Follow Us On

01

December

2020

Tuesday

നാഗാ മിഷന്‍

നാഗാ മിഷന്‍

വൈവവിധ്യങ്ങളായ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും കലകളുംകൊണ്ട് സമ്പന്നമാണ് നാഗാലാന്റ്. കത്തോലിക്ക സഭയുടെ യുവത്വത്തിന്റെയും വളര്‍ച്ചയുടെയും മികച്ച അടയാളങ്ങളിലൊന്നാണ് നാഗാലാന്റിലെ കൊഹിമ രൂപത. മിഷനറിമാരുടെയും ചെറു ക്രൈസ്തവ കൂട്ടായ്മകളുടെയും അരനൂറ്റാണ്ടോളം പഴക്കമുള്ള കഥയാണ് കൊഹിമ രൂപതയ്ക്ക് പറയാനുള്ളത്.

1963 ഡിസംബര്‍ ഒന്നിനാണ് ഇന്ത്യയുടെ 16-ാമത്തെ സംസ്ഥാനമായി രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നാഗാലാന്റ് രൂപീകൃതമായത്. മനോഹരമായ മലനിരകള്‍ നിറഞ്ഞ ഈ സംസ്ഥാനത്തിന്റെ ജനസംഖ്യ 19 ലക്ഷമാണ്. ഇന്തോ-മംഗ്ലോയിഡ് വംശജരായ 16 പ്രധാന ഗോത്ര വിഭാഗങ്ങളും അവയ്ക്ക് കീഴിലുള്ള ഉപ ഗോത്രവിഭാഗങ്ങളിലും ഉള്‍പ്പെട്ടവരാണ് ജനങ്ങള്‍.

നാഗാസ് എന്ന് വിളിക്കുന്ന ഇവിടുത്തുകാര്‍ സംഗീതത്തിലും കായികമേഖലയിലും സ്വതസിദ്ധമായ കഴിവുള്ളവരാണ്. ഓരോ ഗോത്രവിഭാഗങ്ങള്‍ക്കും തങ്ങളുടേതായ സംസാരഭാഷയുണ്ടെങ്കിലും നാഗാമീസ് പൊതുഭാഷയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ ക്രൈസ്തവ വിശ്വാസവും വിദ്യാഭ്യാസവും കടന്നുവന്നതോടെ സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയായി ഇംഗ്ലീഷ് മാറി.

കൃഷിയെ ആശ്രയിച്ചുകൊണ്ട് സാമൂഹ്യാധിഷ്ഠിത ജീവിതം നയിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. മലമുകളിലുള്ള ഗ്രാമങ്ങള്‍ ഗ്രാമമുഖ്യനും അദ്ദേഹത്തിന്റെ കീഴിലുള്ള കൗണ്‍സിലും ചേര്‍ന്നാണ് ഭരിക്കുന്നത്. പരമ്പരാഗതമായ നിയമങ്ങളും ആചാരങ്ങളും ചിട്ടയായി ഇവിടെ പാലിക്കപ്പെടുന്നു. ഇവ തെറ്റിക്കുന്നവര്‍ക്ക് ഫൈന്‍, ഗ്രാമത്തില്‍ നിന്നുള്ള പുറത്താക്കല്‍, തടവുശിക്ഷ തുടങ്ങിയവയും ലഭിക്കും.

വിശ്വാസത്തിന്റെ നാമ്പുകള്‍
ഒരു നൂറ്റാണ്ട് മുമ്പ് യുഎസ് ബാപ്റ്റിസ്റ്റ് മിഷനറിമാര്‍ എത്തുന്നതുവരെ ആനിമിസ്റ്റ് (എല്ലാ വസ്തുക്കളിലും ആത്മാവുണ്ടെന്ന വിശ്വാസം) വിശ്വാസമാണ് ഇവിടെയുള്ള ജനങ്ങള്‍ പിന്തുടര്‍ന്നിരുന്നത്. മിഷനറിമാരുടെ വരവോടുകൂടി കൂടുതലാളുകളും ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നു. എന്നാല്‍ കത്തോലിക്ക മിഷന്‍ നാഗാലാന്റില്‍ ആരംഭിച്ചതിന് പിന്നില്‍ കൗതുകകരമായ ഒരു കഥയുണ്ട്. രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത നാഗാ വംശജര്‍ നല്‍കിയ സഹായത്തിന് നന്ദിസൂചകമായി കൊഹിമയില്‍ ഒരു ആശുപത്രി നിര്‍മിക്കാന്‍ 1948-ല്‍ ബ്രിട്ടീഷുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചു.

ആശുപത്രിയിലേക്ക് നഴ്‌സുമാരെ അയക്കണമെന്ന് അസം ഗവര്‍ണര്‍ ഷില്ലോംഗ് ബിഷപ്പിനോട് അഭ്യര്‍ത്ഥിച്ചു. ‘മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ക്രൈസ്റ്റ് ജീസസ്’ എന്ന സന്യാസിനി സഭയിലെ രണ്ട് സ്പാനിഷ് കന്യാസ്ത്രീമാരെയും മോണ്‍. ഇമ്മാനുവല്‍ ബാര്‍സ് എസ്ഡിബിയെയുമാണ് ബിഷപ് കൊഹിമയിലേക്ക് അയച്ചത്. ഒരു തരത്തിലുള്ള സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് അധികാരികളുടെ കര്‍ശന നിര്‍ദേശം ഇവര്‍ക്ക് ലഭിച്ചിരുന്നെങ്കിലും ഇവരിലൂടെ സംഭവിച്ച ദൈവിക സ്‌നേഹത്തിന്റെ പ്രസരണം ആ ദേശത്ത് കത്തോലിക്ക വിശ്വാസത്തിന്റെ അടിത്തറയായി മാറുകയായിരുന്നു.1951-ല്‍ കൊഹിമയിലെ ആദ്യ സംഘം വിശ്വാസികള്‍ മാമ്മോദീസ സ്വീകരിച്ച് കത്തോലിക്ക സഭയില്‍ അംഗങ്ങളായി.

രണ്ടാം ലോകമഹായുദ്ധത്തില്‍ നാഗാ വംശജര്‍ നല്‍കിയ സഹായത്തിന് നന്ദിസൂചകമായി കൊഹിമയില്‍ ഒരു ആശുപത്രി നിര്‍മിക്കാന്‍ 1948-ല്‍ ബ്രിട്ടീഷുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ആശുപത്രിയിലേക്ക് നഴ്‌സുമാരെ അയക്കണമെന്ന് അസം ഗവര്‍ണര്‍ ഷില്ലോംഗ് ബിഷപ്പിനോട് അഭ്യര്‍ത്ഥിച്ചു. ‘മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ക്രൈസ്റ്റ് ജീസസ്’ എന്ന സന്യാസിനിസഭയിലെ രണ്ട് സ്പാനിഷ് കന്യാസ്ത്രീമാരെയും മോണ്‍. ഇമ്മാനുവല്‍ ബാര്‍സ് എസ്ഡിബിയെയുമാണ് ബിഷപ് അയച്ചത്.

വളര്‍ച്ചയുടെ നാളുകള്‍
അതേസമയം തന്നെ സംസ്ഥാനത്തിന്റെ മറ്റൊരുഭാഗമായ വോക്ഹാ ജില്ലയിലെ ലഗ്ഹട്ടി എന്ന പ്രദേശത്തും മിഷനറിമാരുടെ പ്രവര്‍ത്തനഫലമായി ഒരു സംഘമാളുകള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നു. തുടര്‍ന്ന് അഭൂതപൂര്‍വമായ വളര്‍ച്ചയുടെ നാളുകളായിരുന്നു കത്തോലിക്ക സഭയെ കാത്തിരുന്നത്. 1973-ല്‍ കൊഹിമ-ഇംഫാല്‍ രൂപത സ്ഥാപിതമായി. 1080-ല്‍ ഇംഫാല്‍ സ്വതന്ത്ര രൂപതയായി. ഡോ. അബ്രാഹം അലഞ്ഞിമറ്റത്തില്‍ എസ്.ഡി.ബിയായിരുന്നു പ്രഥമ ബിഷപ്. മലയാളിയായ ബിഷപ് ഡോ. ജയിംസ് തോപ്പിലാണ് ഇപ്പോഴത്തെ രൂപതാധ്യക്ഷന്‍. നാഗാലാന്റിലെ ഏക രൂപതയായ കൊഹിമയുടെ മൂന്നാമത്തെ മെത്രാനായി 2011 സെപ്റ്റംബറിലാണ് അദ്ദേഹം സ്ഥാനമേറ്റത്.

ഇന്ന് 48 ഇടവകകളിലും ഉപകേന്ദ്രങ്ങളിലുമായി 60,000 കത്തോലിക്ക വിശ്വാസികളാണ് നാഗാലാന്റിലുള്ളത്. 109 രൂപതാ വൈദികരും 68 സന്യസ്ത വൈദികരും 240 സന്യാസിനിമാരും ഇവര്‍ക്ക് അജപാലനപരമായ സേവനങ്ങള്‍ ലഭ്യമാക്കുന്നു. നാഗാലാന്റിലെ നാഗാ സമൂഹത്തില്‍ നിന്ന് മാത്രം ഈ കുറഞ്ഞ കാലയളവിനുള്ളില്‍ 40 വൈദികരും 100 സന്യാസിനിമാരും ഉണ്ടായി എന്നുള്ളതും അഭിമാനര്‍ഹമായ നേട്ടമാണ്. നാഗാലാന്റില്‍ 88 ശതമാനം ക്രൈസ്തവരാണെങ്കിലും അതില്‍ കത്തോലിക്കര്‍ മൂന്ന് ശതമാനമാണ്. ഭൂരിപക്ഷവും ബാപ്റ്റിസ്റ്റു ക്രൈസ്തവരാണ്.
ആദ്യകാല മിഷനറിമാര്‍
ഈ സംഖ്യകള്‍ക്കും കണക്കുകള്‍ക്കും ഉപരിയായി സമഗ്രവും എല്ലാവിഭാഗം ജനങ്ങളിലേക്കെത്തുന്നതുമായ മിഷനറി പ്രവര്‍ത്തനങ്ങളാണ് കത്തോലിസഭ നാഗാലാന്റില്‍ നടത്തുന്നത്. നേരിട്ടുള്ള സുവിശേഷവല്‍ക്കരണത്തിന് പുറമെ ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ പിന്നാക്കവസ്ഥ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളും മിഷനറിമാരുടെ പ്രവര്‍ത്തനമേഖലയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കത്തോലിക്ക കൂട്ടായ്മകളും സ്‌കൂളുകളും സാമൂഹ്യ സേവന കേന്ദ്രങ്ങളും ആശുപത്രികളും സ്ഥാപിച്ചുകൊണ്ട് സഭ സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലേക്കും കടന്നുചെന്നു. വിവിധ ഗോത്രവിഭാഗങ്ങളിലേക്കും സമൂഹങ്ങളിലേക്കും ഇറങ്ങിച്ചെല്ലുവാനുള്ള മാധ്യമമായി സ്‌കൂളുകള്‍ മാറി.

ഗവണ്‍മെന്റ് സ്‌കൂളുകള്‍ ഉണ്ടെങ്കിലും അച്ചടക്കരാഹിത്യവും അധ്യാപകരുടെ കുറവും നിമിത്തം അവ കാര്യമായ ഫലം പുറപ്പെടുവിക്കുന്നില്ല. മലമേഖലകളിലെ റോഡുകളുടെ അഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സമ്പര്‍ക്കമാധ്യമങ്ങളുടെ കുറവ് എന്നിവയാണ് മറ്റ് ചില ഗുരുതര പ്രശ്‌നങ്ങള്‍. ഈ വെല്ലുവിളികളുടെ മധ്യത്തിലും സഭയുടെ നേതൃത്വത്തിലുള്ള സ്‌കൂളുകള്‍ വഴിയായി ആയിരക്കണക്കിന് കുട്ടികളുടെ വളര്‍ച്ച സാധ്യമാകുന്നു എന്നത് ഒരത്ഭുതമാണ്. ഇന്ത്യയുടെ തെക്കന്‍ പ്രദേശത്ത് നിന്നുള്ളവരായിരുന്നു ആദ്യകാല മിഷനറിമാര്‍. ഇവരുടെ കഠിനാധ്വാനവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്കരുടെ സഹായവുമാണ് ഇന്ന് കാണുന്ന വിധത്തില്‍ രൂപതയെ പടുത്തുയര്‍ത്തിയത്.


പുതിയ ലക്ഷ്യങ്ങള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക വിശ്വാസത്തിന്റെ വളര്‍ച്ച വ്യത്യസ്തമായ കഥകളാണെന്നതുപോലെ തന്നെ നാഗാലാന്റിലെ ഓരോ ഭാഗത്തിന്റെയും വിശ്വാസത്തിന്റെ വളര്‍ച്ചയുടെ കഥ വ്യത്യസ്തമാണ്. പുതിയ സമൂഹങ്ങള്‍ സംസ്ഥാനത്തിന്റെ ഓരോ ഭാഗത്തും രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന വെല്ലുവിളികള്‍. വിവിധ ഗോത്രങ്ങളിലും ഭൂപ്രദേശങ്ങളിലുമുളളവരെ സഭയെന്ന കുടക്കീഴിനുള്ളില്‍ അണിനിരത്തിയപ്പോള്‍ അതവര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. വിശ്വാസത്തില്‍ ആഴപ്പെട്ട ജനങ്ങള്‍ മഴയും മഞ്ഞും വകവയ്ക്കാതെ മലമ്പാതകളിലൂടെ കാല്‍നടയായി ദുഷ്‌കരമായ യാത്ര നടത്തി ദൈവാലയങ്ങളില്‍ ഒരുമിച്ചുകൂടി.

കത്തോലിക്ക വിശ്വാസം അവരുടെ ജീവിതത്തിന് പുതിയൊരു ദിശ നല്‍കി. വിശ്വാസികളുടെ ആദ്യ തലമുറയെന്ന നിലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എന്തുമാത്രം വ്യത്യസ്തമായിരിക്കണം ഇവിടുത്തെ അവസ്ഥ എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.കത്തോലിക്ക വിശ്വാസികളുടെ ശാക്തീകരണം, വിശ്വാസത്തിലുള്ള ആഴപ്പെടല്‍, വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച, യുവജനങ്ങളുടെ തൊഴില്‍ സാധ്യതകള്‍, ലഹരിയുടെ ഉപയോഗം, ഏയ്ഡ്‌സിന്റെ വ്യാപനം തുടങ്ങിയ മേഖലകളില്‍ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ സഭ ഇന്ന് അഭിമുഖീകരിക്കുന്നുണ്ട്. എങ്കിലും വികസനത്തിന്റെയും വളര്‍ച്ചയുടെയും കുടുതല്‍ വലിയ കാല്‍വയ്പ്പുകള്‍ക്കായാണ് നാഗാലാന്റിലെ കാത്തലിക്ക് മിഷന്‍ തയാറെടുക്കുന്നത്.

ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലേക്ക് നയിച്ചുകൊണ്ട് വിശ്വാസികളെ ഉത്തരവാദിത്വമുള്ള പൗരന്‍മാരും കുടുംബാംഗങ്ങളുമാക്കി മാറ്റുവാന്‍ സഭ ഉദ്യമിക്കുന്നു. കൂടുതല്‍ ചിട്ടയായ ഔട്ട്‌റീച്ച് ശുശ്രൂഷയിലൂടെയും അജപാലന നേതൃത്വത്തിലൂടെയും നിത്യഹരിത സാക്ഷ്യവും സുവിശേഷവുമായി മാറുന്ന വിശ്വാസാധിഷ്ഠിത കത്തോലിക്ക ജീവിതചര്യ നയിക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും വാര്‍ത്തെടുക്കാനുള്ള മിഷന്റെ പരിശ്രമങ്ങള്‍ തുടരുന്നു.

റവ.ഡോ. ഫ്രാന്‍സിസ് ചീരാംഗല്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?