Follow Us On

23

November

2020

Monday

പരിശുദ്ധ അമ്മയുടെ ജീവിതത്തിലെ കേൾക്കാത്ത കഥ

പരിശുദ്ധ അമ്മയുടെ ജീവിതത്തിലെ കേൾക്കാത്ത കഥ

രിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതത്തെക്കുറിച്ചു സുവിശേഷങ്ങളിൽ നിന്നും നമുക്കു ലഭിക്കുന്നത് വളരെ കുറച്ച് വിവരണങ്ങളാണ്. യേശുവിനെ മനസ്സിലാക്കുന്നതിന്, രക്ഷാകര പദ്ധതിയിൽ അമ്മ വഹിച്ച പങ്കാളിത്തം വ്യക്തമാക്കുന്നതിന് അത്യാവശ്യം വേണ്ട സംഗതികൾ മാത്രം.
ആദിമ സഭയ്ക്ക് പക്ഷേ, അമ്മയെക്കുറിച്ച് എല്ലാം അറിയാമായിരുന്നു. കാരണം അമ്മ അവർക്കൊപ്പം ജീവിച്ചു. എന്നാൽ കാലം കടന്നുപോന്നതോടെ ഈ അറിവുകൾ നേർത്ത് തുടങ്ങി. വാമൊഴിയായി കൈമാറിവന്ന അറിവുകളിൽ അതിഭാവുകത്വം കടന്നുകൂടിയിരിക്കണം. യേശുവിന്റെ ജീവിതത്തിലെ അനന്യസാന്നിധ്യമായിരുന്ന അമ്മയെക്കുറിച്ച് ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്ന വിശുദ്ധർക്ക് അമ്മയുടെ ജീവിതത്തെക്കുറിച്ചു സ്വർഗീയ ദർശനങ്ങളുണ്ടായത് ഈ സാഹചര്യത്തിലാകണം.
ഇങ്ങനെ ദർശനം ലഭിച്ച നാല് മിസ്റ്റിക്കുകളാണ് ഷോനാവുവിലെ സി.എലിസബത്ത്, സ്വീഡനിലെ വി.ബ്രിജിത്ത്, അഗ്രേദായിലെ യേശുവിന്റെ മദർ മേരി, എമറിച്ചോയിലെ വി.അന്ന കത്രീന. ഇവർക്കു ലഭിച്ച ദർശനങ്ങളിലൂടെ അമ്മയുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ചു ലഭിച്ച വിവരണങ്ങളുടെ അടിസ്ഥാനത്തിൽ അമ്മയുടെ ബാല്യവും ജീവിതവും മരണവും സ്വർഗ്ഗാരോപണവും സംബന്ധിച്ച വിവരങ്ങൾ ഇപ്രകാരമാണ്. ദൈവവചനം പോലെ നാം വിശ്വസിക്കുവാൻ ബാധ്യസ്ഥമായ വെളിപാടല്ല സ്വകാര്യദർശനങ്ങൾ. അതുകൊണ്ട് ഈ ദർശനങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആയിരക്കണക്കിനു വർഷങ്ങളായി ഈ ദർശനങ്ങളിൽ ഭക്തരായ ക്രൈസ്തവർ വിശ്വസിക്കുന്നു.
പ്രശസ്ത ദൈവശാസ്ത്രജ്ഞനായിരുന്ന ഫാ.പൊളൈൻ ഓർമ്മിപ്പിക്കുന്നു: ഈ വെളിപാടുകൾ നൽകപ്പെടുന്നത് ചരിത്രമോ നരവംശശാസ്ത്രമോ പഠിപ്പിക്കാനല്ല. ദൈവത്തെ തേടിയ ധന്യാത്മാവിന്റെ വിശുദ്ധീകരണത്തിനാണ്. അതുകൊണ്ടുതന്നെ അവർ കണ്ട ദർശനങ്ങളെ അവർ മനസ്സിലാക്കി വിവരിക്കുമ്പോൾ വർഷങ്ങളെക്കുറിച്ചും സമയത്തെക്കുറിച്ചുമൊക്കെ അവർ മനസ്സിലാക്കിയതിൽ വ്യത്യാസങ്ങളുണ്ടാവാം. തന്മൂലം മിസ്റ്റിക്കുകൾ നൽകുന്ന വിവരങ്ങൾ തമ്മിൽ ഇത്തരത്തിലുള്ള വ്യത്യാസം കാണപ്പെടുന്നു. അതെക്കുറിച്ച് അസ്വസ്ഥരാകേണ്ടതില്ല. നമുക്കു വേണ്ടത് അമ്മയെക്കുറിച്ചുള്ള അറിവുകളാണ്. അവ ലഭിക്കുന്നു.
1164-ൽ മരിച്ച ഒരു മിസ്റ്റിക്കാണ് ഷോണുവിലെ വി.എലിസബത്ത്. ജർമ്മൻകാരി. പന്ത്രണ്ടാം വയസ്സിൽ ബനഡിക്‌ടെൻ സഭയിൽ ചേർന്നു. 23 വയസ്സു മുതൽ ദർശനങ്ങൾ ലഭിച്ചു. ബനഡിക്‌ടെൻ സഭയിലെ ശ്രേഷ്ഠനായിരുന്ന സഹോദരൻ എഗ്ബർട്ടാണ് ഈ ദർശനങ്ങൾ എഴുതി സൂക്ഷിച്ചത്.
സ്വീഡനിലെ വി.ബ്രിജിറ്റ് 1303-ൽ ജനിച്ചു. സമ്പന്ന കുടുംബാംഗം. പന്ത്രണ്ടാം വയസ്സിൽ വിവാഹിതയായി. 1343-ൽ ഭർ ത്താവ് ഉൾഫ് ഗുഡ്മാർസൺ സിസ്റ്റേഴ്‌സ്യൻ സഭയിൽ ചേർന്നു. 1373-ൽ ബ്രിജിറ്റ് മരിച്ചു. 1391-ൽ വിശുദ്ധയാക്കപ്പെട്ടു. പരിശുദ്ധ അമ്മയുടെയും ഈശോയുടെയും നിർദ്ദേശപ്രകാരമാണ് അവൾ ദർശനങ്ങൾ കുറിച്ചുവച്ചത്. 1500 പേജുകളുണ്ട് ഇവ.
1602, ഏപ്രിൽ രണ്ടിനു സ്‌പെയിനിൽ ജനിച്ച മരിയ കൊറോണെൽ 1619-ൽ സന്യാസിനിയായി. 1627 മുതൽ 65-ൽ മരിക്കുന്നതുവരെ അവൾക്കു ദർശനങ്ങൾ ലഭിച്ചു. മദർ മേരി രചിച്ച പരിശുദ്ധ കന്യകാമറിയ ത്തിന്റെ ജീവിതചരിത്രം ‘മിസ്റ്റിക്കൻ സിറ്റി ഓഫ് ഗോഡ്’ ഏറെ വിവാദമുണ്ടാക്കി.
1774 സെപ്റ്റംബർ എട്ടിന് വെസ്റ്റ് ഫാലിയായിലെ പാവപ്പെട്ട കർഷക കുടുംബത്തിലാണ് അന്നാ കത്രീനയുടെ ജനനം. 1802-ൽ അഗസ്റ്റീനിയൻ സഭയിൽ ചേർന്നു. നെപ്പോളിയന്റെ യുദ്ധം മൂലം മഠം അടച്ചപ്പോൾ ഒരു സ്വകാര്യവസതിയിൽ അവർ സന്യാസജീവിതം തുടർന്നു. 1824 ഫെബ്രുവരി രണ്ടിന് മരിച്ചു. ഈ വിശുദ്ധക്കു ലഭിച്ച ദർശനങ്ങളിൽ നിന്നുമാണ് യേശുവിന്റെ പീഡാനുഭവങ്ങളുടെ വിശദമായ വിവരണം നമുക്കു ലഭിക്കുന്നത്. ഈ വിവരങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയാണ് മെൽഗിബ്‌സൻ തന്റെ പാഷൻ ഓഫ് ദ ക്രൈസ്റ്റ് എന്ന സിനിമ പിടിച്ചത്.
ഇവർക്കു ലഭിച്ച ദർശനങ്ങളിലെ അമ്മയുടെ ജീവിതകഥ ഇങ്ങനെയാണ്: നസ്രത്തിലെ സമ്പന്നരായ ദമ്പതികളായിരുന്നു വിശുദ്ധ ജൊവാക്കിമും അന്നയും. കൃഷിയും ആടുവളർത്തലും ഒക്കെയുണ്ടായിരുന്നവർ. ദൈവഭക്തർ. പാവങ്ങളെ ധാരാളം സഹായിച്ചിരുന്നവർ. അന്ന ജനിച്ചത് ബത്‌ലഹേമിലാണ്. വിവാഹശേഷമാണ് നസ്രത്തിൽ താമസിച്ചത്.
അന്നയ്ക്ക് 24-ഉം ജൊവാക്കിമിന് 42-ഉം വയസ്സുള്ളപ്പോഴായിരുന്നു വിവാഹം.ഭക്തരും നീതിഷ്ഠരുമായ അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. സമൂഹം അവരെ പരിഹസിച്ചു. 20 വർഷം കഴിഞ്ഞപ്പോഴേക്കും പരിഹാസവും നിന്ദനവും പാരമ്യത്തിലെത്തി. ഇത് സഹിക്കാനാവാതെ ജൊവാക്കിം ഉപവാസത്തിനും പരിത്യാഗപ്രവർത്തികൾക്കുമായി ഹെർമ്മോൺ മലയിലേക്കു പോയി. അന്നയെ ഉപേക്ഷിച്ചുവെന്നാണ് പരിചാരകർ പോലും പരിഹസിച്ചത്. അന്ന വീട്ടിൽ വേദനയോടെ കാത്തിരുന്നു, പ്രാർത്ഥിച്ചു.
ഒരു ദിവസം ഗബ്രിയേൽ മാലാഖ അന്നയ്ക്ക് പ്രത്യക്ഷപ്പെട്ടു. അവൾക്ക് ഒരു പുത്രി ജനിക്കാൻ പോകുന്നുവെന്നും ഹെർമ്മോൺ മലയിലേക്കു പോയ ഭർത്താവ് മടങ്ങിവരുമെന്നും പറഞ്ഞു. ജറുസലേം ദേവാലയത്തിലെത്തി ദൈവത്തിനു നന്ദി പറയുക. അവിടുത്തെ സുവർണ്ണ കവാടത്തിൽ വച്ച് ജൊവാക്കിമിനെ തിരിച്ചു കിട്ടും എന്നും മാലാഖ പറഞ്ഞു. സന്തോഷത്തോടെ അന്ന ദേവാലയത്തിലേക്കു പോയി. അവിടെവച്ച് മാലാഖ പറഞ്ഞതുപോലെ സംഭവിച്ചു. ജൊവാക്കിമും അന്നയും നസ്രത്തിലേക്കു മടങ്ങി. വൈകാതെ അവർക്കൊരു പുത്രി ജനിച്ചു. അവരവളെ മറിയം എന്നു വിളിച്ചു. കുട്ടിക്കാലത്തുതന്നെ അസാധാരണ സിദ്ധികൾ പ്രകടിപ്പിച്ചിരുന്നു മറിയം. രണ്ടുവയസ്സായപ്പോഴേക്കും അവൾ പാവങ്ങളെ സഹായിച്ചു തുടങ്ങി. മൂന്നര വയസ്സായപ്പോഴേക്കും അഞ്ചാറുവയസ്സുള്ള കുട്ടിയുടെ എല്ലാ അറിവും മറിയത്തിനുണ്ടായി. പരിത്യാഗപ്രവർത്തികൾ ചെയ്തുതുടങ്ങി.
തങ്ങൾക്കു ജനിക്കുന്ന കുഞ്ഞിനെ ദൈവശുശ്രൂഷയ്ക്കു ദേവാലയത്തിൽ സമർപ്പിക്കാമെന്ന് അന്നയും ജൊവാക്കിമും നേർന്നിരുന്നു. ഇതനുസരിച്ച് നാലാം വയസ്സിൽ അവർ മറിയത്തെ ദേവാലയത്തിൽ സമർപ്പിച്ചു. യേശുവിനെ തിരിച്ചറിഞ്ഞ അന്നാ പ്രവാചികയായിരുന്നു ദേവാലയത്തിൽ മറിയത്തിന്റെ ഗുരു. അവർ പറയുന്നതനുസരിച്ചും ദേവാലയത്തിലെ ഏറ്റവും ക്ലേശകരമായ ജോലികൾ വരെ ചെയ്തും രക്ഷകന്റെ വരവിനുവേണ്ടി പ്രാർത്ഥിച്ചും മറിയം കഴിഞ്ഞു.
മറിയത്തെ പ്രലോഭിപ്പിക്കുവാൻ സാ ത്താൻ ഏറെ ശ്രമിച്ചു. ഒന്നും വിജയിക്കാതെ വന്നപ്പോൾ ദേവാലയത്തിലുള്ള ഇതര പെൺകുട്ടികളിൽ അസൂയയായി നിറഞ്ഞ് മറിയത്തെ പീഡിപ്പിച്ചു. മറിയം അതും ക്ഷമയോടെ സഹിച്ചു. ഇതിനിടെ അന്നയും ജൊവാക്കിമും മരിച്ചു. നസ്രസിലെ ഭവനം അനാഥമായി. അന്ന 56-ാമ ത്തെ വയസ്സിലാണ് മരിച്ചത്. ജൊവാക്കിം 74-ാം വയസ്സിലും. മറിയത്തിനന്ന് 12 വയസ്സ്. മറിയത്തിന് പതിമൂന്നര വയസ്സായി. മഹാപുരോഹിതൻ ശിമയോൻ അവൾക്കു വിവാഹാലോചന ആരംഭിച്ചു. ദൈവത്തിനു നിത്യ കന്യാത്വം നേർന്ന അവൾ പക്ഷേ പുരോഹിതനെ അനുസരിച്ചു.
ബത്‌ലഹേമിലെ സാമാന്യം സമ്പന്ന കുടുംബത്തിലാണ് ജോസഫ് ജനിച്ചത്. ആറു സഹോദരങ്ങളിൽ മൂന്നാമൻ. സ്വന്തമായി വരുമാനമുണ്ടാക്കുന്നതിന് അദ്ദേഹം ജറുസലേമിലേക്കു പോയി. അവിടെ ഒരു മരപ്പണിക്കാരന്റെ ഒപ്പം ജോലി ചെയ്തു. ഗരിസിം മലയിലായിരുന്നു അവരുടെ പീടിക. ജോസഫിന്റെ സഹോദരന്മാർ അവനെ അന്വേഷിച്ചുവന്നു. മരപ്പണി ചെയ്തു ജീവിക്കുന്നതു കണ്ട് വഴക്കു പറഞ്ഞ് തിരിച്ചു കൊണ്ടുപോകുവാൻ ശ്രമിച്ചു. പന്ത്രണ്ടാം വയസ്സുമുതൽ ജോസഫും കന്യകവ്രതം എടുത്തിരുന്നു. ഇടയ്ക്കിടെ ജറുസലേം ദേവാലയത്തിൽ പോയി പ്രാർത്ഥിക്കുന്ന പതിവുണ്ടായിരുന്നു ജോസഫിന്.
33 വയസ്സായപ്പോൾ ദൈവിക പ്രചോദനമനുസരിച്ച് ജോസഫ് ദേവാലയത്തിൽ ചെന്നു. അന്നു മറിയത്തിന്റെ 14-ാം പിറന്നാളായിരുന്നു. അന്നു ദേവാലയത്തിലുണ്ടായിരുന്ന അവിവാഹിതരായ യുവാക്കളിൽ ഒരാൾക്കു മറിയത്തെ ഭാര്യയായി നൽകാൻ ശിമയോൻ തീരുമാനിച്ചു. സുന്ദരിയും സമ്പന്നയുമായ മറിയത്തെ പലരും മോഹിച്ചു. ജോസഫിന് വിവാഹത്തോട് താൽപര്യം ഉണ്ടായിരുന്നില്ല. മഹാപുരോഹിതന്റെ നിർദ്ദേശപ്രകാരം അയാളും പക്ഷേ വരനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കെടുത്തു.
എല്ലാ യുവാക്കളും ഒരു തളിർ പ്പ് മഹാപുരോഹിതനു സമർപ്പിച്ചു. അതായിരുന്നു ചടങ്ങ്. അതിൽ ജോസഫിന്റെ തളിർപ്പ് മാത്രം പുഷ്പിച്ചു. അതു കണ്ട മഹാപുരോഹിതൻ ജോസഫാണ് വരൻ എന്നു പ്രഖ്യാപിച്ചു. മറിയത്തെയും കൂട്ടി ജോസഫ് നസ്രസിലെ അവളുടെ വീട്ടിലേക്കു പോയി. നാട്ടുകാർക്കും വീട്ടുകാർക്കും വലിയ സന്തോഷമായി. വീട്ടിലെത്തിയ ജോസഫും മറിയവും പരസ്പരം സംസാരിച്ചു. കന്യാവ്രതം അനുഷ്ഠിക്കുന്നതിന് എടുത്ത തീരുമാനങ്ങൾ ഇരുവരും പങ്കുവച്ചു. ആ തീരുമാനം കുടുംബജീവിതത്തിലും തുടരുവാൻ അവർ തീരുമാനിച്ചു.
ഒരിക്കൽ മറിയമായിരുന്ന സർവ്വജനപദങ്ങളുടെയും നാഥേ, ഞങ്ങളുടെ അഭിഭാഷകയും മധ്യസ്ഥയും ആയിരിക്കേണമേ.
ടി. ദേവപ്രസാദ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?