Follow Us On

29

March

2024

Friday

കണ്ണ് തുറപ്പിക്കേണ്ട തിരുവചനങ്ങള്‍

കണ്ണ് തുറപ്പിക്കേണ്ട  തിരുവചനങ്ങള്‍

നോമ്പുകാലത്തിലൂടെ കടന്നുപോകുന്ന നമ്മുടെ കണ്ണ് തുറപ്പിക്കേണ്ട യേശുവിന്റെ ചില വചനങ്ങള്‍ മത്തായി 7:21-27-ല്‍ ഉണ്ട്. ഈ വചനങ്ങളിലൂടെ യേശു പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്.
ഒന്ന്, കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിച്ചപേക്ഷിക്കുന്നതുകൊണ്ടുമാത്രം ഒരാള്‍ക്ക് സ്വര്‍ഗം കിട്ടുകയില്ല. അതായത്, ബാഹ്യമായ ആചാരങ്ങളും പ്രാര്‍ത്ഥനകളും മാത്രം ഒരാളെയും സ്വര്‍ഗരാജ്യത്തില്‍ എത്തിക്കുകയില്ല. അങ്ങനെയെങ്കില്‍, സ്വര്‍ഗത്തില്‍ പ്രവേശനം കിട്ടുന്നത് ആര്‍ക്ക് ആയിരിക്കും? ഉത്തരം യേശു പറയുന്നുണ്ട്: സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക. അതായത്, ദൈവഹിതം അനുസരിച്ച് ആരൊക്കെ ജീവിക്കുന്നുവോ അവര്‍ക്ക് മാത്രമാണ് സ്വര്‍ഗരാജ്യം.
രണ്ടാമത്തെ കാര്യം: ഒരാള്‍ ദൈവഹിതമനുസരിച്ചാണോ അല്ലയോ ജീവിക്കുന്നത് എന്ന് എങ്ങനെ തിരിച്ചറിയും? മനുഷ്യര്‍ക്കത് പലപ്പോഴും തിരിച്ചറിയാന്‍ കഴിയുകയില്ല. എന്നാല്‍ ദൈവത്തിന് തിരിച്ചറിയാന്‍ പറ്റും. ബാഹ്യപ്രവൃത്തികള്‍ ഒരുപാട് പേര്‍ ഒരേപോലെ ചെയ്യുന്നുണ്ടാകും. ഉദാഹരണത്തിന്, കുര്‍ബാനയില്‍ പങ്കെടുക്കുന്നു, വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നു, പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു, നേര്‍ച്ചയിടുന്നു, കുടുംബപ്രാര്‍ത്ഥന ഉണ്ട്, ധ്യാനം കൂടുന്നുണ്ട്, അങ്ങനെ എല്ലാ പൊതുകാര്യങ്ങളിലും പങ്കെടുക്കുന്നുണ്ട്. പുറമേ കണ്ടാല്‍ നല്ല മനുഷ്യന്‍. എന്നാല്‍ ആ ആളുടെ ഉള്ള് നല്ലതാകണമെന്നില്ല. ആ ആള്‍ പല ദൈവകല്‍പനകളും ലംഘിക്കുന്നുണ്ടാകാം. പല നീതികേടുകളും കാണിക്കുന്നുണ്ടാവും. ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യുന്നുണ്ടാവില്ല. കുടുംബത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടാവും. ആര്‍ക്കും ഒരു നന്മയും ചെയ്യുന്നുണ്ടാവില്ല. പലരോടും ക്ഷമിക്കാന്‍ കാണും. ധാര്‍മിക ജീവിതം നല്ലതാകണമെന്നില്ല. കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ വേണ്ടവിധം നിറവേറ്റുന്നുണ്ടാവില്ല. അങ്ങനെ പലതും. ഇതൊന്നും പുറമേനിന്ന് നോക്കുന്ന ആളുകള്‍ക്ക് മനസിലാവില്ല.
അതിനാല്‍ ഹൃദയം എന്താണ്, മനസ് എന്താണ്, ദൈവകല്‍പനകള്‍ പാലിക്കുന്ന രീതി എന്താണ് എന്നതാണ് പ്രധാനം. യേശു പറയുന്ന മറ്റ് ചില വചനങ്ങളും പ്രധാനമാണ്. ദൈവത്തിന്റെ വിധിവാചകം കേള്‍ക്കുകയും തങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ആളുകള്‍ ഉണ്ടാകും. ആ കൂട്ടത്തില്‍ യേശുവിന്റെ നാമം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നവര്‍ ഉണ്ടാകും. എന്നാല്‍ അവര്‍ ദൈവകല്‍പനകള്‍ ലംഘിച്ചിരുന്നവരും ആയിരിക്കും. ആ കൂട്ടത്തില്‍ പ്രവചനങ്ങള്‍ നടത്തിയിരുന്നവര്‍ ഉണ്ടാകും. എന്നാല്‍ അവര്‍ ദൈവകല്‍പനകള്‍ പാലിക്കാതിരുന്നവരും ആയിരിക്കും. ആ കൂട്ടത്തില്‍ പിശാചുക്കളെ പുറത്താക്കിയവര്‍ ഉണ്ടാകും. എന്നാല്‍ അവര്‍ ദൈവകല്‍പനകള്‍ പാലിക്കാതിരുന്നവര്‍ ആയിരിക്കും. ആ കൂട്ടത്തില്‍ ദൈവനാമത്തില്‍ നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ കാണും. എന്നാല്‍ അവര്‍ ദൈവകല്‍പനകള്‍ പലതും ലംഘിച്ചവരും ആയിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, ആത്മീയ ശുശ്രൂഷകള്‍ ചെയ്തിരുന്നവരും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നവരും രോഗശാന്തി നല്‍കിക്കൊണ്ടിരുന്നവരും പിശാചുക്കളെ പുറത്താക്കിക്കൊണ്ടിരുന്നവരുംവരെ സ്വര്‍ഗരാജ്യത്തില്‍ പ്രവേശനം കിട്ടാത്തവരുടെ കൂട്ടത്തില്‍ ഉണ്ടാകാം.
ഇത് നമ്മെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യാവുന്ന ഒരു കാര്യമാണ്. ഇങ്ങനെ രോഗശാന്തി നല്‍കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും പിശാചുക്കളെ പുറത്താക്കുകയും ചെയ്തിരുന്ന ഇവരിലൂടെ ദൈവമല്ലേ പ്രവര്‍ത്തിച്ചത്? അവര്‍ക്ക് പുണ്യവും വിശുദ്ധിയും ഇല്ലെങ്കില്‍ ദൈവം അവരിലൂടെ ഇത്തരം കാര്യങ്ങള്‍ ചെയ്യുമായിരുന്നോ? ഉത്തരം ഇതാണ്: പൊതുവേ പറഞ്ഞാല്‍, വിശുദ്ധിയുള്ള മനുഷ്യരിലൂടെയാണ് ദൈവകൃപ മറ്റുള്ളവരിലേക്ക് വര്‍ഷിക്കപ്പെടുന്നത്. ആ കൃപ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളുമൊക്കെയായി രൂപാന്തരപ്പെടുന്നത്. എന്നാല്‍ ചിലപ്പോള്‍ ദൈവകല്‍പനകള്‍ പാലിക്കാത്ത മനുഷ്യരിലൂടെയും ദൈവം അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും പ്രവര്‍ത്തിക്കാം. അത്തരം സാഹചര്യങ്ങള്‍ നമ്മോട് പറയുന്ന കാര്യം ഇതാണ്: അവിടെ അത്ഭുതങ്ങളും രോഗശാന്തികളും മറ്റും നടക്കുന്നത് പ്രാര്‍ത്ഥിക്കുന്ന വ്യക്തികളുടെ പുണ്യംകൊണ്ട് എന്നതിനെക്കാള്‍ അധികം, ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ അവരോടുള്ള ദൈവത്തിന്റെ കാരുണ്യംകൊണ്ടാണ്. നമ്മോടുള്ള ദൈവത്തിന്റെ കരുണകൊണ്ട് ചിലപ്പോള്‍ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പാപാവസ്ഥയിലുള്ള മനുഷ്യരിലൂടെയും ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. മറ്റുള്ളവരോടുള്ള ദൈവത്തിന്റെ കരുണ കാരണം ചിലപ്പോള്‍ പാപാവസ്ഥയിലായ നമ്മളിലൂടെയും ദൈവം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. ഇവിടെയൊക്കെ പ്രകടമാകുന്നത് പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ പുണ്യമല്ല; ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ അവരോടുള്ള ദൈവത്തിന്റെ കരുണയാണ്.
അതുകൊണ്ട് യേശു പറയുന്ന പ്രധാന കാര്യം ഇതാണ്: ദൈവകല്‍പനകള്‍ പാലിച്ച് ജീവിക്കുക. അതുമാത്രമാണ്, ഒരാള്‍ക്ക് സ്വര്‍ഗരാജ്യത്തിലേക്ക് പ്രവേശനം നല്‍കുക. തുടര്‍ന്ന് മണലില്‍ വീട് പണിത ആളുടെയും പാറമേല്‍ വീട് പണിത ആളുടെയും ഉദാഹരണം യേശു പറയുന്നു. കാറ്റും മഴയും ഉണ്ടായപ്പോള്‍ മണലില്‍ പണിത ഭവനം വീണുപോയി; പാറമേല്‍ പണിത ഭവനം നിലനിന്നു.
ഇതുപോലെ ദൈവം ഓരോരുത്തരെയും വിധിക്കുന്ന സമയത്തെ അതിജീവിച്ച് സ്വര്‍ഗത്തില്‍ എത്തുവാന്‍ ദൈവകല്‍പനകള്‍ പാലിച്ച് ജീവിക്കുന്നവര്‍ക്കേ കഴിയൂ. അല്ലാത്തവര്‍ക്ക് ദൈവത്തിന്റെ വിധിയെ അതിജീവിച്ച് സ്വര്‍ഗത്തില്‍ എത്താന്‍ കഴിയുകയില്ല. ദൈവകല്‍പനകള്‍ പാലിച്ച് ജീവിക്കുന്ന വ്യക്തിയാണ് പാറമേല്‍ വീട് പണിത മനുഷ്യന്‍.
നമ്മള്‍ ഓരോരുത്തരും ദൈവകല്‍പനകള്‍ എന്തുമാത്രം പാലിച്ച് ജീവിക്കുന്നവരാണ് എന്ന് വിധിസമയത്തെ അറിയാന്‍ പറ്റൂ. ദൈവകല്‍പനകള്‍ കൂടുതല്‍ വിശ്വസ്തതയോടെ അനുസരിക്കുന്നവരാകാന്‍ ഈ നോമ്പുകാലത്ത് നമുക്ക് ശ്രദ്ധിക്കാം.

ഫാ. ജോസഫ് വയലില്‍ CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?