Follow Us On

29

March

2024

Friday

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഇക്കോ സോണും തമ്മിലെന്താണ് ബന്ധം?

ഗാഡ്ഗില്‍ റിപ്പോര്‍ട്ടും ഇക്കോ സോണും  തമ്മിലെന്താണ് ബന്ധം?

കാര്‍ഷികമേഖല ഗുരുതരമായ പ്രതിസന്ധികളെ നേരിടുന്നതിനിടയില്‍ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഇക്കോ സെന്‍സിറ്റീവ് സോണിന്റെ പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് വീണ്ടുമൊരു ആഘാതംകൂടി ഏല്പിച്ചിരിക്കുകയാണ്. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വായു അകലത്തില്‍ ഇക്കോ സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം ഇറങ്ങി. കൊയിലാണ്ടി, താമരശേരി, വൈത്തിരി താലൂക്കുകളിലായി 53.60 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് സോണിനുള്ളില്‍ വരുന്നതെന്നാണ് വ്യക്തമാകുന്നത്. വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവാണ് ഇക്കോ സെന്‍സിറ്റീവ് ഏരിയ എന്നു പറയുന്നുണ്ടെങ്കിലും അതു പൂര്‍ണമായും ശരിയല്ല. ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളുടെ അടുത്ത ഒരു കിലോമീറ്ററിനുള്ളില്‍ക്കൂടി ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിന്റെ അര്‍ത്ഥം രണ്ടു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആയിരിക്കുമെന്നല്ലേ? ഈ നിയമം നടപ്പിലായിക്കഴിഞ്ഞാല്‍ മനുഷ്യന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെടും.
ഇക്കോ സെന്‍സിറ്റീവ് സോണിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകുന്നത് ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായുള്ള സാമ്യമാണ്. അതു യാദൃശ്ചികമല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ പറഞ്ഞത് പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു. ഇവിടെ ജീവിക്കുന്ന മനുഷ്യരെ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും അവര്‍ ആണയിട്ടിരുന്നു. വികസന പ്രവര്‍ത്തനങ്ങളും ജീവിതരീതികളുമൊക്കെ പ്രകൃതി സൗഹൃദമാകണമെന്നുമാത്രമേ ഉള്ളൂ എന്നായിരുന്നു വാദം. പ്രകൃതിസൗഹൃദമെന്ന് ഉദ്ദേശിക്കുന്നത് നൂറ് വര്‍ഷം പിന്നോട്ടുപോകുന്നതാണെന്ന് റിപ്പോര്‍ട്ട് വായിച്ചാല്‍ വ്യക്തമാകുമായിരുന്നു. അതുകൊണ്ടാണ് റിപ്പോര്‍ട്ടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതും ഗവണ്‍മെന്റിന് കസ്തൂരി രംഗന്‍ കമ്മിറ്റിയെ നിയോഗിക്കേണ്ടിവന്നതും. അന്തിമ വിജ്ഞാപനം വരാത്തതിനാല്‍ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞുപോയെന്നു പറയാനും കഴിയില്ല.
ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിക്കുമ്പോള്‍ ജനങ്ങളുമായി ചര്‍ച്ചചെയ്ത് റിപ്പോര്‍ട്ടു തയാറാക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഇക്കോ സെന്‍സിറ്റീവ് സോണിന്റെ കാര്യത്തിലും സമാനമായ നിര്‍ദ്ദേശം ഉണ്ടായിരുന്നു. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്, സംസ്ഥാന ഗവണ്‍മെന്റ് ഇക്കോ സെന്‍സിറ്റീവ് സോണിനെക്കുറിച്ച് ജനങ്ങളുമായി സംസാരിക്കുകയും നിബന്ധനകള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തതിനുശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് ഈ വിജ്ഞാപനം ഇറക്കിയിരിക്കുന്നതെന്നാണ്. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങിയവയുമായി കൂടിയാലോചിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും പറയുന്നു. പൂര്‍ണമായും വാസ്തവ വിരുദ്ധമാണ് ഇത്. ഒരുവിധത്തിലുമുള്ള കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്നു മാത്രമല്ല, ജനങ്ങളില്‍നിന്നും മറച്ചുപിടിക്കുകയും ചെയ്തു.
5500 ആളുകളെ മാത്രമേ നിയമം ബാധിക്കൂ എന്നും പറയുന്നുണ്ട്. ഇതിന്റെ എത്രയോ ഇരട്ടി ആളുകളെ ഇതു ബാധിക്കുമെന്ന് അറിയാത്തവരല്ല റിപ്പോര്‍ട്ട് തയാറാക്കിയവര്‍. ജനങ്ങളെ അറിയിക്കാതെ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത കണക്കുകളുമായി തട്ടിക്കൂട്ടുന്ന ഇത്തരം റിപ്പോര്‍ട്ടുകളുടെ ലക്ഷ്യം അത്ര ശുദ്ധമല്ലെന്നതിന്റെ സൂചനയാണ് ഇങ്ങനെയുള്ള ഒളിച്ചുകളികള്‍. ഇക്കോ സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിച്ചാലും ജനങ്ങള്‍ക്ക് താമസിക്കുന്നതിന് തടസങ്ങളില്ല എന്ന് വിജ്ഞാപനത്തില്‍ പറയുന്നുണ്ടെന്നത് സത്യമാണ്. എന്നാല്‍, നിയമം നടപ്പിലായാല്‍ സ്വന്തം പുരയിടത്തില്‍ കിണര്‍ കുത്താനോ തടിവെട്ടാനോ കഴിയില്ല. പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളവയ്ക്ക് വീതികൂട്ടുന്നതിനും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ഷിക വിളകള്‍ക്കും വാണിജ്യ അടിസ്ഥാനത്തിലുള്ള വാഹന ഗതാഗതത്തിനും നിയന്ത്രണം വരും. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് അനുവാദം ലഭിക്കില്ല. ഗ്യാസ് ഉപയോഗിച്ചുള്ള വാഹനങ്ങള്‍ക്കുമാത്രമേ പ്രവേശന അനുവാദം ഉണ്ടാകൂ.
ഓരോ കാര്യങ്ങള്‍ക്കും അനുവാദം നല്‍കേണ്ടത് ജില്ലാ കളക്ടര്‍ ചെയര്‍മാനായ മോണിറ്ററിംഗ് കമ്മിറ്റിയാണ്. എംഎല്‍എ, പരിസ്ഥിതി വകുപ്പിന്റെ പ്രതിനിധി, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഡിഎഫ്ഒ, സംസ്ഥാന ജൈവവിധ്യ ബോര്‍ഡിലെ അംഗം തുടങ്ങിയവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. കര്‍ഷകരുടെ പ്രതിനിധികളില്ല. പരിസ്ഥിതിപ്രവര്‍ത്തകര്‍ക്ക് കമ്മിറ്റിയില്‍ മുന്‍തൂക്കമുണ്ട്. അപ്പോള്‍ത്തന്നെ തീരുമാനങ്ങള്‍ ഏതുവിധത്തിലായിരിക്കുമെന്ന് ഊഹിക്കാം. കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, കാട്ടുപോത്തുകള്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ ഉള്ള പ്രദേശമാണെന്നും അവയെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണെന്നും റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. പ്രദേശത്ത് മനുഷ്യവാസം ഉണ്ടെന്ന കാര്യം മാത്രം റിപ്പോര്‍ട്ട് തയാറാക്കിയവര്‍ ഏതായാലും പരിഗണിച്ചിട്ടില്ല.
ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാന്‍ കഴിയാതെ പോയതിന്റെ പ്രധാന കാരണം ജനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തതുകൊണ്ടാണ്. കേരളത്തിന്റെ ഭൂപ്രദേശത്തിന്റെ വലിയൊരു വിഭാഗം അതില്‍ വന്നതിനാല്‍ പ്രതിഷേധത്തിനും കരുത്ത് ഉണ്ടായിരുന്നു. പ്രതിഷേധത്തിന്റെ ശക്തി കുറയ്ക്കാനാണ് ആ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പ്രാദേശികമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ കോഴിക്കോട് ജില്ലയിലെ ഏതാനും വില്ലേജുകളില്‍ മാത്രമേ ബാധിക്കൂ എന്ന് ചിന്തിച്ച് ആശ്വസിക്കരുത്. പശ്ചിമഘട്ടത്തിന്റെ ഓരോ മേഖല തിരിച്ച് പല പേരുകളിലും സമാനമായ നിയമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. അതിനാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഇപ്പോള്‍ നിശബ്ദത പാലിച്ചാല്‍ പിന്നീട് വലിയ വിലകൊടുക്കേണ്ടതായി വരും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?