Follow Us On

18

April

2024

Thursday

മണ്‍മനുഷ്യന്‍- ലെന്റൻ റിഫ്‌ളക്ഷൻ 1

മണ്‍മനുഷ്യന്‍- ലെന്റൻ റിഫ്‌ളക്ഷൻ 1

ആദിയില്‍ മണ്ണില്‍നിന്നും ദൈവം മെനഞ്ഞെടുത്ത മണ്‍മനുഷ്യനാണ് താനെന്ന പ്രകാശം കിട്ടിയാല്‍ ഏതൊരുവന്റെയും അഹബോധത്തിന്റെ വിഷപ്പല്ലുകള്‍ താനേ പൊഴിഞ്ഞുവീഴും- വലിയനോമ്പിന് തുടക്കം കുറിക്കുന്ന വിഭൂതിയിൽ വായിക്കാം, മനുഷ്യന്റെ നിസാരതയെ വെളിപ്പെടുത്തുന്ന ധ്യാനവിചാരം.

ഫാ. ജോനാഥ് കപ്പൂച്ചിന്‍

ഒരിക്കല്‍ മണ്‍കുടത്തോട് ഒരു കിണര്‍ ആരാഞ്ഞു: ”ഏതു പരിതസ്ഥിതിയിലും തണുപ്പ് പകരാന്‍ നിനക്ക് സാധിക്കുന്നതെങ്ങനെ?” മണ്‍കുടം മൊഴിഞ്ഞു: ”അനുനിമിഷം സ്വയം ഓര്‍മിപ്പിക്കും, ഞാന്‍ മണ്ണില്‍നിന്നു മെനഞ്ഞെടുക്കപ്പെട്ടവനാണെന്നും മണ്ണിലേക്കുതന്നെ പിന്‍വാങ്ങേണ്ടിവരുമെന്നും. പിന്നെ എന്തിനാണീ അഹന്തയും അസൂയയും ഒക്കെ. താനേ ഞാന്‍ തണുത്തുപോകും!”
വിഭൂതിയിലെ ദിവ്യബലിമധ്യേ ഉരുവിടുന്ന ”നീ മണ്ണാണ്, മണ്ണിലേക്കുതന്നെ മടങ്ങും” എന്ന പുരോഹിത മന്ത്രത്തിന്റെ പൊരുള്‍ ഇതുതന്നെയല്ലേ. മനുഷ്യനെ അവന്റെ നിസാരതയെ വെളിപ്പെടുത്തിക്കൊടുക്കാന്‍ ഈ ധ്യാനവിചാരം അനിവാര്യമാണ്. കാരണം ഉള്ളിലെ ആത്മചൈതന്യത്തെ അപായപ്പെടുത്താന്‍ മാത്രം വീര്യമുള്ള അസൂയയുടെയും അഹന്തയുടെയും കൊടുംവിഷം തീണ്ടിയവനാണവന്‍. ഒരു മറുമരുന്ന് മാത്രമേ ദൈവം കണ്ടുള്ളൂ – മരണം. ആദിയില്‍ മണ്ണില്‍നിന്നും ദൈവം മെനഞ്ഞെടുത്ത മണ്‍മനുഷ്യനാണ് താനെന്ന പ്രകാശം കിട്ടിയാല്‍ ഏതൊരുവന്റെയും അഹബോധത്തിന്റെ വിഷപ്പല്ലുകള്‍ താനേ പൊഴിഞ്ഞുവീഴും.

ടൈറ്റാനിക്ക് ഒരു പ്രതീകം
എന്നിട്ടും, തന്റെ നൈമിഷികതയെ വിസ്മരിച്ച് സര്‍വതും കീഴടക്കാനാവുന്ന സുവര്‍ണ ദിനത്തെക്കുറിച്ച് വെറുതെ സ്വപ്‌നം കാണുകയാണ് അവന്‍. ദൈവത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് തനിക്ക് പലതും സാധ്യമാണെന്ന് തെളിയിക്കാന്‍ വിഫലമായി ശ്രമിക്കുകയാണവന്‍. ഈ വെല്ലുവിളിയാണ് ബാബേല്‍ ഗോപുരനിര്‍മിതിയിലൂടെ മറനീക്കി പുറത്തുവന്നത്. ഭൂമിയില്‍ ഒരു ഭാഷയും ഒരു സംസാര രീതിയും മാത്രമുണ്ടായിരുന്ന സുന്ദരകാലത്താണത് സംഭവിച്ചത്. കിഴക്കുനിന്നും വന്ന ജനം ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും പണിതീര്‍ത്ത് അവരുടെ പ്രശസ്തി നിലനിര്‍ത്താനാഗ്രഹിച്ചു. ദൈവമവരുടെ പരിശ്രമങ്ങളെ നിലംപരിശാക്കി. ഒന്നാമതാകാനുള്ള മനുഷ്യന്റെ ആഗ്രഹം ബാബേല്‍ ഗോപുരം കണക്കെ എന്തുമാകാം. പാരമ്പര്യം, സൗന്ദര്യം, കഴിവ്, അറിവ്, കുലമഹിമ, ബിസിനസ് അങ്ങനെ സ്വന്തം അഹന്തയില്‍നിന്നും രൂപപ്പെടുന്ന എന്തും. ദൈവത്തെ ഒഴിവാക്കി നാം പണിയാനാഗ്രഹിക്കുന്ന എല്ലാ സ്വപ്‌നഗോപുരങ്ങളും ഇങ്ങനെ ഒരുനാള്‍ നാമാവശേഷമാകുകതന്നെ ചെയ്യും.
ചരിത്രത്തില്‍നിന്ന് മറ്റൊരു സംഭവംകൂടി ഓര്‍മിച്ചെടുക്കാം. കിഴക്കുനിന്നുതന്നെയുള്ള മറ്റൊരു ജനം. സൂര്യനസ്തമിക്കാത്ത രാജ്യമെന്ന് വിശേഷണമുള്ള ബ്രിട്ടണ്‍. അതിര്‍ത്തികള്‍ താണ്ടിയവര്‍ അധികാരം വ്യാപിപ്പിച്ചു. കാലങ്ങളോളം ഇന്ത്യയെപ്പോലും അടിമയാക്കിവച്ചു. കഴിഞ്ഞ നൂറ്റാണ്ടില്‍, ലോകത്തിലേക്കുവച്ച് അന്നുള്ള ഏറ്റവും വലിയ കപ്പല്‍ നിര്‍മിച്ചതവരാണ്. അത്യാധുനിക സൗകര്യങ്ങളും ആഡംബരങ്ങളും നിറഞ്ഞ ടൈറ്റാനിക്. ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, ലൈബ്രറി, നവീകരിച്ച റസ്റ്റോറന്റ്, നവീന ആശയ വിനിമയ സംവിധാനങ്ങള്‍ ഒക്കെയുള്ള വിനോദക്കപ്പല്‍ ഒരിക്കലും മുങ്ങില്ല എന്ന ആത്മവിശ്വാസത്തില്‍ ലൈഫ് ബോട്ടുകള്‍ അധികം വേണ്ടെന്ന് തീരുമാനിച്ചവര്‍. അങ്ങനെ 2224 പേരടങ്ങിയ അതിന്റെ ആദ്യ ജൈത്രയാത്രയില്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍വച്ച് മഞ്ഞുമലയില്‍ തട്ടിയത് മുങ്ങിപ്പോകുന്നു. 1500 പേരുടെ ദുരന്താന്ത്യമായത് യാത്ര അവസാനിപ്പിക്കുന്നു. മനുഷ്യരുടെ അഹന്തയുടെ പടയോട്ടങ്ങള്‍ക്ക് സംഭവിച്ച തകര്‍ച്ചയുടെ പ്രതീകമാണ് ടൈറ്റാനിക്. ദൈവത്തെ ഒഴിവാക്കിയുള്ള പ്രയത്‌നങ്ങള്‍ തകര്‍ന്നു തരിപ്പണമാകാന്‍ കേവലം കാഴ്ചയില്‍ തടസമായി തോന്നാത്ത ചെറിയൊരു മഞ്ഞുകട്ടയുടെ സാന്നിധ്യം മതി.

ബാബേല്‍
പലപ്പോഴും ഏറ്റവും നല്ല രീതിയില്‍ ആസൂത്രണം ചെയ്ത്, മുന്‍കരുതലെടുത്ത്, ഭവിഷത്തുകള്‍ പരിഹരിച്ച് ആരംഭിക്കുന്ന സംരംഭങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ വിജയകരമാകണമെന്നില്ല. അപ്പോള്‍ നമ്മുടെ അറിവോ അനുഭവപരിചയമോ പരാജയത്തില്‍നിന്നും കരകയറാന്‍ തുണയാകണമെന്നില്ല. കാരണം തകര്‍ച്ചയെ അനിവാര്യമാക്കുന്ന കുറച്ചധികം ദുര്‍ലക്ഷണങ്ങളതിനുണ്ടാകും.
ഒന്നാമതായി ദൈവസാന്നിധ്യക്കുറവ്. അതൊരു കുറവുതന്നെയാണെന്ന് പലര്‍ക്കും മനസിലാവണമെന്നില്ല. പത്രോസിന് എളുപ്പം പിടികിട്ടി. ഗലീലി തടാകത്തില്‍ ഒരു രാവു മുഴുവന്‍ വല വീശിയിട്ടും ഒരു മീന്‍ത്തരിപോലും കിട്ടാതെപോയ മുക്കുവന്‍. പിറ്റേന്ന് പ്രഭാതത്തില്‍ അവന്റെ വഞ്ചിയിലെ ക്രിസ്തുസാന്നിധ്യത്തിലാണ് മത്സ്യങ്ങളുടെ നിറസമൃദ്ധിയുണ്ടായത്.
രണ്ടാമതായി ദൈവസംരക്ഷണ കവചം നഷ്ടപ്പെട്ടുപോകുമെന്നതാണ്. ഇവിടെ നെഹമിയായെ ഓര്‍മിക്കുന്നത് നല്ലതാണ്. അവന്‍ ജറുസലേം അതിര്‍ത്തി ഭിത്തികള്‍ പുനര്‍നിര്‍മിക്കാനാഗ്രഹിച്ചപ്പോള്‍ അതിനെതിരെ ശത്രുക്കള്‍ ഉപചാപം നടത്തുന്നുണ്ട്. എന്നിട്ടും ഏവരെയും അതിശയിപ്പിച്ചുകൊണ്ട് 52-ാം ദിവസം പണി പൂര്‍ത്തിയാവുന്നു. നെഹമിയായുടെ കഴിവല്ല, ദൈവത്തിന്റെ സംരക്ഷണകരങ്ങളാലാണ് അത് സാധ്യമായതെന്ന് ശത്രുക്കള്‍പോലുമപ്പോള്‍ ഏറ്റുപറയുന്നു. മൂന്നാമത്തെ ദുര്‍ലക്ഷണം അഹന്തയിലേക്കോ അസൂയയിലേക്കോ അത് വ്യതിചലിക്കുമെന്നതാണ്. ദൈവനാമത്തില്‍ കടന്നുവന്ന ദാവീദിന്റെ മുമ്പില്‍ സാവൂള്‍ രാജാവ് അസൂയയിലും ഗോലിയാത്ത് എന്ന യോദ്ധാവ് അഹന്തയാലും വീണുപോകുന്നത് നാം വേദഗ്രന്ഥത്തില്‍ വായിക്കുന്നു. ഒടുവില്‍ തകര്‍ച്ചയുടെ പര്യവസാനമായി എല്ലാമൊരു ആശയക്കുഴപ്പത്തില്‍ വന്നുനില്‍ക്കും. ‘ബാബേല്‍’ എന്ന പദത്തിന്റെ അര്‍ത്ഥം ‘കണ്‍ഫ്യൂഷന്‍’ എന്നുകൂടിയാണെന്ന് മറക്കരുത്.
ആത്മീയതയുടെ ഏറ്റവും വലിയ തിരിച്ചറിവെന്നത് എല്ലാം നിയന്ത്രിക്കുന്നത് ദൈവമാണ്; നമ്മളല്ല എന്ന അവബോധമാണ്. അതുകൊണ്ടാണ് സുഭാഷിതന്‍ ഇങ്ങനെ വാചാലനാകുന്നത്, ”മനുഷ്യന്‍ തന്റെ മാര്‍ഗം ആലോചിച്ചുവയ്ക്കുന്നു. അവന്റെ കാലടികളെ നിയന്ത്രിക്കുന്നത് കര്‍ത്താവാണ്” (സുഭാ. 16:9) എന്ന്. സ്വന്തം ആഗ്രഹങ്ങള്‍ ദൈവതീരുമാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന മനുഷ്യനാണ് ഏറ്റം പ്രകാശിതനായവന്‍. ഒരു ഇന്റര്‍വ്യൂവിന് പോകുമ്പോള്‍, വീട് പണിയുമ്പോള്‍, വിവാഹിതനാകുമ്പോള്‍, സ്ഥലം വാങ്ങുമ്പോള്‍, സ്ഥാപനം ആരംഭിക്കുമ്പോള്‍, യാത്ര പുറപ്പെടുമ്പോള്‍… അങ്ങനെ എല്ലാ അനുദിന കാര്യങ്ങളിലും ദൈവതിരുവിഷ്ടം ആരായുക. കാരണം അടഞ്ഞ വാതിലുകള്‍ തുറക്കാന്‍, നിരാശയുടെ ഇരുട്ടില്‍ പ്രത്യാശയുടെ വെട്ടം തെളിക്കാന്‍, വീഴ്ചകളെ വിജയപടികളാക്കാന്‍, ദുര്‍നിമിത്തങ്ങളെ അനുഗ്രഹ നിമിഷങ്ങളാക്കാന്‍ ദൈവത്തിനേ കഴിയൂ. അവിടുത്തെ അനുഗ്രഹാനുവാദമില്ലാതെ ഒരു മണ്‍കൂരപോലും ഉയര്‍ത്താനാവില്ല എന്ന് നാമിനി എന്നാണ് മനസിലാക്കുക. ”കര്‍ത്താവ് ഭവനം പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം നിഷ്ഫലമാണ്” (സങ്കീ. 127:1) എന്ന സങ്കീര്‍ത്തന വരികള്‍ വെറുതെ നിനവില്‍ വരുന്നു.

അടിക്കുറിപ്പിന്റെ അര്‍ത്ഥങ്ങള്‍
ഈ നാളുകളില്‍ വാട്‌സ് ആപ്പില്‍ ഒരു പോസ്റ്റ് കണ്ടു. അതിമാനുഷിക കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ഹോളിവുഡ് സിനിമ നായകന്‍ അര്‍നോള്‍ഡ് ഷോസെനേഗറിന്റേതാണത്. നഗരമധ്യേയുള്ള അര്‍നോള്‍ഡിന്റെ യുവത്വമുള്ള വെങ്കലശില്പത്തിന് ചുവട്ടില്‍ തളര്‍ന്നുറങ്ങുന്ന വൃദ്ധനായ അര്‍നോള്‍ഡിന്റെ ഫോട്ടോ ആയിരുന്നത്. അതിലൊരു അടിക്കുറിപ്പുമുണ്ട്… ഒീം ശോല െവമ്‌ല രവമിഴലറ… തന്റെ വാര്‍ധക്യസഹജമായ ദുര്‍ബലതയില്‍ നിരാശയോടെ എഴുതിയ നൊമ്പരക്കുറിപ്പുമാത്രമല്ലായിരുന്നത്. കാലിഫോര്‍ണിയായിലെ ഗവര്‍ണറായിരുന്ന ഒരു പ്രതാപകാലമുണ്ടായിരുന്നയാള്‍ക്ക്. അന്ന് തന്റെ ശില്പം സ്ഥാപിച്ചുകൊണ്ട് ആരംഭിച്ച ഒരു ഹോട്ടലിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിക്കുന്ന വേളയില്‍ സംഘാടകര്‍ അയാള്‍ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു. ഏതു സമയത്തും നിങ്ങള്‍ക്ക് ഹോട്ടലില്‍ വരാം. എപ്പോഴും ഒരു മുറി ഒഴിച്ചിട്ടിരിക്കും. ഗവര്‍ണര്‍ പദവിയൊക്കെ ഒഴിഞ്ഞ് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ ഒരുനാള്‍ അര്‍നോള്‍ഡ് ഈ ഹോട്ടലില്‍ വന്നു. ആ വാഗ്ദാനമോര്‍ത്ത് മുറി ചോദിച്ചു. എന്നാല്‍ സൗജന്യമായി മുറി കൊടുക്കുവാന്‍ ജോലിക്കാര്‍ അന്ന് തയാറായില്ല. പ്രതിഷേധസൂചകമായി അയാള്‍ തന്റെ ശില്പത്തിന്റെ ചുവട്ടില്‍ ബെഡ്ഷീറ്റ് വിരിച്ച് പുതച്ച് ഉറങ്ങാന്‍ ശ്രമിക്കുന്നതിന്റെ ഫോട്ടോ ആയിരുന്നത്.
അയാളൊരു പ്രധാനപ്പെട്ട വ്യക്തിയായിരുന്നപ്പോള്‍ പലരും അനുഗമിച്ചു, അഭിനന്ദിച്ചു. സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ പതുക്കെ വിസ്മരിച്ചു, വാഗ്ദാനങ്ങള്‍ അവഗണിച്ചു. സൗമ്യമായി ഈ ഫോട്ടോ നമ്മെ ഓര്‍മിപ്പിക്കുന്നു, സമ്പത്തിലും അധികാരത്തിലും പ്രതാപത്തിലും അറിവിലുമൊന്നും പൂര്‍ണമായി ആശ്രയിക്കരുതെന്ന്. നിനക്ക് ശ്രേയസുള്ളപ്പോള്‍ പ്രിയപ്പെട്ടവര്‍ ഏറും. കഷ്ടകാലത്ത് അവര്‍ അകന്നുപോകുകയും ചെയ്യും. ഒന്നും ശാശ്വതമല്ല. അതുകൊണ്ട് എളിമപ്പെടുക, അനുതപിക്കുക. ”കര്‍ത്താവിന്റെ ശ്വാസമേല്‍ക്കുമ്പോള്‍ പുല്ലു കരിയുകയും പുഷ്പം വാടിപ്പോകുകയും ചെയ്യും. മനുഷ്യന്‍ പുല്ലുമാത്രം” (ഏശ. 40:7) എന്ന ഏശയ്യാ ദീര്‍ഘദര്‍ശിയുടെ വചനം ഇടയ്‌ക്കൊക്കെ ധ്യാനിക്കുന്നത് നല്ലതാണ്. ഇതാ വിഭൂതി ആഗതമായിരിക്കുന്നു. ഒരു ചെറുകാറ്റില്‍ പറന്നുപോകാവുന്ന ധൂളി കണക്കെയാണ് നരജന്മം എന്ന തിരിച്ചറിവിന്റെ വെട്ടത്തില്‍ നെറ്റിയില്‍ ചാരം പൂശി പ്രായശ്ചിത്തത്തിന്റെ തപസുവഴിയിലേക്ക് ഏവര്‍ക്കും പ്രവേശിക്കാം!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?