Follow Us On

28

March

2024

Thursday

ഓരോ ആതുരശുശ്രൂഷകനും നല്ല സമരിയാക്കാരനാകണം; ലോക രോഗീദിനത്തിൽ പാപ്പ

ഓരോ ആതുരശുശ്രൂഷകനും നല്ല സമരിയാക്കാരനാകണം; ലോക രോഗീദിനത്തിൽ പാപ്പ

വത്തിക്കാൻ സിറ്റി: ഓരോ ആതുരശുശ്രൂഷകനും യേശുവിന്റെ ഊഷ്മളതയും വ്യക്തിഗത സമീപനവുമുള്ള നല്ല സമരിയാക്കാരനാകണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. 28ാമത് ലോക രോഗീദിനത്തിൽ സന്ദേശം നൽകുകയായിരുന്നു പാപ്പ. ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെയടുക്കൽ വരുവിൻ’ എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 11നാണ് കത്തോലിക്കാ സഭ ലോക രോഗീദിനം അനുസ്മരിച്ചതും. രോഗികളെ പരിചരിക്കുന്ന ആരോഗ്യവിദഗ്ദരെയും ശുശ്രൂഷകരെയും പാപ്പ അഭിനന്ദിക്കുകയും ചെയ്തു.

സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടർക്കും അടിച്ചമർത്തുന്ന സാമുഹ്യ വ്യവസ്ഥകൾക്കും നിയമങ്ങൾക്കും ഇരകളാകുന്നവർക്കും ഉള്ളതാണ് ക്രിസ്തുവിന്റെ സാന്ത്വനവും പ്രത്യാശയും സഹാനുഭൂതിയും. എന്തുകൊണ്ടെന്നാൽ മനുഷ്യരുടെ പാപപരിഹാരബലിയായി കുരിശിൽ തറയ്ക്കപ്പെട്ടപ്പോൾ തന്റെ പിതാവിൽ നിന്നും ആശ്വാസം തേടിയവനാണ് ക്രിസ്തു. എന്തെന്നാൽ കഷ്ടപ്പാടുകൾ അനുഭവിച്ചവർക്ക് മാത്രമേ മറ്റൊരാളെ ആശ്വസിപ്പിക്കാൻ കഴിയുകയുള്ളു, പാപ്പ പറഞ്ഞു.

രോഗാവസ്ഥയിൽ കഴിയുന്നവർക്ക് വ്യക്തിഗത സമീപനമാണ് ആവശ്യം. വൈദ്യചികിത്സക്കും പിന്തുണയ്ക്കും പുറമേ കരുതലും ശ്രദ്ധയും നിറഞ്ഞ സ്‌നേഹമാണ് അവർ പ്രതീക്ഷിക്കുന്നത്. നല്ല സമരിയാക്കാരന്റെ സത്രമാണ് സഭ. ക്രിസ്തു നമുക്ക് കുറിപ്പടികൾ നൽകിയില്ല, മറിച്ച് അവന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും നമ്മെ തിന്മയുടെ ശക്തികളിൽ നിന്നും രക്ഷിച്ചു. അങ്ങനെ ക്രിസ്തുവാകുന്ന നല്ല സമരിയാക്കാരന്റെ സത്രമായി സഭ രൂപംകൊണ്ടു.

ഓരോ വ്യക്തിയുടെയും അന്തസ്സും ജീവനും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാകണം നമ്മുടെ ഓരോ പ്രവർത്തികളും. ദയാവധം, ആത്മഹത്യ തുടങ്ങിയ ജീവൻ വിരുദ്ധ നടപടികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കണം. യുദ്ധങ്ങളിലും അക്രമങ്ങളിലും ആരോഗ്യപരിപാലന വിദഗ്ധരും ശുശ്രൂഷകരും ആക്രമിക്കപ്പെടാറുണ്ടെന്നും ചില മേഖലകളിൽ രാഷ്ട്രീയ അധികാരികൾ സ്വന്തം നേട്ടത്തിനായി ഈ തൊഴിലിനെയും അതിന്റെ നിയമാനുസൃത സ്വയംഭരണത്തെയും പരിമിതപ്പെടുത്തുന്നതിലുള്ള ആശങ്കയും പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?