Follow Us On

31

March

2020

Tuesday

വേഗത കുറയ്ക്കൂ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നു

വേഗത കുറയ്ക്കൂ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നു

വേള്‍ഡ് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്‍ പുറത്തിറക്കിയ 2010-ലെ വേള്‍ഡ് റോഡ് സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ച് ലോകത്ത് ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ നടക്കുന്ന ആദ്യത്തെ മൂന്ന് രാജ്യങ്ങള്‍ ഇവയാണ്: ഒന്നാം സ്ഥാനത്ത് അമേരിക്ക. ശരാശരി അപകടങ്ങള്‍ 16,30,300. രണ്ടാം സ്ഥാനത്ത് ജപ്പാന്‍ – ശരാശരി 7,66,147 അപകടങ്ങള്‍. മൂന്നാം സ്ഥാനത്ത് ഇന്ത്യ – ശരാശരി 4,84,704. എന്നാല്‍ റോഡപകടങ്ങളില്‍ ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഇന്ത്യയിലാണ്. 2008-ലെ മരണപ്പെട്ടവരുടെ എണ്ണം ഇങ്ങനെയാണ്: ഇന്ത്യ 1,19,860, ചൈന 73,484, അമേരിക്ക 37,261. ഇപ്പോള്‍ ലഭ്യമായ കണക്കനുസരിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം റോഡപകടങ്ങളില്‍ മരിക്കുന്നത് ഏകദേശം ഒന്നരലക്ഷം ആളുകളാണ്. ഒരു ദിവസം ഏകദേശം 400 പേര്‍ വീതം. 2015-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ ഉണ്ടാകുന്നത് (33%) യു.പി, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്.

2015-16-ല്‍ കേരളത്തില്‍ നടന്ന വാഹന അപകടങ്ങള്‍

വാഹനം അപകടങ്ങളുടെ എണ്ണം ശതമാനം
ഇരുചക്രവാഹനങ്ങള്‍ 31,595 51.84
കാര്‍ 1,831 19.41
ഓട്ടോറിക്ഷ 6,272 10.30
ചരക്ക് വാഹനങ്ങള്‍ 3,933 6.48
സ്വകാര്യ ബസുകള്‍ 3,303 5.72
കെ.എസ്.ആര്‍.ടി.സി ബസുകള്‍ 1,330 2.18
ജീപ്പ് 778 1.28
പലവക വാഹനങ്ങള്‍ 1699 2.79

 

കേരളത്തിലെ റോഡ് അപകടങ്ങള്‍

• 2001 മുതല്‍ 2019 വരെ കേരളത്തില്‍ നടന്ന റോഡപകടങ്ങള്‍ : 7,20,299.
• മരണപ്പെട്ടവര്‍ : 71,692.
• പരിക്കേറ്റവര്‍ : 8,48,365.
കേരളത്തില്‍ 1980-81-ല്‍ ഉണ്ടായ റോഡപകടങ്ങള്‍ 7,064 ആയിരുന്നു. ഇപ്പോള്‍ അത് ഒരു വര്‍ഷം 40,000-ത്തിലധികമാണ്. ഓരോ വര്‍ഷവും റോഡപകടങ്ങള്‍മൂലം കേരളത്തില്‍ മരിക്കുന്നവരുടെ എണ്ണം നാലായിരത്തിലധികവും.

ഈ കണക്കുകളില്‍നിന്ന് വ്യക്തമാകുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് ഇരുചക്രവാഹനങ്ങളാണ്. രണ്ടാം സ്ഥാനത്ത് കാറുകളും. അപകടങ്ങളില്‍ മരിക്കുന്നവരില്‍ പകുതിയിലധികംപേര്‍ പതിനഞ്ചിനും 44-നും ഇടയ്ക്ക് പ്രായമുള്ളവരാണ്. അതായത് യുവജനങ്ങളും മധ്യവയസ്‌കരും. കുടുംബത്തിന്റെയും രാജ്യത്തിന്റെയും ഭാവിപ്രതീക്ഷയും ഇപ്പോള്‍ കുടുംബത്തിന്റെ അത്താണിയായിട്ടുള്ളവരും. ഇത് സൃഷ്ടിക്കുന്ന വേദനയും നഷ്ടങ്ങളും അളക്കാന്‍ കഴിയുമോ?

സാമ്പത്തിക വശങ്ങള്‍

1998-ല്‍ റോഡ് അപകടങ്ങള്‍മൂലം കേരളത്തിന്റെ നഷ്ടം 316 കോടിയും 2004-ല്‍ 453.8 കോടിയുമാണ്. താഴെ പറയുന്ന ഇനങ്ങളില്‍ ആയിട്ടാണ് നഷ്ടം കണക്കാക്കുന്നത്.
• ഉല്‍പ്പാദന നഷ്ടം : 57 ശതമാനം
• ചികിത്സാ ചെലവുകള്‍ : 14 ശതമാനം
• ഭരണച്ചെലവ് (പോലിസ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയവ) : 7 ശതമാനം
• കോടതി ചെലവുകള്‍ : 6 ശതമാനം
• മനുഷ്യരുടെ സഹനങ്ങളുടെ മൂല്യം : 16 ശതമാനം.
സംസ്ഥാനത്തിന് ഗണ്യമായ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്ന ഒരു പ്രശ്‌നമാണ് റോഡ് അപകടങ്ങള്‍. സംസ്ഥാനത്തിന് മാത്രമല്ല, അപകടത്തില്‍പ്പെടുന്ന വ്യക്തികളുടെ കുടുംബത്തിനും ഇത് വലിയൊരു കെണിയാണ്. മരണപ്പെടുന്നവരുടെ വരുമാനനഷ്ടം, പരുക്കു പറ്റുന്നവര്‍ക്ക് ജോലിക്ക് കുറെക്കാലത്തേക്ക് എങ്കിലും പോകാന്‍ പറ്റാത്തതിന്റെ നഷ്ടം, ചികിത്സാ ചെലവുകള്‍, എതിര്‍കക്ഷിക്ക് കൊടുക്കേണ്ടി വരുന്ന നഷ്ടപരിഹാരം, വാഹനം നന്നക്കാനുള്ള ചെലവ്, കുടുംബത്തിനുണ്ടാകുന്ന ഇതര ചെലവുകള്‍ എന്നിവയെല്ലാം കൂട്ടുമ്പോള്‍ അനേക കുടുംബങ്ങളുടെ അടിത്തറ ഇളക്കുന്ന പ്രശ്‌നമാണിത്.

കാരണങ്ങള്‍

ട്രാഫിക് നിയമങ്ങള്‍ അറിയാത്തതും അനുസരിക്കാത്തതും. ഇരുചക്രവാഹനങ്ങളുടെ പെരുപ്പം. വലിയ വാഹനങ്ങളുടെ നിയമലംഘനം നടത്തിക്കൊണ്ടുള്ള ഡ്രൈവിങ്ങ്. പ്രത്യേകിച്ച് സ്വകാര്യബസുകളും ടിപ്പറുകളും. ഓവര്‍ സ്പീഡ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത്. മോശമായ റോഡുകള്‍. ഹെല്‍മറ്റ് ഉപയോഗിക്കാത്തത്. മൊബൈല്‍ ഫോണിന്റെ ഉപയോഗം. വഴിയാത്രക്കാരുടെ അശ്രദ്ധ. മോശം കാലാവസ്ഥ.
ചുരുക്കിപ്പറഞ്ഞാല്‍ വാഹനം ഓടിക്കുന്നവരുടെ കുറ്റംകൊണ്ടാണ് അധികം അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നത്.

അപകടങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍

വാഹനം ഓടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. റോഡ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അംഗീകരിക്കണം. ഡ്രൈവര്‍മാര്‍ ഇതര വാഹനങ്ങളെയും വഴി നടക്കുന്നവരെയും ബഹുമാനിക്കണം. തെറ്റായ വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ്ങ്, ട്രാക്ക് പാലിക്കാത്ത ഡ്രൈവിങ്ങ്, ഓവര്‍ സ്പീഡ് എന്നിവ അവസാനിപ്പിക്കണം. ട്രാഫിക് സിഗ്നലുകള്‍ അനുസരിക്കുന്നതിനൊപ്പം ഓവര്‍ടേക്കിങ്ങിലും ഡ്രൈവിംഗിന്റെ ഭാഗമായ സിഗ്നലുകള്‍ ഉപയോഗിക്കുന്നതും ശീലമാക്കി മാറ്റണം. മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് യാതൊരു മുന്‍കരുതലും എടുക്കാന്‍ കഴിയാത്തവിധം പെട്ടെന്ന് ട്രാക്ക് മാറുക, യു-ടേണ്‍ എടുക്കുക എന്നിവ ഒരിക്കലും ചെയ്യരുത്. അനുവാദം ഉള്ളിടത്തുമാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. മേല്‍വിവരിച്ചവയൊക്കെ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഹെല്‍മറ്റ് ധരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കുക, വാഹനത്തിന്റെ ഫിറ്റ്‌നസ് ഉറപ്പാക്കുക തുടങ്ങിയവയും വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.

കുടുംബമായി യാത്ര ചെയ്യുന്ന ഇരുചക്രവാഹനയാത്രക്കാരുടെ ഹെല്‍മറ്റ് പലപ്പോഴും ഭാര്യമാരുടെ കൈകളിലാണ്. ഭര്‍ത്താവും ഭാര്യയും ഒന്നും രണ്ടും കുഞ്ഞുങ്ങളുമായി ഹെല്‍മറ്റ് കൈയില്‍ തൂക്കി പറപറക്കുമ്പോള്‍ ഭാര്യമാരുടെ ചങ്ക് എങ്കിലും ഒന്നു പിടക്കണ്ടേ? ഹെല്‍മറ്റ് വയ്ക്കാനും വേഗത കുറയ്ക്കാനും ഭര്‍ത്താവിനെ ഓര്‍മിപ്പിക്കണം. അപകടങ്ങളില്‍ മരിക്കുന്നവരില്‍ പകുതിയിലധികംപേര്‍ 15-നും 44-നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

 

കാല്‍നടയാത്രക്കാരുടെ ശ്രദ്ധയ്ക്ക്

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് വഴിയാത്രക്കാരുടെ സഹകരണവും ആവശ്യമുണ്ട്. കാല്‍നടയാത്രക്കാര്‍ റോഡിന്റെ സൈഡില്‍ക്കൂടി മാത്രം നടക്കുക. ഇഷ്ടമുള്ളിടത്തൊക്കെ ഒരു ശ്രദ്ധയും ഇല്ലാതെ റോഡ് മുറിച്ച് കടക്കുക, റോഡില്‍നിന്നു സംസാരിക്കുക തുടങ്ങിയവ ഒഴിവാക്കണം.
ഗവണ്‍മെന്റ്, പോലിസ്, മോട്ടോര്‍ വാഹനവകുപ്പ്, പിഡബ്ല്യു.ഡി, വാട്ടര്‍ അതോറിട്ടി, വൈദ്യുതി വകുപ്പ് തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളും റോഡപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ കാണിക്കണം. നല്ല റോഡുകള്‍ ഉണ്ടാക്കുക എന്നത് ഏറ്റവും പ്രധാനമാണ്. റോഡില്‍ സിഗ്നല്‍ ലൈറ്റുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിക്കുക, റോഡിലെ കുഴികള്‍ അടയ്ക്കുക, വഴിവിളക്കുകള്‍ സ്ഥാപിക്കുക എന്നിവയൊക്കെ വേണ്ടവിധം നടപ്പിലാക്കിയാല്‍ ധാരാളം അപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയും. നിയമം കര്‍ശനമായി നടപ്പിലാക്കിയാല്‍ അപകടങ്ങള്‍ കുറയും. എന്നാല്‍ ഇതിലും പ്രധാനം വാഹനം ഓടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ സ്വയം അനുസരിക്കുക എന്നതാണ്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചിലത് ചെയ്യാനുണ്ട്. റോഡില്‍ എഴുതുന്നതും കമാനങ്ങള്‍ വയ്ക്കുന്നതും ഒഴിവാക്കണം. റോഡില്‍ ആകെ ഉണ്ടാകേണ്ട എഴുത്തും വരയും വാഹനം ഓടിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും വിവരങ്ങളും നല്‍കുന്നവമാത്രം ആയിരിക്കണം. പലപ്പോഴും വരകളും മറ്റും കാണുമ്പോള്‍ ഹമ്പ് ആണോ ഡിവൈഡര്‍ ആണോ പാര്‍ട്ടിക്കാരുടെ വക വരയും കുറിയും ആണോ എന്ന് തിരിച്ചറിയാന്‍ പറ്റാറില്ല.
പലപ്പോഴും കുടുംബമായി യാത്ര ചെയ്യുന്ന ഇരുചക്രവാഹനയാത്രക്കാരുടെ ഹെല്‍മറ്റ് ഭാര്യമാരുടെ കൈകളിലാണ്. ഭര്‍ത്താവും ഭാര്യയും ഒന്നും രണ്ടും കുഞ്ഞുങ്ങളുമായി ഹെല്‍മറ്റ് കൈയില്‍ തൂക്കി പറപറക്കുമ്പോള്‍ ഭാര്യമാരുടെ ചങ്ക് എങ്കിലും പിടക്കണ്ടേ? ഹെല്‍മറ്റ് വയ്ക്കാനും വേഗത കുറയ്ക്കാനും ഭര്‍ത്താവിനെ ഓര്‍മിപ്പിക്കണം. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കാം. ട്രാഫിക് നിയമങ്ങള്‍ കൃത്യമായി അനുസരിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കുക, റോഡിലെ കുഴികള്‍ അടയ്ക്കുക, വേണ്ടത്ര മുന്‍കരുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക, വഴിയാത്രക്കാര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കുക തുടങ്ങിയവ വളരെ അനിവാര്യമാണ്.
നമ്മുടെ റോഡുകള്‍ സുരക്ഷിതമാക്കാം. അപകടങ്ങളുടെ എണ്ണം കുറയ്ക്കാം. റോഡില്‍ ജീവന്‍ പൊലിയാതിരിക്കട്ടെ. വീടിന്റെ വിളക്ക് അണയാതിരിക്കട്ടെ. കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ ഇളകാതിരിക്കട്ടെ. നമുക്ക് അല്‍പംകൂടി ശ്രദ്ധിക്കാം.

ഫാ. ജോസഫ് വയലില്‍ സി.എം.ഐ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?