Follow Us On

04

June

2023

Sunday

വടികുത്തിപ്പിടിച്ച് സുവിശേഷം…

വടികുത്തിപ്പിടിച്ച് സുവിശേഷം…

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് കേവലം 95,843 ജനങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആഫ്രിക്കന്‍ റിപ്പബ്ലിക്കായ സീഷെല്‍സിലുള്ളത്. ലോകമെങ്ങും ഓടിനടന്ന് വചനം പ്രഘോഷിക്കുന്ന ഫാ. ജെയിംസ് മഞ്ഞാക്കല്‍ എം.എസ്.എഫ്.എസ് വീല്‍ചെയറില്‍ ഇരുന്നും വടികുത്തിയും ഇക്കഴിഞ്ഞ ഡിസംബര്‍ 30-ാം തീയതി മുതല്‍ ജനുവരി 16 വരെ അവിടെയുള്ള എല്ലാ കത്തോലിക്കരോടും സുവിശേഷപ്രഘോഷണം നടത്തി. 115 ഓളം ദ്വീപുകളുള്ള സീഷെല്ലില്‍ മാഹി, പ്രാസിലിന്‍, ലാ ഡിഗു എന്നീ മൂന്ന് ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. ഇവിടുത്തെ ജനസംഖ്യയില്‍ 76 ശതമാനവും കത്തോലിക്കരാണ്. ബാക്കിയുള്ളവര്‍ പ്രൊട്ടസ്റ്റന്റു സഭയില്‍പെട്ടവരും ഹൈന്ദവരും മുസ്ലീങ്ങളുമൊക്കെയാണ്.
കേരളത്തിലേതുപോലെ ചൂടും മഴയും മാറിമാറിയുള്ള ഉഷ്ണമേഖലയായതുകൊണ്ട് കപ്പയും ചക്കയും മാങ്ങയും കടച്ചക്കയും കപ്പളങ്ങയും വാഴപ്പഴവും സുലഭമാണ്. എങ്ങും പച്ചനിറഞ്ഞുനില്‍ക്കുന്ന ഇവിടുത്തെ എല്ലാ ദ്വീപുകളും പ്രകൃതിരമണീയമാണെന്ന് പറയാം. ഈ ദ്വീപുകളിലൂടെ യാത്രചെയ്യുമ്പോള്‍ ചപ്പോ ചവറോ ഒരു ചെറിയ കടലാസ് കഷണം പോലുമോ റോഡുകളിലോ നിരത്തുകളിലോ കാണാനിടയാവില്ലെന്ന് ഫാ. ജയിംസ് പറയുന്നു.
പൊടിപടലങ്ങള്‍ പോലും നീക്കി ദ്വീപുകളെ പവിത്രമായി സൂക്ഷിക്കുവാന്‍ ഗവണ്മെന്റും ജനങ്ങളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ലോകമെമ്പാടുനിന്നും ഏറെ ടൂറിസ്റ്റുകള്‍ അനുദിനം ഇവിടെ വന്നുകൊണ്ടിരിക്കുന്നു. മുന്‍കൂട്ടി വിസ കൂടാതെ പോകാവുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് സീഷെല്‍സ്.
കേരളം ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്നു പറയുന്നതുപോലെ പ്രകൃതിസുന്ദരമായ സീഷെല്‍സ് ‘ഭൂമിയിലെ പറുദീസ’ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ മാതൃഭാഷ Creole ആണെങ്കിലും ഇംഗ്ലീഷ് ഭാഷ നല്ലതുപോലെ സംസാരിക്കുന്നവരാണ് അവിടെയുള്ളവര്‍. ഹൃദയത്തില്‍ ഏറെ ശാന്തതയും സ്നേഹവുമുള്ളവരാണ് ജനങ്ങള്‍. സുവിശേഷവിത്തുകള്‍ പാകുവാനും വളര്‍ത്തുവാനും പാകമായ ഹൃദയവയലുകളാണ് അവരില്‍ അച്ചന്‍ ദര്‍ശിച്ചത്. ഡിസംബര്‍ 30-ാം തീയതി ജര്‍മ്മനിയില്‍നിന്നും സീഷെല്‍സില്‍ എത്തിയ അച്ചനെയും ടീമിനെയും രാജ്യത്തിന്റെ പ്രസിഡന്റ് Danny Faure യും രൂപതാദ്ധ്യക്ഷനായ മോണ്‍. Denis Wiehe യും കൂടി രാജ്യഭവനില്‍ സ്വീകരിച്ച് സംഭാഷണം നടത്തി. പിറ്റേന്ന് മുതല്‍ ജെയിംസച്ചന്‍ ദ്വീപുകളിലെ വിവിധ ദൈവാലയങ്ങളിലും ഹാളുകളിലും സുവിശേഷപ്രസംഗങ്ങള്‍, ധ്യാനങ്ങള്‍, സൗഖ്യപ്രാര്‍ത്ഥനകള്‍, വിടുതല്‍ പ്രാര്‍ത്ഥനകള്‍ തുടങ്ങിയവ നടത്തി. അവിടെയുള്ള എല്ലാവരെയും യേശുവിലും തിരുസഭയിലുമുള്ള വിശ്വാസത്തില്‍ ആഴപ്പെടുത്താനും നവീകരണത്തിന്റെ ഒരു കോളിളക്കം സൃഷ്ടിക്കാനും അച്ചന് കഴിഞ്ഞു.
ഏഴു വര്‍ഷം മുമ്പ് ഗില്ലന്‍ബാരിസിന്‍ഡ്രം എന്ന രോഗം ബാധിച്ച് കോമായിലും ശരീരത്തിന്റെ പൂര്‍ണ തളര്‍ച്ചയിലുമായി മരണത്തിന്റെ നിമിഷങ്ങള്‍ കാത്തിരുന്ന മഞ്ഞാക്കലച്ചന്‍ ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തികൊണ്ട് ഇന്ന് ലോകസുവിശേഷപ്രഘോഷണ യജ്ഞത്തില്‍ വ്യാപൃതനാണ്.

ജയ്‌മോന്‍ കുമരകം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?