Follow Us On

27

January

2021

Wednesday

നവജീവനേകി നവജീവന

നവജീവനേകി നവജീവന

നവജീവിതത്തിലേക്കുള്ള പ്രയാണം ഒരു തപസ്യയാണ്. ഇന്നലെകളിലെ അറിവുകളില്‍നിന്ന് ഇന്നിന്റെ തിരിച്ചറിവുകളിലേക്കുള്ള തീര്‍ത്ഥാടനം. അവിടെ അനുഭവങ്ങളുടെ അറിവുകളുണ്ട്, നന്മയുടെ നേര്‍ക്കാഴ്ചയുണ്ട്, സംതൃപ്തിയുടെ സ്വസ്ഥമായ ഒരിടവും.
ഇങ്ങനെ ഉയിര്‍കൊണ്ട ശാന്തവും സുന്ദരവുമായ ഒരിടമാണ് കാസര്‍ഗോഡ് ജില്ലയിലെ പെര്‍ളയില്‍ സ്ഥാപിതമായ നവജീവന. നോര്‍ബെര്‍ട്ടൈന്‍ സന്യാസ സമൂഹത്തിന്റെ കീഴില്‍ സ്ഥാപിതമായ ഈ സ്ഥാപനം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കിടയില്‍ ശാന്തിദൂതുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലകൊള്ളുന്നു.
അതിജീവനത്തില്‍ ‘തുടക്കം’
”ചില ദൗത്യങ്ങള്‍ ദൈവികമാണ്. ആശയറ്റവരുടെ ഇടങ്ങളില്‍ ആഗ്രഹവുമായി എത്തുമ്പോള്‍ അനുഭവമായിരിക്കും അവരെ നയിക്കുന്നത്.”
കാസര്‍ഗോഡിന്റെ മണ്ണില്‍ കത്തോലിക്ക സഭയുടെ കീഴില്‍ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന ലക്ഷ്യവുമായി 2016-ന്റെ മധ്യത്തോടെയാണ് നോര്‍ബര്‍ട്ടൈന്‍ മാനന്തവാടി പ്രൊവിന്‍സ് അംഗങ്ങളായ ഫാ. ജോസ് ചെമ്പോട്ടിക്കലും ഫാ. സെബാസ്റ്റ്യന്‍ മുണ്ടക്കാമറ്റവും യാത്ര തിരിക്കുന്നത്. ചെര്‍ക്കളയ്ക്ക് സമീപം ഒരു സ്ഥലം കണ്ടെത്തി മടങ്ങി. കാര്യങ്ങള്‍ തകൃതിയായി മുന്നോട്ടു നീങ്ങുന്നതിനിടയിലാണ് ദൈവികകരം പ്രവര്‍ത്തിക്കുന്നത്.
അക്കാലത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെക്കുറിച്ച് വളരെയേറെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നു. കാസര്‍ഗോഡിന്റെ വാര്‍ത്തകള്‍ കൂടുതലായി ശ്രവിച്ചിരുന്ന ഫാ. ജോസിനെ ഈ വിവരങ്ങള്‍ വല്ലാതെ സ്വാധീനിച്ചു. അസ്വസ്ഥത മനസിനെ മൂടിയപ്പോള്‍ മേലധികാരിയായ മാനന്തവാടി പ്രൊവിന്‍ഷ്യാല്‍ ഫാ. വിന്‍സന്റ് മട്ടമ്മേലിന്റെ അനുവാദത്തോടെ ഫാ. ജോസ് കാസര്‍ഗോട്ടേക്ക് പുറപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്തിറങ്ങിയ ഇടങ്ങളിലൂടെ ഒരു യാത്ര മാത്രമായിരുന്നു മനസില്‍. നിസഹായതയില്‍ കുതിര്‍ന്ന നിസംഗമായ മനസുകളിലേക്ക് നിറകണ്ണുകളുമായി അദ്ദേഹം കയറിച്ചെന്നു. കൈകാലുകള്‍ ശോഷിച്ച്, തല വളര്‍ന്ന്, മനസ് കലങ്ങി ശരീരം വിറച്ച് കുറെ ജന്മങ്ങള്‍. അതിലേറെയും കുട്ടികള്‍. ഒന്നും പറയാതെ എല്ലാം കണ്ട് അദ്ദേഹം മടങ്ങി.
തിരിച്ച് മാനന്തവാടിയില്‍ എത്തി പ്രൊവിന്‍ഷ്യാളിനെ കണ്ടു. കണ്ടറിഞ്ഞതത്രയും അദ്ദേഹത്തെ ധരിപ്പിച്ചു. ദൈവം ഇടപെടുന്നത് വേറൊരു വഴിയ്ക്കാണ് എന്നൊരു തോന്നല്‍ അദ്ദേഹം പങ്കുവച്ചു. അവരെ കൈവിടരുതെന്ന തോന്നല്‍ ഉയരുന്നതായി അറിയിച്ചു. എല്ലാം കേട്ട ഫാ.വിന്‍സന്റ് മട്ടമ്മേലിനും മറിച്ചൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. ‘ലക്ഷ്യം ദൈവികമാകുമ്പോള്‍ ശ്രമം വിജയകരമാകുമെന്ന്’ അദ്ദേഹം ആ വൈദികനെ ഓര്‍മിപ്പിച്ചു.
പുതുലക്ഷ്യവുമായി ഫാ. ജോസും ഫാ. സെബാസ്റ്റ്യനും വീണ്ടും കാസര്‍ഗോഡിന്റെ മണ്ണിലേക്കെത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്ക് സാമൂഹിക-ശാക്തീകരണ കേന്ദ്രമെന്ന ലക്ഷ്യവുമായി അവര്‍ ചെന്നുകയറിയത് തലശേരി അതിരൂപതയുടെ അക്കാലത്തെ കാസര്‍ഗോഡന്‍ മേഖല വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് എടൂക്കുന്നേലിന്റെ അടുത്താണ്. അദ്ദേഹം സന്തോഷപൂര്‍വം അവരെ കേട്ടു. കഴിയുന്ന എല്ലാ സഹായവും അദ്ദേഹം വാഗ്ദാനവും ചെയ്തു.
വാഗ്ദാനം വെറുതെയായിരുന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച എന്‍മകജെ പഞ്ചായത്തിലെ പെര്‍ളയില്‍ തലശേരി അതിരൂപത പണികഴിപ്പിച്ച പാരീഷ് ഹാളിന്റെ പകുതി സ്‌പെഷ്യല്‍ സ്‌കൂള്‍ നടത്തിപ്പിനായി വിട്ടുനല്‍കി. മറുഭാഗം ദൈവാലയവും. ദൈവികസാമീപ്യത്തോട് ചേര്‍ന്ന് രൂപീകൃതമായ ആ സ്ഥാപനം 2017 ജൂണ്‍ 19-ന് ഉദ്ഘാടനം ചെയ്യപ്പെട്ടു – ‘നവജീവന സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ എന്‍ഡോസള്‍ഫാന്‍ സര്‍വൈവേഴ്‌സ്’ എന്ന പേരില്‍.
ആഗ്രഹത്തോടെ ‘വളര്‍ച്ച’
”വളര്‍ച്ച ഒരു അനുഗ്രഹമാണ്. ഇന്നലെകളിലെ ബാലാരിഷ്ടതകളില്‍നിന്നും ഇന്നിന്റെ തീക്ഷ്ണതയിലേക്കുള്ള കടന്നുവരവ്. അവിടെ ആശയത്തിന്റെ പൂര്‍ത്തീകരണത്തിനൊപ്പം ദൈവികതയും പ്രതിഫലിക്കും.”

നാല് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്കൊപ്പം പിച്ചവച്ച നവജീവനയ്ക്ക് പരാധീനതകള്‍ ഏറെയായിരുന്നു. കുട്ടികളെ പരിശീലിപ്പിക്കാന്‍ വിദഗ്ധരായ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരില്ല, സ്പീച്ച് തെറാപ്പിക്കും ഫിസിയോ തെറാപ്പിക്കും ആവശ്യമായ ഉപകരണങ്ങളില്ല, കുട്ടികളെ സ്‌കൂളിലെത്തിക്കാനുതകുന്ന വാഹനമില്ല… തുടങ്ങിയ കുറെയേറെ പ്രശ്‌നങ്ങള്‍. ഫാ. ജോസ് വിവരങ്ങള്‍ ധരിപ്പിക്കാന്‍ മോണ്‍. ജോര്‍ജ് എളൂക്കുന്നേലിനെ വീണ്ടും ബന്ധപ്പെട്ടു. വിസ്മയകരമായിരുന്നു തലശേരി അതിരൂപതയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. കുട്ടികളെ പരിശീലിപ്പിക്കാന്‍ രണ്ട് എഫ്.സി.സി സിസ്റ്റേഴ്‌സിനെ അവിടേക്ക് വിട്ടുനല്‍കി. വേതനം ആവശ്യമില്ല എന്ന അറിയിപ്പോടെയാണ് കോണ്‍ഗ്രിഗേഷന്‍ സിസ്റ്റര്‍ ജീന, സിസ്റ്റര്‍ മരീന എന്നിവരെ നവജീവനയിലേക്ക് അയച്ചത്. സ്ഥാപനത്തെക്കുറിച്ച് കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കി. നോര്‍ബര്‍ട്ടൈന്‍ സഭയും തലശേരി അതിരൂപതയും എഫ്.സി.സി സന്യാസിനി സമൂഹവും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി സഹായമേകി.
അങ്ങനെ ആ കേന്ദ്രം വളര്‍ന്നു. പത്താം വയസില്‍ വീടിന് പുറത്തേക്ക് പിച്ചവച്ച സഹദും സംഗീതത്തിന്റെ ബലത്തില്‍ ശരീരത്തിന്റെ താളം കണ്ടെത്തുന്ന ലുബിനയും ആര്‍ക്കും പിടികൊടുക്കാത്ത സ്വന്തം ഭാഷ സംസാരിക്കുന്ന അഷിതയും വീല്‍ചെയറില്‍ പുറത്തേക്കിറങ്ങിയ ഉദയനും മിണ്ടാന്‍ മറന്നുപോയ യക്ഷിതയും ഒന്നിച്ചിരുന്ന് പഠിക്കാനും കളിക്കാനും കഴിക്കാനും തുടങ്ങി. അങ്ങനെ കണ്ണീരുണങ്ങാത്ത കുഞ്ഞിക്കവിളുകളില്‍ കന്മഷം കലരാത്ത ചിരിയരുവികള്‍ പൊട്ടിമുളച്ചു.
ഡേ കെയര്‍ എന്ന ആദ്യലക്ഷ്യത്തില്‍നിന്നും നവജീവന പതിയെ വളര്‍ന്നു. പടിപടിയായി സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി യൂണിറ്റുകള്‍ തുടങ്ങി. അത് കുട്ടികളുടെ മാനസിക-ശാരീരിക ബലത്തിന് ശക്തമായ പിന്തുണയേകി. നവജീവനയില്‍ എത്തിയിരുന്ന പല കുട്ടികളും കടുത്ത ദാരിദ്ര്യത്തിന്റെ നടുവില്‍നിന്നുള്ളവരായിരുന്നു. ആഹാരത്തിനുവേണ്ടി പെടാപ്പാടു പെടുന്ന കുടുംബങ്ങളില്‍നിന്നുള്ളവര്‍. അവര്‍ക്കായി നവജീവനയുടെ വാഹനം പടിവാതില്‍ക്കല്‍ എത്തി. നിസഹായതയോടെ കുട്ടികളെ കെട്ടിയിട്ടോ മുറിയില്‍ പൂട്ടിയിട്ടോ പണിക്ക് പോയിരുന്ന മാതാപിതാക്കള്‍ക്ക് അവര്‍ ദൈവദൂതന്മാരെപ്പോലെയായി. സന്തോഷത്തോടെ കുട്ടികളെ നവജീവനയ്ക്ക് ഏല്‍പ്പിച്ച് സംതൃപ്തിയോടെ പണിസ്ഥലത്തേക്ക് പോയി. അങ്ങനെയാണ് അവരില്‍ പലരും ആശ്വാസത്തോടെ ജീവിക്കാന്‍പോലും പഠിച്ചത്.
അനുഭവങ്ങള്‍
”പ്രവര്‍ത്തനങ്ങളിലേറെയും ദൈവികമാകുമ്പോള്‍ അനുഗ്രഹപൂര്‍ണമാകും അനുഭവങ്ങള്‍.”

നവജീവനയില്‍ കുട്ടികള്‍ക്ക് പാഠ്യ-പരിശീലനങ്ങള്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ്. അഞ്ച് വയസുവരെയുള്ള വിഭാഗവും അഞ്ചുമുതല്‍ 18 വയസുവരെയുള്ള വിഭാഗവും 18 വയസിന് മുകളിലേക്കുള്ളവരും.
അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് ഫിസിയോ തെറാപ്പിയും സ്പീച്ച് തെറാപ്പിയും മറ്റ് ചികിത്സാവിധികളും നല്‍കുന്നു. കൂടാതെ പഠനത്തിലേക്കുള്ള വളര്‍ച്ചാഘട്ടങ്ങളില്‍ സഹായമേകുകയും ചെയ്യുന്നു. ഇവരില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുവെന്നാണ് സ്‌കൂള്‍ മാനേജരായ ഫാ. ജോസ് പറയുന്നത്. ചെറുപ്പത്തില്‍ത്തന്നെ ഇവര്‍ക്ക് പരിശീലനം നല്‍കുകവഴി വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുന്നു. ഫലപ്രദമായ തെറാപ്പിയും സ്‌നേഹപൂര്‍വമായ പരിചരണവും ചെറിയ കുട്ടികളില്‍ സാധാരണ ജീവിതംപോലും പ്രാപ്തമാക്കാന്‍ ഉതകും.
അഞ്ച് മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ പരിശീലിപ്പിക്കുകയാണ്. സാധാരണ സ്‌കൂളില്‍ പഠിക്കാന്‍ സാധ്യമാകുന്നവരെ അവിടെ വിട്ട് പഠിപ്പിക്കുന്നു. അല്ലാത്തവരെ നവജീവനയില്‍ പഠിപ്പിക്കുകയും അവരുടെ അഭിരുചികള്‍ക്കനുസരിച്ച് മുന്നോട്ടുപോകാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഡാന്‍സ് ഇഷ്ടപ്പെടുന്നവരെ ഡാന്‍സ് പരിശീലിപ്പിക്കുകയും വാദ്യോപകരണങ്ങള്‍ ഇഷ്ടപ്പെടുന്നവരെ അവ പരിശീലിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിപ്പെടാന്‍ പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തുന്നു.
18 വയസിനുമുകളില്‍ പ്രായമുള്ളവരെ സ്വയംതൊഴില്‍ പരിശീലിപ്പിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ക്രിസ്മസ് കാര്‍ഡ്, നക്ഷത്രം, മെഴുകുതിരി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലിപ്പിക്കുന്നു. ഇവരുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി ഉല്‍പ്പന്നങ്ങള്‍ വിറ്റു കിട്ടുന്ന പണം അതില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഒരു വര്‍ഷം പതിനായിരം രൂപവരെ ഇവര്‍ക്ക് ബാങ്ക് ബാലന്‍സ് ഉണ്ടാക്കിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് വൈദികര്‍ പറയുന്നു.
ഹോം കെയര്‍ പദ്ധതിയും നവജീവന വിജയകരമായി നടത്തുന്നു. പ്രദേശത്തെ കുടുംബങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ വിഷമങ്ങള്‍ കേള്‍ക്കുകയും സഹായമെത്തിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
ഓരോ കുടുംബത്തിനും അംഗബലമനുസരിച്ച് അരി, ഗോതമ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും സ്റ്റേഷനറി വസ്തുക്കളും എത്തിച്ചുനല്‍കുന്നു. 40 കുട്ടികള്‍ക്കാണ് ഇപ്പോള്‍ കിറ്റുകള്‍ നല്‍കുന്നത്. തൃശൂര്‍, വാടാനപ്പള്ളി ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ യൂണിറ്റാണ് ഒരു വര്‍ഷത്തേക്കുള്ള കിറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഡ്രസ് ബാങ്ക് എന്ന നവീന ആശയത്തിലൂടെ കുട്ടികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നു.
നവജീവനയുടെ വാഹനമെത്താത്ത സ്ഥലങ്ങളില്‍നിന്ന് കുട്ടികളെ എത്തിക്കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തികസഹായവും നല്‍കുന്നുണ്ട്. തികച്ചും സൗജന്യമാണ് നവജീവനയില കുട്ടികള്‍ക്കുള്ള സംരക്ഷണ-പരിശീലന പ്രവര്‍ത്തനങ്ങള്‍.
എന്‍ഡോസള്‍ഫാന്‍ നല്‍കിയ ദുരിതവും ദാരിദ്ര്യം നല്‍കിയ നിസംഗതയുംമൂലം തളര്‍ന്ന ജനത്തിനായുള്ള സേവനംമാത്രം. വലിയ സാമ്പത്തിക ബാധ്യതകള്‍ നവജീവനയ്ക്ക് നേരിടേണ്ടി വരുന്നുണ്ടെങ്കിലും ദൈവത്തിന്റെ അനുഗ്രഹത്താല്‍ അതിനെ മറികടക്കാന്‍ കഴിയുന്നു. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനച്ചെലവ് ഇനത്തില്‍ മുപ്പതുലക്ഷം രൂപ ചെലവായി. സൗഹൃദയ മനസുകളുടെ സഹായങ്ങളും വലിയ പിന്തുണയും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എല്ലാ മാസവും മുടങ്ങാതെ 250 രൂപ വീതം നല്‍കുന്ന 140 പേരുണ്ട്.
അവരുടെ സഹായമാതൃകയും തലശേരി രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി, എഫ്.സി.സി പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ നോബിള്‍ എന്നിവരുടെ സഹായസഹകരണവും നോര്‍ബര്‍ട്ടൈന്‍ സഭയുടെ പ്രൊവിന്‍ഷ്യാല്‍ ഫാ. വിന്‍സന്റ് മട്ടമ്മേലിന്റെ അകമഴിഞ്ഞ പിന്തുണയുമാണ് നവജീവനയെ മുമ്പോട്ട് കൊണ്ടുപോകുന്നത്.
ആവേശകരമീ ‘ലക്ഷ്യം’
”ചില ലക്ഷ്യങ്ങള്‍ സ്വര്‍ഗീയമാണ്. അവിടേക്കുള്ള പാതകള്‍ ദൈവം ഒരുക്കും.”

നവജീവന വളര്‍ന്നു. പഴയ സ്ഥലത്ത് അറുപത് കുട്ടികളുമായി ശ്രദ്ധേയമായ ഇടം നവജീവന ഒരുക്കിക്കഴിഞ്ഞു. പെര്‍ളയ്ക്ക് അടുത്തുതന്നെ നിര്‍മിക്കുന്ന പുതിയ സ്‌കൂള്‍കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായിവരുന്നു. അടുത്ത അധ്യയനവര്‍ഷത്തില്‍ പുതിയ സ്‌കൂളിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് ശ്രമം.
സ്‌കൂളിന്റെ പ്രവര്‍ത്തനത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും ഫാ. ജോസിനെ സഹായിക്കാന്‍ ഫാ. ബിനു പുതുശേരി നവജീവനയില്‍ ഉണ്ട്. സിസ്റ്റര്‍ ജീന, സിസ്റ്റര്‍ മാര്‍ഗരറ്റ്, സിസ്റ്റര്‍ മേഴ്‌സിന്‍ എന്നിവരും നവജീവനയുടെ വളര്‍ച്ചയ്ക്ക് അവിഭാജ്യഘടകമാകുന്നു. കൂടാതെ നാല് അധ്യാപികമാരും രണ്ട് ഫിസിയോ തെറാപ്പിസ്റ്റുമാരും രണ്ട് സ്പീച്ച് തെറാപ്പിസ്റ്റുമാരും രണ്ട് ആയമാരും രണ്ട് ഡ്രൈവര്‍മാരും ഇവിടെ പ്രവര്‍ത്തിക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു പ്രദേശത്ത് സ്ഥാപനം നടത്തുകവഴി സാമൂഹിക ശാക്തീകരണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് നവജീവന മുന്നോട്ടുവയ്ക്കുന്നത്. വിഷമഴയേറ്റ് തളര്‍ന്ന ഒരു നാടിന്റെ ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ക്ക് തളര്‍ച്ചയില്‍ സാന്ത്വനമേകി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തുന്നു. ഇനിയും ജനിച്ചുകൊണ്ടേയിരിക്കുന്ന ദുരിതബാധിതരെ ചെറുപ്പത്തിലേ അതിജീവനത്തിന്റെ പരിശീലനമാതൃക ലഭ്യമാക്കി സമൂഹത്തിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കുന്നു. ആ ശ്രമം വിജയകരമാകട്ടെ… നവീജനയിലൂടെ നവജീവന്‍ നേടുന്ന കുട്ടികള്‍ സമൂഹത്തിന് മാതൃകയായി വളരട്ടെ… സഹായമേകുന്ന ദൈവികകരം സമൂഹത്തിന് ദൃശ്യമാകട്ടെ.. എല്ലാ ഭാവുകങ്ങളും നേരാം.
നവജീവനയുടെ ഫോണ്‍: 8281975844.

വിനില്‍ ജോസഫ്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?