Follow Us On

17

February

2020

Monday

വിശ്വാസപാരമ്പര്യം വിളിച്ചോതുന്ന ‘പൈതൃകം’ നാടകം

വിശ്വാസപാരമ്പര്യം വിളിച്ചോതുന്ന ‘പൈതൃകം’ നാടകം

തൃശൂര്‍ അതിരൂപതയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ കൊട്ടേക്കാട് ഫൊറോന ദൈവാലയത്തില്‍ നാട്ടുകാരായ 125 പേര്‍ അഭിനയിച്ച ‘പൈതൃകം’ നാടകം അരങ്ങിലെത്തി. നാടിന്റെ സാംസ്‌കാരിക പൈതൃകവും വിശ്വാസ പാരമ്പര്യവും വിളംബരം ചെയ്യുന്ന ‘പൈതൃകം’ നാടകമാണ് ഇടവകക്കാരുടെ കൂട്ടായ്മയില്‍ അരങ്ങിലെത്തിയത്.
ആയിരത്തിലേറെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കൊട്ടേക്കാട് സെന്റ് മേരീസ് ഫൊറോന ഇടവകയുടെ രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള വിശ്വാസപാരമ്പര്യമാണ് പൈതൃകം എന്ന നാടകത്തിലൂടെ അനാവരണം ചെയ്തത്. വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ച പാലയൂര്‍ ദൈവാലയത്തില്‍ നിന്നാരംഭിച്ച വിശ്വാസ പാരമ്പര്യമാണ് കൊട്ടേക്കാട്ടുകാരുടേത്. പിന്നീട് കൊട്ടേക്കാട്ടുകാരുടെ വിശ്വാസകേന്ദ്രം മറ്റേപള്ളി എന്നറിയപ്പെട്ട മറ്റംപള്ളിയായി. യാത്രാസൗകര്യം വളരെ പരിമിതമായിരുന്ന അക്കാലത്ത് വള്ളങ്ങളിലും കാളവണ്ടികളിലുമായിരുന്നു യാത്ര. യാത്രാക്ലേശവും വിശ്വാസത്തിലധിഷ്ഠിതമായ ഇച്ഛാശക്തിയും ചേര്‍ന്നപ്പോള്‍ കൊട്ടേക്കാട്ടുകാര്‍ ആയിരത്തിലേറെ വര്‍ഷം മുമ്പ് ദൈവാലയം നിര്‍മിച്ച ചരിത്രം നാടകത്തിലുണ്ട്.
ഇപ്പോള്‍ കൊട്ടേക്കാട് ദൈവാലയം പുതുക്കി പണിയുന്ന സാഹചര്യത്തില്‍ പഴയ ചരിത്രത്തിലേക്കുള്ള എത്തിനോട്ടമായി നാടകം. മാലാഖമാരുടെ നൃത്തവും മാര്‍ഗംകളിയും അടക്കമുള്ള നൃത്തരൂപങ്ങള്‍ കോര്‍ത്തിണക്കിയ നാടകത്തില്‍ അക്കാലത്തെ സാംസ്‌കാരികതയുടെ തുടിപ്പുകളുമുണ്ട്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ തോമാശ്ലീഹായുടെ വരവും പൂര്‍വികരുടെ കഷ്ടപ്പാടുകളും വിശ്വാസതീക്ഷ്ണതയും ഒടുവില്‍ ഫാത്തിമ നാഥയുടെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ നേടുന്നതുമെല്ലാം ജീവിതഗന്ധിയായി അവതരിപ്പിച്ചിട്ടുണ്ട്.
വികാരി ഫാ. ജോജു ആളൂരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഫാ. റോബിന്‍ ചെമ്പന്നൂക്കാരനാണ് നാടകത്തിന് നേതൃത്വം നല്‍കിയത്. ഒരു മാസത്തോലം റിഹേഴ്‌സല്‍ ക്യാമ്പ് നടന്നപ്പോള്‍ ഇടവകജനത്തിന്റെ കൂട്ടായ്മയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. ഫ്രാന്‍സിസ് ആളൂര്‍ തിരക്കഥയും ഡേവീസ് മാറോക്കി സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സൈജോ ചാലിശേരി തൃശൂര്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?