Follow Us On

19

April

2024

Friday

ദൈവം അനുവദിക്കാത്ത സന്തോഷങ്ങള്‍

ദൈവം  അനുവദിക്കാത്ത  സന്തോഷങ്ങള്‍

ജീവിതം ആഘോഷമാക്കുന്നതിനുള്ള പരക്കം പാച്ചിലിലാണ് അനേകര്‍. മക്കളുടെ കാര്യത്തില്‍ മാതാപിതാക്കളുടെ ഉല്‍ക്കണ്ഠകള്‍ വര്‍ധിച്ചുവരുന്ന കാലമാണ്. അവരുടെ വഴിതെറ്റിയുള്ള സഞ്ചാരമാണ് മാതാപിതാക്കളെ വേദനിപ്പിക്കുന്നത്. അതേസമയം മക്കളോട് സംസാരിച്ചാല്‍ അവര്‍ പറയുന്നത് മറിച്ചായിരിക്കും. സുഹൃത്തുക്കളോടൊരുമിച്ച് ആഹ്ലാദിക്കുന്നതിന്റെ ഭാഗമാണ് ഒത്തുചേരലുകളും അതിന്റെ ഭാഗമായുള്ള മറ്റു കാര്യങ്ങളുമൊക്കെ. അതില്‍ അവര്‍ക്ക് കുണ്ഠിതമില്ലെന്നുമാത്രമല്ല, അതില്‍ ആശങ്കപ്പെടുന്ന മാതാപിതാക്കളുടെ രീതികളില്‍ വലിയ പ്രതിഷേധവുമുണ്ട്. പഠിക്കേണ്ട സമയത്ത് ഉഴപ്പിനടക്കുന്നതും മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും അവകാശമായിട്ടാണ് പലരും കാണുന്നതും. മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും രീതികള്‍ അവരുടെ കാഴ്ചപ്പാടുകളില്‍ പഴഞ്ചനാണ്. യുവജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ഒത്തുചേരലുകള്‍ക്ക് ആഹ്ലാദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ് ലഹരിയുടെ ഉപയോഗം. യഥാര്‍ത്ഥത്തില്‍ അതുവഴി ബന്ധങ്ങള്‍ വര്‍ധിക്കുകയോ സന്തോഷം ഇരട്ടിക്കുകയോ ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ചാല്‍ ഇല്ലെന്നായിരിക്കും ഉത്തരം. സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായതും അനാവശ്യമായ പ്രശ്‌നങ്ങളില്‍ അകപ്പെട്ടതുമൊക്കെ ഇത്തരം അവസരങ്ങളില്‍ ആയിരുന്നു.
സന്തോഷം കണ്ടെത്തുന്ന വഴികളാണ് ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നത്. കുടുംബങ്ങളില്‍ അസമാധാനങ്ങളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചാല്‍ അവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് സ്വന്തം സന്തോഷങ്ങള്‍ തേടിയുള്ള യാത്രകളാണെന്നു വ്യക്തം. സ്ഥിരമായി മദ്യപിക്കുന്ന കുടുംബനാഥന് പറയാനുള്ളത് സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതിനാല്‍ ചെയ്യുന്നതാണെന്നായിരിക്കും. എന്നാല്‍, തന്നെ കാത്തിരിക്കുന്ന ഭാര്യയെക്കുറിച്ചോ മക്കളെക്കുറിച്ചോ ഒന്നും ചിന്തിക്കുന്നില്ല. ഈ ശീലം കുടുംബത്തിന്റെ സമാധാനവും സന്തോഷവുമാണ് തല്ലിക്കെടുത്തുന്നതെന്ന് ചിന്തിക്കാന്‍ തുടങ്ങിയാല്‍ അങ്ങനെ ചെയ്യില്ല. സ്വന്തം സൗകര്യങ്ങളും സന്തോഷങ്ങളും വര്‍ധിപ്പിക്കാനുള്ള ഓട്ടത്തിലാണ് അനേകര്‍. പലരും സ്വന്തം താല്പര്യങ്ങള്‍ മാത്രമേ അവിടെ പരിഗണിക്കുന്നുള്ളൂ. സ്വാര്‍ത്ഥത വര്‍ധിക്കുന്നതിന്റെ കാരണം മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തതാണ്. എങ്ങനെയെങ്കിലും പണം സമ്പാദിക്കണമെന്ന ചിന്തയില്‍ ജീവിക്കുന്ന അനേകരുണ്ട്. പണം ഉണ്ടെങ്കില്‍ ജീവിതം വിജയിച്ചു എന്ന ചിന്തയാണ് അവരെ ഭരിക്കുന്നത്. അതിന് ഏതു മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും അവരെ സംബന്ധിച്ചിടത്തോളം തെറ്റല്ല. കൈക്കൂലി മേടിക്കുന്നതിലും അന്യായപ്പലിശ വാങ്ങുന്നതിലും മനഃസാക്ഷിക്കുത്ത് അനുഭവപ്പെടാത്തിന്റെ പിന്നില്‍ ഇത്തരം കാരണങ്ങളാണ്. സമൂഹത്തില്‍ നടക്കുന്ന അനീതികളെപ്പറ്റി മനുഷ്യര്‍ പലപ്പോഴും വാചലരാകാറുണ്ട്. സ്വാര്‍ത്ഥയാണ് അതിന്റെ പിന്നിലെന്ന് വ്യക്തമാണ്. അതിനെക്കുറിച്ച് പരാതിപ്പെടുമ്പോഴും നമ്മുടെ ഹൃദയത്തില്‍ സ്വാര്‍ത്ഥത കൂടുകൂട്ടിയിട്ടുണ്ടോ എന്ന് ചിന്തിക്കണം.
മക്കള്‍ ദുഃഖത്തിലും നിരാശയിലും കഴിയണമെന്ന് മാതാപിതാക്കള്‍ ഒരിക്കലും ആഗ്രഹിക്കില്ല. പെറ്റമ്മ നിന്നെ മറന്നാലും ഞാന്‍ നിന്നെ മറക്കില്ലെന്ന് പറയുന്ന ദൈവം (ഏശയ്യാ 49:15) അപ്പോള്‍ എത്രയധികമായിട്ടായിരിക്കും മനുഷ്യരുടെ സന്തോഷം ആഗ്രഹിക്കുന്നത്. എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അതിനാല്‍ മനുഷ്യര്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും അവന് ആഹ്ലാദംപകരുന്ന കൂട്ടായ്മകളില്‍ പങ്കുചേരുന്നതും തെറ്റല്ല. എന്നാല്‍, സന്തോഷം കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ ദൈവം അംഗീകരിക്കുന്നവയാണോ എന്നൊരു ചോദ്യമുണ്ട്. ദൈവം സാധൂകരിക്കുന്നതാണെങ്കില്‍ കുടുംബത്തിനും സമൂഹത്തിനും അത് അസ്വസ്ഥതകള്‍ക്ക് കാരണമാകില്ല. എന്റെ ആഹ്ലാദങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് വേദനകളാണ് സമ്മാനിക്കുന്നതെങ്കില്‍ അതു ദൈവം അംഗീകരിക്കുന്നവയല്ല. അവ നമ്മെ നയിക്കുന്നത് തകര്‍ച്ചയുടെ വഴികളിലേക്ക് ആയിരിക്കും. ദൈവം അംഗീകരിക്കാത്ത മാര്‍ഗങ്ങളിലുള്ള സന്തോഷങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ കഴിയണം. അതിന് വിലകൊടുപ്പിന്റെ തലമുണ്ട്.
ചിലപ്പോള്‍ സുഹൃത്തുക്കളുടെയും മറ്റുള്ളവരുടെയും കളിയാക്കലുകള്‍ നേരിടേണ്ടതായി വന്നേക്കാം. അത്തരം അവസരങ്ങളില്‍ തീര്‍ച്ചയായും ദൈവം നമ്മോടു കൂടെ ഉണ്ടാകും. ദൈവത്തോടൊപ്പം യാത്ര ചെയ്യാനാകുക എന്നതില്‍ കവിഞ്ഞ് എന്ത് സന്തോഷമാണ് ഒരാള്‍ക്കു ലഭിക്കുക. സമൂഹത്തിനും പ്രിയപ്പെട്ടവര്‍ക്കും വേദനകള്‍ സമ്മാനിക്കുന്ന ആഹ്ലാദങ്ങളില്‍ പങ്കുചേരില്ലെന്ന് തീരുമാനിക്കാന്‍ കഴിഞ്ഞാല്‍ ജീവിതംതന്നെ മാറിമറിയും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?