Follow Us On

01

December

2020

Tuesday

പ്രാര്‍ത്ഥനയുടെ മനഃശാസ്ത്രം

പ്രാര്‍ത്ഥനയുടെ മനഃശാസ്ത്രം

ചെറുപ്പം മുതല്‍ കേള്‍ക്കുകയും ആവര്‍ത്തിച്ച് ഉരുവിടുന്നതുമാണ് യേശുവെന്ന പരിശുദ്ധ നാമം. പക്ഷേ പലര്‍ക്കും ഈ പരിശുദ്ധ നാമത്തിന്റെ അത്ഭുതശക്തിയെക്കുറിച്ച് വേണ്ടത്ര അറിവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പിതാവായ ദൈവം തന്റെ പുത്രന് നല്‍കിയ വിശിഷ്ടമായ നാമമാണ് യേശുനാമം. യേശുനാമത്തിന്റെ മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സര്‍വവും മുട്ടുമടക്കുന്നു. ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ പൗലോസ് അപ്പസ്‌തോലന്‍ ഇപ്രകാരം പ്രസ്താവിക്കുന്നു: ”ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത് യേശുവിന്റെ നാമത്തിന്റെ മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്” (ഫിലി. 2:9-11). രക്ഷയ്ക്കുള്ള ഏകനാമമാണ് യേശുനാമമെന്ന് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു. ”മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല” (അപ്പ.പ്രവ. 4:12).

യേശുനാമവും അപ്പസ്‌തോലന്മാരും
അപ്പസ്‌തോലന്മാരുടെ പ്രസംഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും യേശുനാമത്തിന് അതിപ്രധാനമായൊരു സ്ഥാനമുണ്ടായിരുന്നു. ശിഷ്യന്മാര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതും രോഗികളെ സുഖപ്പെടുത്തിയതും പിശാചുക്കളെ പുറത്താക്കിയതും യേശുനാമത്തിലാണ്. ആദിമ സഭാസമൂഹം ഒരുമിച്ചുകൂടിയിരുന്നപ്പോഴെല്ലാം യേശുവിന്റെ നാമത്തില്‍ വന്‍കാര്യങ്ങള്‍ സംഭവിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നു. ”അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തില്‍ രോഗശാന്തിയും അടയാളങ്ങളും അത്ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകള്‍ നീട്ടണമേ. അവിടുത്തെ വചനം പൂര്‍ണ ധൈര്യത്തോടെ പ്രസംഗിക്കാന്‍ ഈ ദാസരെ അനുഗ്രഹിക്കണമേ. പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി. ദൈവവചനം ധൈര്യപൂര്‍വം പ്രസംഗിച്ചു” (അപ്പ.പ്രവ. 4:30-31).
‘വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്ക് തരുന്നു. നസ്രായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റ് നടക്കുക’ എന്ന പത്രോസ്ശ്ലീഹ പറഞ്ഞപ്പോള്‍ മുടന്തന്റെ കാലുകള്‍ക്ക് ബലം വയ്ക്കുകയും അവന്‍ ചാടിയെഴുന്നേറ്റ് നടക്കുകയും ചെയ്തു (അപ്പ.പ്രവ. 3:6-8). ജന്മനാ മുടന്തനായവന്‍ സൗഖ്യം പ്രാപിച്ചപ്പോള്‍ അപ്പസ്‌തോലന്മാര്‍ വിചാരണ ചെയ്യപ്പെടുകയാണ്. അധികാരികളും ജനപ്രമാണികളും നിയമജ്ഞരും സമ്മേളിച്ച് അവരോട് ചോദിക്കുകയാണ്; എന്ത് അധികാരത്തിലാണ് നിങ്ങള്‍ ഇത് ചെയ്യുന്നത്? പത്രോസ് മറുപടി പറഞ്ഞു: ”നിങ്ങള്‍ കുരിശില്‍ തറച്ചു കൊല്ലുകയും മരിച്ചവരില്‍നിന്ന് ദൈവം ഉയിര്‍പ്പിക്കുകയും ചെയ്ത നസ്രായനായ യേശുക്രിസ്തുവിന്റെ നാമത്തിലാണ് ഈ മനുഷ്യന്‍ സുഖം പ്രാപിച്ച് നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്” (അപ്പ.പ്രവ. 4:10).

പ്രാര്‍ത്ഥനയും അബോധമനസും
‘യേശു’ എന്ന നാമം ആവര്‍ത്തിച്ച് ചൊല്ലുമ്പോള്‍ മനസിന് ഉന്മേഷവും സൗഖ്യവും ലഭിക്കും. ഫ്രോയിഡ് എന്ന മനഃശാസ്ത്രജ്ഞന്റെ പഠനം അനുസരിച്ച് മനസ് മഞ്ഞുപോലെയാണ്. അതിന്റെ ഏകദേശം പത്ത് ശതമാനം ബോധമനസും എഴുപത് ശതമാനം അബോധമനസും ഇരുപത് ശതമാനം ഉപബോധമനസും കൂടിയാണ്. അബോധമനസാണ് മനുഷ്യന്റെ ഉള്‍പ്രേരണ, ശക്തമായ വികാരം, നൈസര്‍ഗിക വാസന തുടങ്ങിയവയുടെ ഉറവിടം. അവിടെ അനുഭവപ്പെടുന്നതാണ് ബോധമനസിലേക്ക് കടന്നുവരുന്നത്. അതുകൊണ്ട് അബോധമനസിനെ വിശുദ്ധീകരിച്ചാല്‍, പ്രാര്‍ത്ഥനാനിരതമാക്കിയാല്‍ ബോധമനസിലെ പ്രവര്‍ത്തനങ്ങളെല്ലാം വിശുദ്ധീകരിക്കപ്പെടും. യേശു എന്ന തിരുനാമം പല പ്രാവശ്യം ഉരുവിടുമ്പോള്‍ അതിന്റെ തരംഗങ്ങള്‍ അബോധമനസിലേക്ക് ഇറങ്ങി അതിനെ വിശുദ്ധീകരിക്കുകയും പ്രാര്‍ത്ഥനാനിരതമാക്കുകയും ചെയ്യും. അപ്പോള്‍ ബോധമനസും അതിന്റെ പ്രവര്‍ത്തനങ്ങളും പരിശുദ്ധവും നിഷ്‌കളങ്കവുമായി ഭവിക്കും. ഇതാണ് യേശുനാമ പ്രാര്‍ത്ഥനയുടെ മനഃശാസ്ത്രം.

വചനം മരുന്ന്
യേശുനാമം വിളിച്ചപേക്ഷിക്കുന്നതുവഴി ലഭിക്കുന്ന നന്മകളെക്കുറിച്ച് സന്യാസശ്രേഷ്ഠനായ ഇക്കാറാം പറയുന്നു: ”ഏതൊരുവന്‍ നടക്കുമ്പോള്‍ യേശുനാമം ഉരുവിടുമോ അവന്‍ ജീവിക്കുന്നെങ്കിലും രക്ഷപ്രാപിച്ചവനാണ്. ദൈവനാമമെന്ന മരുന്ന് കഴിക്കുക. എല്ലാ വേദനകളും മാറുമെന്നു മാത്രമല്ല, ആ മരുന്ന് നിത്യജീവനിലേക്ക് നമ്മെ നയിക്കുകയും ചെയ്യും.” ഗിരിപ്രഭാഷണത്തിലെ ഉപദേശം തന്റെ ജീവിതപ്രമാണമായി ഗാന്ധിജി സ്വീകരിച്ചിരുന്നു. പ്രയാസങ്ങളും അപകടങ്ങളും ഉണ്ടാകുമ്പോള്‍മാത്രം യേശുനാമം വിളിച്ചാല്‍ പോരാ. ഉണരുമ്പോഴും ഉറക്കത്തിനുമുമ്പും യേശുനാമം വിളിച്ചപേക്ഷിക്കുക. അങ്ങനെ ചെയ്താല്‍ മനസിന്റെ ബന്ധനങ്ങള്‍ മാറിപ്പോകും; രോഗസൗഖ്യമുണ്ടാകും, ജീവിതം നവീകരിക്കപ്പെടും.

വിശ്വാസം
കര്‍ത്താവില്‍ വിശ്വസിക്കാത്ത ചിലര്‍ ‘യേശു’ എന്ന നാമം ഒരു മാന്ത്രിക ശബ്ദമാണെന്ന് കരുതി പിശാചുബാധിതരുടെ നേരെ പ്രയോഗിച്ചുനോക്കി. ”എന്നാല്‍ അശുദ്ധാത്മാവ് അവരോട് ഇപ്രകാരം മറുപടി പറഞ്ഞു: യേശുവിനെ എനിക്കറിയാം; പൗലോസിനെയും അറിയാം. എന്നാല്‍ നിങ്ങള്‍ ആരാണ്? അശുദ്ധാത്മാവ് ആവസിച്ചിരുന്ന മനുഷ്യന്‍ അവരുടെമേല്‍ ചാടിവീണ് അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തി” (അപ്പ.പ്രവ. 19:15-16). ഈ വിവരം അറിഞ്ഞവര്‍ യേശുവില്‍ വിശ്വസിക്കേണ്ടതിന്റെ ആവശ്യം മനസിലാക്കി. കൂടാതെ വിശ്വാസം സ്വീകരിച്ച് പലരും വന്ന് തങ്ങളുടെ ദുര്‍നടപടികള്‍ ഏറ്റുപറഞ്ഞു; കുറ്റം സമ്മതിച്ചു. ക്ഷുദ്രപ്രയോഗം നടത്തിയിരുന്ന അനേകം ആളുകള്‍ തങ്ങളുടെ ഗ്രന്ഥച്ചുരുളുകള്‍ കൊണ്ടുവന്ന് എല്ലാവരും കാണ്‍കെ അഗ്നിക്കിരയാക്കി” (അപ്പ.പ്രവ. 19:18-19).
ഇതുതന്നെയാണ് ഇന്നും സംഭവിക്കുന്നത്. യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് യേശുനാമത്തിന്റെ ശക്തിയാല്‍ രോഗശാന്തി ലഭിക്കുന്നു. ആ ദിവ്യശക്തി നമ്മിലേക്ക് ഒഴുകണമെങ്കില്‍ പാപത്തിന്റേതായ ഗ്രന്ഥച്ചുരുളുകള്‍ ഹൃദയത്തില്‍നിന്ന് ഇല്ലാതാകണം. ഈ ശക്തി രോഗശാന്തി ആയിട്ടും യേശുവിന്റെ നാമത്തില്‍ രോഗം സഹിക്കുന്നതിനുള്ള കൃപയായിട്ടും പ്രവര്‍ത്തിക്കും. അപ്പോള്‍ ദൈവസ്‌നേഹത്തില്‍ നാം ജ്വലിക്കും; പരിശുദ്ധാത്മാവിലുള്ള ആനന്ദംകൊണ്ട് നിറയും.

റവ. ഡോ. വിന്‍സെന്റ് കൊരണ്ടിയാര്‍കുന്നേല്‍ ഒ.എസ്.ബി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?