Follow Us On

02

December

2023

Saturday

നിശബ്ദത വാചാലമാക്കിയ തച്ചന്‍!

ഡോ. വിന്‍സെന്റ് കൊരണ്ടിയാര്‍കുന്നേല്‍ OSB

നിശബ്ദത വാചാലമാക്കിയ തച്ചന്‍!

”പൂര്‍വപിതാവായ അബ്രാഹത്തിന്റെ വിശ്വാസവും യാക്കോബിന്റെ പ്രത്യാശയും മോശയുടെ ശാന്തതയും സഹിഷ്ണുതയും നോഹയുടെ അനുസരണവും മതനിഷ്ഠയും ദാവീദിന്റെ ഊഷ്മളസ്‌നേഹവും ജോബിന്റെ ക്ഷമയും ആത്മശക്തിയും പൂര്‍വജോസഫിന്റെ വിവേകവും ജോസഫില്‍ വിളങ്ങി പ്രശോഭിക്കുന്നു”- വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് ധ്യാനിക്കുമ്പോൾ ഇതൾവിരിയുന്ന സവിശേഷതകൾ അടുത്തറിയാം, വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ.

നീതിമാന്‍, കുടുംബജീവിതക്കാരുടെയും കന്യാവ്രതക്കാരുടെയും കാവല്‍ക്കാരന്‍, തിരുക്കുടുംബത്തിന്റെയും തിരുസഭയുടെയും പാലകന്‍, നന്മരണ മധ്യസ്ഥന്‍, തൊഴിലാളികളുടെ മധ്യസ്ഥന്‍ എന്നിങ്ങനെ നസ്രത്തിലെ തച്ചനുള്ള വിശേഷണങ്ങള്‍ നിരവധിയാണ്. പൂര്‍വപിതാവായ അബ്രാഹത്തിന്റെ വിശ്വാസവും യാക്കോബിന്റെ പ്രത്യാശയും മോശയുടെ ശാന്തതയും സഹിഷ്ണുതയും നോഹയുടെ അനുസരണവും മതനിഷ്ഠയും ദാവീദിന്റെ ഊഷ്മളസ്‌നേഹവും ജോബിന്റെ ക്ഷമയും ആത്മശക്തിയും പൂര്‍വജോസഫിന്റെ വിവേകവും ജോസഫില്‍ വിളങ്ങി പ്രശോഭിക്കുന്നു.

യൗസേപ്പിതാവിനെക്കുറിച്ച് വിശുദ്ധ ബര്‍ണാര്‍ഡ് പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്: ”പിതാവായ ദൈവം തന്റെ ഹൃദയത്തിനിണങ്ങിയ മനുഷ്യനെ ദാവീദില്‍ കണ്ടെത്തിയതുപോലെ, തന്റെ ഹൃദയത്തിന്റെ സൂക്ഷ്മവും ഏറ്റം നിഗൂഢവും ഏറ്റം പരിശുദ്ധവുമായ രഹസ്യം ഭരമേല്‍പിക്കാന്‍ പറ്റുന്ന ഒരു വ്യക്തിത്വത്തെ ജോസഫില്‍ കണ്ടെത്തി.”

സുവിശേഷങ്ങളിലെ യൗസേപ്പ്
സുവിശേഷങ്ങളില്‍ ഒരു വാക്കുപോലും ഉരിയാടാത്ത വ്യക്തിത്വമാണ് ജോസഫിന്റേത്. ദൈവം തന്റെ അമൂല്യനിധിയുടെ രക്ഷകര്‍ത്താവായി ജോസഫിനെ ഭരമേല്‍പിച്ചപ്പോള്‍ എത്രമാത്രം ജാഗ്രതയോടും ഉത്തരവാദിത്വത്തോടും വിശ്വസ്തതയോടും വാത്സല്യത്തോടെയുമാണ് ജോസഫ് ആ അമൂല്യനിധിയെ പരിപാലിച്ചത്. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും വിശ്വസ്തതയുടെയും നിരന്തര തീര്‍ത്ഥാടനമാക്കി ജീവിതത്തെ ജോസഫ് മാറ്റി. അവസാനംവരെ ദൈവത്തോട് വിധേയപ്പെട്ട് വിശ്വസ്ത കാര്യസ്ഥനായിരിക്കുവാന്‍ പരിശുദ്ധ മറിയത്തെപ്പോലെ ജോസഫിന് സാധിച്ചു.

ജോസഫ് പറഞ്ഞ ഒരു വാക്കുപോലും സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ജോസഫിന്റെ മൗനം വാചാലമാണ്. ജോസഫിന്റെ നിശബ്ദത അഗാധമായ പ്രാര്‍ത്ഥനയുടെയും ദൈവത്തോടുള്ള സമ്പൂര്‍ണ വിധേയത്വത്തിന്റെയും അടയാളങ്ങളാണ്. വിശുദ്ധ ലൂക്കായുടെയും വിശുദ്ധ മത്തായിയുടെയും സുവിശേഷങ്ങളില്‍ വിശുദ്ധ ജോസഫിന്റെ വ്യക്തിത്വത്തെ അനാവരണം ചെയ്യുന്ന സംഭവങ്ങള്‍ കാണാന്‍ സാധിക്കും.

അനുസരണത്തിന്റെ മാതൃക
ലൂക്കായുടെ സുവിശേഷത്തില്‍ മൂന്നിടത്ത് ജോസഫിനെക്കുറിച്ചുള്ള വിവരണമുണ്ട്. ഒന്നാമത്തെ വിവരണം രാജാവിന്റെ കല്‍പ്പന അനുസരിക്കുന്ന ജോസഫിനെക്കുറിച്ചാണ് (ലൂക്കാ 2:1-5). തന്റെ രാജ്യത്തെ ജനസംഖ്യയെടുക്കാന്‍ അഗസ്റ്റസ് സീസറിന്റെ കല്‍പ്പനയെത്തുടര്‍ന്ന് പേരെഴുതിക്കാന്‍വേണ്ടി ഗര്‍ഭിണിയായ ഭാര്യ മറിയത്തോടൊപ്പം ജോസഫ് ഗലീലിയില്‍നിന്ന് ബെത്‌ലഹേമിലേക്ക് പോകുന്നു.

രണ്ടാമത്തെ വിവരണം മോശയുടെ കല്‍പ്പന അനുസരിക്കുന്ന ജോസഫിനെയാണ് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് (ലൂക്കാ 2:21-24). ഉണ്ണിയേശുവിനെ പിതാവും മാതാവുംകൂടി ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നതാണ് സന്ദര്‍ഭം. മോശയുടെ നിയമമനുസരിച്ചാണ് അവര്‍ ഇപ്രകാരം വര്‍ത്തിച്ചത്. മോശയിലൂടെ ലഭിച്ച കല്‍പ്പന ദൈവകല്‍പ്പനയായി കണ്ട് അനുസരിക്കുന്ന ജോസഫിനെയാണ് നാം ഇവിടെ കാണുക.

മൂന്നാമത്തെ വിവരണത്തില്‍, യേശുവിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തിന് സര്‍വാത്മനാ വഴങ്ങുന്ന ജോസഫിനെയാണ് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത് (ലൂക്കാ 2:41-52). ജറുസലേം തീര്‍ത്ഥാടനവേളയില്‍ പന്ത്രണ്ടാം വയസില്‍ യേശുവിനെ കാണാതാകുന്നതാണ് സന്ദര്‍ഭം. ഇവിടെയും ജോസഫ് ഒന്നും പറയാതെ യേശുവിലൂടെ വെളിവാക്കപ്പെട്ട ദൈവഹിതത്തിന് പൂര്‍ണമായും കീഴ്‌വഴങ്ങുകയാണ്. രാജാവിലൂടെയും പ്രവാചകനിലൂടെയും രാജാവും പ്രവാചകനും ദൈവപുത്രനുമായ യേശുവിലൂടെയും വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തിന് പൂര്‍ണമായും വിധേയനായി ജീവിച്ച ധന്യാത്മാവാണ് ജോസഫ്.

സ്വപ്‌നം കാണുന്ന പിതാവ്
ജോസഫ് നാലുതവണ സ്വപ്‌നം കാണുന്നതായി മത്തായി സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. സ്വപ്‌നങ്ങളുടെ പ്രത്യേകത, സ്വപ്‌നങ്ങളില്‍ത്തന്നെ അതിന്റെ വ്യാഖ്യാനവും ഉള്‍ക്കൊള്ളുന്നുവെന്നതാണ്. ദൈവഹിതമെന്തെന്നറിയാന്‍ അവിടുത്തെ മുമ്പില്‍ തുറന്ന മനസോടെ നില്‍ക്കുന്നതിനാണ് ‘സ്വപ്‌നം’ കാണുക എന്ന ശൈലി മത്തായി സുവിശേഷകന്‍ ഉപയോഗിക്കുന്നത്.

ജോസഫിന്റെ ഒന്നാമത്തെ സ്വപ്‌നം, ജോസഫും മറിയവും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ്, അവര്‍ സഹവസിക്കുന്നതിനുമുമ്പ് മറിയം ഗര്‍ഭിണിയായി കാണപ്പെട്ട അവസരത്തിലാണ്. വിശുദ്ധ ലിഖിതത്തില്‍ നാം വായിക്കുന്നു: കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്… ജോസഫ് നിദ്രയില്‍നിന്നുണര്‍ന്ന് കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു.

ജോസഫിനുണ്ടായ രണ്ടാമത്തെ സ്വപ്‌നം ശിശുവധത്തിനുള്ള ഹേറോദേസിന്റെ കല്‍പ്പനയോടനുബന്ധിച്ചാണ്. ഈ അവസരത്തില്‍ സ്വപ്‌നത്തിലൂടെ ദൈവം ജോസഫിനോട് അരുളിചെയ്യുന്നു. എഴുന്നേറ്റ് ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്തിലേക്ക് പലായനം ചെയ്യുക… അവന്‍ ഉണര്‍ന്ന് ശിശുവിനെയും അമ്മയെയും കൂട്ടി ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി.

ജോസഫിന്റെ മൂന്നാമത്തെ സ്വപ്‌നം ഈജിപ്തില്‍നിന്ന് സ്വദേശത്തേക്ക് തിരിച്ചുവരുന്നതിനോട് അനുബന്ധിച്ചാണ്. നാലാമത്തെ സ്വപ്‌നം ഇസ്രായേലിലേക്കുള്ള മടക്കയാത്രയിലാണ്. ഹേറോദേസിന്റെ മകന്‍ അര്‍ക്കലാവോസാണ് യൂദയാ ഭരിക്കുന്നതെന്ന് കേട്ടപ്പോള്‍ ജോസഫിന് ഭയമായി. ആ അവസരത്തില്‍ സ്വപ്‌നത്തിലൂടെ ദൈവത്തിന്റെ മുന്നറിയിപ്പനുസരിച്ച് അവന്‍ ഗലീലി പ്രദേശത്തെ നസ്രത്ത് എന്ന പട്ടണത്തല്‍ വാസമുറപ്പിച്ചു (മത്തായി 2:22-23). ജീവിതത്തില്‍ ഓരോ പ്രതിസന്ധിയിലും ദൈവഹിതമെന്തെന്ന് അന്വേഷിക്കുകയും വിശ്വസിക്കുകയും സ്വപ്‌നത്തിലൂടെ ദൈവഹിതമെന്തെന്നറിഞ്ഞ് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജോസഫിനെയാണ് മേല്‍പ്പറഞ്ഞ സംഭവങ്ങളില്‍ നാം കണ്ടുമുട്ടുന്നത്.

പുണ്യങ്ങളുടെ വിളനിലം
ദൈവപുത്രനെ മടിയിലിരുത്തി വളര്‍ത്തി പരിപാലിച്ച വിശുദ്ധ ജോസഫ് നിരവധി പുണ്യങ്ങളുടെ വിളനിലമായിരുന്നു. ജോസഫ് നീതിമാനായിരുന്നു (മത്താ.1:19). ‘നീതിമാന്‍’ എന്നതിന് നിയമം അനുസരിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ജോസഫ് നിയമം അനുസരിക്കുകയാണെങ്കില്‍ മറിയം കല്ലെറിഞ്ഞ് കൊല്ലപ്പെടുമായിരുന്നു. കാരണം അവിഹിത ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീ മോശയുടെ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ടവളാണ്.

എന്നാല്‍ യൗസേപ്പിതാവിന്റെ നീതി ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിലംഘിക്കുന്ന നീതിയായിരുന്നു. ഔദാര്യവും കാരുണ്യവും സ്‌നേഹവും നിറഞ്ഞ നീതി. അതിനാല്‍ മറിയത്തെ അപമാനവിധേയയാക്കാതെ രഹസ്യമായി ഉപേക്ഷിക്കാനാണ് ജോസഫ് ആലോചിച്ചത്. ദൈവവും മനുഷ്യനും, മനുഷ്യനും മനുഷ്യനും തമ്മിലും ശരിയായ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയെയാണ് വിശുദ്ധ ഗ്രന്ഥം നീതിമാന്‍ എന്ന് വിശേഷിപ്പിക്കുന്നത് (സംഖ്യ 23:10, ജോബ് 4:7, 23:-7). അര്‍ഹത നോക്കാതെ ആവശ്യാനുസരണം പ്രവര്‍ത്തിക്കുന്ന ശൈലി. ഇത് ദൈവത്തിന്റെ പ്രവര്‍ത്തനശൈലിയെ സൂചിപ്പിക്കുന്നു.

അധ്വാനത്തിന്റെ മാതൃക
ഒരു സാധാരണ തൊഴിലാളി കുടുംബമായിരുന്നു ജോസഫിന്റേത്. മറിയവും ജോസഫും യേശുവിനെ ദൈവാലയത്തില്‍ സമര്‍പ്പിച്ചപ്പോള്‍ കൊണ്ടുചെന്നത് പാവപ്പെട്ടവരുടെ കാഴ്ചവസ്തുക്കളാണ്. സത്രത്തില്‍ അവര്‍ക്ക് ഇടം ലഭിക്കാതെപോയതും അവര്‍ ദരിദ്രരായതുകൊണ്ടാണ്. എന്നാല്‍ അധ്വാനിച്ച് കുടുംബം പുലര്‍ത്തിയ വ്യക്തിയാണ് ജോസഫ്. ഈജിപ്തിലും നസ്രത്തിലും തിരുക്കുടുംബം ജീവിച്ചത് അങ്ങനെയാണ്. തിരുക്കുടുംബപാലകനായ വിശുദ്ധ യൗസേപ്പ് പിതാവിനെ 1955 മെയ് ഒന്നിന് ഭാഗ്യസ്മരണാര്‍ഹനായ പീയൂസ് പതിമൂന്നാമന്‍ പാപ്പ അധ്വാനിക്കുന്നവരുടെ സംരക്ഷകനായി പ്രഖ്യാപിച്ചു.

ജോസഫ് പഠിപ്പിക്കുന്ന പാഠങ്ങള്‍
ദൈവപുത്രന്‍ ഭൂമിയില്‍ പിതാവേ എന്ന് വിളിച്ച വ്യക്തിയാണ് ജോസഫ്. ഒരു യഹൂദപുത്രന്‍ തന്റെ പിതാവിനോട് പ്രദര്‍ശിപ്പിക്കേണ്ട അനുസരണവും വിധേയത്വവും ബഹുമാനവും യേശു യൗസേപ്പിന് നല്‍കി. ദൈവംതന്നെ അനുസരിച്ച് ആദരിച്ച യൗസേപ്പിന്റെ ജീവിതമാതൃക എക്കാലവും പ്രസക്തവും അനുകരണാര്‍ഹവുമാണ്. മക്കളെ ദൈവികനിയമങ്ങള്‍ പഠിപ്പിക്കുക എന്നത് ഏതൊരു യഹൂദപിതാവിന്റെയും പ്രധാന കടമയായിരുന്നു.

സുവിശേഷം സാക്ഷിക്കുന്നു: ”യേശുവിന്റെ മാതാപിതാക്കള്‍ ആണ്ടുതോറും പെസഹാത്തിരുനാളിന് ജറുസലേമില്‍ പോയിരുന്നു” (ലൂക്കാ 2:4). കുഞ്ഞുങ്ങളെ ചെറുപ്പംമുതലേ ദൈവാലയത്തില്‍ പറഞ്ഞയക്കുവാനും മതപഠനകാര്യങ്ങളില്‍ തല്‍പരരായിരിക്കാനും സഭയുടെ ജീവിതത്തില്‍ പങ്കെടുക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് യൗസേപ്പിന്റെ ജീവിതമാതൃക നമ്മെ അനുസ്മരിപ്പിക്കുന്നു. ഭാര്യാഭര്‍തൃബന്ധത്തില്‍ വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും ഔദാര്യത്തിന്റെയും ശൈലിയാണ് വിജയിക്കുന്നതെന്ന് വിശുദ്ധ ജോസഫ് നമ്മെ ഓര്‍മിപ്പിക്കുന്നു. ഭാര്യയെ അപമാനിക്കാത്ത നീതിമാനാണ് തിരുക്കുടുംബനാഥനായ ജോസഫ്. താന്‍മൂലം ഈ ഭൂമിയില്‍ ഒരു തുള്ളി കണ്ണുനീരുപോലും വീഴാന്‍ ഇടവരരുത് എന്ന ആത്മീയതയാണ് യൗസേപ്പിന്റെ ശ്രേഷ്ഠതയ്ക്ക് ആധാരം.

കുടുംബജീവിതക്കാരുടെയും കന്യാവ്രതക്കാരുടെയും മധ്യസ്ഥനും മാതൃകയുമാണ് വിശുദ്ധ യൗസേപ്പിതാവ്. എല്ലാ പുണ്യങ്ങളുടെയും സമുച്ചയമായ മനുഷ്യനെന്ന നിലയില്‍ യൗസേപ്പിതാവിന്റെ മാഹാത്മ്യം ‘നേമിനം ഫുജിത്ത്’ എന്ന തിരുവെഴുത്തിലൂടെ ഭാഗ്യസ്മരണാര്‍ഹനായ പതിമൂന്നാം ലിയോ മാര്‍പാപ്പ മനോഹരമായി ഇപ്രകാരം വിവരിക്കുന്നു: ”കുടുംബപിതാക്കന്മാര്‍ക്ക് ജോസഫില്‍ പൈതൃസംരക്ഷണത്തിന്റെയും ജാഗ്രതയുടെയും ഏറ്റം നല്ല മാതൃക കാണാന്‍ കഴിയും. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് സ്‌നേഹം, ഐക്യം, ദാമ്പത്യവിശ്വസ്തത എന്നിവയുടെ പൂര്‍ണമാതൃക ജോസഫില്‍ ദര്‍ശിക്കാന്‍ കഴിയും. തൊഴിലാളികള്‍ക്ക് ജോസഫില്‍ അഭയം തേടാനും അനുകരിക്കാനും പ്രത്യേക അവകാശമുണ്ട്. കന്യകകള്‍ക്ക് അവരുടെ പരിശുദ്ധിയുടെയും കന്യാത്വത്തിന്റെയും മാതൃകയെയും സംരക്ഷകനെയും ജോസഫില്‍ കാണാം.”

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?