വിശുദ്ധ മദര്‍ തെരേസയെക്കുറിച്ച് മാര്‍ത്തോമ്മാ സഭയിലെ ഫിലിപ്പോസ് മാര്‍ ക്രിസോസ്തം വലിയ മെത്രാപ്പോലീത്ത പറഞ്ഞ ചില കാര്യങ്ങള്‍ കുറിക്കട്ടെ.
”ഞാന്‍ എന്റെ അമ്മയെപ്പോലെയാണ് മദറിനെ എന്നും കരുതിയിട്ടുള്ളത്. മദര്‍ ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ ഇടയ്ക്കിടെ കൊല്‍ക്കത്തയ്ക്കുപോയി അവരെ കാണുമായിരുന്നു. എന്റെ ആരോഗ്യത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും എല്ലാം മദര്‍ താല്‍പര്യത്തോടെ ചോദിച്ച് മനസിലാക്കിയിരുന്നത് എനിക്ക് മറക്കാനാവില്ല. ഒരിക്കല്‍ കുറച്ച് ആളുകള്‍ പൊതു ശ്മശാനത്തിലൂടെ ഒരു സ്ത്രീയെ ചുമന്നുകൊണ്ടുപോകുകയാണ്. മരിച്ചെന്നു കരുതി അവര്‍ കൊണ്ടുപോയ സ്ത്രീയില്‍ ചെറിയൊരു ജീവന്‍ അവശേഷിച്ചിരുന്നു. ചിതയിലെ ചൂട് തട്ടി തുടങ്ങിയപ്പോള്‍ ഈ സ്ത്രീയൊന്നനങ്ങി. കൊണ്ടുവന്നവര്‍ പേടിച്ച് ഓടിപ്പോയി. വിവരം അറിഞ്ഞ മദര്‍ ഈ സ്ത്രീ കിടന്ന സ്ഥലത്ത് ഓടിയെത്തി. അവരെ താങ്ങിയെടുത്ത് മദറിന്റെ മന്ദിരത്തിലേക്ക് കൊണ്ടുപോയി. മൂന്ന് നാല് ദിവസങ്ങള്‍കൊണ്ട് അവരുടെ നില അല്‍പ്പമൊന്നു മെച്ചപ്പെട്ടു. കണ്ണ് തുറന്നു. ശരീരം ചലിച്ചുതുടങ്ങി. അവരുടെ വായിലേക്ക് മദര്‍ അല്‍പ്പം ചൂടുപാല്‍ ഒഴിച്ചുകൊടുത്തു. അവര്‍ മദറിന്റെ മുഖത്തേക്കുനോക്കി. കൃതജ്ഞതാ നിര്‍ഭരമായി ചിരിച്ചു. ഏതാനും സമയത്തിനുള്ളില്‍ അവര്‍ കണ്ണുകളടച്ച് ശാന്തമായി മരിക്കുകയും ചെയ്തു.
ഈ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞതിങ്ങനെയായിരുന്നു. ”ഞാന്‍ അധികമൊന്നും ചെയ്തില്ല. ഐ ഹെല്‍പ്ഡ് ദാറ്റ് ലേഡി ടു സ്‌മൈല്‍ ബിഫോര്‍ ഷി ഡൈ.”
ക്രിസോസ്തം മെത്രാപ്പോലീത്ത കുറിക്കുന്നു. ”ഈ മദറിന്റെ ഈ വാചകം എന്നെ വളരെയധികം സ്വാധീനിച്ചു. മരണത്തിനുമുമ്പ് ഒരാളെ പുഞ്ചിരിക്കുവാന്‍ സഹായിക്കുക എന്നതാണ് ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റവും മഹത്തായ ശുശ്രൂഷ. ”
നമ്മുടെ ജീവിതവും പ്രവൃത്തികളും കണ്ട് ലോകം എന്നും സന്തോഷിക്കട്ടെ. നമ്മുടെ ഭാവി ലക്ഷ്യങ്ങള്‍, അവയുടെ സാധ്യതകള്‍, നമ്മുടെ കണക്കുകൂട്ടലുകള്‍ ഇവയ്‌ക്കെല്ലാമാണ് നാമെന്നും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ദൈവഹിതം അതല്ലെന്ന് മദര്‍ തന്റെ ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ചു. അതാണ് ദൈവം അവരെ ഉയര്‍ത്തിയത്. ദൈവഹിതം മനസിലാക്കി മുന്നോട്ട് പോകുക എന്നതാണ് ആത്മീയ ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനമായ കാര്യം. അപ്പോള്‍ ഏതു പ്രതിസന്ധികളും നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതായിത്തീരുന്നതായി നമുക്ക് കാണാം.
ജയ്‌മോന്‍ കുമരകം
Leave a Comment
Your email address will not be published. Required fields are marked with *