Follow Us On

31

March

2020

Tuesday

നിന്നിലും ഉണ്ട് ഒരു ഫരിസേയന്‍!

നിന്നിലും ഉണ്ട് ഒരു ഫരിസേയന്‍!

മത്തായി 5:20 വചനം ധ്യാനവിഷയമാക്കുകയാണ്-” നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു.” നിയമജ്ഞരുടെയും ഫരിസേയരുടെയും നീതി ഒരേപോലത്തത് ആയിരുന്നു. ഇന്ന് ഫരിസേയരുടെ പ്രത്യേകതകള്‍ പരിശോധിക്കുകയാണ്.
ക്രിസ്തുവിന് 167 വര്‍ഷങ്ങള്‍ക്കുമമ്പ് (167 ബി.സി) രൂപപ്പെട്ട യഹൂദരുടെ ഇടയിലെ ഒരു പ്രത്യേക വിഭാഗമാണ് ഫരിസേയര്‍. ജറുസലേം ആയിരുന്നു അവരുടെ കേന്ദ്രം. ബി.സി. 165-160 കാലഘട്ടത്തില്‍ നടന്ന മക്കബായ വിപ്ലവത്തോടുകൂടിയാണ് ഇവരുടെ പിറവി. ഫരിസേയരുടെ പ്രത്യയശാസ്ത്രം പ്രധാനമായും താഴെ പറയുന്ന ആശയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. ഒന്ന്, തെയോക്രസി അഥവാ മതാധിപത്യഭരണം. മതനേതാക്കളുടെ നിയന്ത്രണത്തിലുള്ള ഭരണകൂടമാണ് അവര്‍ വിഭാവനം ചെയ്തത്.
രണ്ട്, ഓറല്‍ തോറ. പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങള്‍ അടങ്ങിയ ഭാഗത്തെയാണ് പഞ്ചഗ്രന്ഥി അഥവാ തോറ എന്ന് പറയുന്നത്. മോശവഴി നല്‍കപ്പെട്ടതും എഴുതപ്പെട്ടതുമായ നിയമങ്ങളാണ് തോറ. എന്നാല്‍ എഴുതപ്പെട്ട നിയമങ്ങള്‍ക്കൊപ്പം വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ട നിയമങ്ങളും വ്യാഖ്യാനങ്ങളുംകൂടി അനുസരിക്കണമെന്ന് ഫരിസേയര്‍ പഠിപ്പിച്ചു. വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ട നിയമങ്ങളെയും വ്യാഖ്യാനങ്ങളെയുമാണ് ഓറല്‍ തോറ എന്ന് പറയുന്നത്.
മൂന്ന്, ജനകീയത അഥവാ പോപ്പുളിസം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ഭരണ-വരേണ്യ വര്‍ഗങ്ങള്‍ പരിഗണിക്കുന്നില്ല എന്ന് പ്രചരിപ്പിച്ച് ജനപിന്തുണ തേടുന്ന രീതിയാണ് പോപ്പുളിസം.
നാല്, ഇവര്‍ സ്വര്‍ഗം, നരകം, മരണാനന്തര ജീവിതം തുടങ്ങിയവയില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ സദുക്കായര്‍ എന്ന് പറയുന്ന യഹൂദവിഭാഗം ഇത്തരം കാര്യങ്ങളില്‍ വിശ്വസിച്ചിരുന്നില്ല.
ഫരിസേയരും നിയമജ്ഞരും സദുക്കായരും പഴയനിയമത്തെയും മോശയുടെ നിയമങ്ങളെയും വ്യാഖ്യാനിച്ച് പുതിയ ധാരാളം നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതുവഴി അവര്‍ ജനങ്ങളുടെ ജീവിതം ദുഃസഹമാക്കുകയും ചെയ്തിരുന്നു. അവരുടെ ജീവിതവും പഠനങ്ങളും ദൈവം ആഗ്രഹിക്കുന്ന തരത്തില്‍ ആയിരുന്നില്ല. ദൈവത്തിന് അംഗീകരിക്കാന്‍ കഴിയാതിരുന്ന ഫരിസേയരുടെ നീതിയുടെ പ്രത്യേകതകള്‍ ചുവടെ പറയുന്നു.
അവര്‍ അധരംകൊണ്ട് ദൈവത്തെ ആരാധിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയം ദൈവത്തില്‍നിന്ന് വളരെ ദൂരെയാണ്. മനുഷ്യരുടെ കല്‍പനകള്‍ അവര്‍ പ്രമാണങ്ങളായി പഠിപ്പിക്കുന്നു. ദൈവത്തിന്റെ കല്‍പന ഉപേക്ഷിച്ച്, മനുഷ്യരുടെ പാരമ്പര്യം മുറുകെ പിടിക്കുന്നു. കൗശലപൂര്‍വം ദൈവകല്‍പന അവഗണിക്കുന്നു (മര്‍ക്കോസ് 7:7-9).
പുറമേ ഉള്ള ശുദ്ധിക്ക് വലിയ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ഉള്ളില്‍ ശുദ്ധിയില്ല. പാത്രങ്ങളുടെ പുറം കഴുകി വൃത്തിയാക്കുന്നു. എന്നാല്‍ അവരുടെ ഉള്ളില്‍ അക്രമവും കവര്‍ച്ചയും ദുഷ്ടതയുമാണ് (ലൂക്കാ 11:39; മത്തായി 23:25,27,28).
അവര്‍ അന്ധരായ മാര്‍ഗദര്‍ശികളാണ്. അവര്‍ ഒട്ടകത്തെ വിഴുങ്ങുകയും കൊതുകിനെ അരിച്ചെടുക്കുകയും ചെയ്യുന്നു (മത്തായി 23:24; ലൂക്കാ 11:32). അതായത്, അവര്‍ ഉണ്ടാക്കിയ നീതിക്ക് അവര്‍ വലിയ പ്രാധാന്യം നല്‍കുന്നു. എന്നാല്‍ ദൈവകല്‍പനകളെ ധിക്കരിക്കുന്നു.
സിനഗോഗുകളില്‍ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളില്‍ അഭിവാദനവും ആഗ്രഹിക്കുന്നു. അതായത്, അവര്‍ പൊങ്ങച്ചക്കാരാണ്; അഹങ്കാരികളാണ്. എല്ലാവരും തങ്ങളെ ആദരിച്ച് കൊണ്ടുനടക്കണം എന്നാഗ്രഹിക്കുന്നു (ലൂക്കാ 11:43; മത്തായി 25:5-10; മര്‍ക്കോസ് 12:38).
അവര്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍പോലെയാണ്. കുഴിമാടമാണ് എന്നറിയാതെ അതില്‍ ചവിട്ടി നടക്കുന്നവര്‍ വീഴുന്നു. അതായത്, ഫരിസേയര്‍ സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു (ലൂക്കാ 11:44).
തങ്ങളുടെ ആട് സാബത്തില്‍ കുഴിയില്‍ വീണാല്‍ പിടിച്ചു കയറ്റും. അത് സാബത്ത് ലംഘനമായി പരിഗണിക്കുന്നില്ല. എന്നാല്‍ സാബത്തുദിവസം രോഗികള്‍ വന്ന് സൗഖ്യം നേടിയാല്‍ തെറ്റ് (മത്തായി 12:9-14). അതായത്, സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി നിയമം വ്യാഖ്യാനിക്കുന്നു; പക്ഷേ മറ്റുള്ളവര്‍ക്ക് നന്മ ഉണ്ടാകാന്‍ തടസം നില്‍ക്കുന്നു.
  അവര്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കുവാന്‍ മറ്റുള്ളവരെ അനുവദിക്കുന്നുമില്ല (മത്തായി 23:13). അതായത്, ആധ്യാത്മികതയുടെ പേരില്‍ത്തന്നെ സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു.
വിധവകളെ ചൂഷണം ചെയ്യുന്നു.
  അതായത്, അവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിശ്വാസികളുടെതന്നെ ആത്മനാശത്തിന് കാരണമാകുന്നു.
  സാധാരണക്കാരെ ചെറിയ നിയമലംഘനങ്ങളുടെ പേരില്‍ ഞെരുക്കുന്നു
  അവര്‍ പറയുന്നു; പക്ഷേ പ്രവര്‍ത്തിക്കുന്നില്ല (മത്താ. 23:3). അവര്‍ ഉണ്ടാക്കുന്നതും പഠിപ്പിക്കുന്നതുമായ നിയമങ്ങള്‍ അവര്‍ അനുസരിക്കുന്നില്ല; സാധാരണക്കാര്‍ അവ അനുസരിക്കണം എന്ന് നിര്‍ബന്ധിക്കുന്നു. വലിയ വിരോധാഭാസം!
പ്രധാന കാര്യങ്ങള്‍ അവഗണിക്കുകയും അപ്രധാന കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു.
  ക്രിസ്തുവിനെ നിരന്തരം കുറ്റപ്പെടുത്തുക, എതിര്‍ക്കുക തുടങ്ങിയവ അവരുടെ രീതിയായിരുന്നു (മത്താ. 16:1; 19:3; മര്‍ക്കോ. 8:11; 10:2; 12:13; ).
•  യേശുവിനെ വിശ്വസിക്കുവാന്‍ അവര്‍ യേശുവില്‍നിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു. പക്ഷേ അടയാളങ്ങള്‍ പലത് കണ്ടിട്ടും അവര്‍ വിശ്വസിച്ചില്ല
പ്രിയപ്പെട്ടവരേ, സത്യസന്ധമായി പരിശോധിച്ചാല്‍ ഇതുപോലെയുള്ള നിരവധി ഫരിസേയ മനോഭാവങ്ങള്‍ നമ്മള്‍ ഓരോരുത്തരിലും ഇല്ലേ? അഥവാ നമ്മള്‍ എല്ലാവരിലും ഒരു ഫരിസേയന്‍ മറഞ്ഞിരിപ്പില്ലേ? നമ്മള്‍ ഓരോരുത്തരിലും കാപട്യങ്ങളും സത്യസന്ധത ഇല്ലായ്മയും അസഹിഷ്ണുതയും നിരപരാധികളെ കുറ്റം വിധിക്കുന്ന സ്വഭാവവും ഇല്ലേ? നമ്മുടെ സ്വന്തം കാര്യം വരുമ്പോള്‍ നമ്മള്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്യാറില്ലേ? മറ്റുള്ളവരുടെ കാര്യം വരുമ്പോള്‍ വലിയ കാര്‍ക്കശ്യം കാണിക്കാറില്ലേ?
അതിനാല്‍ ഫരിസേയരുടെ നീതിയെക്കാള്‍ വലിയ നീതിബോധം നമുക്ക് ആവശ്യമല്ലേ? ആ നീതിബോധം വേണം ആത്മരക്ഷയ്ക്ക് എന്നല്ലേ യേശു പഠിപ്പിക്കുന്നത്?

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?