Follow Us On

09

April

2020

Thursday

രോഗികളെ ആശ്ലേഷിക്കുന്ന യേശു

രോഗികളെ ആശ്ലേഷിക്കുന്ന യേശു

”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെയടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം” (മത്താ. 11:28). ക്രിസ്തുവിന്റെ ഈ വാക്കുകള്‍ മനുഷ്യപുത്രന് മുറിവേറ്റവരും ക്ലേശിതരുമായ എല്ലാവരുമായുള്ള ഐകദാര്‍ഢ്യമാണ് പ്രകടിപ്പിക്കുന്നത്. എത്രയോ മനുഷ്യര്‍ ശരീരത്തിലും ആത്മാവിലും സഹിക്കുന്നു. തന്റെയടുത്തേക്ക് വരാന്‍ യേശു ഓരോ വ്യക്തിയെയും നിര്‍ബന്ധിക്കുന്നു. അവിടുന്ന് ആശ്വാസവും പ്രശാന്തതയും വാഗ്ദാനം ചെയ്യുന്നു.
രോഗി പ്രതീക്ഷിക്കുന്നത്
ഇരുപത്തിയെട്ടാം ലോകരോഗീദിനാചരണത്തില്‍ യേശു ഈ വാക്കുകള്‍ രോഗികളോടും പീഡിതരോടും ദരിദ്രരോടും ആവര്‍ത്തിക്കുന്നു. എന്തെന്നാല്‍ തങ്ങള്‍ പൂര്‍ണമായും ദൈവത്തെ ആശ്രയിക്കുന്നുവെന്നും ക്ലേശങ്ങളുടെ ഭാരത്തിന്‍കീഴില്‍ അവിടുത്തെ സൗഖ്യദാനം ആവശ്യമായിരിക്കുന്നുവെന്നും അവര്‍ തിരിച്ചറിയുന്നു. ദൗര്‍ബല്യത്തിന്റെയും സഹനത്തിന്റെയും ബലഹീനതയുടെയും സാഹചര്യങ്ങള്‍ സഹിക്കുന്നവരില്‍നിന്നു യേശു ഒന്നും ആവശ്യപ്പെടുന്നില്ല. അവിടുന്ന് തന്റെ കാരുണ്യവും ആശ്വാസകരമായ സാന്നിധ്യവും നല്‍കുന്നു. ഓരോ വ്യക്തിയുടെയും ഹൃദയത്തിലേക്ക് ഉറ്റുനോക്കുന്ന കണ്ണുകളുള്ള അവിടുന്ന് മുറിവേറ്റ മനുഷ്യവംശത്തെ നോക്കുന്നു. നോട്ടം നിസംഗതയുടേതല്ല. അത് മനുഷ്യരെ പൂര്‍ണമായി ആശ്ലേഷിക്കുന്നു. ഓരോ വ്യക്തിയെയും ആ വ്യക്തിയുടെ ആരോഗ്യസ്ഥിതിയെയും ആശ്ലേഷിക്കുന്നു. ആരെയും വിട്ടുകളയുന്നില്ല. തന്റെ ജീവിതത്തില്‍ പങ്കുചേരാനും തന്റെ മൃദുലസ്‌നേഹം അനുഭവിച്ചറിയാനും ഓരോ വ്യക്തിയെയും അവിടുന്ന് ക്ഷണിക്കുന്നു.

സഹിക്കുന്നവരില്‍നിന്നു യേശു ഒന്നും ആവശ്യപ്പെടുന്നില്ല. അവിടുന്ന് തന്റെ കാരുണ്യവും ആശ്വാസകരമായ സാന്നിധ്യവും നല്‍കുന്നു.ശരീരത്തിന്റെയും ആത്മാവിന്റെയും ‘ഇരുണ്ട രാത്രിയില്‍’ ആക്രമിക്കുന്ന ആകുലതകളെയും ചോദ്യങ്ങളെയും നേരിടാനുള്ള ശക്തി യേശുവിലാണ് രോഗിയായ വ്യക്തി കണ്ടെത്തുന്നത്.

യഥാര്‍ത്ഥത്തില്‍ വ്യക്തിപരമായി വേദന അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഗൗരവപൂര്‍ണമായ സഹനത്തിന്റെ അനേകം തലങ്ങളുണ്ട്: സുഖപ്പെടുത്താനാവാത്ത രോഗങ്ങള്‍, മാനസിക രോഗങ്ങള്‍, പുനരധിവാസമോ പാലിയേറ്റീവ് കെയറോ ആവശ്യമായിരിക്കുന്ന രോഗങ്ങള്‍, അംഗവൈകല്യത്തിന്റെ അസംഖ്യം രൂപങ്ങള്‍, കുട്ടികള്‍ക്കുള്ള രോഗങ്ങള്‍, പാരമ്പര്യരോഗങ്ങള്‍… ചിലപ്പോള്‍ ഇവരോടുള്ള നമ്മുടെ സമീപനത്തില്‍ മാനുഷികമായ ഊഷ്മളത ഇല്ലാതായിപ്പോകുന്നു. രോഗികളോടുള്ള വ്യക്തിപരമായ സമീപനമാണ് ആവശ്യമായിരിക്കുന്നത്. സുഖപ്പെടുത്തല്‍ മാത്രമല്ല, സമഗ്രമായ മാനുഷിക സുഖപ്പെടലിനെ ലക്ഷ്യംവയ്ക്കുന്ന ശുശ്രൂഷയാണ് ആവശ്യം.
വ്യക്തികള്‍ രോഗം അനുഭവിക്കുമ്പോള്‍ തങ്ങളുടെ ശാരീരിക സമഗ്രതയ്ക്ക് ഭീഷണിയുണ്ടെന്നുമാത്രമല്ല അവര്‍ക്ക് തോന്നുന്നത്. തങ്ങളുടെ ജീവിതത്തിന്റെ ബന്ധപരവും ബുദ്ധിപരവും വികാരപരവും ആധ്യാത്മികവുമായ മാനങ്ങളും ഭീഷണിയിലാണെന്ന് അവര്‍ക്ക് തോന്നും. ഇക്കാരണത്താല്‍ ചികിത്സയ്ക്കും പിന്തുണയ്ക്കും പുറമേ ശുശ്രൂഷയും ശ്രദ്ധയും കൂടി അവര്‍ പ്രതീക്ഷിക്കുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്‌നേഹം പ്രതീക്ഷിക്കുന്നു. രോഗിയായ ഓരോ വ്യക്തിയുടെയും സമീപത്ത് ഒരു കുടുംബവുമുണ്ടാകും. അതുതന്നെ സഹനത്തിലാണ്. പിന്തുണയും ആശ്വാസവും അതിനും ആവശ്യമുണ്ട്.
രോഗികള്‍ ഒരു പ്രത്യേകവിധത്തില്‍ ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമാണ്.’ അങ്ങനെ യേശുവിന്റെ കണ്ണുകളെയും ഹൃദയത്തെയും രോഗികള്‍ ആകര്‍ഷിക്കുന്നു. ഏറ്റവും ഇരുട്ടുനിറഞ്ഞ നിമിഷങ്ങളെ പ്രകാശിപ്പിക്കാനുള്ള പ്രകാശവും അസ്വസ്ഥത കുറയ്ക്കാനുള്ള പ്രത്യാശയും യേശുവില്‍ കണ്ടെത്താന്‍ സാധിക്കും. ”എന്റെയടുത്തേക്കു വരുവിന്‍” എന്ന് അവിടുന്ന് നിര്‍ബന്ധിക്കുന്നു. ശരീരത്തിന്റെയും ആത്മാവിന്റെയും ഈ ‘ഇരുണ്ട രാത്രിയില്‍’ ആക്രമിക്കുന്ന ആകുലതകളെയും ചോദ്യങ്ങളെയും നേരിടാനുള്ള ശക്തി യേശുവിലാണ് കണ്ടെത്തുന്നത്. ക്രിസ്തു നമുക്ക് കുറുപ്പടികള്‍ നല്‍കിയില്ല. പിന്നെയോ തന്റെ പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ നമ്മെ അവിടുന്ന് തിന്മയുടെ കടുംപിടുത്തത്തില്‍നിന്ന് സ്വതന്ത്രരാക്കുന്നു.
സഭ-നല്ല സമറായന്റെ സത്രം
രോഗം അനുഭവിക്കുമ്പോള്‍ തീര്‍ച്ചയായും വിശ്രമസ്ഥലം കണ്ടുപിടിക്കേണ്ടിവരും. കൂടുതല്‍ കൂടുതല്‍ നല്ല സമറായനായ യേശുക്രിസ്തുവിന്റെ ‘സത്രം’ ആയിത്തീരാന്‍, അതായത് അവിടുത്തെ കൃപ കണ്ടുമുട്ടാനുള്ള ഭവനമായിത്തീരാന്‍ സഭ ആഗ്രഹിക്കുന്നു. അവിടെ അടുപ്പവും സ്വീകരണവും ആശ്വാസവും പ്രകാശിപ്പിക്കപ്പെടുന്നു. ഈ ഭവനത്തില്‍ ദൈവകൃപയാല്‍ രോഗങ്ങള്‍ സുഖമാക്കപ്പെട്ടവരെ നിങ്ങള്‍ക്ക് കാണാം. കുരിശുകള്‍ വഹിക്കാന്‍ നിങ്ങളെ അവര്‍ സഹായിക്കും. നിങ്ങളുടെ സഹനത്തെ സംബന്ധിച്ച് പുതിയൊരു വീക്ഷണം നല്‍കാന്‍വേണ്ടിയാണത്. നിങ്ങളുടെ രോഗത്തിനപ്പുറത്ത് പുതിയ പ്രകാശത്തിന്റെയും നിങ്ങളുടെ ജീവിതത്തിന്റെ പുതിയ ശക്തിയുടെയും കൂടുതല്‍ വലിയ ചക്രവാളത്തിലേക്ക് നോക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
രോഗികളായ സഹോദരീസഹോദരന്മാര്‍ക്ക് വിശ്രമവും നവീകരണവും നല്‍കാനുള്ള പരിശ്രമത്തില്‍ ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ചികിത്സാപരവും കാര്യനിര്‍വഹണപരവുമായ കാര്യങ്ങളില്‍ വിദഗ്ധരായവര്‍, സഹായികള്‍, വോളന്റിയര്‍മാര്‍ എന്നിവര്‍ സുപ്രധാനമായ പങ്കുവഹിക്കുന്നു. രോഗികളെ ആശ്വസിപ്പിക്കുകയും ശുശ്രൂഷിക്കുകയും എല്ലാ രോഗവും സുഖപ്പെടുത്തുകയും ചെയ്യുന്ന ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കുന്നതിന് രോഗികള്‍ക്ക് ശകതി നല്‍കാന്‍ അവര്‍ക്ക് കഴിയും. എന്നാലും അവര്‍ സ്വന്തം ബലഹീനതകളുള്ളവരും രോഗങ്ങള്‍പോലും ഉള്ളവരുമായ സ്ത്രീപുരുഷന്മാരാണ്. ”ക്രിസ്തുവില്‍നിന്ന് ആശ്വാസവും വിശ്രമവും സ്വീകരിച്ചു കഴിഞ്ഞാല്‍ നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് വിശ്രമവും ആശ്വാസവുമാകാന്‍ നമ്മള്‍ വിളിക്കപ്പെടുന്നു. ദിവ്യഗുരുവിനെ അനുകരിച്ചുകൊണ്ട് വിനയപൂര്‍വകവും വിനീതവുമായ മനോഭാവത്തോടെ അങ്ങനെ ചെയ്യണം.”
രോഗനിര്‍ണയം, രോഗനിവാരണം, ചികിത്സ, ഗവേഷണം, സംരക്ഷണം, പുനരധിവാസം എന്നിവ എപ്പോഴും രോഗിയായ വ്യക്തിക്കുവേണ്ടിയാണ്. ‘വ്യക്തി’ എന്ന നാമം ‘രോഗി’ എന്ന വിശേഷണത്തെക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നതാണ്. ആരോഗ്യശുശ്രൂഷാവിദഗ്ധര്‍ തങ്ങളുടെ ജോലിയില്‍ എപ്പോഴും ഓരോ വ്യക്തിയുടെയും മഹത്വത്തെയും ജീവിതത്തെയും വളര്‍ത്താന്‍ പരിശ്രമിക്കണം. വേദനിപ്പിക്കാതെ മരിപ്പിക്കല്‍, ആതമഹത്യയ്ക്കുള്ള സഹായം, ജീവനെ നശിപ്പിക്കല്‍ എന്നിവ സ്ഥിരരോഗത്തിന്റെ കാര്യത്തില്‍പ്പോലും സമ്മതിക്കരുത്.
ജീവനോടുള്ള ‘അതേ’
വര്‍ധിച്ചുവരുന്ന പ്രശ്‌നസങ്കീര്‍ണമായ രോഗങ്ങളുടെ മുമ്പില്‍ ചികിത്സാശാസ്ത്രത്തിന്റെ പരിമിതികളെയും പരാജയങ്ങളെപ്പോലും നേരിടേണ്ടിവരും. അപ്പോള്‍ പ്രൊഫഷന്റെ അതിശായിയായ മാനത്തോട് തുറവിയുള്ളവരായിരിക്കാന്‍ ആരോഗ്യസംരക്ഷണപ്രവര്‍ത്തകര്‍ വിളിക്കപ്പെട്ടിരിക്കുന്നു. അത് പ്രൊഫഷന്റെ പരമമായ അര്‍ത്ഥം വെളിവാക്കും. ജീവന്‍ വിശുദ്ധമാണെന്നും അത് ദൈവത്തിന്റേതാണെന്നും ഓര്‍മിക്കാം. അതുകൊണ്ട് അത് അലംഘ്യമാണ്. തോന്നുന്നതുപോലെ അതിനെ കൈകാര്യം ചെയ്യാന്‍ അവകാശമുണ്ടെന്ന് ആര്‍ക്കും അവകാശപ്പെടാനാവുകയില്ല (ജീവന്റെ ദാനം 5, ജീവന്റെ സുവിശേഷം 29-53).
ജീവനെ ആരംഭംമുതല്‍ അവസാനംവരെ സ്വാഗതം ചെയ്യുകയും സംരക്ഷിക്കുകയും ആദരിക്കുകയും ശുശ്രൂഷിക്കുകയും വേണം. മനുഷ്യബുദ്ധിയും ജീവന്റെ കര്‍ത്താവുമായ ദൈവത്തിലുള്ള വിശ്വാസവും ഇത് ആവശ്യപ്പെടുന്നു. ജീവനോടും മനുഷ്യവ്യക്തിയോടുമുള്ള നിങ്ങളുടെ ‘അതേ’ എന്ന നിശ്ചയത്തില്‍ നിങ്ങള്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ ചില കേസുകളില്‍ ബോധപൂര്‍വകമായ എതിര്‍പ്പ് അത്യാവശ്യമായ ഒരു തീരുമാനമായിത്തീരുന്നു. ക്രൈസ്തവ പരസ്‌നേഹത്താല്‍ സഹായിക്കപ്പെടുന്ന നിങ്ങളുടെ തൊഴില്‍വൈദഗ്ധ്യം ജീവനുള്ള അവകാശമാകുന്ന ഏറ്റവും യഥാര്‍ത്ഥമായ മാനുഷികാവകാശത്തെ സംരക്ഷിക്കുന്നതിന് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സേവനമായിരിക്കും. നിങ്ങള്‍ക്ക് സുഖപ്പെടുത്താന്‍ ഒട്ടും സാധ്യമല്ലാതാകുമ്പോള്‍ ശുശ്രൂഷയും സുഖപ്പെടുത്തല്‍ ശ്രമവും നടത്താന്‍ നിങ്ങള്‍ക്ക് കഴിയും. രോഗിക്ക് ആശ്വാസം നല്‍കുന്ന പെരുമാറ്റംകൊണ്ടും ചികിത്സാപ്രക്രിയകള്‍കൊണ്ടും അങ്ങനെ ചെയ്യാം.
യുദ്ധത്തിന്റെയും അക്രമപരമായ സംഘട്ടനത്തിന്റെയും ചില സാഹചര്യങ്ങളില്‍ രോഗികളെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യുന്ന ആരോഗ്യസംരക്ഷണ വിദഗ്ധരും സൗകര്യങ്ങളും ആക്രമിക്കപ്പെടുന്നുവെന്നത് ദുരന്തപരമാണ്. ചില പ്രദേശങ്ങളില്‍ രാഷ്ട്രാധികാരികള്‍ സ്വന്തം നേട്ടത്തിനായി ചികിത്സയെ ദുരുപയോഗിക്കാന്‍ പരിശ്രമിക്കുന്നുമുണ്ട്. അങ്ങനെ അവര്‍ ചികിത്സാവിദഗ്ധരുടെ നിയമാനുസൃതമായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു. എന്നാലും സമൂഹത്തിലെ സഹിക്കുന്ന അംഗങ്ങളെ ശുശ്രൂഷിക്കാന്‍വേണ്ടി സ്വയം സമര്‍പ്പിക്കുന്നവരെ ആക്രമിക്കുന്നത് ആരുടെയും താല്‍പര്യങ്ങളെ സംരക്ഷിക്കുകയില്ല.
ദാരിദ്ര്യത്തില്‍ ജീവിക്കുന്നതുകൊണ്ട് ചികിത്സ ലഭിക്കാത്തവരായി ലോകത്തിലെങ്ങുമുള്ള അനേകം സഹോദരീസഹോദരന്മാരെപ്പറ്റി ഇരുപത്തിയെട്ടാം ലോകരോഗീദിനാചരണത്തില്‍ ചിന്തിക്കേണ്ടതുണ്ട്. സാമ്പത്തിക താല്‍പര്യങ്ങള്‍മൂലം സാമൂഹിക നീതി അവഗണിക്കാതിരിക്കാന്‍ ലോകമെങ്ങുമുള്ള ചികിത്സാ സ്ഥാപനങ്ങളെയും സര്‍ക്കാരിന്റെ നേതാക്കളും ശ്രദ്ധിക്കണം. ആരോഗ്യം സംരക്ഷിക്കാനും ലഭ്യമാക്കാനുമുള്ള സമുചിതമായ ചികിത്സ ഓരോ വ്യക്തിക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഐകദാര്‍ഢ്യത്തിന്റെയും ധനസഹായത്തിന്റെയും തത്വങ്ങളെ യോജിപ്പിച്ചുകൊണ്ട് സഹകരിക്കാനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?