Follow Us On

19

April

2024

Friday

നോമ്പിന്റെ ഹൃദയമര്‍മ്മരങ്ങള്‍

നോമ്പിന്റെ  ഹൃദയമര്‍മ്മരങ്ങള്‍

ദൈവനിഷേധത്തിന്റെ തെക്കന്‍ കാറ്റ് മാനവരാശിയെ ഒന്നാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുശേഷം ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌സിനെ പോലെയുള്ളവര്‍ ദൈവമെന്ന വാക്കുപോലും ഉച്ചാരണത്തിന് യോജിച്ചതല്ലെന്നാണ് സമര്‍ത്ഥിച്ചിരുന്നത്. ഭൗതിക വാദത്തെ മുറുകെപ്പിടിച്ച് ശാസ്ത്രത്തില്‍ മാത്രം വിശ്വസിച്ച സ്റ്റീഫന്‍ ഹോക്കിങ്‌സും തത്വചിന്തകനായ നീത്‌ഷെയും മാത്രമല്ല, സാധാരണക്കാരായ നമ്മളുമിപ്പോള്‍ ഇതേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് തോന്നാറുണ്ട്. എസ്എസ്എല്‍സി പരീക്ഷക്ക് പത്തു മാര്‍ക്ക് കൂടുതല്‍ സ്വന്തമാക്കാന്‍ ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ശരിയാണെന്ന് എഴുതിവച്ച് ദൈവത്തെ ബോധപൂര്‍വ്വം തള്ളിക്കളയുന്നവരാണ് നമ്മളെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോ കുറിച്ചിട്ടത് വായിക്കുമ്പോള്‍ എന്നിലും കുറ്റബോധത്തിന്റെ കരിനിഴല്‍ രൂപം കൊള്ളുന്നുണ്ട്. പത്തു പതിനാലു വര്‍ഷം സെമിനാരിയില്‍ പഠിച്ച് വൈദികനായിട്ടും റേഷന്‍ കാര്‍ഡില്‍പോലും തൊഴില്‍ ദൈവവിചാരമെന്ന് എഴുതാന്‍ ഞാന്‍ മടിക്കുമ്പോള്‍ ദൈവ സ്‌നേഹം വെറും വാക്കില്‍ മാത്രമാവുന്നു എന്നത് എന്നെ ഇപ്പോള്‍ ലജ്ജിതനാക്കുന്നുണ്ട്.
തിരിച്ചുവരവിന്റെ സുവിശേഷം
നിനക്കാരെയാണ് കൂടുതല്‍ സ്‌നേഹമെന്ന മാതാപിതാക്കളുടെ ചോദ്യത്തിന് അവരെ പ്രീതിപ്പെടുത്താന്‍ വേണ്ടി രണ്ടുപേരുടെയും പേരുകള്‍ മാറി മാറി പറഞ്ഞു കളിച്ചുവെന്നല്ലാതെ, ഏറ്റവുമിഷ്ടം എന്നെ സൃഷ്ടിച്ചവനെയാണ് എന്ന് ഏറ്റുപറയുവാന്‍ കുഞ്ഞുനാളില്‍ മാത്രമല്ല എനിക്കിപ്പോഴും കഴിഞ്ഞിട്ടില്ല. എടുത്തണിയുന്ന ആഭരണംപോലെ സൗകര്യത്തിനും അഴകിനും വേണ്ടി മാത്രം ദൈവനാമം ഉച്ചരിക്കുന്ന പോഴനായ ഒരു കുഞ്ഞാട് മാത്രമാണ് ഞാന്‍. ദൈവത്തെ മറ്റാരെക്കാളുമധികമായി സ്‌നേഹിക്കുന്നതിനാല്‍ അവന്റെ ദൃഷ്ടികള്‍ എന്നിലേക്ക് നീളുമെന്ന് രണ്ടു ദിനവൃത്താന്തം പതിനാറാം അധ്യായം ഒന്‍പതാം തിരുവചനം പറഞ്ഞുവെച്ചത് എനിക്കുള്ളതല്ലെന്ന് നല്ലതുപോലെ അറിയാം. വചനം ഇപ്രകാരമാണ്: ”കര്‍ത്താവിന്റെ മുന്‍പില്‍ നിഷ്‌കളങ്കരായി വര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി ശക്തി പ്രകടിപ്പിക്കുവാന്‍ കര്‍ത്താവിന്റെ ദൃഷ്ടികള്‍ ഭൂമിയിലുടനീളം പായുന്നു” (2 ദിന.16:9).
ആദിമാതാപിതാക്കള്‍ക്ക് പഠിക്കുന്നവരാണ് നമ്മളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ദൈവമാക്കാനുള്ള ചെപ്പടിവിദ്യ പഠിപ്പിക്കുന്ന സാത്താനു മുമ്പില്‍ വെറ്റിലയും അടക്കയും ഗുരുദക്ഷിണ വയ്ക്കുന്ന ശിഷ്യരുടെയിടയില്‍ നിശ്ചയമായും നമ്മുടെ മുഖവും കാണാന്‍ സാധ്യതകളേറെയാണ്. ദൈവത്തെ പോലെയാകാനുള്ള തത്രപ്പാടില്‍ പറുദീസാ മാത്രമല്ല ഉടലും ഉയിരുംപോലും നഷ്ടമാകുന്നു എന്നതാണ് വാസ്തവം. എന്റെ മമതകളും ചേഷ്ടകളും നിശ്ചയമായും ദൈവത്തെ സങ്കടപ്പെടുത്തുന്നുണ്ടെന്ന് ഒരിക്കലല്ല പല തവണ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും തിരിച്ചുനടക്കുവാന്‍ കഴിയാത്തതിന്റെ സങ്കടം മാത്രം ബാക്കിയാവുന്നു.
നോമ്പു നിന്നെ തിരിച്ചുനടക്കാന്‍ സഹായിക്കുന്ന പുണ്യകാലമാണ്. തിരിച്ചു വരവിന്റെ സുവിശേഷം തന്നെയാണ് നോമ്പ് കാലാകാലമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. നിനവേ നിവാസികളെ പോലെ ദൈവത്തിലേക്ക് തിരിയാനുള്ള ഓര്‍മപ്പെടുത്തലുകളാണ് നീ വരയ്ക്കുന്ന കുരിശടയാളമെന്ന് എന്ന് തിരിച്ചറിയും? ഇത്രനാളും എന്റെ മിഴിനീരൊപ്പാന്‍ തുമ്പുരാനെ നീ വേഗം വാ എന്നു പറഞ്ഞിരുന്ന നമ്മള്‍ ഈ നോമ്പില്‍ കരയാന്‍ കണ്ണീര്‍ തരൂ എന്നു യാചിച്ചു തുടങ്ങുക തന്നെ വേണം.
മക്കബായരുടെ അമ്മ
ദൈവനിഷേധിയാവാന്‍ ആവശ്യപ്പെടുമ്പോള്‍ തലപോയാലും മക്കള്‍ മരിച്ചാലും ഞാന്‍ ദൈവ സ്‌നേഹിയായേ ജീവിച്ചു മരിക്കൂ എന്ന് സധൈര്യം ഏറ്റുപാടുന്ന മക്കബായരുടെ അമ്മയെ നോമ്പില്‍ ധ്യാനിച്ച് നമുക്ക് ദൈവസ്‌നേഹികളും ദൈവവിശ്വാസികളുമാകാം.
അന്തിയോക്കസ് രാജാവ് അവളെ ഭീഷണിപ്പെടുത്തുന്ന രംഗമുണ്ട് മക്കബായരുടെ രണ്ടാം പുസ്തകത്തില്‍. നീ ദൈവത്തെ നിഷേധിച്ചാല്‍ നിന്റെ മക്കളെ ഞാന്‍ ജീവനോടെ തിരികെ നല്‍കാം എന്ന് രാജാവ് നിര്‍ദേശിക്കുമ്പോള്‍ രാജകല്പനകളെയൊക്കെ അവള്‍ ധൈര്യപൂര്‍വ്വം കാറ്റില്‍ പറത്തുന്നുണ്ട്. ഏഴു മക്കളും രാജകോപത്താല്‍ വെന്തുമരിക്കുന്നത് കണ്ടിട്ടും അവള്‍ ദൈവത്തെ നിഷേധിക്കുന്ന എളുപ്പവഴിയിലൂടെ മുന്നേറിയില്ല. മാത്രമല്ല മരണത്തിന്റെ നടുവില്‍ നില്‍ക്കുന്ന മക്കള്‍ക്ക് ദൈവസ്‌നേഹത്തിന്റെ കതിരൊളികള്‍ അവള്‍ ഉറക്കെ ഉരുവിട്ട് കൊടുക്കുന്നുണ്ട്. അവളെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: ആ മാതാവാകട്ടെ, സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്മരണയും അര്‍ഹിക്കുന്നു. ഒറ്റ ദിവസം ഏഴു പുത്രന്മാര്‍ വധിക്കപ്പെടുന്നത് കണ്ടെങ്കിലും, കര്‍ത്താവിലുള്ള പ്രത്യാശ നിമിത്തം അവള്‍ സധൈര്യം അതു സഹിച്ചു. പിതാക്കന്മാരുടെ ഭാഷയില്‍ അവള്‍ അവരോരോരുത്തരെയും ധൈര്യപ്പെടുത്തി. ശ്രേഷ്ഠമായ വിശ്വാസദാര്‍ഢ്യത്തോടെ സ്ത്രീ സഹജമായ വിവേചനാശക്തിയെ പുരുഷോചിതമായ ധീരതകൊണ്ടു ബലപ്പെടുത്തി (2 മക്കബ. 7:20).
ആത്മീയതയുടെ സുഗന്ധം
ഈ അമ്മയുടെ ദൈവ സ്‌നേഹം സ്വന്തമാക്കാന്‍ നീ ഒരുങ്ങണം എന്നതാണ് നോമ്പിന്റെ നിര്‍വചനം. ഇന്നലെ വരെ നീ ദൈവനിഷേധിയായി സ്രഷ്ടാവിനെ മറന്ന് സൃഷ്ടികളുടെ പിന്നാലെ പോയിട്ടുണ്ടാകാം. പക്ഷേ, ഇനി മുതല്‍ ദൈവസ്‌നേഹത്തിന്റെ തിരിനാളം നീ നിന്നില്‍ തെളിയിക്കുക തന്നെ വേണം. സ്രഷ്ടാവിനെ മറന്ന് സൃഷ്ടിക്ക് അധിക നാള്‍ നിലനില്‍ക്കാനാവിലെന്നു കൂടെ ഈ നോമ്പില്‍ ചിന്തിച്ചേ മതിയാവൂ.
ദൈവനിഷേധത്തിന്റെ തെക്കന്‍ കാറ്റ് പോയി തുലയട്ടെ. സ്റ്റീഫന്‍ ഫോക്കിംഗ്‌സിന്റെ ദൈവമില്ലെന്ന മിഥ്യാ ധാരണയും (Big bang theory ആണ് സ്റ്റീഫന്‍ ഹോക്കിംഗ്‌സ് അംഗീകരിക്കുന്നത്. പക്ഷേ ഈ തിയറിയും പൂര്‍ണമല്ല… കാരണം അദ്യ സ്‌ഫോടനം എവിടെ നിന്നെന്ന് ഇപ്പോഴും ശാസ്ത്രത്തിനു പോലും അജ്ഞാതമാണ്). സൂപ്പര്‍മാന്‍ മനുഷ്യനാണെന്ന മൂഢന്‍ കണ്ടുപിടുത്തം നടത്തിയ നീത്‌ഷെ എന്ന തത്വ ചിന്തകനെയും നമുക്ക് വേണ്ട. ദൈവമുണ്ടെന്ന് തെളിയിക്കുന്ന വിശുദ്ധ തോമസ് അക്വീനാസിന്റെ ‘Suma theologia’ മതി നമുക്ക്. അദ്ദേഹം ദൈവം നിലനിന്നതിന്റെ അഞ്ച് Proofs രേഖപ്പെടുത്തുന്നുണ്ട്. ശാസ്ത്ര പഠനത്തില്‍ താല്പര്യമുള്ളവര്‍ അത് വായിച്ച് unmoved mover ദൈവമാണെന്ന് മനസിലാക്കട്ടെ. എല്ലാത്തിനെയും ചലിപ്പിക്കുന്ന ആദികാരണം നിശ്ചയമായും ദൈവമാണ്; മനുഷ്യനല്ല.
നമുക്ക് നെറ്റിയില്‍ ചാരം പൂശാന്‍ നേരമായിട്ടുണ്ട്. ‘കണ്ണീര്‍ ആരുതരും പശ്ചാത്താപത്തിന്‍’ എന്ന ഗീതം ദൈവാലയത്തില്‍നിന്നും കേട്ടുതുടങ്ങിയിട്ടുണ്ട്. ദൈവത്തെ മറന്നതിന് മാപ്പുപറഞ്ഞ് കുരിശിന്റെ വഴി പ്രായശ്ചിതമായി ചൊല്ലി ദൈവത്തിന്റെ നെഞ്ചില്‍ നമുക്ക് ഇടം കണ്ടെത്തി തുടങ്ങാം. ശരീരം തിന്മകളിലൂടെ കടന്നുപോയി ഹൃദയം സത്രമാക്കിയെങ്കില്‍ ശ്രീകോവിലിനു തറക്കലിട്ടു ഹൃദയത്തില്‍ ഉപവസിച്ചു തുടങ്ങാം. പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല് തമ്പുരാന്‍ എടുത്തുവച്ചിട്ടുണ്ട്. ആ ശിലയില്‍ അവന്‍ നിനക്ക് അഭയമരുളും. നോമ്പു കാലത്ത് വീശുന്ന കാറ്റിന് ആത്മീയതയുടെ കുന്തിരിക്കമണം ഉണ്ടാവട്ടെ… ഒരു നല്ല നോമ്പ് പ്രിയ ചങ്ങാതി നമുക്ക് പരസ്പരം ആശംസിക്കാം…

ഫാ. സ്റ്റാഴ്‌സണ്‍ ജെ. കള്ളിക്കാടന്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?