Follow Us On

01

December

2020

Tuesday

റാണിജി ഹമാരി മാം ദി

റാണിജി ഹമാരി മാം ദി

മൂന്ന് വര്‍ഷത്തില്‍ താഴെ മാത്രമാണ് മധ്യപ്രദേശിലെ ഉദയനഗറില്‍ സിസ്റ്റര്‍ റാണി മരിയ താമസിച്ചത്. ഉദയനഗറില്‍ ക്രിസ്തുവിന്റെ സ്‌നേഹം പ്രസരിപ്പിച്ച അഗ്നിയായിരുന്നു സിസ്റ്റര്‍ റാണി മരിയ. ആ അഗ്നിയെ ക്രൂരമായി തല്ലിക്കെടുത്തിയെങ്കിലും അതില്‍നിന്നും ഉജ്വലമായ വെളിച്ചം ഇന്നും അനേകരെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു.

റാണി മരിയയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചിരുന്ന വ്യക്തികളിലൊരാളായിരുന്നു സേവാസിംഗ് സുലിയാ. മധ്യപ്രദേശിലെ ഉദയനഗര്‍ മിഷനുമായി ബന്ധപ്പെട്ട് അദ്ദേഹം ഇന്നും സജീവമായി പ്രവര്‍ത്തിക്കുന്നു. നൂറിലധികം ആദിവാസി കുട്ടികള്‍ പഠനത്തിനായി താമസിക്കുന്ന ഹോസ്റ്റലിലെ സഹായിയാണ് ഇദ്ദേഹം. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ മിഷന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ എല്ലാ കാര്യങ്ങളിലും സേവാസിംഗ് സുലിയ സജീവമാണ്.
സിസ്റ്റര്‍ റാണി മരിയയിലൂടെ വിലമതിക്കാനാവാത്ത ഒരു സമ്മാനം സേവാസിംഗിന്റെ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്. ആ അനുഭവത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം വിവരിക്കുന്നു: യേശുവിനെ നല്‍കുന്നതിനാണ് സിസ്റ്റര്‍ റാണി മരിയ പ്രഥമ സ്ഥാനം നല്‍കിയത്. ഏത് ഗ്രാമത്തില്‍ ചെന്നാലും പ്രാര്‍ത്ഥനയോടെയാണ് സിസ്റ്റര്‍ ആരംഭിച്ചിരുന്നത്. പ്രാര്‍ത്ഥനയോടെ യാണ് അവസാനിപ്പിച്ചിരുന്നതും. ദൈവവുമായുള്ള വ്യക്തി ബന്ധത്തിന്റെ ആവശ്യകത ഇതിലൂടെ നിരക്ഷരരായ ജനങ്ങളിലേക്ക് സിസ്റ്റര്‍ പകര്‍ന്നു.
പ്രാര്‍ത്ഥന കഴിഞ്ഞാല്‍ എന്തൊക്കെ കുറവുകളാണ് അവിടെയുള്ള മനുഷ്യര്‍ നേരിടുന്നതെന്ന് സിസ്റ്റര്‍ മനസിലാക്കും. നിരവധി കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കുന്നില്ലെന്ന് മനസിലാക്കിയ സിസ്റ്റര്‍ അവരെ സ്‌കൂളുകളില്‍ അയക്കാനും ആവശ്യമുള്ളവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കുവാനും മുന്‍കൈയെടുത്തു. അതിന് ഏറ്റവും നല്ല ഉദാഹരണമായിരുന്നു എന്റെ മകന്‍ മഹേഷ് സൂര്യ. അവനിലെ ദൈവവിളി തിരിച്ചറിഞ്ഞ് സെമിനാരിയില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചത് സിസ്റ്റര്‍ റാണി മരിയയായിരുന്നു. ഇന്ന് ഇന്‍ഡോര്‍ രൂപതയിലെ വൈദികനാണ് ഞങ്ങളുടെ മകന്‍ മഹേഷ് സൂര്യ. സിസ്റ്റര്‍ റാണി മരിയയാണ് ആ അമൂല്യ സമ്മാനത്തിന് വഴിയൊരുക്കിയത്.”
പ്രിയപ്പെട്ട ജുലാദത്ത്
സിസ്റ്റര്‍ റാണി മരിയയുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്ന ഗ്രാമമാണ് ജുലാദത്ത്. 25 വര്‍ഷങ്ങള്‍ക്കിപ്പുറം സിസ്റ്ററിന്റെ എന്തെങ്കിലും ഓര്‍മകള്‍ അവശേഷിച്ചിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അവിടം സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍പോലും അവിടെ എത്തിപ്പെടുവാന്‍ പ്രയാസമാണ്. റോഡില്‍നിന്ന് മാറി കാട്ടിലൂടെ ട്രാക്ടര്‍ പോയ വഴിയെ ജീപ്പിലാണ് ആ ഗ്രാമം ലക്ഷ്യമാക്കി ഞങ്ങള്‍ സഞ്ചരിച്ചത്. പലപ്പോഴും ജീപ്പ് മുമ്പോട്ടു പോകില്ലെന്ന് തോന്നിയെങ്കിലും വിദഗ്ധനായ ഡ്രൈവറിന്റെ സഹായത്തോടെ ജുലാദത്തില്‍ എത്തിച്ചേര്‍ന്നു. റാണി മരിയക്ക് ശേഷം ഇപ്പോള്‍ ഇവിടെ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റര്‍ അല്‍ഫോന്‍സയായിരുന്നു യാത്രയില്‍ കൂടെയുണ്ടായിരുന്നത്. സിസ്റ്റര്‍ റാണി മരിയ എന്ന പേര് പറഞ്ഞ ഉടനെ റുപ്ലിബായി എന്ന് പേരുള്ള സ്ത്രീ വാചാലയായി. ”റാണിജി ഹമാരി മാം ദി (റാണിജി ഞങ്ങളുടെ അമ്മയാണ്). ആകാശത്തിലിരുന്ന് അമ്മ ഞങ്ങളെ പരിപാലിക്കുന്നു. ഒരു കൃഷിയും സാധ്യമല്ലാതിരുന്ന വരള്‍ച്ചയുടെ കാലഘട്ടത്തില്‍ ഇവിടെ വന്ന് കിണറ് കുഴിപ്പിച്ചതും വിത്തുകള്‍ തന്നതും റാണിജിയാണ്.” ഇതും പറഞ്ഞ് പച്ചപുതച്ചു നില്‍ക്കുന്ന ഗോതമ്പുപാടങ്ങളിലേക്ക് അവര്‍ വിരല്‍ച്ചൂണ്ടി.
അതിന് ശേഷം തങ്ങള്‍ക്ക് ഒരിക്കലും വെള്ളത്തിന് ക്ഷാമമുണ്ടായിട്ടില്ലെന്ന് 80 വയസിലധികം പ്രായം തോന്നിക്കുന്ന ആ സ്ത്രീ പറഞ്ഞു. സിസ്റ്റര്‍ റാണി മരിയയുടെ സഹായത്തോടെ ഗ്രാമത്തില്‍ അഞ്ച് കുഴല്‍ക്കിണറുകള്‍ കുത്തിയിരുന്നു. അന്ന് ഇവിടേക്ക് എത്താനായി അഞ്ച് കിലോമീറ്റര്‍ കാട്ടിനുള്ളില്‍ക്കൂടി സഞ്ചരിക്കേണ്ടിയിരുന്നു. കാട്ടിലേക്ക് മഠത്തില്‍നിന്ന് എട്ട് കിലോമീറ്ററാണ് അകലം. ഈ ദൂരം കാല്‍നടയായി സഞ്ചരിച്ച് ജുലാദത്തിലെത്തുമ്പോഴേക്കും സിസ്റ്റര്‍ റാണി മരിയയുടെ കാലുകളില്‍ നിന്ന് പലപ്പോഴും രക്തം വാര്‍ന്നൊഴുകുന്നുണ്ടാകുമെന്ന് റുപ്ലിബായി ഓര്‍മിക്കുന്നു. ‘ഒരിക്കല്‍ കാലില്‍ ഞാന്‍ മരുന്ന് വച്ചു തരാം എന്ന് പറഞ്ഞു. അത് പിന്നീടാകാം എന്ന് പറഞ്ഞ് റാണിജി എന്നെ സമാധാനിപ്പിക്കുകയാണ് ചെയ്തത്.’ മനസില്‍നിന്നും മായാതെ നില്ക്കുന്ന ഓര്‍മകള്‍ റുപ്ലിബായി പങ്കുവച്ചു.
മധുരമുള്ള ഓര്‍മകള്‍
എഴുപത് വയസുള്ള ഗുലാബ്‌സിംഗ് മോഹ്തയും ഭാര്യ ഇന്ദുരിബായിയും സിസ്റ്റര്‍ റാണി മരിയയെക്കുറിച്ച് മധുരമുള്ള ഓര്‍മകള്‍ സൂക്ഷിക്കുന്ന ദമ്പതികളാണ്. ഗ്രാമത്തിലെത്തിയാല്‍ എല്ലാ വീടുകളിലുമെത്തി സിസ്റ്റര്‍ വിശേഷങ്ങള്‍ തിരക്കുമായിരുന്നു. ദിവസവും മിക്കപ്പോഴും 30 കിലോമീറ്ററോളം കാല്‍നടയായി യാത്ര ചെയ്യുന്ന സിസ്റ്റര്‍ കൂടെ ആരെങ്കിലുമുണ്ടെങ്കില്‍ അവരോടൊപ്പം ജപമാല ചൊല്ലിക്കൊണ്ടാണ് നടന്നിരുന്നത്. ‘ഓ കര്‍ത്താവായ യേശു ക്രിസ്തുവേ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രാ, പാപിയായ എന്റേമേല്‍ കരുണയായിരിക്കണമേ,’ എന്നുള്ളത് സിസ്റ്റര്‍ റാണി മരിയയുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥനയായിരുന്നു. സിസ്റ്റര്‍ കൊല്ലപ്പെട്ടു എന്ന് കേട്ടപ്പോള്‍ ഒരമ്മയെ നഷ്ടപ്പെട്ട ദുഃഖമാണ് ഞങ്ങള്‍ക്കുണ്ടായത്. എങ്ങനെയാണ് മാലാഖയെപ്പോലുള്ള ആ സിസ്റ്ററിനെ കൊല്ലാന്‍ ഒരാള്‍ക്ക് തോന്നുക?; ഇന്ദുരിബായി ചോദിക്കുന്നു.
ഉദയനഗറില്‍നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പട്ടേലപുര. സിസ്റ്റര്‍ റാണി മരിയയുടെ ശ്രമഫലമായാണ് ഹാന്‍ഡ് പമ്പിലൂടെ ഇവിടെ വെള്ളമെത്തിയത്. നല്ലയിനം വിത്തുകളും വളങ്ങളും ഉപയോഗിച്ച് ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിനും കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളാണ് സിസ്റ്റര്‍ റാണി മരിയ പട്ടേലപുരയില്‍ നടത്തിയത്. ദൈവം അയച്ച മാലാഖയുടെ സ്ഥാനമാണ് പട്ടേലപുരയിലെ ജനങ്ങളുടെ മനസുകളില്‍ സിസ്റ്ററിനെക്കുറിച്ച് ഇപ്പോഴുമുള്ളത്.
ഗ്രാമവാസികള്‍ക്ക് ഇപ്പോള്‍ മിഷനറിമാരെ ഭയമില്ല
ഗ്രാമത്തില്‍ ആദ്യമായെത്തിയ സിസ്റ്റര്‍ റാണി മരിയയെ തുടക്കത്തില്‍ ഭയപ്പാടെയോടെയാണ് ജനങ്ങള്‍ വീക്ഷിച്ചതെന്ന് മെഹന്ദികേദ ഗ്രാമത്തിലെ ലാല്‍സിംഗ് സിസോദിയ ഓര്‍മിക്കുന്നു. ഗ്രാമവാസികള്‍ക്ക് ആ വേഷം പരിചിതമായിരുന്നില്ല. എന്നാല്‍ ഒരോരുത്തരെയും വ്യക്തിപരമായി കണ്ട് സംസാരിക്കാന്‍ ആരംഭിച്ചതോടെ ഗ്രാമീണരുടെ ഭയവും സംശയവും വിട്ടുമാറി. സമ്പാദ്യ പദ്ധതി തുടങ്ങുവാനും ഗുണനിലവാരമുള്ള വിത്തുകളും വളവും വാങ്ങുവാനും സിസ്റ്ററിന്റെ സഹായം ലഭിച്ചു. അവര്‍ക്കു വേണ്ടി ഗ്രാമത്തില്‍ കിണര്‍ കുഴിക്കാന്‍ മുന്‍കയ്യെടുത്തതും സിസ്റ്ററാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിസ്റ്റര്‍ സ്ഥാപിച്ച മഹിള സമിതിയും സ്വയം സേവ സംഗുമൊക്കെ ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. ‘റാണി മാതാജി ഹമാരെ ദില്‍ മേന്‍ ജീ രഹി ഹേന്‍’-‘റാണി അമ്മ ഇന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നു,’ ലാല്‍സിംഗ് പങ്കുവച്ചു.
ഉദയനഗറിലെ ഹോസ്റ്റലില്‍ നൂറോളം പെണ്‍കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. സിസ്റ്റര്‍ റാണി മരിയക്ക് എല്ലായിടത്തും എത്താന്‍ സാധിക്കാതിരുന്നതിനാല്‍ സമര്‍ത്ഥരായ കുട്ടികളെ കണ്ടെത്തി രണ്ടു പേരുടെ സംഘമായി ഗ്രാമങ്ങളിലേക്ക് അയക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. അന്ന് സിസ്റ്ററിന്റെ ശിഷ്യത്വം സ്വീകരിച്ച് ഗ്രാമങ്ങളില്‍ പോയിട്ടുള്ള പെണ്‍കുട്ടിയായിരുന്നു പാര്‍വതി രാവത്. ഇന്ന് വിവാഹിതയും അമ്മയുമായ പാര്‍വതി സമീപത്തുള്ള ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയാണ്.
ഗ്രാമങ്ങളിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സിസ്റ്റര്‍ റാണി മരിയ നല്‍കിയ പരിശീലനം ഇപ്പോഴും പച്ചകെടാതെ പാര്‍വതി ടീച്ചറിന്റെ മനസിലുണ്ട്. ക്രിസ്മസ് സമയമാകുമ്പോള്‍ സിസ്റ്റര്‍ റാണി മരിയയോടൊത്ത് അടുത്തുള്ള ഗ്രാമങ്ങളില്‍ പോയി സാന്താ ക്ലോസായി അഭിനയിച്ചതിന്റെയും പാട്ടുപാടിയതിന്റെയും സന്തോഷകരമായ ഓര്‍മകളും ടീച്ചര്‍ പങ്കുവച്ചു.
അന്നൊരു ഫെബ്രുവരി 25-ന് കുടുംബാംഗങ്ങളെ വളരെ കാലത്തിന് ശേഷം കാണാമെന്നുള്ള പ്രതീക്ഷയില്‍ വളരെ സന്തോഷത്തോടെയാണ് സിസ്റ്റര്‍ നാട്ടിലേക്ക് വണ്ടി കയറിയതെന്നും എന്നാല്‍ ക്രൂരമായ കൊലപാതകത്തിന് സിസ്റ്റര്‍ ഇരയാവുകയായിരുന്നുവെന്നും പറഞ്ഞപ്പോള്‍ ആ അധ്യാപികയുടെ കണ്ണുകളില്‍ നനവു പടരുന്നത് കാണാമായിരുന്നു.

സിസ്റ്റര്‍ റാണി മരിയയുടെ ഡയറിക്കുറിപ്പില്‍നിന്ന്
”പിതാവേ, ഞാന്‍ ദുര്‍ബലയും ബലഹീനയും പുണ്യജീവിതത്തില്‍നിന്ന് ഏറെ അകലെയുമാണ്. ശക്തമായവയെ കീഴടക്കാന്‍ ദുര്‍ബലമായവയെ അങ്ങ് ഉപയോഗിക്കുന്നു എന്ന് വ്യക്തമാക്കാന്‍ അങ്ങ് എന്നെ ഉപയോഗിക്കണമേ. നിന്റെ രാജ്യം വിസ്തൃതമാക്കുന്നതിനുള്ള മാര്‍ഗം എനിക്ക് കാണിച്ച് തരണമേ. എന്റെ ജീവിതം കൊണ്ട് നിന്നെ മഹത്വപ്പെടുത്താന്‍ സാധിക്കുന്നതിനായി എന്റെ എളിയ പ്രവര്‍ത്തനങ്ങളെ അനുഗ്രഹിക്കണമേ”

മലമുകളിലെ സ്മാരകം
‘ഹമാരി റാണിജി ഊപ്പര്‍ സെ ഹമാരെ ലിയെ പ്രാര്‍ത്ഥനാ കര്‍ത്തി ഹേന്‍’ (ഞങ്ങളുടെ റാണിജി സ്വര്‍ഗത്തില്‍നിന്ന് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്). ഉദയനഗറിന് ചുറ്റുമായി വ്യാപിച്ചുകിടക്കുന്ന 30-ഓളം ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ ഏകസ്വരത്തില്‍ പറയുന്ന കാര്യമാണിത്. റാണി മരിയ എന്ന ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്യാസിനി ക്രിസ്തുവുമായുള്ള തന്റെ ബന്ധത്തിനാണ് എന്നും ഒന്നാം സ്ഥാനം നല്‍കിയത് എന്ന് ഈ പുണ്യവതിയുടെ ഡയറിക്കുറിപ്പുകള്‍ തെളിയിക്കുന്നു. ‘ദരിദ്രരോടുള്ള സ്‌നേഹം സുവിശേഷം ജീവിക്കാനുള്ള ഒരു കുലീന മാര്‍ഗമാണ്,’ സിസ്റ്റര്‍ തന്റെ ഡയറിയില്‍ കുറിച്ചു. മറ്റൊരവസരത്തില്‍ സിസ്റ്റര്‍ കുറിച്ചത് ഇങ്ങനെയായിരുന്നു: ‘ഒന്നാമത്തെ ഡ്യൂട്ടി പ്രാര്‍ത്ഥനയാണ്. ജോലി രണ്ടാമത് മാത്രമേ വരുന്നുള്ളൂ.’ രാവിലെ നാല് മണിക്ക് ആരംഭിച്ച് രാത്രി 11 മണി വരെ നീളുന്ന സിസ്റ്ററിന്റെ ശുശ്രൂഷാ ജീവിതത്തിലെ ഒരോ ദിവസത്തിന്റെയും ആദ്യ മണിക്കൂറും അവസാന മണിക്കൂറും ദിവ്യകാരുണ്യനാഥനോടൊപ്പം ചെലവഴിക്കാന്‍ സിസ്റ്റര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഉദയനഗറിന്റെ ഭൂമിശാസ്ത്രം മനസിലാക്കുന്നവര്‍ ഇത്രയധികം സ്ഥലങ്ങള്‍ സിസ്റ്റര്‍ റാണി മരിയ ഒറ്റയ്ക്ക് എങ്ങനെ സന്ദര്‍ശിച്ചു എന്ന് അത്ഭുതപ്പെടാറുണ്ട്, അതും കാല്‍നടയായി. അതിന് ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ. ക്രിസ്തുവിന്റെ സ്‌നേഹം നിര്‍ബന്ധിച്ചതുകൊണ്ട്. മറ്റുള്ളവര്‍ രണ്ടു വട്ടം ആലോചിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി എടുത്തുചാടാന്‍ സിസ്റ്റര്‍ റാണി മരിയയെ പ്രചോദിപ്പിച്ചത് ക്രിസ്തുവിന്റെ സ്‌നേഹം മാത്രമായിരുന്നു. അവസാനം ആ യാത്രയുടെ പാരമ്യത്തില്‍ നാച്ചിംബോര്‍ മലമുകളില്‍ സിസ്റ്റര്‍ തന്റെ ജീവന്‍ ആ സ്‌നേഹത്തിന് വേണ്ടി സമര്‍പ്പിച്ചു.
ബസില്‍വച്ച് മാരകമായി കുത്തിയതിനുശേഷം പുറത്തേക്കെറിഞ്ഞ സിസ്റ്റര്‍ റാണി മരിയയുടെ ജീവനറ്റ ശരീരം വന്ന് വീണ നാച്ചിംബോര്‍ മലയില്‍ സ്ഥാപിച്ചിരിക്കുന്ന ചെറിയ സ്മാരകം സന്ദര്‍ശിക്കാന്‍ ധാരാളം തീര്‍ത്ഥാടകര്‍ ഇപ്പോള്‍ എത്തുന്നുണ്ട്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 41 -ാമത്ത വയസില്‍ സിസ്റ്റര്‍ ശാരീരികമായി ലോകത്തോട് വിടപറഞ്ഞു. എങ്കിലും ഉദയനഗറിലും പരിസരപ്രദേശങ്ങളിലും സിസ്റ്ററിന്റെ ചൈതന്യവും ഓര്‍മകളും ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു.

ഫാ. അലക്‌സ് കൂന്താനം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?