൂഹത്തിലെ ഏറ്റവും ദരിദ്രരും ക്ഷാമകാലത്ത് കുടിയേറിയവരുമായ പാവപ്പെട്ടവരുടെ ഉന്നമനത്തിനായിട്ടാണ് ഏറെ പ്രവര്‍ത്തിച്ചത്. ദരിദ്രരുടെ ഇടയിലെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ക്ഷയം പിടിപ്പെട്ടുവെങ്കിലും അദ്ദേഹം 1864-ല്‍ മരിച്ചത് ഹൃദയാഘാതം മൂലമായിരുന്നു.
കത്തോലിക്കസഭയും ആംഗ്ലിക്കന്‍ സഭയുമായുള്ള ഐക്യമായിരുന്നു അദ്ദേഹം സ്വപ്‌നം കണ്ടിരുന്നത്. ക്രൈസ്തവ ഐക്യത്തിനായി ഒരു സംഘടന സ്ഥാപിച്ചു. അറിയപ്പെടുന്ന പ്രസംഗികനായിരുന്ന അദ്ദേഹം ഇംഗ്ലണ്ടിലും അയര്‍ലണ്ടിലും സ്‌കോട്ട്‌ലാന്‍ഡിലും പ്രാസംഗിച്ചുകൊണ്ട് നോര്‍ത്ത് യുറോപ്പിലെ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന വിശേഷണം നേടിയെടുത്തു. വിശ്വാസത്തിന്റെ കാര്യത്തില്‍ അതീവ തീക്ഷണമതിയായിരുന്നു. ക്രിക്കറ്റിനെയും ഫുട്‌ബോളിനെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ജോലിക്കാര്‍ക്കിടയിലും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കിടയിലും അദ്ദേഹം നിരന്തരം ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കുമായിരുന്നു. സമകാലികരായിരുന്ന വാഴ്ത്തപ്പെട്ട ഡോമിനിക്കിന്റെയും മാഞ്ചസ്റ്ററിന്റെ മദര്‍ തെരേസ എന്ന് വിളിക്കപ്പെടുന്ന എലിസബത്ത് പ്രൗട്ടിന്റെയും ശവകൂടീരങ്ങള്‍ക്കടുത്താണ് അദ്ദേഹത്തിന്റെ കബറിടവും. മദര്‍ എലിസബത്ത് ആണ് പാഷനിസ്റ്റ് സിസ്‌റ്റേഴസിന്റെ സഭ സ്ഥാപിച്ചത്. മദര്‍ എലിസബത്ത് സമൂഹത്തിലെ ദരിദ്രര്‍ക്കായി അനേകം സ്‌കൂളുകളും സ്ഥാപിച്ചിരുന്നു.
ഫാ. ഇഗ്നേഷ്യസിനെപ്പോലെ മദര്‍ എലിസബത്തും നാമകരണ പാതയിലാണ്. ഇപ്പോള്‍ രണ്ടുപേരും ധന്യരാണ്. ഇപ്പോള്‍ത്തന്നെ ഇവരെ അടക്കം ചെയ്തിരിക്കുന്ന ദൈവാലയം അറിയപ്പെടുന്നത് മൂന്നുവിശുദ്ധന്മാരുടെ തീര്‍ത്ഥാടനകേന്ദ്രം എന്നാണ്. ആ പ്രവചനം സാക്ഷാത്ക്കരിക്കുന്നമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.

ജോര്‍ജ് കൊമ്മറ്റം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?