വിശുദ്ധ പാദ്രേ പിയോയിലൂടെ സംഭവിച്ച അത്ഭുത ദൈവവിളിയെ കുറിച്ച് അറിയാം, വിശുദ്ധന്റെ തിരുനാൾ ദിനമായ ഇന്ന് (സെപ്തംബർ 23).
പാരിസ്: വൈദികരായി മാറിയ സംഗീതജ്ഞരെക്കുറിച്ചും സംഗീതപ്രതിഭകളായിത്തീർന്ന വൈദികരെക്കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാൽ, ‘കാബറെ’ സംഗീതരംഗത്തോട് വിട ചൊല്ലി തിരുപ്പട്ടം സ്വീകരിച്ച സംഗീതപ്രതിഭയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതാണ് ഫ്രാൻസ് സ്വദേശിയായ ഫാ. ജീൻ മാരി ബെഞ്ചമിൻ. ഇറാഖിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഇദ്ദേഹം ഒരുപക്ഷേ പലർക്കും അപരിചിതനാണെങ്കിലും അദ്ദേഹത്തിന്റെ പൗരോഹിത്യവിളിക്ക് കാരണക്കാരനായ വ്യക്തി ഏവർക്കും സുപരിചിതനാണ്. അത് മറ്റാരുമല്ല, വിശുദ്ധ പാദ്രേ പിയോതന്നെ.
പാരീസിലെ ഭക്ഷണ ശാലകളിൽ എത്തുന്നവരെ സംഗീതലഹരിയിൽ ആറാടിക്കുമ്പോഴും 20 വയസുകാരൻ ജീൻ മാരിയുടെ മനസിൽ ആത്മീയദാഹം കലശലായിരുന്നു. പക്ഷേ, മറ്റുള്ളവരുടെ ദാഹം ശമിപ്പിക്കുന്ന തിരക്കിൽ സ്വന്തം ദാഹത്തെക്കുറിച്ച് ചിന്തിക്കാൻ എവിടെ നേരം! അങ്ങനെ ദിനങ്ങൾ തള്ളിനീക്കവേ, ഒരിക്കൽ സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണത്തിനായി ക്ഷണിക്കപ്പെട്ടു ജീൻ. ഭക്ഷണത്തിനിരിക്കുംമുമ്പ് മേശപ്പുറത്ത് കിടന്നിരുന്ന മറ്റൊന്നാണ് അവന്റെ ശ്രദ്ധയിൽപ്പെട്ടത്. വെള്ളത്താടിയും മുടിയുമൊക്കെയുള്ള ഒരു വൈദികന്റെ ചിത്രമുള്ള പുസ്തകം.
പിന്നീട് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട പാദ്രെ പിയോയായിരുന്നു ആ വൈദികൻ. ആ ചിത്രത്തിൽ കണ്ട ആളോട് എന്തോ ഒരു ആകർഷണം തോന്നിയ ജീൻ തിരികെ പോരുമ്പോൾ ആ പുസ്തകം കൂടെ കരുതി. ഒറ്റ രാത്രികൊണ്ട് ആ പുസ്തകം അവൻ വായിച്ചു തീർത്തു. പിന്നെ ചിന്ത, എങ്ങനെയും ആ വൈദികന്റെ അടുത്ത് എത്തണമെന്നതു മാത്രമായിരുന്നു. ആ ലക്ഷ്യത്തോടെ ജീൻ ഇറ്റലിയിലെ സാൻ ജിയോവന്നി റൊട്ടോണ്ടോയിലെത്തി.
പാദ്രെ പിയോ കുമ്പസാരിപ്പിക്കുന്ന സമയവും മറ്റും മനസിലാക്കിയ ജീൻ അതുപ്രകാരം പിറ്റേന്നുതന്നെ ദൈവാലയത്തിലെത്തി. വീൽചെയറിൽ ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ധ്യാനിച്ചിരിക്കുന്ന പാദ്രെയെ കണ്ടപ്പോൾതന്നെ വിവരിക്കാനാവാത്ത ആനന്ദത്തിലെത്തി ജീൻ. അദ്ദേഹം അന്ന് അർപ്പിച്ച ദിവ്യബലിയിലെ പങ്കാളിത്തവും പുതിയ ഉണർവാണ് ആ യുവാവിന് സമ്മാനിച്ചത്.
അടുത്ത മൂന്നു ദിവസവും ജീൻ ദൈവാലയത്തിലെത്തി. പാദ്രെ പിയോ അതീവ ക്ഷീണിതനായിരുന്നതിനാൽ പക്ഷേ, കുമ്പസാരിക്കാൻ സാധിച്ചില്ല. നിരാശനാകാതെ ജീൻ അടുത്ത ദിവസം ദൈവാലയത്തിലെത്തി കുമ്പസാരിക്കാൻ ഊഴം കാത്തിരുന്നു. ജീനിനെ കണ്ട മാത്രയിൽ അയാൾക്ക് ഇറ്റാലിയൻ ഭാഷ അറിയില്ല എന്ന് പാദ്രെയ്ക്ക് മനസിലായി. എത്ര നാളായി കുമ്പസാരിച്ചിട്ട് എന്ന പാെ്രദയുടെ ചോദ്യത്തിന്, ‘അറിയില്ല,’ എന്നായിരുന്നു ജീൻ നൽകിയ ഉത്തരം.
നാളുകൾ ഏറെക്കഴിഞ്ഞിരുന്നു ജീൻ കുമ്പസാരിച്ചിട്ട്. ജീനിന്റെ മറുപടി കേട്ട ഉടൻ പാദ്രെ യുവാവിന്റെ മുഖത്തിനു മുന്നിലൂടെ മൂന്നു നാല് തവണ കൈ വീശി. എന്നിട്ടു ജീൻ അവസാനമായി കുമ്പസാരിച്ച വർഷവും മാസവും തിയതിയും കൃത്യമായി പറഞ്ഞു. അമ്പരന്നുനിന്ന, ജീനോട് ‘കുമ്പസാരിക്കാൻ ഒരു ഫ്രഞ്ച് വൈദികനെ സമീപിക്കുക,’ എന്ന് നിർദേശിച്ച് പാദ്രെ മടക്കിയയച്ചു. വലിയൊരു ആത്മീയ ഉണർവ് ലഭിച്ചെങ്കിലും കുമ്പസാരിക്കാതെയാണ് ജീൻ ഫ്രാൻസിലേക്ക് പോയത്.

ഫാ. ജീൻ മാരി ബെഞ്ചമിൻ
മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ജീനിനെ തേടി ഒരു സങ്കട വാർത്ത എത്തി പാദ്രെ പിയോ എന്ന പുണ്യപ്പെട്ട വൈദികൻ യാത്രയായി. ആ വിശുദ്ധ വൈദികനെ കണ്ടത് മുതലുള്ള ചിന്തകളായിരുന്നു മനസുനിറയെ. ഒരു ഫ്രഞ്ച് വൈദികന്റെ അടുക്കൽ കുമ്പസാരിക്കണമെന്ന അദ്ദേഹത്തിന്റെ നിർദേശം ഓർമയിൽ എത്തിയത് അപ്പോഴാണ്. കുറ്റബോധത്തോടെ ജീൻ ദൈവാലയത്തിലെത്തി.
കുമ്പസാരം നടക്കുകയായിരുന്നു അപ്പോൾ അവിടെ. ജീനിന്റെ ഊഴമെത്തി. ആശീർവാദം നൽകി പാപങ്ങൾ കേൾക്കാൻ ചെവി ചായിച്ച വൈദികനോട് ജീൻ പറഞ്ഞു: ‘അച്ചാ എനിക്ക് എങ്ങനെ കുമ്പസാരിക്കണം എന്ന് അറിയില്ല. പക്ഷെ എന്നെ പാദ്രെ പിയോ അയച്ചതാണ്.’ ജീനിനു പറയാനുള്ളത് മുഴുവൻ ശ്രവിച്ച ശേഷം വൈദികൻ പറഞ്ഞു:
‘നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം മനോഹരമാണ്. എന്നെ കാണാൻ പാദ്രെ പിയോ നിങ്ങളോട് എന്റെ പേര് പറഞ്ഞിട്ടില്ല. ഞാൻ ഇത് പറയാൻ കാരണം, ഞാൻ ഫാ. റെവിൽഹാക്കാണ്. പാദ്രെ പിയോയുടെ ആശുപത്രിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത് ഞാനാണ്. അദ്ദേഹത്തെ എപ്പോഴും ഞാൻ കാണാറുണ്ടായിരുന്നു.’
തുടർന്ന് തന്നെ കുമ്പസാരിപ്പിച്ച ആ വൈദികനെ ജീൻ ആത്മീയപിതാവായി സ്വീകരിക്കുകയായിരുന്നു. ആ സൗഹൃദം ജീനിനെ ദൈവവിളി തിരിച്ചറിയാൻ സഹായിച്ചു. വൈദികനാകണമെന്ന ആഗ്രഹം വെളിപ്പെടുത്തിയ ജീനിനോട് ദൈവഹിതം വിവേചിച്ചറിയാൻ പ്രാർത്ഥിക്കുക എന്ന നിർദേശമാണ് അദ്ദേഹം നൽകിയത്. തന്നെക്കുറിച്ചുള്ള ദൈവഹിതം തിരിച്ചറിഞ്ഞ ജീൻ വീണ്ടും അദ്ദേഹത്തെ സമീപിച്ചു, 1983ൽ.
തുടർന്ന് സെമിനാരിയിൽ പ്രവേശിതനായ ജീൻ 1991ൽ ഇറാനിലെ മിഷനറി വൈദികനായി തിരുപ്പട്ടം സ്വീകരിച്ചു. അദ്ദേഹം ഇപ്പോൾ ഇറാഖിലാണ് ശുശ്രൂഷ ചെയ്യുന്നത്. വിശുദ്ധ പിയോ നൽകിയ പ്രചോദനത്താൽ വൈദികനായി മാറിയ ഇദ്ദേഹം വിശുദ്ധ പാദ്രെ പിയോയെക്കുറിച്ച് 1995ൽ സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. ‘ഇറ്റാലിയൻ റേഡിയോ ആൻഡ് ടെലിവിഷൻ’ സംപ്രേഷണം ചെയ്ത സിനിമ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പൗരോഹിത്യത്തിന്റെ 31-ാം പിറന്നാൾ ആഘോഷിക്കുകയാണ് ഫാ. ജീൻ മാരി ബെഞ്ചമിൻ.
Leave a Comment
Your email address will not be published. Required fields are marked with *