Follow Us On

29

March

2024

Friday

മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ യു.എസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഖ്യം; ശുഭപ്രതീക്ഷയിൽ ക്രൈസ്തവർ

മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ യു.എസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഖ്യം; ശുഭപ്രതീക്ഷയിൽ ക്രൈസ്തവർ

വാഷിംഗ്ടൺ ഡി.സി: ലോകമെങ്ങും മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ സമാനമനസ്‌കരായ 27 രാജ്യങ്ങളെ കൂട്ടിച്ചേർത്ത് ‘അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സഖ്യം’ പ്രഖ്യാപിച്ച അമേരിക്കയുടെ നടപടിയിൽ സുരക്ഷിതത്വക്കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ മെനയുകയാണ് ലോകമെങ്ങുമുള്ള ക്രൈസ്തവസമൂഹം. ചരിത്രത്തിൽ ആദ്യമായാണ് ഇപ്രകാരമുള്ള ഒരു സംവിധാനം രൂപംകൊള്ളുന്നത്. ‘ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അലയൻസ്’ (ഐ.ആർ.എഫ് അലയൻസ്) എന്നായിരിക്കും സഖ്യത്തിന്റെ നാമധേയം.

ഇരുപത്തിയേഴ് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ‘ഐ.ആർ.എഫ് അലയൻസ്’ ആരംഭിച്ച വിവരം പ്രഖ്യാപിച്ചത്. ഓരോ വ്യക്തിയുടെയും മതസ്വാതന്ത്ര്യത്തെ വിലമതിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുന്ന സമാനമനസ്‌കരായ പങ്കാളികളുടെ സഖ്യമാണിതെന്നും പോംപിയോ വ്യക്തമാക്കി.

വാഷിംഗ്ടൺ ഡി.സിയിൽ 2019 ജൂലൈയിൽ സമ്മേളിച്ച രണ്ടാമത് മതസ്വാതന്ത്ര്യ യോഗത്തിൽവെച്ച് പോംപിയോ തന്നെയാണ് ഐ.ആർ.എഫ് അലയൻസിനെ കുറിച്ചുള്ള ആദ്യ സൂചന നൽകിയത്. ശക്തരായ രാഷ്ട്രങ്ങളെ കൂട്ടിച്ചേർത്ത് അവരുടെ ഉറവിടങ്ങളും കഴിവും ഉപയോഗിച്ച് മതസ്വാതന്ത്ര്യ ലംഘകരെ തടയുമെന്നും മതപീഡനത്തിനു ഇരയായികൊണ്ടിരിക്കുന്നവരെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മതപീഡനം അവസാനിപ്പിക്കാനും വിശ്വാസികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാനും വിശ്വാസ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ പിൻവലിക്കാനും വ്യക്തമായ സ്വരത്തിൽ ലോകരാഷ്ട്രങ്ങളോട് അമേരിക്ക ആഹ്വാനം ചെയ്യുന്നു.’ മതസ്വാതന്ത്ര്യമെന്ന വിഷയം ആഗോള സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപനത്തിൽ വ്യക്തമാക്കി.

യു.കെ, ഹംഗറി, അൽബേനിയ, ഓസ്ട്രിയ, ബോസ്‌നിയ, ഹെർസെഗോവിന, ബ്രസീൽ, ബൾഗേറിയ, കൊളംബിയ, ക്രോയേഷ്യ, ചെക്ക് റിപ്പബ്ലിക്, എസ്‌തോണിയ, ഗാംബിയ, ജോർജിയ, ഗ്രീസ്, ഇസ്രായേൽ, കൊസൊവോ, ലാത്വിയ, ലിത്വാനിയ, മാൾട്ട, നെതർലൻഡ്‌സ്, പോളണ്ട്, സെനഗൽ, സ്ലോവാക്യ, സ്ലോവേനിയ, ടോഗോ, ഉക്രൈൻ, എന്നിവയാണ് 27 സഖ്യരാജ്യങ്ങൾ.

കൂട്ടായ്മയുടെ ഭരണഘടനയായ ‘ഡിക്ലറേഷൻ ഓഫ് പ്രിൻസിപ്പിൾസ്’ ഉയർത്തിപ്പിടിക്കുമെന്ന് സഖ്യ കക്ഷികൾ പ്രതിജ്ഞ ചെയ്തു. മതസ്വാതന്ത്ര്യ ലംഘനങ്ങളെ പതിവായി നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറാനും മതപീഡനത്തിനിരയാകുന്നവരുടെ സഹായത്തിനെത്താനും സഖ്യ രാഷ്ട്രങ്ങൾ ബാധ്യസ്ഥരാണെന്ന് ‘ഡിക്ലറേഷൻ ഓഫ് പ്രിൻസിപ്പിൾസ്’ അടിവരയിടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?