Follow Us On

22

October

2020

Thursday

തിന്മ ചെയ്യാനും നിയമമോ?

തിന്മ ചെയ്യാനും  നിയമമോ?

വധശിക്ഷ നിര്‍ത്തലാക്കണമെന്ന ആവശ്യം ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും ശക്തമായി ഉയരുകയാണ്. ഭൂരിഭാഗം രാജ്യങ്ങളിലും വധശിക്ഷ നിര്‍ത്തലാക്കിക്കഴിഞ്ഞിരിക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെടുന്നത് കൊടുംകുറ്റവാളികളായിരിക്കും. അസാധാരണമായ കുറ്റകൃത്യങ്ങളായിരിക്കും അവരുടെ പേരില്‍ ഉണ്ടാകുക. എന്നിട്ടും അവരുടെ ജീവന്‍ എടുക്കാന്‍ പാടില്ലെന്നാണ് ലോകത്തിന്റെ നിലപാട്. അതേസമയം ഒരു കുറ്റവും ചെയ്യാത്ത നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ ജീവനെടുക്കാന്‍ അനുവദിക്കുന്ന നിയമങ്ങള്‍ മറ്റൊരു ഭാഗത്ത് ഉണ്ടാകുകയും ചെയ്യുന്നു. അത് അവതരിപ്പിക്കപ്പെടുന്നത് വളരെ ആകര്‍ഷണീയത നിറഞ്ഞ രീതികളിലാണെന്നുമാത്രം. സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയുമൊക്കെ പരിവേഷം നല്‍കുന്നു. ഗര്‍ഭഛിദ്രം നടത്താനുള്ള സമയപരിധി 20 ആഴ്ചയില്‍നിന്ന് 24 ആഴ്ചയായി ഉയര്‍ത്താനുള്ള നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത് സമീപ ദിവസമാണ്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ ബില്‍ അവതരിപ്പിക്കും. 1971-ലാണ് ഇന്ത്യയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയത്. പുരോഗമനപരമെന്നാണ് ഈ നിയമപരിഷ്‌ക്കരണത്തെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വിശേഷിപ്പിച്ചത്. ഇപ്പോള്‍ 20 ആഴ്ചകള്‍ക്കുശേഷം അനേകര്‍ അനാരോഗ്യകരമായ ചുറ്റുപാടില്‍ ഗര്‍ഭഛിദ്രം നടത്തുകയും അപകടം സംഭവിക്കുകയും ചെയ്യുന്നുണ്ട്. അത് ഒഴിവാക്കുന്നതിനാണ് നിയമഭേദഗതി എന്നാണ് മന്ത്രിയുടെ വിശദീകരണം. ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ടെന്നും അത്തരം അവസരങ്ങളില്‍ സുരക്ഷിതമായി ഗര്‍ഭഛിദ്രം നടത്താന്‍ അവസരം ഒരുക്കുന്നതിനാണ് നിയമ ഭേദഗതി എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സ്ത്രീകളുടെ ആരോഗ്യകാര്യത്തിലുള്ള താല്പര്യംകൊണ്ടാണ് ഗര്‍ഭഛിദ്രത്തിന് ഒരു മാസംകൂടി നല്‍കാന്‍ തീരുമാനിച്ചതെന്ന വിശദീകരണം യുക്തിക്ക് നിരക്കുന്നതല്ല. സ്ത്രീകളുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടുന്നവര്‍ ഒരു ജീവനെടുക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. ഇത്തരം ആത്മാര്‍ത്ഥതയെ എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുന്നത്? ഗര്‍ഭസ്ഥശിശുവിന് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അഞ്ച് മാസത്തിനുശേഷം മനസിലായാല്‍ ഇപ്പോഴത്തെ നിയമമനുസരിച്ച് ഗര്‍ഭഛിദ്രത്തിന് അനുവാദം ലഭിക്കില്ല. അതുകൊണ്ടാണ് ഒരു മാസംകൂടി ദൈര്‍ഘിപ്പിക്കുന്നതെന്നും മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞിരുന്നു. വൈകല്യങ്ങള്‍ ഉള്ളവരെ വധിക്കണമെന്നാണോ അപ്പോള്‍ ഉദ്ദേശിക്കുന്നത്? ശാരീരിക വൈകല്യങ്ങളുടെ പേരില്‍ അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞിന്റെ ജീവനെടുക്കുന്നത് കൊലപാതകംതന്നെയാണ്. കിടപ്പാടം വിറ്റും പണയപ്പെടുത്തിയുമൊക്കെ മക്കളെയും പ്രിയപ്പെട്ടവരെയുമൊക്കെ ചികിത്സിക്കുന്ന അനേകരുണ്ട്. ഗര്‍ഭാവസ്ഥയില്‍ പോരായ്മകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ യാതൊരു കുഴപ്പവും ഇല്ലാത്ത അനേകം സംഭവങ്ങളെപ്പറ്റി കേട്ടിട്ടുണ്ട്. ഇനി പോരായ്മകള്‍ ഉണ്ടെന്നുതന്നെ കരുതുക. അങ്ങനെ ഉള്ളവരുടെ ജീവനെടുക്കണമെന്നാണോ പറയുന്നത്? എത്ര മനുഷ്യത്വരഹിതമാണ് നമ്മുടെ നിലപാടുകള്‍.
ഗര്‍ഭാവസ്ഥ തുടരണമോ എന്നത് സ്ത്രീകളുടെ അവകാശമാണെന്നും മന്ത്രി പറയുന്നു. എല്ലാവരുടെയും അവകാശങ്ങള്‍ മാനിക്കപ്പെടണം. എന്നാല്‍, കൊടും കുറ്റവാളിയെന്ന് നീതിപീഠം മുദ്രകുത്തുമ്പോഴും അവരുടെ ജീവനെടുക്കാന്‍ അവകാശമില്ലെന്നത് പൊതുതത്വമായി അംഗീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഉദരത്തില്‍ രൂപംകൊള്ളുന്ന ജീവന്‍ എടുക്കുന്നത് സ്വാതന്ത്ര്യമായിട്ട് വിലയിരുത്താന്‍ കഴിയുമോ? സ്ത്രീകളുടെ സ്വാതന്ത്ര്യമെന്നൊക്കെ പറയുന്നത് ഒരു പുകമറ സൃഷ്ടിക്കലാണ്. നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ പലപ്പോഴും അനിവാര്യമായി വരാം. നിയമത്തിലും ചട്ടങ്ങളിലും പൊഴിച്ചെഴുത്തു കൊണ്ടുവരുമ്പോള്‍ ആദ്യം പരിശോധിക്കേണ്ടതു അതിലെ പോരായ്മകളും പരിഷ്‌ക്കരണത്തിലൂടെ ഉണ്ടാകാന്‍ പോകുന്ന ഗുണങ്ങളുമായിരിക്കണം. ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ വലിയ സന്തോഷത്തിലാണോ ജീവിക്കുന്നത്? കൃത്യമായി പരിശോധിച്ചാല്‍ ഇത്തരമൊരു പ്രവൃത്തിക്ക് വിധേയപ്പെട്ടതിന്റെ ദുഃഖത്തിലും വേദനയിലുമാണ് അനേകര്‍ കഴിയുന്നത്. ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ ആവശ്യമുള്ളവര്‍ വിനിയോഗിച്ചാല്‍ മതിയല്ലോ എന്നുവേണമെങ്കില്‍ വാദിക്കാം. തെറ്റുകള്‍ക്ക് നിയമത്തിന്റെ പിന്‍ബലം നല്‍കിയാല്‍ കുറെക്കഴിയുമ്പോള്‍ അവ അറിയാതെ ശരികളായി രൂപാന്തരപ്പെടും. പല തിന്മകളും സമൂഹത്തില്‍ വേരോട്ടം ഉണ്ടായതിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.
ജീവന്‍ നല്‍കുന്നത് ദൈവമാണ്. അതിനാല്‍ത്തന്നെ അതിന്റെ മേല്‍ കൈവയ്ക്കാന്‍ മനുഷ്യന് യാതൊരു അവകാശവുമില്ല. നിയമഭേദഗതിക്കുവേണ്ടി ഗവണ്‍മെന്റ് പറയുന്ന കാരണങ്ങള്‍ മനഃസാക്ഷിക്കു നിരക്കുന്നതോ അംഗീകരിക്കാന്‍ കഴിയുന്നതോ അല്ല. വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ഉള്ളതല്ല ഈ ലോകം എന്നുപറയുമ്പോള്‍ ദൈവത്തെ വെല്ലുവിളിക്കുകയാണ്. പൂര്‍ണ ആരോഗ്യവാന്മാരായിരിക്കുന്നത് ആരുടെയും കഴിവുകൊണ്ടല്ല, അതു ദൈവകൃപയാണ്. അത്തരമൊരു സാഹചര്യത്തില്‍ പോരായ്മകള്‍ ഉള്ള കുഞ്ഞുങ്ങളുടെ ജീവനെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങള്‍ എത്ര ക്രൂരമാണ്. നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യത്വവും നീതിബോധവുമൊക്കെ എവിടെപ്പോയി ഒളിച്ചു എന്നു പരിശോധിക്കണം. ഇത്തരം നിയമങ്ങള്‍ക്ക് എതിരെ പ്രതിഷേധവും പ്രതികരണങ്ങളും ഉയര്‍ന്നുവരണം. അതോടൊപ്പം പ്രാര്‍ത്ഥനകളും ഉയരണം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?