Follow Us On

08

August

2020

Saturday

കൊറോണ മിഷന്‍

കൊറോണ മിഷന്‍

ഈ വര്‍ഷാരംഭത്തില്‍ ലോകജനതയെ, പ്രത്യേകിച്ച് ഏഷ്യന്‍ ഭൂഖണ്ഡത്തെ ഭീതിയുടെ മുള്‍മുനയിലാഴ്ത്തിയ നോവല്‍ കൊറോണ (nCoV) വൈറസ് സംഹാര താണ്ഡവം തുടരുകയാണ്. ഈ മഹാമാരിയെക്കുറിച്ചുള്ള ചിത്രം അനുദിനം കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്നു. രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇതിനകം പതിനായിരക്കണക്കിന് പേരിലേക്കും അനവധി രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിച്ചുകഴിഞ്ഞു. ചൈനയിലെ ഹ്യുബേയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനില്‍ ആരംഭിച്ച്, വിദൂരപ്രദേശങ്ങളിലേക്ക് പോലും അതിദ്രുതം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്.
ദൗത്യം, ദൈവിക നിയോഗം
ചൈനയിലെ രോഗബാധിത മേഖലകളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളും വിവിധ തൊഴില്‍മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുവരുമായ നൂറുകണക്കിന് പേരെക്കുറിച്ചുള്ള ആശങ്കകള്‍ ഇതിനിടെ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു; ജീവന്‍ രക്ഷിക്കാന്‍ ഒരേയൊരു സാധ്യത ജന്മനാട്ടില്‍ തിരികെയെത്തുക എന്നത് മാത്രമാണെന്ന് തിരിച്ചറിഞ്ഞ നൂറുകണക്കിനുപേര്‍. ഇത്രമാത്രം ഗുരുതരമായ വൈറസ് ബാധ തുടരുന്ന ഒരു ദേശത്തുനിന്നും വിജയകരമായി പൗരന്മാരെ തിരിച്ചെത്തിക്കുക ശ്രമകരമാണെന്നത് നിശ്ചയം. എന്നാല്‍, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്, അതിതീവ്ര രോഗബാധിത മേഖലകളില്‍ കുടുങ്ങിക്കിടിരുന്ന 654 പേരെ ഭാരത സര്‍ക്കാര്‍ തിരികെ എത്തിച്ചു. ഇത്തരമൊരു ‘ഇവാക്വേഷന്‍’ ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതാണ് എന്ന് വിലയിരുത്തപ്പെടുന്നു. ഈ ദൗത്യം ഏറ്റെടുത്ത ഉന്നത ഉദ്യോഗസ്ഥരെയും ദൗത്യത്തിന്റെ ഭാഗമായ മറ്റുള്ളവരെയും ഭാരത ജനത അഭിമാനത്തോടെയാണ് കണ്ടത്.
02 02 2020 എന്ന മാജിക്ക് ഡേറ്റില്‍ അവസാനിച്ച ഇന്ത്യയുടെ ആദ്യഘട്ട കൊറോണ ദൗത്യത്തിന്റെ ഭാഗമായ രണ്ടാം വിമാനം അന്നേദിവസം ഉച്ചകഴിഞ്ഞ് ഡല്‍ഹിയില്‍ പറന്നിറങ്ങി. 323 ഇന്ത്യക്കാരും ഏഴ് മാലിദ്വീപ് സ്വദേശികളും ഉള്‍പ്പെടെ 330 പേരുമായി വുഹാനില്‍നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരികെ എത്തുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനമായി ഒരാള്‍ മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരുന്നു. വയനാട്ടില്‍ മാനന്തവാടിക്കടുത്ത് പുതിയിടംകുന്ന് സ്വദേശിയും ഇല്ലിമൂട്ടില്‍ കുടുംബാംഗവുമായ ഇരുപത്തൊമ്പതുകാരന്‍ മനു ജോസഫ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഡല്‍ഹി സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലെ നഴ്‌സിംഗ് ഓഫീസറാണ് മനു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഏറ്റവും വലിയ ആശുപത്രിയും ഗവേഷണ കേന്ദ്രവുമാണ് സഫ്ദര്‍ജംഗ്. അവിടെനിന്നുമാണ്, കൊറോണ ദൗത്യത്തിനായി പുറപ്പെട്ട രണ്ടാം വിമാനത്തിലേക്കുള്ള മെഡിക്കല്‍ സംഘം തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് ഡോക്ടര്‍മാരും രണ്ട് നഴ്‌സിംഗ് ഓഫീസര്‍മാരുമാണ് മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. നൂറുകണക്കിന് സ്റ്റാഫംഗങ്ങള്‍ക്കിടയില്‍ നിന്നും തന്നെ തേടിയെത്തിയ വലിയ ദൗത്യത്തെ ഒരു ദൈവനിയോഗമായാണ് മനു കാണുന്നത്. യാതൊരു മനശ്ചാഞ്ചല്യവും കൂടാതെയാണ് ആ ദൗത്യം ഏറ്റെടുത്തതെന്ന് മനു പറഞ്ഞു.

കൊറോണ ബാധിത മേഖലയിലേക്ക് നിയോഗിക്കപ്പെട്ടപ്പാള്‍ തെല്ലും പരിഭ്രമമോ ആശങ്കയോ ഒഴിവാക്കാനുള്ള ചിന്തയോ ഉണ്ടായില്ല. ഈ ദൗത്യത്തിനായി പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ അസൗകര്യമുണ്ടെങ്കില്‍ അറിയിക്കാനുള്ള അവസരമുണ്ടായിരുന്നു. ചൈനയില്‍നിന്ന് തിരികെ എത്തിയവര്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള ഹോസ്പിറ്റല്‍ ക്രമീകരണങ്ങളിലേക്കാണ് പ്രവേശിപ്പിക്കപ്പെട്ടത്. രോഗബാധിതരല്ല എന്ന് സ്ഥിരീകരിക്കപ്പെടുംവരെ അവിടെയുള്ള സുരക്ഷിത സൗകര്യങ്ങളില്‍
തുടരണമായിരുന്നു.

രഹസ്യ സ്വഭാവം
സമീപകാലങ്ങളിലായി പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ബിസിനസിനും ചൈനയെ ആശ്രയിക്കുന്നവരുടെ എണ്ണം ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇത്തരമൊരു രോഗബാധ ആയിരക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കാമെന്ന ആശങ്ക കനത്തുകൊണ്ടിരിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച വുഹാനിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ അതിവേഗം തയാറാക്കി. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് അതിനായി സജ്ജീകരിക്കപ്പെട്ടത്. ഇതുവരെ രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമാകാത്തവരെയാണ് തിരിച്ചെത്തിക്കാനായത്. ശാസ്ത്രീയമായാണ് ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടതെന്ന് മനു വിവരിക്കുന്നു. പങ്കാളികളായ സകലരും അപകട സാധ്യതയെ തൃണവല്കരിച്ചുകൊണ്ട് ആത്മാര്‍ത്ഥമായി ദൗത്യത്തോട് ചേര്‍ന്നുനിന്നു. ആദ്യവിമാനം ഫെബ്രുവരി ഒന്നിനും, രണ്ടാം വിമാനം ഫെബ്രുവരി രണ്ടിനുമാണ് ഇന്ത്യയില്‍ തിരികെ എത്തിയത്.
ഈ ദൗത്യം ചരിത്രത്തില്‍ ആദ്യത്തേത് ആയതിനാല്‍ പ്രസക്തിയേറുന്നു. ദൗത്യവുമായി ബന്ധപ്പെട്ട അനുഭവങ്ങളും പോരായ്മകളും അപാകതകളും വിദഗ്ധ വിശകലനങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ഭാവിയില്‍ പഠനവിഷയമാവുകയും ചെയ്യും. ഈ ദൗത്യം പൂര്‍ണവിജയവും പ്രശംസനീയമാംവിധം തികവുള്ളതുമായിരുന്നു എന്നാണ് പൊതുവേയുള്ള വിലയിരുത്തലുകള്‍. ഇത്തരത്തിലുള്ള ആദ്യ ദൗത്യം എന്ന നിലയില്‍ അതീവ ഗൗരവമായി ഈ ദൗത്യത്തെ കാണുന്നതിനാലും കൊറോണ ഭീതി തുടരുന്നതിനാലും ഇനിയും ഈ ദൗത്യം പൂര്‍ത്തീകരിക്കപ്പെട്ടുവോ എന്ന് തീര്‍ച്ചയില്ലാത്തതിനാലും പദ്ധതിയുടെ രഹസ്യ സ്വഭാവം നിലനില്‍ക്കുകയാണ്.
നിര്‍ണായകമായ 24 മണിക്കൂറുകള്‍
മെഡിക്കല്‍ സംഘത്തിന് പുറമെ, വിദേശകാര്യ, ആഭ്യന്തര വകുപ്പുകളില്‍നിന്നും വ്യോമയാന വകുപ്പില്‍നിന്നും ഉള്‍പ്പെടെ നാല്‍പ്പതോളം പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് മനു ഓര്‍മിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.
ഈ പ്രത്യേക സാഹചര്യത്തില്‍, ചൈനയില്‍നിന്നും ഇന്ത്യയിലേക്ക് വരാന്‍ സദ്ധത പ്രകടിപ്പിച്ച ഇന്ത്യന്‍ പൗരന്മാരെയാണ് തിരികെ എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചൈന വിടാന്‍ ആഗ്രഹിക്കുന്നവര്‍ ചൈനയിലെ ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നു. സ്വന്തം താല്‍പര്യപ്രകാരം ഇപ്പോഴും അവിടെ തുടരാന്‍ തീരുമാനിച്ച ഇന്ത്യക്കാരുമുണ്ട്. തങ്ങള്‍ ആയിരിക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന ബോധ്യമുള്ളതിനാലാണത്. രോഗബാധ ഉള്ളവരെയോ, ലക്ഷണങ്ങളുള്ളവരെയോ രാജ്യത്തിന് പുറത്തുകടക്കുവാന്‍ ചൈനീസ് ഗവണ്മെന്റ് അനുവദിച്ചതുമില്ല.
ഇന്ത്യയിലേക്ക് വരുന്നതിനായി എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെ എയര്‍പോര്‍ട്ടില്‍ എത്തിക്കുന്നതുവരെയുള്ള ഉത്തരവാദിത്വങ്ങള്‍ ഇന്ത്യന്‍ എംബസിയുടേതായിരുന്നു. എയര്‍പോര്‍ട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ചൈനീസ് ഗവണ്‍മെന്റിന്റെ സ്‌ക്രീനിംഗ് ഉണ്ടായിരുന്നു. അതിന് ശേഷമാണ് ഇന്ത്യയില്‍നിന്നെത്തിയ മെഡിക്കല്‍ സംഘത്തിനുമുമ്പില്‍ അവര്‍ എത്തുക. എയര്‍പോര്‍ട്ടില്‍ നടന്ന പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ ചിലര്‍ അവസാന ഘട്ടത്തില്‍ ഒഴിവാക്കപ്പെട്ടു.
ചൈനയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷിതത്വത്തോടൊപ്പം ദൗത്യത്തിന്റെ ഭാഗമായി ചൈനയിലേക്ക് തിരിക്കുന്ന ടീമംഗങ്ങളുടെ സുരക്ഷിതത്വവും പ്രധാനമായിരുന്നതിനാല്‍ കഴിവതും വേഗം ദൗത്യം പൂര്‍ത്തിയാക്കി തിരികെ എത്താനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരുന്നത്. നടപടിക്രമങ്ങളെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായതെല്ലാം എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും എംബസിയും ചെയ്തിരുന്നു. അതനുസരിച്ച് ഇന്ത്യയില്‍നിന്ന് ടീം പുറപ്പെടുന്നതിന് മുമ്പുതന്നെ എംബസിയുടെ നേതൃത്വത്തില്‍ അവിടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്ന് മനു ആത്മവിശ്വാസത്തോടെ പറയുന്നു. അവിടുത്തെ എംബസിയുടെയും ഇവിടെനിന്ന് പുറപ്പെട്ട സംഘത്തിന്റെയും നേതൃത്വത്തില്‍ എല്ലാ പ്രവൃത്തികളും കൃത്യതയില്‍ നിര്‍വഹിക്കപ്പെട്ടിരുന്നു. ചൈനീസ് സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടായ ചെറിയ പോരായ്മകള്‍ മൂലമാണ് മണിക്കൂറുകള്‍ വൈകുവാന്‍ കാരണമായത്. എന്നിരുന്നാലും, ഏതാണ്ട് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ തിരികെയെത്താന്‍ ടീമിന് സാധിച്ചു.
പുതിയ ദൗത്യത്തിനായുള്ള കാത്തിരിപ്പ്
ചൈനയില്‍നിന്ന് തിരികെ എത്തിയവര്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള ചില പ്രത്യേക ഹോസ്പിറ്റല്‍ ക്രമീകരണങ്ങളിലേക്കാണ് പ്രവേശിപ്പിക്കപ്പെട്ടത്. രോഗബാധിതരല്ല എന്ന് സ്ഥിരീകരിക്കപ്പെടുംവരെ അവിടെയുള്ള സുരക്ഷിത സൗകര്യങ്ങളില്‍ അവര്‍ തുടരേണ്ടതായുണ്ടായിരുന്നു. ചൈനയില്‍ പോയിവന്ന താനുള്‍പ്പെടെയുള്ള സംഘാംഗങ്ങളും മിലിട്ടറിയുടെ വൈദ്യ പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ടായിരുന്നു എന്ന് മനു പറയുന്നു. മെഡിക്കല്‍ ടീമില്‍പ്പെട്ടവര്‍ പരിശോധനകള്‍ക്ക് ശേഷം അധികൃതരുടെ നിര്‍ദേശപ്രകാരം കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട കര്‍മ്മരംഗത്ത് ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. അടുത്ത ഉത്തരവാദിത്വം എന്താണെന്നറിയാന്‍ മേലധികാരികളുടെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.
പ്രത്യേകമായൊരു താല്‍പര്യത്തോടെയല്ല നഴ്‌സിംഗ് പഠിക്കാന്‍ ചേര്‍ന്നതെങ്കിലും, പഠനം പുരോഗമിക്കുംതോറും താല്‍പര്യം ഏറിവരുകയായിരുന്നെന്ന് മനു പറയുന്നു. ഈ മേഖല തന്റെ ജീവിത നിയോഗമാണെന്ന് പതിയെ തിരിച്ചറിഞ്ഞു. കൊറോണ ബാധിത മേഖലയിലേക്ക് നിയോഗിക്കപ്പെട്ടപ്പാള്‍ തെല്ലും പരിഭ്രമമോ ഒഴിവാക്കാനുള്ള ചിന്തയോ ഉണ്ടായില്ല. ഈ ദൗത്യത്തിനായി പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ അസൗകര്യമുണ്ടെങ്കില്‍ അറിയിക്കാനുള്ള അവസരമുണ്ടായിരുന്നു.
പിന്തിരിയാനുള്ള ചിന്ത ഉണ്ടാകാതിരിക്കാനുള്ള പ്രധാന കാരണം ഇത്തരമൊരു ദൗത്യം ഭരമേല്‍പ്പിക്കപ്പെടുമ്പോള്‍ അത് നിറവേറ്റാനുള്ള കടമ തനിക്കുണ്ടെന്ന തികഞ്ഞ ബോധ്യമായിരുന്നു എന്നാണ് മനു പറയുന്നത്. ”ഈ മേഖലയില്‍ സേവനം ചെയ്യുമ്പോള്‍ ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ എന്തുതന്നെയായാലും അത് നിറവേറ്റുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. അതിനുള്ള കരുത്തും നേരിടാനുള്ള കഴിവും ദൈവം നല്‍കും.”
മാത്രമല്ല, അനുദിനം നൂറുകണക്കിന് രോഗികളുമായി അടുത്ത് ഇടപഴകുന്ന തന്നെപ്പോലൊരാള്‍ക്ക് ഏതു രോഗം വേണമെങ്കിലും പിടിപെടാം. ഈ തൊഴിലില്‍ ഇതെല്ലാം അവിഭാജ്യ ഘടകങ്ങളാണ്. മാത്രമല്ല, പരിശീലനം സിദ്ധിച്ച തങ്ങളെപ്പോലുള്ളവര്‍ ഇത്തരം ഘട്ടങ്ങളില്‍ മാറിനിന്നാല്‍, ആരുണ്ടാവും ഈ ജനങ്ങളെ സഹായിക്കാന്‍ എന്നും മനു ചോദിക്കുന്നു. ഒരിക്കലും ഒളിച്ചോടാന്‍ കഴിയുന്ന ഒരു സേവനമേഖലയല്ല തന്റേതെന്ന് മനു പറയുന്നു. അതിനാല്‍ ജോലിയുമായി ബന്ധപ്പെട്ട് ഒരു ഭയവും തന്നെ അലട്ടുന്നില്ലെന്നാണ് ഈ ചെറുപ്പക്കാരന്‍ പറയുന്നത്.
പുതിയിടംകുന്ന് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസ് ഇടവകാംഗമായ മനു മുമ്പ്, മിഷന്‍ലീഗ്, കെസിവൈഎം തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. പിന്നീട് വയനാട്ടില്‍ പനമരത്തുള്ള ഗവ. സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. മാനന്തവാടി ജില്ലാ ആശുപത്രി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി, അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങിയ ഇടങ്ങളില്‍ സേവനം ചെയ്തതിനു ശേഷമാണ് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നഴ്സിംഗ് ഓഫീസറായി സേവനം ആരംഭിക്കുന്നത്. മനുവിന്റെ പിതാവ് ജോണി, മാതാവ് ബെറ്റി, ഏക സഹോദരി നിന്‍സി.


വിനോദ് നെല്ലയ്ക്കല്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?