Follow Us On

28

March

2024

Thursday

പുഴയുടെ സംഗീതം

പുഴയുടെ സംഗീതം

ഫാ. മാത്യു ആശാരിപറമ്പില്‍ എഴുതുന്ന പുതിയ പംക്തി ആരംഭിക്കുന്നു

ആദരണീയനായ മൈക്കിള്‍ പനച്ചിക്കലച്ചന്റെ നിത്യസുന്ദരമായ ‘തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ മനസില്‍ തങ്ങിനില്‍ക്കുന്ന വാക്യമാണ് ‘പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന കുളിര്‍ക്കാറ്റിലലിഞ്ഞു പാടാം’ എന്നത്. ഇത്തിരി ഇടവേളയ്ക്കു ശേഷം സണ്‍ഡേ ശാലോമിനുവേണ്ടി കുറിപ്പുകള്‍ എഴുതുമ്പോള്‍ ആദ്യം പുഴയുടെ സംഗീതത്തെക്കുറിച്ച് എഴുതുവാന്‍ മോഹം. കാരണം പുഴയുടെ സാന്നിധ്യവും സംഗീതവും എന്റെ ജീവിതത്തിന്റെ താളമായിരുന്നു; സൗന്ദര്യമായിരുന്നു.
കുടക് മലകളില്‍നിന്ന് ഒഴുകി വരുന്ന തേജസ്വിനി എന്ന് വിളിക്കപ്പെടുന്ന കാര്യങ്കോട് പുഴയുടെ തീരത്തായിരുന്നു എന്റെ ജനനവും വളര്‍ച്ചയും. ചെറുപുഴ എന്ന കൊച്ചു ഗ്രാമത്തിന്റെ നിറസാന്നിധ്യമായ പുഴയുടെ കഥകള്‍ ഓര്‍ക്കാതെ ഒരു ദിനം പോലും കടന്നുപോകില്ല. പുഴയിലെ കുളിയും അലക്കും നീന്തല്‍ പഠിത്തവും മത്സരങ്ങളും കൗമാരത്തിന്റെ കൗതുകങ്ങളായിരുന്നു. മഴക്കാലത്ത് ഇരുകരകളും നിറഞ്ഞ് ചുവന്ന് കലങ്ങി ആര്‍ത്തലച്ച് വരുന്ന വെള്ളപ്പൊക്കത്തില്‍ ചപ്പും ചവറും മരങ്ങളും ജീവികളും ഒഴുകി വരുന്നത് നോക്കിനിന്നിട്ടുണ്ട്. അക്കാലത്ത് പുഴ കടക്കുവാനുള്ള ഏക വാഹനം അഞ്ചാറ് മുളകള്‍ കൂട്ടി കെട്ടിയുണ്ടാക്കിയ ‘പാണ്ടി’ ആയിരുന്നു. കുത്തൊഴുക്കിലും വലിയ കമ്പ് ആഴത്തില്‍ കുത്തി ആളുകളെ മറുകര എത്തിക്കുന്ന പാണ്ടിക്കാരന്‍ ഏറ്റവും കഴിവുള്ള ഹീറോയായിരുന്നു (ഇന്ന് പാണ്ടിയുമില്ല, പാണ്ടിക്കാരനുമില്ല). വേനല്‍ക്കാലമാകുമ്പോള്‍ പുഴ മെലിയും, ഇടമുറിയും; ചിലയിടങ്ങളിലൂടെ നടന്നുപോലും പോകാന്‍ കഴിയും. അരയോളം വെള്ളത്തിലും നിറയെ ആളുകളെ കയറ്റിയ പഴയ പെട്രോള്‍ ജീപ്പില്‍ പുഴയിലൂടെ കടന്നാണ് ചെറുപുഴയില്‍ നിന്ന് ചിറ്റാരിക്കാലിലേക്ക് യാത്ര ചെയ്തിരുന്നത്.
ഞങ്ങള്‍ മൂന്ന് സഹോദരങ്ങള്‍ പുഴയില്‍ ഒന്നിച്ചാണ് കുളിക്കാന്‍ പോയിരുന്നത്. ഒരു തോര്‍ത്തും സോപ്പുമായി മൂന്ന് പേരും പുഴയിലെ കുളിയും നീന്തലും മത്സരങ്ങളും ആസ്വദിക്കും. തോര്‍ത്ത് ഉടുത്ത് പുഴയില്‍ ഇറങ്ങുന്നവന്‍ വെള്ളത്തില്‍ ചെന്നാല്‍ അത് പറിച്ച് കരയിലേക്ക് ഇട്ട് കൊടുക്കും. അതുടുത്ത് രണ്ടാമന്‍ ഇറങ്ങി വന്ന് മൂന്നാമനായി പറിച്ച് എറിഞ്ഞ് കൊടുക്കും. കുളി കഴിഞ്ഞ് കയറി തോര്‍ത്തുവാനും ഒരു തോര്‍ത്ത് മതിയായിരുന്ന ബാല്യത്തിന്റെ ചാപല്യങ്ങളുടെ ഓര്‍മ രസകരം തന്നെ.

സെമിനാരി ജീവിതത്തിന്റെ ഏഴ് വര്‍ഷങ്ങള്‍ പെരിയാറിന്റെ തീരത്തായിരുന്നു. ആയിരം പാദസരങ്ങള്‍ കിലുക്കി ഒഴുകുന്ന ആലുവാപ്പുഴയുടെ തീരങ്ങള്‍ ഒരിക്കലും മറക്കാത്ത ഓര്‍മകളാണ്. മംഗലപ്പുഴയിലെ നീന്തലുകളും ആലുവ മണപ്പുറവും ആ കുളിര്‍ക്കാറ്റും ജന്മബന്ധമായി തീര്‍ന്നിരിക്കുന്നു. പൗരോഹിത്യത്തിന്റെ നാള്‍വഴികളില്‍ ജീവിച്ച് പോന്ന എല്ലാ സമൂഹങ്ങള്‍ക്കും പുഴയുടെ സാന്നിധ്യമുണ്ടായിരുന്നു. പാറക്കെട്ടുകളില്‍ തുള്ളിച്ചാടി കിന്നാരം പറയുന്ന തോടുകളും പുഴകളും അവയുടെ രൗദ്രഭാവങ്ങളും ശ്രുംഗാരഭാവങ്ങളും നോക്കി നില്‍ക്കുക എന്നും പ്രിയപ്പെട്ടതായിരുന്നു. ഏറെ നേരം നീന്തിക്കുളിക്കുവാനും ആഴത്തില്‍ മുങ്ങി കല്ലെടുക്കുവാനും കൂടുതല്‍ നേരം ശ്വാസം പിടിച്ച് കിടക്കുവാനും ചീളുകല്ലുകള്‍ അനവധി തവണ തുള്ളിച്ച് വെള്ളത്തിന്റെ മുകളിലൂടെ എറിയുവാനും ഒത്തുകൂടുന്ന ‘പുഴമത്സരങ്ങള്‍’ ഈ തലമുറക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പലതും കണ്ണില്‍ പെടാത്ത, പലതും ഉപരിപ്ലവമാകുന്ന ജീവിത ചക്രത്തില്‍ പുഴയുടെ സംഗീതങ്ങള്‍ നാം കേള്‍ക്കാതെ പോകുന്നു.

എന്നോട് പുഴ പറഞ്ഞ സംഗീത രാഗങ്ങള്‍ ഓര്‍ക്കട്ടെ.
ഒഴുകാനുള്ളതാണ് ഈ ജന്മം. ഒരിക്കല്‍ തുടങ്ങിയാല്‍ ഒഴുകുക തന്നെ വേണം. തിരിച്ച് പോകാനാവാത്ത പ്രയാണപാതകള്‍ സുഗമവും സുരക്ഷിതവുമല്ലെങ്കിലും ദൂരെ എവിടെയോ ഉയരുന്ന കടലിന്റെ മര്‍മ്മരം കരളില്‍ സൂക്ഷിച്ച് നീ ഒഴുകിക്കൊണ്ടിരിക്കണം.
ചുറ്റുമുള്ളവര്‍ നിന്നിലേക്ക് വലിച്ചെറിയുന്നതൊന്നും നിന്നെ തളര്‍ത്തരുത്. പെരുമഴക്കാലത്ത് മരങ്ങളും ഇലകളും മാത്രമല്ല, മാലിന്യങ്ങളും വിസര്‍ജ്യങ്ങളും നിന്നിലേക്ക് നിക്ഷേപിക്കപ്പെടും. അത് പ്രകൃതി നിയമമാണ്. നിറവും രുചിയും കുറഞ്ഞുപോയാലും മനസ് പതറരുത്. നീ ഒഴുകണം.
നിന്റെ കണ്ണീര്‍ത്തുള്ളികള്‍ക്ക് പ്രസക്തിയില്ല. മഴത്തുള്ളികളിലും പെരുവെള്ളത്തിലും അത് അലിഞ്ഞ് തീരും. ആരും കാണാത്ത നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി നീ ഇനിയും ഒഴുകണം.
നിന്നെ ഉപയോഗിക്കുവാന്‍ അനവധി പേര്‍ കാത്തിരിക്കുന്നു. തുണി നനക്കാന്‍, വിയര്‍പ്പ് മാറ്റാന്‍, സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ദാഹം തീര്‍ക്കാന്‍, പുതിയ തന്ത്രങ്ങളുമായി അവര്‍ വരും. പരാതിയില്ലാതെ, പരിഭവമില്ലാതെ സമ്മതിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.
എല്ലാം നിര്‍വചിക്കപ്പെട്ട വഴികളിലൂടെയല്ല നീ ഒഴുകേണ്ടത്. പാറകളില്‍ തലകുത്തി വീണേക്കാം; മരക്കുറ്റികളില്‍ വഴിമാറിയും, ചുഴികളില്‍ കറങ്ങിയും ഗര്‍ത്തങ്ങളില്‍ കുടുങ്ങിയും നീ പതറിയേക്കാം. നാളെ എവിടെയെത്തും എന്ന നിശ്ചയമില്ലെങ്കിലും നീ ഒഴുകണം.
മഴയും വേനലും നിന്നില്‍ വ്യത്യസ്ത അനുഭവങ്ങള്‍ ജനിപ്പിക്കും. സുഖവും ദുഃഖവും ഒരേ പോലെ നീ സ്വീകരിക്കണം. മാറി മാറി വരുന്ന രണ്ട് ഋതുഭാവങ്ങളിലും നീ ഒഴുകണം.
ദൂരെയുള്ള കടലിലേക്കാണ് നീ ഒഴുകേണ്ടത്. കൂടെ ചേരാന്‍ അരുവികളില്ലെങ്കിലും ദൂരെയുള്ള തിരമാലകളെ സ്വപ്‌നം കാണണം. പ്രതീക്ഷകളോടെ ഇനിയും ഒഴുകണം.

പുഴ ഇനിയും പുതിയ സംഗീതരാഗങ്ങള്‍ നിനക്കായും പാടും.
കാരണം നീയൊരു പുഴയാണ്; എന്നും ഒഴുകുന്ന പുഴ.

ഫാ. മാത്യു ആശാരിപറമ്പില്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?