Follow Us On

28

March

2024

Thursday

ഒന്‍പത് കുട്ടികളുള്ള വലിയ കുടുംബം…

ഒന്‍പത് കുട്ടികളുള്ള  വലിയ കുടുംബം…

താമരശേരി രൂപതയില്‍ പുതിയ തലമുറയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള ദമ്പതികളുടെ മുന്‍നിരയിലാണ് മേലേടത്ത് മാത്യുവിന്റെയും സിനിയുടെയും സ്ഥാനം. ചമല്‍ സ്വദേശികളായ ഇവരുടെ ഒന്‍പതാമത്തെ കുട്ടിയുടെ മാമ്മോദീസാ താമരശേരി ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ നടത്തി. ഏഴ് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്ന ഇവരുടെ വലിയ കുടുംബത്തിലേക്ക് ഏറ്റവും ഒടുവിലായി കടന്നു വന്ന ജിയ മരിയക്ക് മാത്രമാണ് സിസേറിയന്‍ വേണ്ടിവന്നത്.
വിവാഹത്തിന് മുമ്പ് ജീസസ് യൂത്തില്‍ സജീവമായിരുന്ന ദമ്പതികള്‍ കുടുംബജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍ നടത്തിയ ബോധപൂര്‍വമായ ഒരു തെരഞ്ഞെടുപ്പായിരുന്നു കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബം. കെട്ടിടനിര്‍മാണതൊഴിലാളിയായി ജോലി ചെയ്യുന്ന മാത്യുവിന്റെയും സിനിയുടെയും ഓരോ ദിവസത്തെ ജീവിതവും ഇന്നൊരു അത്ഭുത കാഴ്ചയാണ്. എല്‍കെജിയില്‍ പഠിക്കുന്ന എട്ടാമത്തെ കുട്ടിയായ ഡിയാ മുതല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിനൂജ് വരെയുള്ളവര്‍ വിദ്യാര്‍ത്ഥികളാണ്. മൂത്ത മകള്‍ നിമ ബംഗളൂരുവില്‍ എസ്എംഐ സന്യാസിനി സഭയില്‍ ചേര്‍ന്ന് പഠനം നടത്തുന്നു. രണ്ടാമത്തെ മകന്‍ ദീപക്കും സെമിനാരി വിദ്യാര്‍ത്ഥിയാണ്. ഏലിയാ പ്രവചാകന് കാക്കയെ അയച്ച് ഭക്ഷണമൊരുക്കിയ ദൈവം തന്റെ കുടുംബത്തെയും കാത്തുപരിപാലിക്കുമെന്ന കാര്യത്തില്‍ മാത്യുവിന് സംശയങ്ങളില്ല. സഹായത്തിനായി മറ്റുള്ളവരെ സമീപിക്കാതെ തന്നെ ആവശ്യമുള്ളവ തക്ക സമയത്ത് ലഭിച്ചതിന്റെ അനുഭവങ്ങളാണ് മാത്യുവിന് ഇത് പറയാന്‍ ആത്മവിശ്വാസം നല്‍കുന്നത്. മറ്റുള്ളവരെ ആശ്രയിക്കാതെ കുടുംബം മുന്നോട്ടു കൊണ്ടുപോകണം എന്ന് പറയുന്നവരോട് മാത്യുവിന് ഒരു മറുചോദ്യം ചോദിക്കാനുണ്ട് – മറ്റുള്ളവരുടെ സഹായം സ്വീകരിക്കാതെ ഏതെങ്കിലും മനുഷ്യന് ജീവിക്കാനാകുമോ?
ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമുണ്ടായിട്ടും അവരെ വളര്‍ത്താന്‍ പാടുപെടുന്ന മാതാപിതാക്കള്‍ക്കുള്ള ഒരു പാഠപുസ്തകം കൂടിയാണ് ഇവരുടെ ജീവിതം.
പ്രാര്‍ത്ഥിച്ചൊരുങ്ങിയാണ് ഒരോ കുട്ടിയെയും സ്വീകരിച്ചത്. മൂത്ത കുട്ടികളുടെ തണലില്‍ വളരുന്നതിനാല്‍ ഇളയ കുട്ടികളെല്ലാവരും വളരെ ചെറുപ്പത്തില്‍ത്തന്നെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തി കൈവരിച്ചതായി മാത്യു പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?