Follow Us On

22

October

2020

Thursday

ആരാധനക്രമ സംഗീതം: സിംപിൾ & പവർഫുൾ!

ആരാധനക്രമ സംഗീതം: സിംപിൾ & പവർഫുൾ!

ആരാധനാക്രമ സംഗീതത്തിന് നൽകേണ്ട പ്രസക്തിയെ കുറിച്ച് ബൈബിളിന്റെയും സഭാപ~നങ്ങളുടെയും അടിസ്ഥാനത്തിൽ വിചിന്തനം ചെയ്യുന്നതിനൊപ്പം ദൈവാലയ സംഗീതം എപ്രകാരമാകണമെന്നും അതിൽ വിശ്വാസീസമൂഹവും ഗായകസംഘവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നു ലേഖകൻ.

ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ

വിലമതിക്കാൻ കഴിയാത്ത അമൂല്യനിധി എന്നാണ് സാർവത്രികസഭയുടെ ആരാധനാക്രമ സംഗീത പാരമ്പര്യത്തെ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് (ആരാധനക്രമം,112). സാർവത്രികസഭ എന്നു പറയുമ്പോൾ വിവിധ വ്യക്തിഗത സഭകളുടെ കൂട്ടായ്മയാണല്ലോ. ആയതിനാൽ ഓരോ വ്യക്തിഗത സഭകളുടെയും ആരാധനാക്രമ സംഗീതപാരമ്പര്യവും സംരക്ഷിക്കപ്പെടേണ്ട അമൂല്യനിധിതന്നെയാണ്. ആരാധനാക്രമ സംഗീതം വിശ്വാസികളുടെ ഭക്തിയും ഭാഗഭാഗിത്വവും വർധിപ്പിക്കുന്നു. ഉദാഹരണമായി, ലത്തീൻ സഭയുടെ ഗ്രിഗോറിയൻ സംഗീതവും സീറോ മലബാർ സഭയുടെ സുറിയാനി സംഗീതവും ആരാധനയിൽ സജീവമായി പങ്കുചേരാൻ വിശ്വാസികളെ സഹായിക്കുന്നു.

പഴയനിയമത്തിൽ

സംഗീതത്തിന് അനിതരസാധാരണമായ പ്രാധാന്യമാണ് ബൈബിളിൽ കൊടുത്തിരിക്കുന്നത്. പാടുക എന്ന പദം പഴയനിയമത്തിൽ 309 പ്രാവശ്യവും പുതിയനിയമത്തിൽ 36 പ്രാവശ്യവും ഉപയോഗിച്ചിട്ടുണ്ട്. പഴയനിയമത്തിലെ പല പുസ്തകങ്ങളും പൂർണമായോ ഭാഗികമായോ കാവ്യാത്മകമാണ്. ചെങ്കടൽ കടന്നശേഷം മോശയും ഇസ്രായേൽജനവും കർത്താവിനെ സ്തുതിച്ചുകൊണ്ട് പാടിയ കീർത്തനം പുറപ്പാട് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു (പുറ 15:1).

ഈ അവസരത്തിലാണ് അഹറോന്റെ സഹോദരിയായ മിറിയാം തപ്പുകൾ കൈയിലെടുത്ത് പാട്ടുപാടിയത്. ദൈവത്തിന്റെ പേടകം അബിനാദാബിന്റെ വീട്ടിൽനിന്ന് ദാവീദിന്റെ നഗരത്തിലേക്ക് കൊണ്ടുവരുന്നവേളയിൽ ദാവീദും ഇസ്രായേൽഭവനവും സന്തോഷത്തോടും ശക്തിയോടും കൂടെ കിന്നരം, വീണ, ചെണ്ട, കൈത്താളം എന്നിവ ഉപയോഗിച്ച് കർത്താവിന്റെ മുൻപിൽ പാട്ടുപാടി നൃത്തം ചെയ്തു (2 സാമു 6:5).

ഇസ്രായേൽ ജനതയുടെ സംഗീതവാസനയുടെ ഏറ്റവും വലിയ സാക്ഷ്യപത്രമാണ് സങ്കീർത്തനങ്ങൾ. ഇസ്രായേലിന്റെ പ്രാർത്ഥനാഗീതങ്ങളാണ് സങ്കീർത്തനങ്ങൾ. സങ്കീർത്തനങ്ങൾ എന്ന വാക്കു സൂചിപ്പിക്കുന്നതുപോലെതന്നെ, ആലപിക്കുന്ന പ്രാർത്ഥനകളായിരുന്നു അവ. ഇസ്രായേൽക്കാരുടെ ജീവചരിത്രമാണ് ഇതിന്റെ ഉള്ളടക്കം. അവരുടെ ക്ലേശങ്ങളും പരിദേവനങ്ങളും ആനന്ദവും സന്തോഷവുമെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്.

‘എന്റെ ഹൃദയമേ ഉണരുക. വീണയും കിന്നരവും ഉണരട്ടെ. ഞാൻ പ്രഭാതത്തെ ഉണർത്തും. കർത്താവേ ജനതകളുടെ മധ്യത്തിൽ ഞാൻ അങ്ങേക്കു കൃതജ്ഞതയർപ്പിക്കും. ജനതകളുടെ ഇടയിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും,’ എന്നാണ് സങ്കീർത്തകൻ ഉദ്‌ഘോഷിക്കുന്നത് (സങ്കീ.57:8-9). അധരങ്ങളിൽനിന്ന് പുറപ്പെടുന്ന സ്‌തോത്രബലിയെ സുരഭില കാഴ്ചയായി സമർപ്പിക്കാൻ സംഗീതം സഹായിക്കുന്നു (സങ്കീ.119: 108).

സ്‌നേഹവും സംഗീതവുമായുള്ള സഖ്യം പഴയനിയമത്തിലേക്ക് പൂർണമായ രീതിയിൽ കടന്നുവരുന്നത് ഉത്തമഗീതത്തിലൂടെയാണ്. തികച്ചും മാനുഷികമായ പ്രേമഗീതങ്ങളുടെ സമാഹാരമാണ് ഉത്തമഗീതം. ദൈവവും ഇസ്രായേൽ ജനതയും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴമാണ് ഉത്തമഗീതത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. സ്‌നേഹിക്കുന്നവന്റേതാണ് സംഗീതം എന്ന വിശുദ്ധ ആഗസ്തീനോസിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

പുതിയനിയമത്തിൽ

മറിയത്തിന്റെ സ്‌തോത്രഗീതവും സഖറിയായുടെ പ്രവചനഗീതവും പുതിയനിയമത്തിലെ സുപ്രധാനഗീതങ്ങളാണ്. ബത്‌ലഹേമിലെ മാലാഖമാരുടെ ഗീതവും ശിമയോന്റെ കീർത്തനവും സവിശേഷമായ പ്രാധാന്യം അർഹിക്കുന്നു. യോഹന്നാന്റെ സുവിശേഷത്തിലെ ആമുഖം ഉത്തമമായ ഒരു കീർത്തനമാണ്. സ്തുതിയുടെ ഗീതം ആലപിച്ചശേഷം ഈശോയും ശിഷ്യൻമാരും ഗത്‌സെമനിയിൽ പ്രാർത്ഥിക്കാനായി ഒലിവുമലയിലേക്ക് പോയെന്ന് മത്തായി സുവിശേഷകൻ വിവരിക്കുന്നു (മത്താ 26:30).

‘സങ്കീർത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിൻ. ഗാനാലാപനങ്ങളാൽ പൂർണഹൃദയത്തോടെ കർത്താവിനെ പ്രകീർത്തിക്കുവിൻ,’ (എഫേ. 5:19) എന്ന് പൗലോസ് ശ്ലീഹാ എഫേസോസിലെ സഭയെ ഓർമിപ്പിക്കുന്നത് സംഗീതത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ ദൈവത്തിനു സങ്കീർത്തനങ്ങളും ആത്മീയഗീതങ്ങളും ആലപിക്കുന്നതിനെ കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസിലെ സഭയോടും പറയുന്നുണ്ട് (കൊളോ 3:16).

സംഗീതവും ഭാഗഭാഗിത്വവും

സംഗീതം ആരാധനക്രമത്തിന്റെ അവിഭാജ്യഘടകമായതിനാൽ അതിന് ഉന്നതമായ സ്ഥാനമുണ്ടെന്ന് ആരാധനക്രമത്തെ കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പുറപ്പെടുവിച്ച പ്രമാണരേഖ പ്രസ്താവിക്കുന്നു (ആരാധനക്രമം 112). ആരാധനക്രമഗീതങ്ങൾ പ്രധാനമായും മൂന്നു മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം അനുശാസിക്കുന്നുണ്ട്. പ്രാർത്ഥനയെ പ്രകടമാക്കുന്ന സൗന്ദര്യം, സമൂഹത്തിന്റെ ഒന്നിച്ചുള്ള ആലാപനം, ക്രമാനുഷ്ഠാനത്തിന്റെ ആഘോഷപൂർവ്വമായ സ്വഭാവം എന്നിവയാണവ (മതബോധനഗ്രന്ഥം,1157).

സഭയുടെ ആരാധനാക്രമത്തിൽ വലിയഭാഗവും ഗീതങ്ങളാണ്. സംഗീതം ആരാധനയെ ജീവനുള്ളതും സജീവവുമാക്കുന്നു. സന്തോഷം, അനുതാപം, ദു$ഖം എന്നീ വികാരങ്ങൾ ഉത്തേജിപ്പിക്കാൻ ഗാനങ്ങൾക്ക് അപാരമായ കഴിവുണ്ട്. ആരാധനാക്രമസംഗീതം ഹൃദയത്തെയും മനസിനെയും സ്വർഗത്തിലേക്ക് ഉയർത്തുന്നു. മാത്രമല്ല, ആരാധനയിൽ ക്രിയാത്മകമായും ഫലപ്രദമായും പങ്കുചേരാൻ ഒരുവനെ സഹായിക്കുകയും ചെയ്യുന്നു. ‘പാടുന്നവൻ ഇരട്ടി പ്രാർത്ഥിക്കുന്നു,’ എന്ന വിശുദ്ധ ആഗസ്തിനോസിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്.

ദൈവാരാധനയിൽ ഗീതങ്ങൾക്കുള്ള പങ്ക് സുപ്രധാനമാണ്. സംഗീതം ആരാധനാക്രമത്തിന്റെ അവശ്യവും അവിഭാജ്യമായ ഘടകമാണെന്ന് വത്തിക്കാൻ കൗൺസിൽ നമ്മെ ഓർമിപ്പിക്കുന്നു. സ്വർഗത്തിൽ ആരാധനയർപ്പിച്ചു കൊണ്ടിരിക്കുന്ന മാലാഖാമാരോടുചേർന്ന് ഗീതങ്ങൾ ആലപിച്ച് വിശ്വാസികളും ദൈവത്തെ സ്തുതിക്കുന്നു. വിശ്വാസികളുടെ സമൂഹത്തിന് സജീവ ഭാഗഭാഗിത്വം വഹിക്കാൻ കഴിയത്തക്കവിധം തിരുക്കർമഗീതങ്ങൾ ക്രമീകരിക്കണമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദേശിച്ചിട്ടുമുണ്ട്.

എങ്ങിനെയാവണം സംഗീതം

ആരാധനയെ സഹായിക്കുന്ന തരത്തിലും സമൂഹത്തിന്റെ വിശ്വാസം പ്രകടിപ്പിക്കാൻ ഉതകുന്ന രീതിയിലുമാകണം ആരാധനാക്രമ സംഗീതം. ഇത് ആരാധനയുടെ ഭാഗവും പ്രവൃത്തിയുമായി മനസിലാക്കണം. കലാവിരുത് പ്രകടിപ്പിക്കാനുള്ള അവസരമായി ആരാധനാനുഷ്~ാന വേളകളെ മാറ്റരുത്. സമൂഹത്തിന്റെ സജീവ ഭാഗഭാഗിത്വം ഉറപ്പുവരുത്തുകയാണ് ആരാധനാക്രമ സംഗീതത്തിന്റെ ലക്ഷ്യം. ദൈവാലയത്തിൽ തങ്ങൾ മാത്രമല്ല പാടുന്ന തെന്ന് ഗായകസംഘം ഓർക്കണം. സമൂഹത്തെ ശ്രോതാക്കളാക്കി മാറ്റുന്ന രീതി ഗായകസംഘം ഒരിക്കലും അവലംബിക്കരുത്.

ആരാധനയുടെ വേളകളിൽ വ്യക്തികേന്ദ്രീകൃത ഗാനരീതി ഒഴിവാക്കാനും സമൂഹാത്മകമായ ഗാനരീതി പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിക്കണം. സംഗീത ഉപകരണങ്ങൾക്ക് അമിതപ്രധാന്യം നൽകരുതെന്ന് മാത്രമല്ല, ശബ്ദതാളങ്ങൾ പ്രാർത്ഥനാചൈതന്യത്തിന് സഹായകമാകുകയും വേണം. ആഘോഷിക്കപ്പെടുന്ന രഹസ്യത്തിന്റെ അർത്ഥത്തോടും അനുഷ്ഠാനത്തിന്റെ ഘടനയോടും ആരാധനക്രമകാലങ്ങളോടും ചേർന്നുപോകുന്ന ഗീതങ്ങൾ ആലപിക്കണമെന്ന് ‘സാക്രമെന്തും കാരിത്താത്തിസ്’ എന്ന അപ്പസ്‌തോലികപ്രബോധനത്തിൽ പാപ്പാ എമരിത്തൂസ് ബനഡിക്റ്റ് 16-ാമൻ പ്രസ്താവിക്കുന്നു (നമ്പർ, 42).

തിരുക്കർമങ്ങളിൽ സജീവമായി പങ്കെടുക്കാൻ ആരാധനസമൂഹത്തെ സഹായിക്കുക ഗായകസംഘത്തിന്റെ കടമയാണെന്ന സീറോ മലബാർ കുർബാനക്രമത്തിലെ പൊതുനിർദേശം (നമ്പർ 15) ഇവിടെ പ്രസക്തമാണ്. മദ്ബഹയിലുള്ളവരും ഗായകസംഘവും മാറിമാറി പാടുന്ന അവസരങ്ങളിൽ സമൂഹം ഗായകസംഘത്തോടു ചേർന്നാണ് പാടേണ്ടത്. കർമാനുഷ്ഠാനങ്ങളുടെ സമയത്ത് പാടാൻ നിർദേശിച്ചിട്ടുള്ള ഗീതങ്ങൾ സാധാരണമായി ആ അനുഷ്ഠാനങ്ങൾ കഴിഞ്ഞു തുടരേണ്ടതില്ലെന്നും കുർബാനക്രമത്തിലെ പൊതുനിർദേശം ഓർമിപ്പിക്കുന്നു.

ഗായകസംഘത്തിന്റെ പങ്ക്

ഗായകസംഘത്തിന് ആരാധനാ ക്രമത്തിന്റെ ആഘോഷത്തിൽ നിർണായകമായ സ്ഥാനമുണ്ട്. സ്വർഗത്തിലെ ദൈവത്തെ അനസ്യൂതം പാടിസ്തുതിക്കുന്ന സ്വർഗീയ ഗായകസംഘത്തിന്റെ പ്രതിനിധികളാണ് ആരാധനാക്രമത്തിന്റെ ആഘോഷവേളയിൽ പങ്കുചേരുന്ന ഗായകസംഘം. ഒരേ സ്വരത്തിലും ഈണത്തിലും പ്രാർത്ഥിച്ചും പാടിയും ആരാധനാക്രമാഘോഷത്തിൽ പങ്കുചേരാൻ സമൂഹത്തെ സഹായിക്കുകയാണ് ഗായകസംഘത്തിന്റെ സുപ്രധാന ദൗത്യം. വിശ്വാസികളുടെ സജീവ ഭാഗഭാഗിത്വം വളർത്താനായിരിക്കണം ഗായകസംഘം ശ്രദ്ധിക്കേണ്ടത്. ആരാധനയിൽ പങ്കെടുക്കുന്ന എല്ലാവരെയും ഗാനാലാപനത്തിന് സഹായിക്കുകയാണ് ഗായകസംഘത്തിന്റെ ചുമതല. അവർ വിശ്വാസീസമൂഹത്തിന്റെ ഗാനാലാപനത്തെ ഏകോപിപ്പിക്കുകയും ഗാനങ്ങൾ തുടങ്ങിക്കൊടുക്കുകയും ചെയ്യണം.

ആരാധനക്രമത്തെക്കുറിച്ചും ആരാധനക്രമ സംഗീതത്തെക്കുറിച്ചും പ്രത്യേക പരീശീലനവും അറിവുമുള്ളവരായിരിക്കണം ഗായക സംഘാംഗങ്ങൾ. അവർക്ക് കാലാനുസൃതമായി പരിശീലനവും മാർഗനിർദേശങ്ങളും നൽകണം. ദൈവാലയ സംഗീത രചയിതാക്കളും അവ ആലപിക്കുന്നവരും സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നവരും സഭയിൽ സുപ്രധാനമായ ഒരു ശുശ്രുഷ നിർവഹിക്കുന്നു എന്നാണ് പീയൂസ് 12-ാമൻ പാപ്പ ഉദ്‌ബോധിപ്പിച്ചിട്ടുള്ളത്. അവർ ദൈവജനത്തെ പ്രാർത്ഥിക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.

അവർ കലാകാരന്മാർ എന്നതിലുപരി ദൈവശുശ്രൂഷയാണ് ചെയ്യുന്നത്. സഭാത്മകബോധം അവരിൽ ശരിയായി വളർന്നുവരണം. സഭയിലെ ഗാനരചയിതാക്കൾക്കു നല്ല രീതിയിലുള്ള ആരാധനക്രമ പരിശീലനം നൽകണം (ആരാധനക്രമം 115,121). അവർ ക്രിസ്തീയ ചൈതന്യത്താൽ നിറഞ്ഞവരായിരിക്കണം. അവരുടെ രചനകൾ കത്തോലിക്കാവിശ്വാസത്തോട് പൊരുത്തപ്പെടുന്നവയും വിശുദ്ധ ഗ്രന്ഥത്തിൽനിന്നും ആരാധനക്രമ ഉറവിടങ്ങളിൽനിന്നും ചൈതന്യം ഉൾക്കൊണ്ടവയും ആയിരിക്കണമെന്ന് വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നു (ആരാധന ക്രമം 121).

പലപ്പോഴും ആരാധനസംഗീതം പ്രാർത്ഥനയിൽനിന്ന് ജന്മമെടുക്കുന്നില്ലെന്ന് മാത്രമല്ല, കലാപരമായ സ്വയം ഭരണാവകാശം എന്ന വാദഗതിയുയർത്തി ആരാധനക്രമത്തിൽനിന്ന് അകന്നുപോവുകയാണെന്ന് ലിറ്റർജിയുടെ ചൈതന്യം എന്ന ഗ്രന്ഥത്തിൽ കർദിനാൾ ജോസഫ് റാറ്റ്‌സിംഗർ (പാപ്പ എമരിത്തൂസ് ബനഡിക്ട് 16-ാമൻ) പ്രസ്താവിക്കുന്നു. എന്നാൽ, ആരാധനക്രമനിയമങ്ങൾ ഗാനരചനയിലും ഗാനാലാപനത്തിലും പാലിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. മനുഷ്യഹൃദയങ്ങളെ ദൈവത്തിലേക്കും ദൈവികകാര്യങ്ങളിലേക്കും ഉയർത്താൻ ഉതകുന്നതാകണം ആരാധനക്രമസംഗീതം.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?