Follow Us On

09

April

2020

Thursday

നോമ്പുകാല ജീവിതം

നോമ്പുകാല ജീവിതം

ഫെബ്രുവരി 24-ന് അമ്പതുനോമ്പ് തുടങ്ങുകയാണ്. ഒരു മനുഷ്യന്‍ ആദ്യമായി 40 ദിനരാത്രങ്ങള്‍ തുടര്‍ച്ചയായി ഉപവസിച്ചതിന്റെ കാര്യം നിയമാവര്‍ത്തനം 9:9-10 വചനങ്ങളില്‍ പറയുന്നുണ്ട്. ആ വ്യക്തി മോശയാണ്. പത്ത് കല്‍പനകള്‍ സ്വീകരിക്കുവാന്‍ സീനായ്മലയില്‍ ചെന്നപ്പോള്‍, കല്‍പനകള്‍ സ്വീകരിക്കുന്നതിനുമുമ്പ് തുടര്‍ച്ചയായി 40 ദിനരാത്രങ്ങള്‍ മോശ ഭക്ഷണവും വെള്ളവും ഇല്ലാതെ ജീവിച്ചു. പിന്നീട് ഒരു ജനം ഒന്നായി ഉപവസിച്ച് പ്രാര്‍ത്ഥിച്ചതിന്റെ വിവരം യോനായുടെ പുസ്തകത്തില്‍ മൂന്നാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. തങ്ങളുടെ പാപങ്ങള്‍നിമിത്തം ദൈവം നിനവെ നഗരത്തെ നശിപ്പിക്കുവാന്‍ ആലോചിക്കുന്നു എന്നറിഞ്ഞ നിനവെയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുകയും ഉപവാസം പ്രഖ്യാപിക്കുകയും ചെയ്തു. ഈ വാര്‍ത്ത കേട്ട് രാജാവ് ചാക്ക് ഉടുത്ത് ചാരത്തിലിരുന്ന് ഉപവാസത്തില്‍ പങ്കുചേരുകയും സര്‍വരും ചാക്കുവസ്ത്രം ധരിച്ച് ഉപവസിക്കണം എന്ന് കല്‍പന പുറപ്പെടുവിക്കുകയും ചെയ്തു. അവരുടെ ഉപവാസം, പ്രാര്‍ത്ഥന, അനുതാപം എന്നിവ കണ്ട ദൈവം ശിക്ഷ പിന്‍വലിച്ചു. ഉപവാസത്തിന്റെ മറ്റൊരു സംഭവം 2 സാമുവല്‍ 12:1-23 വചനങ്ങളില്‍ വിവരിക്കുന്നുണ്ട്. തന്റെ പടയാളിയായ ഊറിയായുടെ ഭാര്യയുമായി ദാവീദ് പാപം ചെയ്തു. അവള്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞ് രോഗിയായി. അപ്പോള്‍ ആ കുഞ്ഞിനുവേണ്ടി ദാവീദ് ഉപവസിച്ച് പ്രാര്‍ത്ഥിക്കുകയാണ്. അദ്ദേഹം തന്റെ തെറ്റിന് ദൈവത്തോട് മാപ്പ് ചോദിക്കുകയും ചെയ്തു. 1 രാജാക്കന്മാര്‍ 19:4-8 വചനങ്ങളില്‍ ഏലിയാ പ്രവാചകന്‍ ഭക്ഷണമില്ലാതെ 40 ദിവസം നടന്ന് ഹോറബ് മലയില്‍ (സീനായ്മല) എത്തിയതിന്റെ വിവരണമുണ്ട്. ഇസ്രായേല്‍ജനത്തിന്റെ പാപങ്ങള്‍ ഓര്‍ത്ത് അനുതപിച്ച് എസ്‌റ ഉപവസിച്ചതായി എസ്‌റ 10:6-17-ല്‍ നാം വായിക്കുന്നു. ഭക്ഷണവും വെള്ളവും കഴിക്കാതെ യഹൂദരും എസ്തറും മൂന്നു ദിവസം ഉപവസിച്ചതായി എസ്തര്‍ 4:15-17-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദാരിയസ് രാജാവ് ദാനിയേലിനെ സിംഹക്കുഴിയില്‍ എറിഞ്ഞു. ദാനിയേലിനെ സ്‌നേഹിച്ചിരുന്ന ദാരിയസ്, സിംഹം അദ്ദേഹത്തെ ഉപദ്രവിക്കാതിരിക്കാനായി അന്ന് ഉപവസിച്ചു (ദാനിയേല്‍ 6:18-23). താന്‍ കണ്ട ദര്‍ശനത്തിന്റെ അര്‍ത്ഥം വെളിപ്പെട്ടു കിട്ടുവാനായി ദാനിയേല്‍ മൂന്നാഴ്ച ഉപവസിച്ചതായി ദാനിയേല്‍ 10:1-3-ല്‍ വായിക്കാം. മാനസാന്തരത്തിനുശേഷം അന്ധനായി കഴിയവേ പൗലോസ് മൂന്നു ദിവസം ഉപവാസത്തിലായിരുന്നു (അപ്പ. പ്രവര്‍ത്തനങ്ങള്‍ 9:9). ബര്‍ണാബാസ്, ശിമയോന്‍, ലൂസിയോസ്, മനായേല്‍, സാവൂള്‍ എന്നിവര്‍ ഉപവസിച്ച് പ്രാര്‍ത്ഥിച്ചതായി അപ്പസ്‌തോല പ്രവര്‍ത്തനം 13:1-3 വചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും താന്‍ ഉപവസിച്ചിരുന്നതായി പൗലോസ് ശ്ലീഹ സാക്ഷ്യപ്പെടുത്തുന്നുണ്ട് (2 കോറി. 11:27).
ഇങ്ങനെ പരിശോധിച്ചാല്‍ പഴയ നിയമകാലം മുതല്‍ മനുഷ്യര്‍ ഉപവസിക്കുന്നതായി നാം കാണുന്നു. ഇങ്ങനെ ഉപവാസങ്ങള്‍ നടത്തിയത് വ്യത്യസ്തമായ സാഹചര്യങ്ങളിലും വ്യത്യസ്തമായ നിയോഗങ്ങളോടും കൂടിയാണ്. ഉപവസിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങള്‍ അഥവാ നിയോഗങ്ങള്‍ താഴെ പറയുന്നു.
ഒന്ന്, പ്രാര്‍ത്ഥനയ്ക്ക് ശക്തി കിട്ടുക. ഉദാഹരണം -എസ്‌റ 8:23. രണ്ട്, ദൈവഹിതം വെളിപ്പെട്ടു കിട്ടാന്‍ ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്നു. ഉദാ. ന്യായാധിപന്മാര്‍ 20:26. ഇസ്രായേല്‍ക്കാര്‍ ഒരു ദിവസം മുഴുവന്‍ ഉപവസിച്ച് പ്രാര്‍ത്ഥിച്ച് കര്‍ത്താവിന്റെ ഹിതം അന്വേഷിച്ചതായ കാര്യം ഇവിടെ പറഞ്ഞിരിക്കുന്നു. മൂന്ന്, മറ്റുള്ളവരുടെ ദുഃഖത്തില്‍ പങ്കുചേരാനും അനുശോചനം കാണിക്കാനും. സാവൂളിന്റെയും പുത്രന്മാരുടെയും മരണത്തില്‍ ഇസ്രായേലിലെ യോദ്ധാക്കള്‍ ഏഴുദിവസം ഉപവസിച്ചു (1 സാമുവല്‍ 31:13). നാല്, അനുതപിച്ച് ദൈവത്തിലേക്ക് തിരിയുന്നതിന്റെ അടയാളമായി ഉപവസിക്കുന്നു. സാമുവല്‍ പ്രവാചകന്‍ നിര്‍ദേശിച്ചതനുസരിച്ച് ജനങ്ങള്‍ ഒന്നിച്ചുകൂടി ഉപവസിക്കുകയും തങ്ങളുടെ തെറ്റുകള്‍ ദൈവത്തോട് ഏറ്റുപറയുകയും ചെയ്തു (1 സാമുവല്‍ 7:6).
അഞ്ച്, ദൈവസന്നിധിയില്‍ എളിമപ്പെടുന്നതിന്റെ അടയാളം. 1 രാജാ. 21:27-29 ഉദാഹരണമാണ്. ആഹാബ് ഇതുകേട്ട് വസ്ത്രം കീറി, ചാക്കുടുത്ത് ഉപവസിക്കുകയും ചാക്ക് വിരിച്ച് ഉറങ്ങുകയും മനം തകര്‍ന്ന് തല താഴ്ത്തി നടക്കുകയും ചെയ്തു. ആറ്, ജനത്തിന്റെ നാശവും അധഃപതനവും സഹനവും ഓര്‍ത്ത് ഉപവസിക്കുക. അടിമത്തത്തില്‍നിന്നും സ്വതന്ത്രരായ ഇസ്രായേല്‍ക്കാരുടെ കഷ്ടതകള്‍ ഓര്‍ത്തും ജറുസലേമിന്റെ മതിലുകള്‍ തകര്‍ന്നു കിടക്കുന്നതോര്‍ത്തും നെഹമിയ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു (നെഹമിയ 1:4).
ഏഴ്, മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ സഹായിക്കുകയും അതിനായി ത്യാഗം എടുക്കുകയും ചെയ്യുന്നത് ഉപവാസമാണ്. എട്ട്, പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ഉപവാസം സഹായിക്കും. യേശു ഉപവസിച്ച് പ്രാര്‍ത്ഥിച്ച് പ്രലോഭനങ്ങളെ അതിജീവിക്കുന്നത് മത്തായി 4:1-11-ല്‍ വിവരിച്ചിരിക്കുന്നു. ഒമ്പത്, ആത്മനിയന്ത്രണം നേടാന്‍ ഉപവാസം സഹായിക്കുന്നു. 1 കൊറി. 9:27-ല്‍ സ്വന്തം കാര്യം പൗലോസ് ഇങ്ങനെ പറയുന്നു: മറ്റുള്ളവരോട് സുവിശേഷം പ്രസംഗിച്ച ഞാന്‍തന്നെ തിരസ്‌കൃതന്‍ ആകാതിരിക്കുന്നതിന് എന്റെ ശരീരത്തെ ഞാന്‍ കര്‍ശനമായി നിയന്ത്രിച്ച് കീഴടക്കുന്നു.
മറ്റൊരു നോമ്പുകാലത്തേക്ക് കടക്കുകയാണ്. അതിന്റെ ഒന്നാമത്തെ ദിവസം തന്നെ ഉപവാസം കടപ്പെട്ട ദിവസമാണ്. പിന്നെ ഉപവാസം കടപ്പെട്ടത് ദുഃഖവെള്ളിയാഴ്ചയാണ്. നോമ്പുകാലത്ത് ആഴ്ചയില്‍ ഒരു ദിവസമോ പല ദിവസങ്ങളോ ഉപവസിക്കുന്നവരും ഒരുനേരം നോക്കുന്നവരുമൊക്കെ ധാരാളമുണ്ട്. അത് സ്വമനസാല്‍ ചെയ്യുന്നതാകയാല്‍ ദൈവത്തിന്റെ മുമ്പില്‍ അതിന് വലിയ വിലയുണ്ട്. നോമ്പുകാലം ഫലപ്രദമായി നമുക്ക് ഉപയോഗിക്കാം. ദൈവത്തോട് കൂടുതല്‍ അടുക്കാന്‍, കൂടുതല്‍ ആത്മനിയന്ത്രണം നേടാന്‍, നമ്മുടെയും മറ്റുള്ളവരുടെയും പാപങ്ങള്‍ക്ക് പരിഹാരം ചെയ്യാന്‍, ദൈവം ലോകത്തോട് കരുണ കാണിക്കാന്‍, ലോകത്തിന് മാനസാന്തരം ഉണ്ടാകാന്‍, ശുദ്ധീകരണാത്മാക്കള്‍ക്ക് മോചനം കിട്ടുവാന്‍ എല്ലാം നമുക്ക് നോമ്പുകാലത്ത് ത്യാഗങ്ങള്‍ ചെയ്ത് കാഴ്ചവയ്ക്കാം. നമ്മള്‍ ഉപവാസവും പ്രായശ്ചിത്തവും അനുഷ്ഠിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുണ്ട്. നിനവെക്കാരെ മാനസാന്തരത്തിലേക്ക് നയിക്കുവാനും അവരോടൊപ്പം ഉപവസിക്കുവാനും ഒരു രാജാവ് ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടു. ഇന്ന് അത്തരം ഭരണകര്‍ത്താക്കള്‍ ലോകത്ത് ഇല്ല. എത്ര തിന്മ പെരുകിയാലും ദൈവം എത്ര ശിക്ഷിച്ചാലും ജനത്തെ മാനസാന്തരത്തിലേക്ക് നയിക്കാന്‍ പറ്റിയ നേതാക്കന്മാരും ഭരണകര്‍ത്താക്കളും ഇന്നില്ല. അതിനാല്‍ നമ്മള്‍ത്തന്നെ നേതൃത്വമെടുത്ത് നമ്മുടെയും ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക് പരിഹാരം ചെയ്യണം. ലോകത്തിന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കണം. അതിന് ഈ നോമ്പുകാലം ഉപയോഗിക്കാം.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?