Follow Us On

17

February

2020

Monday

പാപ്പ കൈ തട്ടിമാറ്റിയ വനിത വീണ്ടും വത്തിക്കാനിൽ; ഇത്തവണ പാപ്പയുടെ വിശേഷാൽ അതിഥി!

പാപ്പ കൈ തട്ടിമാറ്റിയ വനിത വീണ്ടും വത്തിക്കാനിൽ; ഇത്തവണ പാപ്പയുടെ വിശേഷാൽ അതിഥി!

വത്തിക്കാൻ സിറ്റി: തന്നെ പിടിച്ചുവലിച്ച ഒരു വനിതയുടെ കൈ തട്ടിമാറ്റി നടന്നുപോകുന്ന ഫ്രാൻസിസ് പാപ്പയുടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെങ്കിലും, ദിനങ്ങൾക്കകം അതേ വനിത ഫ്രാൻസിസ് പാപ്പയുടെ അതിഥിയായെത്തിയ വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾപോലും അറിയാൻ ആഴ്ചകൾ എടുത്തു എന്നതാണ് അത്ഭുതം! എന്തായാലും ‘പൊന്തിഫിക്കൽ സീക്രട്ട്’പോലെ സൂക്ഷിച്ച സംഭവം ഇക്കഴിഞ്ഞ ദിവസം പുറംലോകം അറിഞ്ഞു. അന്ന് തട്ടിമാറ്റിയ കൈയിൽ പിടിച്ച് പാപ്പ അവരോട് കുശലം പറയുന്ന ചിത്രം തരംഗമാകുകയാണിപ്പോൾ.

ഡിസംബർ 31ന് ക്രിസ്തുമസ് പുൽക്കൂടിനു സമീപത്തേക്ക് പാപ്പ പോകുമ്പോഴായിരുന്നു ലോകത്തെ അമ്പരപ്പിച്ച സംഭവം. യുവതിയുടെ അടുത്തെത്തുംമുമ്പ് നടപ്പിന്റെ ദിശമാറ്റിയ പാപ്പയുടെ വലതു കൈയിൽ ബലമായി പിടിച്ച് തന്റെ സമീപത്തേക്ക് വലിക്കുകയായിരുന്നു അവർ. വിടാൻ പറഞ്ഞിട്ടും പിടിവിടാതിരുന്ന സ്ത്രീയുടെ കൈ തട്ടിമാറ്റി പാപ്പ മുന്നോട്ടു നടന്നു. വ്യാപക വിമർശനമാണ് പാപ്പയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ടത്. അപ്രതീക്ഷിതമായ സംഭവത്തിൽ പിറ്റേന്നുതന്നെ പാപ്പ പരസ്യമായി മാപ്പു പറഞ്ഞെങ്കിലും, കൈ തട്ടിമാറ്റിയ വാർത്തയ്ക്ക് ലഭിച്ച പ്രാധ്യാനം മാപ്പ് പറയലിന് ലഭിച്ചില്ല.

ചില സമയത്ത് നമുക്ക് നിയന്ത്രണം നഷ്ടപ്പെടാറുണ്ടെന്നും തനിക്കും അങ്ങനെ തന്നെയാണെന്നും പറഞ്ഞുകൊണ്ടാണ് തന്റെ മോശം പ്രവർത്തിക്ക് പാപ്പ മാപ്പ് പറഞ്ഞത്. പാപ്പയെ ഇഷ്ടപ്പെടുന്നവരും പാപ്പയെ വിമർശിക്കുന്നവരും അതോടെ സംഭവം ഉപേക്ഷിച്ചെങ്കിലും പാപ്പ മറന്നില്ല എന്നതാണ് പുതിയ ചിത്രം പുറത്തുവന്നതോടെ വ്യക്തമാകുന്നത്.

ജനുവരി എട്ടിന്, അനിഷ്ടസംഭവം ഒരാഴ്ച പിന്നിടുമ്പോഴായിരുന്നു വത്തിക്കാനിൽവെച്ച് ആ സ്ത്രീയെ പാപ്പ വീണ്ടും കണ്ടത്. താൻ കൈകൾ തട്ടി മാറ്റിയ സ്ത്രീയെ നേരിൽ കണ്ടതിലൂടെ പാപ്പ ലോകത്തിന് പകരുന്നത് ക്ഷമാപണത്തിന്റെ ഉദാത്തമാതൃകയാണ്. പോൾ ആറാമൻ ഹാളിൽ ബുധനാഴ്ച തോറും പാപ്പ നടത്താറുള്ള പൊതു പ്രഭാഷണ പരമ്പരയ്ക്കു ശേഷമായിരിന്നു ക്ഷമയുടെയും സ്‌നേഹത്തിന്റെയും സന്ദേശം പ്രഘോഷിക്കുന്ന ആ കൂടിക്കാഴ്ച.

അവരെ പാപ്പ ക്ഷണിച്ചതാണോ എന്ന വിവരമൊന്നും പുറത്തുവന്നിട്ടില്ല. പൊതുപ്രഭാഷണത്തിനുശേഷം ഏതാനും ചില തീർത്ഥാടകരുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി ‘ബാസിയാമാനോ’ എന്ന പേരിൽ മാറ്റിവെച്ചിട്ടുള്ള സമയത്തായിരുന്നു പ്രസ്തുത കൂടിക്കാഴ്ച. അതുകൊണ്ടുതന്നെ വത്തിക്കാന്റെ വിശേഷാൽ അതിഥിയായിതന്നെ അവരെ പരിഗണിക്കാമെന്നാണ് മാധ്യമങ്ങളുടെ നിരീക്ഷണം.

പാപ്പയും സ്ത്രീയും തമ്മിലുള്ള സംഭാഷണം വിവർത്തനം ചെയ്യാൻ ഒരു പരിഭാഷകനും സ്ഥലത്തുണ്ടായിരുന്നു. പ്രസ്തുത കൂടികാഴ്ച്ചയക്കുമുമ്പ് വിശുദ്ധ പൗലോസിനെക്കുറിച്ചും ദൈവസ്‌നേഹത്തെക്കുറിച്ചുമാണ് ഫ്രാൻസിസ് പാപ്പ പ്രസംഗിച്ചത്. പരാജയത്തിൽനിന്നുവരെ ക്രിസ്തുവിന് നന്മ സൃഷ്ടിക്കാൻ സാധിക്കുമെന്നും പാപ്പ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?