Follow Us On

29

February

2024

Thursday

ആരാണ് യഥാര്‍ത്ഥ സഭാസ്‌നേഹികള്‍?

ആരാണ് യഥാര്‍ത്ഥ  സഭാസ്‌നേഹികള്‍?

ആമസോണ്‍ സിനഡ് നടക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ് അതുമായി ബന്ധപ്പെട്ട ധാരാളം ചര്‍ച്ചകളും വിശകലനങ്ങളും നടന്നിരുന്നു. ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി എന്നിങ്ങനെയുള്ള ലോകത്തിലെ മുന്‍നിര മാധ്യമങ്ങളില്‍ തുടങ്ങി സോഷ്യല്‍ മീഡിയകളില്‍ വരെ വിഷയം സജീവമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ചര്‍ച്ചകളുടെയെല്ലാം പൊതുസ്വഭാവം ഏതാണ്ട് ഒരുപോലെയായിരുന്നു. പ്രധാനമായും രണ്ടു രീതിയിലായിരുന്നു ഇതുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ മുന്നേറിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ പൗരോഹിത്യത്തെ കാലത്തിന് അനുസരിച്ച് പരിഷ്‌ക്കരിക്കാന്‍ പോകുന്നു. കത്തോലിക്ക സഭയിലെ പൗരോഹിത്യ ബ്രഹ്മചര്യ നിയമത്തില്‍ ആമസോണ്‍ സിനഡ് കഴിയുമ്പോള്‍ പൊളിച്ചെഴുത്ത് ഉണ്ടാകും എന്നൊക്കെയായിരുന്നു പ്രചാരണങ്ങള്‍. സഭ കാലത്തിനനുസരിച്ച് പുരോഗമിക്കാന്‍ പോകുന്നു എന്നുള്ള വിലയിരുത്തലുകള്‍ നടന്നു. ഇതേസമയം സമാന്തരമായി മറ്റൊരു പ്രചാരണവും പുരോഗമിക്കുന്നുണ്ടായിരുന്നു. പൗരോഹിത്യ ബ്രഹ്മചര്യത്തിനെതിരെ നിലപാടു സ്വീകരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ സഭയെ തകര്‍ക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ സഭയുടെ അന്തകനാണെന്നുള്ള വിധത്തില്‍ മറ്റൊരു കൂട്ടര്‍ പ്രചാരണം അഴിച്ചുവിട്ടു. രണ്ടാമത്തെ ചര്‍ച്ചകള്‍ നടത്തിയവര്‍ സഭാസ്‌നേഹത്തിന്റെ പുറംചട്ടകള്‍ ധരിച്ചിരുന്നു. സാധാരണ വിശ്വാസികളില്‍ ഏറെ അസ്വസ്ഥതകളും അമ്പരപ്പും ഉണ്ടായി. മാര്‍പാപ്പയ്ക്ക് എതിരായ ഒരു വികാരം വിശ്വാസികളില്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നു. ചിലരെങ്കിലും യാഥാര്‍ത്ഥ്യവും ഇതില്‍ ഒളിപ്പിച്ചുവച്ചിരുന്ന കുതന്ത്രങ്ങളും അറിയാതെ ആ കെണിയില്‍ വീഴുകയും ചെയ്തു.
ആമസോണ്‍ സിനഡിന് ശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക രേഖ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത് രണ്ടാഴ്ചകള്‍ക്കുമുമ്പായിരുന്നു. എന്നാല്‍, വത്തിക്കാന്റെ രേഖയുമായി ബന്ധപ്പെട്ട് കാര്യമായ ചര്‍ച്ചകളൊന്നും ഉണ്ടായില്ല. ഇങ്ങനെയൊരു വിഷയം കണ്ടതായി മാധ്യമങ്ങള്‍ നടിച്ചില്ല. ആമസോണ്‍ മേഖലയില്‍ വിവാഹിതര്‍ക്ക് പൗരോഹിത്യം നല്‍കുന്നതിനെയോ, അവിടുത്തെ വനിതകള്‍ക്കു ഡീക്കന്‍ പദവി നല്‍കുന്നതിനെയോ ഫ്രാന്‍സിസ് മാര്‍പാപ്പ അനുകൂലിച്ചില്ലെന്ന് വത്തിക്കാന്‍ രേഖ വ്യക്തമാക്കുന്നു. മാത്രമല്ല അത്തരമൊരു തീരുമാനം എടുത്തതുമില്ല. ഇതിനു മുമ്പ് നടന്ന പ്രചാരണങ്ങളില്‍ സത്യത്തിന്റെ അംശംപോലും ഇല്ലായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമാകുകയാണല്ലോ.
ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഓടുക എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. ഉപദ്രവിക്കുന്നവരുടെയും അതിന് ഇരകളാകുന്നവരുടെയും പക്ഷത്ത് ഒരേ ആളുകള്‍ത്തന്നെ നില്ക്കുക. രണ്ടു കൂട്ടരും പറയുന്നത് ശരിയാണെന്ന് പറയുക. യഥാര്‍ത്ഥത്തില്‍ അല്പംപോലും വിശ്വസിക്കാന്‍ കഴിയില്ല ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവരെ. ഇവിടെയും അതിന് സമാനമായ രീതിയിലായിരുന്നു കാര്യങ്ങള്‍. ഫ്രാന്‍സിസ് മാര്‍പാപ്പ പുരോഗമന വാദിയാണെന്ന് പറയുകയും പൗരോഹിത്യ ബ്രഹ്മചര്യം എടുത്തുകളയാനുള്ള തീരുമാനം പുരോഗമനപരമാണെന്ന് ശക്തമായി വാദിക്കുകയും ചെയ്തവരുടെ നിലപാടും ഏതാണ്ട് സമാനമായിരുന്നു (യഥാര്‍ത്ഥത്തില്‍ ആ സമയത്ത് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സിനഡില്‍ നടന്നിട്ടില്ല. എന്നിട്ടും മാര്‍പാപ്പയുടെ വിപ്ലവാത്മകമായ തീരുമാനമായി പുകഴ്ത്തി). അതിന്റെ പിന്നിലെ ലക്ഷ്യങ്ങളും നല്ലതായിരുന്നില്ല. മാര്‍പാപ്പയിലൂടെ സഭ തകരും എന്നൊരു വാദവും ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്നു. ഈ രണ്ടു വാദങ്ങളുടെയും പിന്നാമ്പുറങ്ങളില്‍ ഉണ്ടായിരുന്നത് ഒരേ ശക്തികളായിരുന്നു. ഒരു കൂട്ടര്‍ മാര്‍പാപ്പയെ അനുകൂലിക്കുമ്പോള്‍ മറ്റൊരു വിഭാഗം പാപ്പയുടെ തീരുമാനത്തെ എതിര്‍ത്തു. ലക്ഷ്യം ഒന്നുതന്നെയായിരുന്നു. വിശ്വാസികളില്‍ ഭിന്നത സൃഷ്ടിച്ച് രണ്ടു തട്ടിലാക്കുക.
ആമസോണ്‍ സിനഡില്‍ പൗരോഹിത്യ ബ്രഹ്മചര്യം എടുത്തുകളയുന്നതുമായി ചര്‍ച്ചകള്‍ ഉണ്ടായില്ലേ എന്നൊരു ചോദ്യം ഉയര്‍ന്നുവരാം. ആമസോണ്‍ മേഖലയില്‍ ഏറെ വൈദിക ക്ഷാമം ഉണ്ട്. ചില പ്രദേശങ്ങളില്‍ രണ്ട് വര്‍ഷംകൂടുമ്പോഴാണ് ഒരു ദിവ്യബലിയര്‍പ്പിക്കപ്പെടുന്നത്. വിവാഹിതര്‍ക്ക് വൈദിക പട്ടം നല്‍കിയാല്‍ വൈദികരുടെ എണ്ണക്കുറവ് ആ പ്രദേശത്ത് പരിഹരിക്കാന്‍ കഴിയുമെന്നൊരു നിര്‍ദ്ദേശം സിനഡില്‍നിന്നും ഉയര്‍ന്നിരുന്നു. ഇതിനു അനുകൂലമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു അഭിപ്രായവും പ്രകടിപ്പിച്ചിരുന്നില്ല. സിനഡില്‍ ഉയര്‍ന്ന അഭിപ്രായം മാര്‍പാപ്പയുടെ തീരുമാനമായി വ്യാഖ്യാനിക്കപ്പെട്ടു. സ്ത്രീകള്‍ക്ക് ഡീക്കന്‍ പദവി നല്‍കപ്പെടും എന്നുള്ള പ്രചാരണങ്ങളും നടന്നിരുന്നു. യാഥാര്‍ത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്ന് അറിയുന്നവര്‍ തന്നെയാണ് ചര്‍ച്ചകള്‍ നടത്തി വിഷയം സജീവമാക്കിയത്. എന്തായിരിക്കും അതിന്റെ ലക്ഷ്യമെന്ന് ചിന്തിക്കുന്നതും തിരിച്ചറിയുന്നതും നല്ലതാണ്. കത്തോലിക്ക സഭയില്‍ ആശയക്കുഴപ്പം ഉണ്ടാക്കി അതില്‍നിന്നും മുതലെടുക്കുകയായിരുന്നു ഉദ്ദേശ്യം.
വത്തിക്കാന്‍ രേഖ പുറത്തുവന്നതോടെ ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ അവസാനിച്ചെന്ന് കരുതരുത്. ദിവസങ്ങള്‍ കഴിയുമ്പോഴോ മറ്റൊരു അവസരത്തിലോ അതിനിയും ഉയര്‍ന്നുവരാം. യാഥാസ്ഥികവാദികള്‍ക്കുമുമ്പില്‍ മാര്‍പാപ്പ കീഴടങ്ങിയെന്നാകും ഒരുപക്ഷേ പ്രചരിപ്പിക്കപ്പെടുക. ഈ വിഷയത്തില്‍ കത്തോലിക്ക സഭയില്‍ വലിയ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്ന പ്രചാരണങ്ങള്‍ തുടര്‍ന്നും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. കത്തോലിക്ക സഭയെ തകര്‍ക്കാന്‍ കഴിയാത്തതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത് അതിന്റെ ഘടനയാണ്. വത്തിക്കാനില്‍ ഇന്നെടുക്കുന്ന തീരുമാനം കേരളത്തിലെ ഏതെങ്കിലുമൊരു ഗ്രാമത്തിലുള്ള ഇടവകയില്‍വരെ നടപ്പാക്കാന്‍ കഴിയുമെന്ന് പറയാറുണ്ട്. സഭയുടെ കെട്ടുറപ്പിന്റെ യഥാര്‍ത്ഥ കാരണം പരിശുദ്ധാത്മാവ് സഭയെ നയിക്കുന്നതിനാലാണ്. വരുംകാലങ്ങളിലും സഭയെ തകര്‍ക്കുന്നതിനായി പലവിധത്തിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകാം. അത്തരം വിഷയങ്ങളെ വിവേകത്തോടെ കാണാന്‍ വിശ്വാസികള്‍ക്കു കഴിയണം. ചില ശക്തികളുടെ ‘സഭാസ്‌നേഹ’ത്തിന്റെ പിന്നില്‍പ്പോലും ഉള്ളത് നല്ല ഉദ്ദേശ്യങ്ങളായിരിക്കില്ല. ”എന്തെന്നാല്‍, ഈ യുഗത്തിന്റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ വെളിച്ചത്തിന്റെ മക്കളെക്കാള്‍ ബുദ്ധിശാലികളാണ്” (ലൂക്കാ 16:8).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?