Follow Us On

06

April

2020

Monday

പാപിയാണെങ്കിലും നേര് ഉണ്ടായാല്‍ രക്ഷപ്പെടും

പാപിയാണെങ്കിലും നേര്  ഉണ്ടായാല്‍ രക്ഷപ്പെടും

യേശുവിനോട് സംസാരിച്ച് യേശുവിന്റെ മനസ് മാറ്റിയ ഒരു സ്ത്രീയുടെ കാര്യം സുവിശേഷത്തില്‍ പറയുന്നുണ്ട് (മത്തായി 15:21-28, മര്‍ക്കോസ് 7:24-30). തന്റെ കൊച്ചുമകളില്‍നിന്ന് പിശാചിനെ പുറത്താക്കുവാന്‍ യേശുവിനോട് അപേക്ഷിച്ച സീറോ-ഫിനേഷ്യന്‍ സ്ത്രീയുടെ കഥയാണിത്. മക്കളുടെ അപ്പം നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് നല്ലതല്ല എന്ന് പറഞ്ഞ് യേശു ആ സ്ത്രീയെ നിരുത്സാഹപ്പെടുത്തി. അപ്പോള്‍ അവര്‍ യേശുവിനോട് വിശ്വാസത്തോടെ തര്‍ക്കിച്ചു: അത് ശരിയാണ്, എങ്കിലും മേശയ്ക്ക് കീഴെനിന്ന് നായ്ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. അപ്പോള്‍ യേശു പറഞ്ഞു: ഈ വാക്കുമൂലം നീ പൊയ്‌ക്കൊള്ളുക, പിശാച് നിന്റെ മകളെ വിട്ടുപോയിരിക്കുന്നു.

ഇതുപോലെ മനുഷ്യന്‍ പ്രാര്‍ത്ഥിച്ച് ദൈവത്തിന്റെ മനസു മാറ്റിയ സംഭവങ്ങള്‍ വേറെയും ബൈബിളില്‍ പറയുന്നുണ്ട്. നിനെവേ നിവാസികള്‍ അനുതപിച്ച്, ഉപവസിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം മനസുമാറ്റി, അവരുടെമേല്‍ അയക്കും എന്നു പറഞ്ഞ തിന്മ അയച്ചില്ല (യോന 3:10). ഹെസക്കിയ രാജാവ് പ്രാര്‍ത്ഥിച്ച് തന്റെ ആയുസ് നീട്ടി വാങ്ങിയ സംഭവം (ഏശയ്യാ 38-ാം അധ്യായം) മറ്റൊരു ഉദാഹരണമാണ്.

എന്നാല്‍ ദൈവം സംസാരിച്ച് മനുഷ്യന്റെ മനസ് മാറ്റുന്ന സംഭവങ്ങളും ബൈബിളില്‍ നാം വായിക്കുന്നു. ലൂക്കാ 19:1 മുതലുള്ള വചനങ്ങളില്‍ വിവരിക്കുന്ന സക്കേവൂസിന്റെ മാനസാന്തരം ഒരു ഉദാഹരണമാണ്. യേശു സക്കേവൂസിന്റെ വീട്ടില്‍ചെന്ന്, അവിടെ താമസിച്ച്, അദ്ദേഹത്തോട് സംസാരിച്ച്, അദ്ദേഹത്തിന്റെ മനസ് മാറ്റുന്നു; അദ്ദേഹത്തെ മാനസാന്തരപ്പെടുത്തുന്നു. യോഹന്നാന്‍ 4:1-42 വചനങ്ങളില്‍ സമരിയാക്കാരി സ്ത്രീയുടെ മാനസാന്തരത്തിന്റെ കഥയും ആ സ്ത്രീവഴി അവളുടെ ഗ്രാമവും മാനസാന്തരപ്പെടുകയും ചെയ്തതിന്റെ വിവരങ്ങള്‍ നമ്മള്‍ വായിക്കുന്നു.

സമരിയാക്കാരി സ്ത്രീ സമൂഹത്തില്‍ അത്ര സല്‍പ്പേര് ഉണ്ടായിരുന്ന ആളല്ല എന്ന് വ്യക്തമാണ്. അതേസമയം ഒരുപാട് സഹനങ്ങളില്‍ക്കൂടി കടന്നുപോയവളുമാണെന്ന് വ്യക്തമാണ്. യേശു പറഞ്ഞ ഒരു വചനം ശ്രദ്ധിക്കുക: നിനക്ക് അഞ്ച് ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഉള്ളവന്‍ നിന്റെ ഭര്‍ത്താവ് അല്ല. അതിനര്‍ത്ഥം എന്താണ്? അഞ്ച് തവണ വിവാഹം കഴിക്കേണ്ടി വന്നവളാണ് അവള്‍.

ഓരോ ഭര്‍ത്താവും മരിച്ചപ്പോഴാണ് അടുത്തയാളെ വിവാഹം ചെയ്തത് എന്ന് കണക്കാക്കാം. ഒന്നൊന്നായി അഞ്ച് ഭര്‍ത്താക്കന്മാരുടെ മരണം കണ്ടവള്‍ ആണ് അവള്‍. അഞ്ച് തവണ വിധവയായവള്‍ ആണ് അവള്‍. എന്നിട്ടിപ്പോള്‍ ആറാമത് ഒരാളുടെ കൂടെ താമസിക്കുന്നു. ആറാമന്‍ ഭര്‍ത്താവല്ല എന്ന് യേശു പറയുമ്പോള്‍, അവര്‍ തമ്മില്‍ നിയമപരമായി വിവാഹം നടന്നിട്ടില്ല എന്നല്ലേ അര്‍ത്ഥം? അങ്ങനെയാണെങ്കില്‍ അവളുടെ ജീവിതം പാപം നിറഞ്ഞത് ആണ്; അവള്‍ക്ക് സമൂഹത്തില്‍ വലിയ ആദരവും ഇല്ല. അതുകൊണ്ട് ഒരുവിധം ഒറ്റപ്പെട്ടാണ് അവള്‍ ജീവിക്കുന്നത്. ഈ ഒറ്റപ്പെടല്‍ കാരണമാണ് ഉച്ചയ്ക്ക്, മറ്റാരും വെള്ളം കോരാന്‍ വരാത്ത സമയത്ത്, അവള്‍ വെള്ളം കോരാന്‍ വന്നത്.

മറ്റ് സ്ത്രീകള്‍ അനുഭവിക്കാത്ത തരത്തിലുള്ള സഹനങ്ങളിലൂടെ ഇവള്‍ കടന്നുപോയി. ഇപ്പോഴത്തെ ജീവിതം പാപകരമായ വഴിയിലൂടെയുമാണ്. എന്നാലും സത്യസന്ധതയും ഹൃദയപരമാര്‍ത്ഥതയും ജീവിതത്തില്‍ അവള്‍ കാണിച്ചുവെന്ന് അവളെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. അതിന് തെളിവ് യേശുവുമായി അവള്‍ സംസാരിക്കുവാന്‍ തയാറാകുന്നതും ആ സംഭാഷണത്തില്‍ കാണിക്കുന്ന മനസിന്റെ തുറവിയും സത്യസന്ധതയും ആണ്.

ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല എന്ന് യേശു പറഞ്ഞപ്പോള്‍, തനിക്ക് ആ ജലം വേണം എന്നവള്‍ പറയുന്നു. യേശു പറഞ്ഞതിന്റെ ആധ്യാത്മിക ഉള്‍ക്കാഴ്ചകള്‍ ലഭിച്ചതുകൊണ്ട് അവള്‍ ഇങ്ങനെ പറഞ്ഞത് അല്ലായിരിക്കാം. എങ്കിലും യേശുവിനോട് സഹകരിക്കുവാന്‍, യേശുവിന്റെ വാക്കുകള്‍ വിശ്വസിക്കുവാന്‍ അവള്‍ തയാറായല്ലോ.

അവര്‍ തമ്മിലുള്ള മറ്റൊരു സംഭാഷണവും നാം ശ്രദ്ധിക്കണം. യേശു പറഞ്ഞു: നീ ചെന്ന് നിന്റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരിക. അപ്പോള്‍ അവള്‍ പറഞ്ഞു: എനിക്ക് ഭര്‍ത്താവില്ല. സത്യസന്ധമായി അവള്‍ സംസാരിക്കുന്നത് ശ്രദ്ധിക്കുക. അവള്‍ ഇപ്പോള്‍ ഒരു പുരുഷന്റെ കൂടെയാണ് താമസിക്കുന്നത്. പക്ഷേ, ആ മനുഷ്യന്‍ നിയമപരമായി തന്റെ ഭര്‍ത്താവല്ല എന്നവള്‍ക്ക് അറിയാം. അത് അവള്‍ സമ്മതിക്കുന്നു. അവള്‍ നുണ പറയുന്നില്ല, ഒഴിഞ്ഞുമാറുന്നില്ല, വിഷയം മാറ്റുന്നില്ല. അവളുടെ തെറ്റ് തുറന്ന് സമ്മതിക്കുകയാണ്. തുടര്‍ന്ന് നടന്ന സംഭാഷണത്തിലൂടെ യേശു ആ സ്ത്രീയെ വിശ്വാസത്തിലേക്കും മാനസാന്തരത്തിലേക്കും നയിച്ചു. അവള്‍ ഗ്രാമത്തിലേക്ക് പോയി യേശുവിന് സാക്ഷ്യം നല്‍കി. ഗ്രാമീണരെ യേശുവിന്റെ അടുത്തേക്ക് ആനയിച്ചു. അവരിലും അനേകര്‍ യേശുവില്‍ വിശ്വസിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തു.

പാപമാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നവര്‍ പലതരം ഉണ്ട്. ചിലര്‍ അറിവില്ലാത്തതുകൊണ്ട് പാപവഴിയില്‍ സഞ്ചരിക്കുന്നവരാണ്. സത്യം അറിയുമ്പോള്‍ അവര്‍ മാറ്റത്തിന് തയാറാകും. പൗലോസിന്റെ മാനസാന്തരം പോലും (അപ്പ. പ്രവര്‍ത്തനങ്ങള്‍ 22:6-21) ഒരു ഉദാഹരണമാണ്. മറ്റുചിലര്‍ പാപവഴിയില്‍ ആണ് എന്ന് സ്വയം അറിയുന്നുണ്ട്. ബലഹീനതകൊണ്ടും സ്വാര്‍ത്ഥതകൊണ്ടും മറ്റുള്ളവരുടെ പ്രേരണകൊണ്ടുമൊക്കെ അവര്‍ മാനസാന്തരപ്പെടാതെ ജീവിക്കുകയാണ്. അനുകൂല സാഹചര്യം ഉണ്ടായാല്‍ അവരില്‍ പലരും മാനസാന്തരപ്പെടും. സമരിയാക്കാരി സ്ത്രീ ഇതിനൊരു ഉദാഹരണമാണ്.

മൂന്നാമത് ഒരു കൂട്ടര്‍ ഉണ്ട്. അവര്‍ പോകുന്നത് പാപവഴിയിലാണ് എന്നവര്‍ക്ക് അറിയാം. പക്ഷേ, അവര്‍ മാറ്റത്തിനും മാനസാന്തരത്തിനും തയാറല്ല. അവര്‍ കഠിനഹൃദയരാണ്. സുവിശേഷങ്ങളില്‍ നമ്മള്‍ കാണുന്ന, യേശുവിനോട് ഏറ്റുമുട്ടുന്ന, ഫരിസേയരും നിയമജ്ഞരുമൊക്കെ ഇതിന് ഉദാഹരണമാണ്. ഈ മൂന്ന് കൂട്ടരും ഇന്ന് നമ്മുടെ ഇടയിലുണ്ട്. കാര്യം അറിയാത്തതുകൊണ്ട് തെറ്റ് ചെയ്യുന്നവരെയും കാര്യം അറിയുമ്പോള്‍ മാനസാന്തരപ്പെടുന്നവരെയും കണ്ടിട്ടില്ലേ? തെറ്റാണ് എന്ന് അറിഞ്ഞിട്ടും പല കാരണങ്ങളാല്‍ തെറ്റ് തുടരുന്ന, എന്നാല്‍ സാഹചര്യം വരുമ്പോള്‍ മാനസാന്തരപ്പെടുന്നവരെ കണ്ടിട്ടില്ലേ? തെറ്റാണ് എന്ന് അറിഞ്ഞിട്ടും മാനസാന്തരത്തിന് ഒരു വിധത്തിലും തയാറല്ലാത്ത കഠിനഹൃദയരെ നമ്മള്‍ കണ്ടിട്ടില്ലേ?

സമരിയാക്കാരി സ്ത്രീയുടെ ഹൃദയപരമാര്‍ത്ഥതയും തെറ്റ് അംഗീകരിക്കാനുള്ള നല്ല മനസും നല്ല ജീവിതത്തിനുള്ള ആഗ്രഹവും ഏറ്റവും പ്രധാനപ്പെട്ടവയല്ലേ? പക്ഷേ, നമ്മള്‍ അറിയുന്ന പലര്‍ക്കും ഇതൊന്നും ഇല്ലല്ലോ. അത് കഷ്ടമല്ലേ…?

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?