Follow Us On

06

April

2020

Monday

സ്ത്രീകളോട് കൂടുതല്‍ നീതി കാട്ടണം

സ്ത്രീകളോട് കൂടുതല്‍  നീതി കാട്ടണം

മാര്‍ച്ച് എട്ട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ആഗോള വനിതാ ദിനമായി ആചരിക്കുന്ന ദിവസമാണ്. 1909-ല്‍ അമേരിക്കയിലാണ് ആദ്യമായി വനിതാദിനം ആചരിച്ചത്. 1975-ലെ ആഗോള വനിതാദിനാചരണം മുതല്‍ വനിതാദിനാചരണത്തിന് ഐക്യരാഷ്ട്രസഭ ഒരു തിയതി നിശ്ചയിച്ചു: അതാണ് മാര്‍ച്ച് എട്ട്. 1911 മുതലാണ് അന്താരാഷ്ട്രതലത്തില്‍ വനിതാദിനം ആചരിച്ചുതുടങ്ങിയത്. വനിതകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുക, സ്ത്രീവിവേചനത്തിനെതിരെ ബോധവല്‍ക്കരണം നടത്തുക, സ്ത്രീകളുടെ തുല്യതയ്ക്കുവേണ്ടി പരിശ്രമിക്കുക എന്നിവയാണ് വനിതാദിന ആചരണത്തിന്റെ ലക്ഷ്യങ്ങള്‍. സാമൂഹ്യ-സാമ്പത്തിക, രാഷ്ട്രീയ, കലാ, ശാസ്ത്ര മേഖലകളിലെല്ലാം വലിയ നേട്ടങ്ങള്‍ കൈവരിച്ച ധാരാളം വനിതകള്‍ ലോകത്ത് ഉണ്ട്. പഴയ കാലങ്ങളെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുകയും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നുണ്ട്.
അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുമ്പോഴും വനിതകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുമ്പോഴും വനിതകളുടെ ജീവിതസാഹചര്യങ്ങളില്‍ പുരോഗതി ഉണ്ട് എന്ന് പറയുമ്പോഴും ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ധാരാളം സ്ത്രീകള്‍ ലോകമെങ്ങും ഉണ്ട് എന്നത് സത്യമാണ്. നിയമ നിര്‍മാണംകൊണ്ടും വനിതാദിന ആചരണംകൊണ്ടും മാത്രം ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയുമില്ല. എന്നാല്‍ കുടുംബങ്ങളും പുരുഷന്മാരും മനസുവച്ചാല്‍ സ്ത്രീകളുടെ നിരവധിയായ പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയും. ക്രിസ്തീയ കുടുംബങ്ങളില്‍ എങ്കിലും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ സ്വാതന്ത്ര്യവും മനഃസമാധാനവും അര്‍ത്ഥപൂര്‍ണമായ ജീവിതവും സാധ്യമാകും.
ഏറ്റവും പ്രധാനം അനേക കുടുംബങ്ങളില്‍ ഭാര്യമാര്‍ അനുഭവിക്കുന്ന നീതികേടുകള്‍ ആണ്. മദ്യപാനികളായ ഭര്‍ത്താക്കന്മാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ സഹിക്കേണ്ടിവരുന്നത് സ്ത്രീകള്‍ ആണ്. അവര്‍ പറയുന്ന ചീത്തയും തെറിയും കേള്‍ക്കേണ്ടിവരുന്നു. ചിലര്‍ക്ക് ശാരീരിക പീഡനങ്ങളും കിട്ടും. മദ്യപിച്ചശേഷവും അല്ലാതെയും ഭാര്യമാരെ തല്ലുന്ന ഭര്‍ത്താക്കന്മാര്‍ അത്ര കുറവൊന്നുമല്ല. രാത്രികാലങ്ങളില്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്ന ഭര്‍ത്താക്കന്മാര്‍ ധാരാളം ഇന്നും ഉണ്ട്. രാത്രിയില്‍ ഈ സ്ത്രീകള്‍ എന്തുചെയ്യും? എങ്ങോട്ട് പോകും? ആരുടെ സഹായം തേടും? അവര്‍ക്ക് ഒന്നിനും കഴിയില്ല. അവര്‍ ഒന്നുകില്‍ കുറെ കരയും. അല്ലെങ്കില്‍ മിണ്ടാതിരിക്കും. അല്ലെങ്കില്‍ കുറെ ഒച്ചവയ്ക്കും. ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരോട് നീതി കാണിച്ചാല്‍ത്തന്നെ അനേകം സ്ത്രീകളുടെ പ്രശ്‌നങ്ങളും ആവലാതികളും തീരും. ജീവിതപങ്കാളിയെ ഇങ്ങനെ സങ്കടപ്പെടുത്തുവാനും മുറിപ്പെടുത്തുവാനും എങ്ങനെ ഭര്‍ത്താക്കന്മാര്‍ക്ക് കഴിയുന്നുവെന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. എല്ലാ ഭര്‍ത്താക്കന്മാരെയും ഉദ്ദേശിച്ചല്ല ഇത് പറയുന്നത്. കുടുംബത്തില്‍ സ്ഥിരമായി ബഹളം ഉണ്ടാക്കുകയും ജീവിതപങ്കാളിയെ നിന്ദിക്കുകയും മുറിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാരുടെ കാര്യമാണ് പറയുന്നത്. ഇത്തരം ഭര്‍ത്താക്കന്മാര്‍ കാരണം നീറിക്കഴിയുന്ന, ജീവിതത്തിന്റെ അര്‍ത്ഥവും സമാധാനവും സന്തോഷവും നഷ്ടപ്പെട്ട ധാരാളം ഭാര്യമാര്‍ ഉണ്ട് എന്നത് വലിയൊരു ദുഃഖസത്യമാണ്. അതിനാല്‍ ഭര്‍ത്താക്കന്മാര്‍ മാത്രം മനസുവച്ചാല്‍ അനേക സ്ത്രീകളുടെ അനേകം പ്രശ്‌നങ്ങള്‍ തീരും. അവര്‍ക്ക് അന്തസും അഭിമാനവും ജീവിതവിജയവും ചാരിതാര്‍ത്ഥ്യവും ഉണ്ടാകും. ഭാര്യമാരോട് നീതി കാണിക്കുന്ന സ്ഥിതി എല്ലാ കുടുംബങ്ങളിലും ഉണ്ടാകട്ടെ.
കുടുംബത്തിന്റെ ഒരു ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുവാന്‍ മനസില്ലാതിരിക്കുന്ന ഭര്‍ത്താക്കന്മാരും കുറെപ്പേര്‍ ഉണ്ട്. അവിടെ ഭാര്യമാര്‍ കണ്ടമാനം വേദനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നു. ഭാര്യ പണിയെടുത്ത് കൊണ്ടുവരുന്ന പണത്തില്‍നിന്നും ബലമായി വീതം വാങ്ങി മദ്യപിക്കുന്നവര്‍ ഉണ്ട്. തനിക്ക് കിട്ടുന്ന വരുമാനം മുഴുവന്‍ ധൂര്‍ത്തടിക്കുകയും വീട്ടിലെ ചെലവുകള്‍ നടത്താതിരിക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ ഉണ്ട്. അവിടെ എല്ലാ കാര്യങ്ങളും ഭാര്യമാര്‍ നടത്തണം. ഭര്‍ത്താവിന് അസുഖം വന്നാല്‍ ഭാര്യമാര്‍ നിഴല്‍പോലെ കൂടെനിന്ന് ശുശ്രൂഷിക്കുവാന്‍ നിര്‍ബന്ധിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഉണ്ട്. എന്നാല്‍ ഭാര്യമാര്‍ കിടന്നുപോയാല്‍ ഒന്ന് വിവരം അന്വേഷിക്കാനോ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാനോ ഇത്തിരി വെള്ളം എടുത്തുകൊടുക്കുവാന്‍പോലുമോ പലരും തയാറാവുന്നില്ല. തന്നെയുമല്ല, ഈ രോഗാവസ്ഥയിലും തങ്ങളുടെ ഒരു ആവശ്യത്തിനും ഭാര്യമാര്‍ കുറവുവരുത്താന്‍ പാടില്ലെന്ന് ശാഠ്യംപിടിക്കുകയും ചെയ്യും. മക്കള്‍ക്ക് അസുഖം വന്നാല്‍ ഈ അപ്പന്മാര്‍ ഒന്നും ചെയ്യില്ല. അതെല്ലാം അമ്മയുടെ പണി. മക്കളുടെ മറ്റെല്ലാ കാര്യങ്ങളും വിവാഹാലോചനവരെ ഭാര്യമാര്‍ നടത്തേണ്ട അവസ്ഥയും ഉണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ വ്യത്യാസം വന്നാല്‍ത്തന്നെ സ്ത്രീകളുടെ ജീവിതം കൂടുതല്‍ അര്‍ത്ഥപൂര്‍ണമാകും.
വീട്ടിലും യാത്രയിലും ജോലിസ്ഥലത്തുമെല്ലാം വച്ച് മര്യാദകേട് അനുഭവിക്കേണ്ടിവരുന്ന സ്ത്രീകള്‍ ഉണ്ട്. ഇതൊക്കെയൊന്ന് അവസാനിപ്പിച്ചാലും സ്ത്രീകളുടെ അന്തസ് ഉയരും. സ്ത്രീയെന്ന നിലയില്‍ അവള്‍ തന്നെത്തന്നെ കൂടുതല്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യും. സങ്കടങ്ങള്‍ പറയുന്നതിനിടെ നിരവധി സ്ത്രീകള്‍ പറയുന്ന ഒരു വാചകം ഇങ്ങനെയാണ്: എന്തു ചെയ്യാനാ, ഞാനൊരു പെണ്ണായിപ്പോയില്ലേ? ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയാനും സ്ത്രീകളെ നിര്‍ബന്ധിക്കുന്ന പ്രശ്‌നങ്ങളാണ് യഥാര്‍ത്ഥത്തില്‍ പരിഹരിക്കപ്പെടേണ്ടത്. അവ അധികവും പരിഹരിക്കപ്പെടേണ്ടത് കുടുംബങ്ങളിലാണുതാനും.
വനിതാദിനത്തില്‍ ചിന്തിക്കേണ്ട മറ്റൊരു പ്രശ്‌നമാണ് സ്ത്രീകളുടെയും കുട്ടികളുടെയും മേല്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും കൊലപാതകങ്ങളും. ധാരാളം എഴുതുകയും പറയുകയും ചെയ്യുന്ന, എന്നാല്‍ ഒരിക്കലും പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു പ്രശ്‌നമാണിത്.
അതിനാല്‍ ക്രൈസ്തവരും ക്രൈസ്തവ കുടുംബങ്ങളും എങ്കിലും സ്ത്രീകളെ കുറെക്കൂടി ആദരിച്ചിരുന്നെങ്കില്‍, തുല്യരായി കണ്ടിരുന്നെങ്കില്‍ എത്ര മാറ്റം വരുമായിരുന്നു. തീര്‍ച്ചയായും ഇത്തരം മാറ്റങ്ങള്‍ എല്ലാ കുടുംബങ്ങളിലും സംഭവിക്കേണ്ടതാണ്.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?